‘പൊന്മാൻ’ എന്ന സിനിമ വീണ്ടും കാണുമ്പോൾ എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് മറിയയും അജേഷും തമ്മിലുള്ള ഒരു ‘യുദ്ധ’ത്തിനു മുമ്പ് ഒന്നിനും വയ്യാതെ കുരിശിൽ കിടന്നു നോക്കുന്ന ഒരു സ്റ്റേജ് നാടകത്തിലെ യേശു ക്രിസ്തുവാണ്. ആ ഒറ്റ ഷോട്ട് കണ്ടാൽ ചിരിച്ച് മറിഞ്ഞ്പോകും. അജേഷും മറിയാനോയും ചളിയിൽ കിടന്നു ഉരുണ്ടു അടി പിടി കൂടുമ്പോഴും യേശു കുരിശിലും, പള്ളിക്കാർ നാടകം കളിയിലുമാണ്.
അജേഷ്, മറിയാനോ, ബ്രൂണോ എന്നീ കീഴാള/പിന്നോക്ക വിഭാഗ പുരുഷന്മാരുടെ ജീവിതത്തിൽ ഭൗമശാസ്ത്രപരമായ ഇടങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അജേഷിന്റെ അമ്മയും സഹോദരിയും ജോലി ചെയ്യുന്ന ഇഷ്ടികക്കളം, കോളനിയിലെ ഒരു ലക്ഷം വീട് എന്നിവ ആണ് അജേഷിന്റെ പോരാട്ടങ്ങളെ രൂപപ്പെടുത്തുന്നത്. പുതിയ കാലത്ത് ഒരു ‘ഗോൾഡ് ഏജന്റെന്ന ‘തൊഴിൽ മേഖലയിൽ പ്രവേശിക്കുന്ന അജേഷ്, അതിനായുള്ള കമ്മ്യൂണിക്കേഷൻ പാറ്റേണുകളും ബോഡി ലാങ്ഗ്വേജും ആഴത്തിൽ പഠിച്ച് ‘അഭിനയിക്കുന്നു ‘. കീഴാളരായ/പിന്നൊക്കക്കാരായ യുവാക്കളുടെ പുതിയ തൊഴിൽ മേഖലകളെ അജേഷിന്റെ ജീവിതത്തിലൂടെ ഈ സിനിമ ദൃശ്യമാക്കുന്നു.
മറിയാനോയുടെ ഇടം “എടാ, പെശക് ഏരിയയാണ്. നീ തലവെട്ടിച്ചിറ എന്നു കേട്ടിട്ടുണ്ടോ?” എന്ന രീതിയിൽ ആണ് ബ്രൂണോയുടെ കഥാപാത്രം അവതരിപ്പിക്കുന്നത്. വെള്ളവും ചതുപ്പും ചേർന്ന ജ്യോഗ്രഫിയുടെ ഏരിയൽ ഷോട്ട് ഇതിന് പിന്നാലെ ദൃശ്യതപ്പെടുന്നു. അവിടെ ആണു ലത്തീൻ ക്രിസ്ത്യാനി ആയ മരിയാനോ ജീവിക്കുന്നത്. ചരിത്രപരമായി ഒരു പക്ഷേ മുൻപ് കീഴാളരെ കൊന്നു ചതുപ്പിൽ താഴ്ത്തിയ ഇടമായിരിക്കാം ഇത്. ചതുപ്പുകളിൽ അടിമകളെ കൊന്നു പൂഴ്ത്തിയ ചരിത്രം കൂടെ കേരളത്തിനുണ്ട്. അത്തരം ഒരു ഭൂമിയിൽ മരിയാനോ തന്റെ സർവൈവൽ മാത്രമാണ് കാര്യമാക്കുന്നത്.
ബ്രൂണോ, ഒരു ഇടതുപക്ഷ രാഷ്ട്രീയക്കാരനായിട്ടും തന്റെ പാർട്ടിയാലും പള്ളിയാലും നന്നായി ഊക്ക് വാങ്ങിച്ചു കൂട്ടുന്നുണ്ട്. സബാൾട്ടേൺ മനുഷ്യൻ എന്തുകൊണ്ടാണ് പാർട്ടിക്കാരനാകരുത് എന്നതിന്റെ കോമിക് ടെക്സ്റ്റ് റെഫറൻസായി ഈ സിനിമയെ വായിച്ചെടുക്കാം. അവസാനം തൂങ്ങി മരിക്കുമ്പോൾ മുദ്രാവാക്യം വിളിക്കാൻ മാത്രമാണ് അയാളുടെ “ലാൽ സലാം” ഉപയോഗിക്കപ്പെടുന്നത്. അയാളുടെ ജീവിതം ഗതി മാറ്റുന്നത് പാർട്ടിക്കായി പള്ളി ചുമരിൽ ഒട്ടിച്ച പോസ്റ്ററിനായി അടി ഉണ്ടാക്കുമ്പോഴാണ്. അതിനുശേഷം പാർട്ടിയും പള്ളിയും അയാളെ ഭേഷായി ഊക്കി എന്നു തന്നെ പറയാം. പക്ഷേ ഈ മാറ്റങ്ങളേയും കാലത്തിന്റെ വ്യത്യാസങ്ങളേയും മനസ്സിലാക്കി മുന്നോട്ട് പോകാനായി പഠിച്ചെടുത്ത ഗംഭീര മനുഷ്യനാണ് അജേഷ്. അയാൾക്ക് തന്റെ പിന്നോക്ക ഐഡന്റിറ്റിയിൽ നിന്ന് പുതിയ തൊഴിൽ മേഖലകളിൽ ജീവിക്കാനും ആഘോഷിക്കാനും വ്യക്തതയുണ്ട്.
അജേഷിനും മറിയാനോക്കും ഈ ഇടതുപക്ഷ പൊങ്ങൻ ജാട ഒന്നുമില്ല. മറിയാനോയെ നെഗറ്റീവിറ്റിയിലേക്ക് തള്ളുകയും, സ്ത്രീധനം/സ്വർണം എന്നിവയെക്കുറിച്ചുള്ള മലയാളി ലിബറൽ പെരിഫറൽ റീഡിങ്ങ് സിനിമയിലും ഈ സിനിമയെ കുറിച്ചുള്ള റീഡിങ്ങിലും രൂപപ്പെടുമ്പോഴും , ഈ സിനിമ മലയാളത്തിലെ അപാരമായ വ്യക്തിത്വമുള്ള സബാൾട്ടേൺ മനുഷ്യരുടെ അഴിഞ്ഞാട്ടം ആകുന്നു. മലയാളത്തിലെ അടുത്ത കാലത്തുള്ള സാംസ്കാരികമായ വേരുകൾ ഉള്ള ഏറ്റവും ഗാംഭീരന്മാരായ രണ്ട് കഥാപാത്രങ്ങൾ; മറിയാനോയും അജേഷുമാകാം.
സ്റ്റെഫി എന്ന സ്ത്രീയും അവരുടെ അമ്മയും, മറിയാനോയുടെ അമ്മയും, അത്തരം സ്ത്രീകളെ ഈ സിനിമ ഒരു മോറൽ ഫ്രെയിമില്ലാതെ അവതരിപ്പിക്കുന്നു. മലയാള സിനിമകളിലെ കീഴാള കഥാപാത്രങ്ങളുടെ പതിവു മാതൃകകളെ പൊളിച്ച്, മനകളിൽ നിന്നും നായർ തറവാടുകളിൽ നിന്നും ചതുപ്പുകളിലേക്ക് നീങ്ങി അവിടത്തെ മനുഷ്യരുടെ ചതിയും വഞ്ചനയും സർവൈവലും യുദ്ധങ്ങളും ദൃശ്യവൽക്കരിച്ചപ്പോൾ, അത്തരം കഥാപാത്രങ്ങളായ അജേഷ്, മറിയാനോ, ബ്രൂണോ, സ്റ്റെഫി, അമ്മ എന്നിവരെ ആവിഷ്കരിച്ചപ്പോൾ, മലയാള സിനിമ മാറുകയാണ്. പഴയ ആ മലയാളി സവർണ്ണ ഈസ്തെറ്റിക്‌സ് ഈ സിനിമയെ സംബന്ധിച്ചെങ്കിലും, ഈ സിനിമയിലെ തന്നെ കുരിശിൽ കിടക്കുന്ന യേശു ക്രിസ്തു ആണ്.
******
No Comments yet!