
അടുത്ത കാലത്ത് മലയാളത്തിലെ കച്ചവട സിനിമയുടെ സാമ്പത്തിക ശാസ്ത്രത്തില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാക്കിയ രണ്ടു സിനിമകള്‍ തന്നെയാണ് എംപുരാന്‍, ലോക എന്നിവ. ഈ സിനിമകളുടെ സാമ്പത്തിക വിജയം എന്നതിന് അപ്പുറം ഈ സിനിമകള്‍ വ്യാപകമായി ദൃശ്യതയില്‍ കൊണ്ട് വന്ന ചില പ്രകടമായ രാഷ്ട്രീയങ്ങള്‍ ഇന്ത്യന്‍ ഹിന്ദുത്വത്തിനെ വല്ലാതെ അലോസരപ്പെടുത്തുന്നതുമുണ്ട്. എംപുരാന്‍ മുസ്ലിം വംശഹത്യയുടെ ഒരു രാഷ്ട്രീയ ചരിത്രം സിനിമ എന്ന പോപ്പുലര്‍ മീഡിയയിലൂടെ വിളിച്ചു പറഞ്ഞപ്പോള്‍, അതേ സമയം ലോക ഇന്ത്യന്‍ സാംസ്‌കാരിക ചരിത്രത്തില്‍ ഹിന്ദുത്വ സവര്‍ണ്ണ മിത്തുകളുടെ ചരിത്രത്തില്‍ ഒരു അട്ടിമറി നടത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ രണ്ടു സിനിമകളും സംഘപരിവാര്‍ ശക്തികളാല്‍ ആക്രമിക്കപ്പെട്ടു.

പക്ഷെ ഹിന്ദുത്വ/സംഘ പരിവാര്‍ ശക്തികളുടെ ഈ സിനിമകള്‍ക്കു എതിരെ ഉള്ള ആക്രമങ്ങളുടെ സ്വഭാവം സൂക്ഷമമായി അനലൈസ് ചെയ്താല്‍ ചില കാര്യങ്ങള്‍ മനസ്സിലാകും. മുസ്ലിം വംശ ഹത്യയുടെ ചരിത്രം വ്യാപകമാക്കിയത് കൊണ്ട് തന്നെ, ഭീകരമായ ആക്രമമാണ് എംപുരാന്‍ എന്ന സിനിമക്ക് നേരിടേണ്ടി വന്നത്. പ്രത്യക്ഷമായ സെന്‍സറിങ്, മോഹന്‍ലാല്‍ എന്ന നടനു നേരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍, അദ്ദേഹത്തിന്റെ കേണല്‍ പദവി തിരിച്ചെടുക്കണമെന്നുള്ള ആവശ്യങ്ങള്‍, അങ്ങനെ ഹിന്ദുത്വം ആ സിനിമക്ക് നേരെ വിളറി പിടിച്ചു. ആ സിനിമ വ്യാപകമായി ആക്രമിക്കപ്പെട്ടു. അതിന്റെ കാരണം ഇന്ത്യയില്‍ മുസ്ലീമാണ് ഹിന്ദുത്വത്തിന്റെ മുന്നിലെ ഏറ്റവും വലിയ പ്രശ്‌നം എന്നതാണ്.
അതേ സമയം ലോക എന്ന സിനിമ റിലീസ് ചെയ്ത രണ്ടാമത്തെ ദിവസം മുതല്‍ ഹിന്ദുത്വ ശക്തികളുടെ ആക്രമണം ഉണ്ടായെങ്കിലും അത് പതുക്കെ നിലച്ചുപോകുകയായിരുന്നു. സംഘപരിവാര്‍ സ്വയം നിര്‍ണയിക്കുന്നത് ഇത്തരം പലതരം ആള്‍ട്ടര്‍നേറ്റീവുകള്‍ രൂപപ്പെടുന്നുണ്ടെങ്കിലും അവര്‍ മുസ്ലിംകളെ പോലെ അതിനെ പേടിക്കുന്നില്ല എന്നതുമാണ്. അതിന് ഒരു രാഷ്ട്രീയ ചരിത്രവും ഉണ്ട്. ക്ഷേത്രപ്രവേശനം അടക്കമുള്ള ചപ്പടാച്ചി പരിപാടികളിലൂടെ കീഴാളരെ അടക്കം ഹിന്ദുത്വത്തിന്റെ ഭാഗമാക്കാനുള്ള ഇടതുപക്ഷ ലോജിക്കുകള്‍ അടക്കം കേരളത്തില്‍ നടന്നതുകൊണ്ടുതന്നെ അത്തരം ഹൈജാക്കിംഗിലൂടെ ഇതൊന്നും അത്ര അപകടകരമായി അവര്‍ കണക്കാക്കുന്നില്ല. ഇത്തരം പുതിയ മിത്തു കളും ഹിന്ദുവിന്റെ ഭാഗമാണെന്ന് അവര്‍ തട്ടി വിടും. പക്ഷേ അവര്‍ അതിനെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്.

ദുല്‍ക്കര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നീ സിനിമാ സാമൂഹിക വ്യക്തിത്വങ്ങള്‍ക്ക് അവരുടെ യുവത്വം വരെ ഉള്ള ജീവിതങ്ങളില്‍ ഇന്ത്യന്‍ ദേശീയതയില്‍ നിന്നും വിഘടിച്ച ഒരു ജീവിതം ഉണ്ടായിട്ടുണ്ട്. ഹിന്ദുത്വ, ഇന്ത്യന്‍ ദേശീയത, ഇവിടത്തെ പ്രാദേശിക രാഷ്ട്രീയങ്ങള്‍ എന്നതിനപ്പുറം വിദേശ ജീവിതത്തിലൂടെ പലതരം എക്‌സ്‌പോഷറുകള്‍ ഉണ്ടായിട്ടുണ്ട്. അവരുടെ കൂടെ സിനിമ ചെയ്യുന്ന ജെന്‍ സി എന്നൊക്കെ പറയുന്ന പുതിയ തലമുറകള്‍ അത്തരം വികാസം പ്രാപിച്ച ഒരു ടീമുകളാണ്. കേരളത്തിനും ഇന്ത്യക്കും പുറത്ത് സഞ്ചരിച്ചവര്‍ പോസ്റ്റ്മോഡേണ്‍ ടൂളുകളിലൂടെ, ഡിജിറ്റല്‍ ടൂളുകളിലൂടെ ഇന്ത്യക്ക് പുറത്തുള്ള ലോകങ്ങളിലേക്ക് എക്‌സ്‌പോസ് ചെയ്യപ്പെട്ടവരാണ് അവര്‍. അത്തരം തലമുറകളുടെ മുന്നിലേക്ക് ഇനി ഇവിടത്തെ പുരാണവും പറഞ്ഞുകൊണ്ട് നില്‍ക്കാന്‍ പറ്റില്ല. അത്തരം ടെക്നോക്രാറ്റുകള്‍ ആയ എക്‌സ്‌പോസ് ചെയ്ത തലമുറകളുടെ സൗന്ദര്യാത്മകമായ അന്വേഷണമാണ് ലോക എന്ന സിനിമ നിര്‍മ്മിക്കുന്ന പുതിയ മിത്തുകളും എംപുരാന്‍ എന്ന സിനിമയിലൂടെ പറയുന്ന മുസ്ലിം രാഷ്ട്രീയചരിത്രവും.

ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ, സിനിമ പോലുള്ള സാംസ്‌കാരിക ഇടങ്ങളിലെ ഇടപെടലുകള്‍ മുഴുവന്‍ കോമഡിയാണ്. കേരള സ്റ്റോറി പോലുള്ള ചവറുകള്‍ക്കാണ് ദേശീയ അവാര്‍ഡ്. ഇന്ത്യയുടെ ഓസ്‌കാര്‍ അവാര്‍ഡിനു അയക്കുന്ന ചിത്രങ്ങള്‍ ഹിന്ദുത്വ കോമഡികളാണ്. ഹിന്ദിയിലൊക്കെ റാണാമാരുടെ ചരിത്രം പറയുന്ന സിനിമകളാണ് ഹിറ്റ് ആകുന്നത്. പക്ഷേ മലയാള സിനിമയിലെ പുതിയ തലമുറകള്‍ ചില ടെക്സ്റ്റുകളിലൂടെ പുതിയ ചില രാഷ്ട്രീയങ്ങള്‍ പുറത്തുകൊണ്ടുവരാനും ശ്രമിക്കുന്നു. അവിടെയാണ് വിനീത് ശ്രീനിവാസനെ പോലുള്ളവര്‍ ആവണക്കെണ്ണ ഇട്ടു മെഴുകുപോലെ ഇവിടെ രാഷ്ട്രീയ സിനിമകള്‍ സാധ്യമല്ലെന്ന് പറയുന്നത്. തമിഴ്‌നാട്ടിലൊക്കെ രൂപപ്പെട്ട പ്രത്യക്ഷമായ ദളിത് രാഷ്ട്രീയ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി പുതിയ സൗന്ദര്യശാസ്ത്രങ്ങള്‍ പുതിയ ജെന്‍ സി പിള്ളേര്‍ ഇവിടെ രൂപപ്പെടുത്തുന്നു. അതിനൊപ്പം നിന്നവരായി ദുല്‍ക്കറും പൃഥ്വിരാജും അവരുടെ എക്‌സ്‌പോഷറുകളിലൂടെ മാറുന്നുമുണ്ട്.
ഇത്തരത്തില്‍ പുതിയ തലമുറകളും യുവത്വങ്ങളും വേറിട്ട രീതിയില്‍ ചിന്തിച്ചാല്‍, സിനിമ പോലുള്ള പോപ്പുലര്‍ മാധ്യമത്തിലൂടെ അവര്‍ രാഷ്ട്രീയം കയറ്റി വിടാന്‍ തുടങ്ങിയാല്‍, അവര്‍ നിലനില്‍ക്കുന്ന ഹിന്ദുത്വ പൗരാണിക മിത്തുകളെ പൊളിച്ചാല്‍, പുതിയ മിത്തുകളെ സൃഷ്ടിച്ചാല്‍ അത് തങ്ങള്‍ക്ക് അപകടമാണെന്ന് ഹിന്ദുത്വത്തിന് നന്നായി അറിയാം. ഹിന്ദുത്വം ഏറ്റവും സൂക്ഷ്മമായി ശ്രദ്ധിക്കുന്നതും പോപ്പുലര്‍ കള്‍ച്ചറിലെ ഇത്തരം സാംസ്‌കാരിക സൂക്ഷ്മ രാഷ്ട്രീയമാണ്. അങ്ങനെ ഒന്നും നിങ്ങള്‍ സിനിമയിലൂടെ വലിയ വര്‍ത്തമാനമൊന്നും പറയേണ്ടെന്ന താക്കീതുതന്നെയാണ് ഇന്നലെ ദുല്‍ക്കറിനെതിരെയും പൃഥ്വിരാജിനെതിരെയും വന്ന വണ്ടി റെയ്ഡ്/തീവ്രവാദ ഭീഷണി എന്ന നാലാംതരം തിരക്കഥ.
പക്ഷേ വലിയ പ്രശ്‌നം ഹിന്ദുത്വത്തിന്റെ ഇത്തരം നാലാംതരം ചപ്പടാച്ചികള്‍ മനസിലാക്കുന്നവര്‍ ഇവിടെ ഉണ്ടെന്നതാണ്.







No Comments yet!