അടുത്തകാലത്ത് മലയാളി എഫ്.ബി. പേജുകളിൽ വന്ന ‘കോമഡികളിൽ’ ഒന്ന് വിജയ് മേനോൻ എന്ന നടൻ മലയാളത്തിലെ പല ‘നാട്ടിൻപുറ’ സിനിമകളിലും അഭിനയിച്ചാൽ, അദ്ദേഹത്തിന്റെ ഇംഗ്ലീഷിങ്ങിൽ ഉള്ള പെർഫോമൻസ് എങ്ങനെയായിരിക്കും എന്നതിനെ അടിസ്ഥാനമാക്കി രൂപപ്പെട്ട ട്രോളുകളായിരുന്നു. വിജയ് മേനോൻ എന്ന നടന്റെ സിനിമാറ്റിക് പെർഫോമൻസുകളിൽ ഭൂരിഭാഗവും ഇത്തരം ഒരു അർബൻ ഇംഗ്ലീഷിംഗ് യൂത്തുകളുടെ ശരീരങ്ങളിലൂടെ ആണ് ദൃശ്യതയായി തീർന്നത്. അദ്ദേഹത്തെ ഒരു ‘മലയാളിത്ത’ത്തിന് പുറത്തു നിർത്തിക്കൊണ്ടായിരിക്കാം ഇത്തരം തമാശകൾ രൂപപ്പെടുന്നത്. യു.കെയിൽ വേരുള്ള ഒരു മനുഷ്യൻ/അവിടെ രൂപപ്പെട്ട വ്യക്തി കൂടിയാണു വിജയ് മേനോൻ. പക്ഷേ ഇതേ വിജയ് മേനോൻ പഴയ ‘മീന മാസത്തിലെ സൂര്യൻ’ ഇടതു പക്ഷ സിനിമയിൽ കരിവെളളൂരിലെ വിപ്ലവകാരി ആയ കമ്മ്യൂണിസ്റ്റ്കാരനായി അഭിനയിച്ചിരുന്നു.
ഈയിടെ ഇറങ്ങിയ “ഓഫീസർ” എന്ന സിനിമയിലെ ‘വില്ലന്മാരായി’ വരുന്ന യുവാക്കളുടെ ശരീര/സാംസ്കാരിക ഭാഷ ഇതു പോലെ ‘മലയാളി’യിൽ നിന്നു വളരെ വ്യത്യസ്തമാണ്. അവർ ഒരു പക്ഷേ മലയാളിത്തത്തിൽ നിന്നു വിഘടിച്ചു നിൽക്കുന്ന, ഭൂമിശാസ്ത്രപരമായ അതിർത്തികളെ പൊളിക്കുന്ന യുവത്വങ്ങളുടെ ഒരു കൂട്ടമാണ്. “കേരളം” എന്ന ഒരു സ്പേസിൽ/ഭൂമിശാസ്ത്രത്തിൽ നിന്നുമാണ് കുഞ്ചാക്കോ ബോബന്റെ “ഓഫീസർ” ഇവരെ കുറിച്ച് അന്വേഷിക്കാൻ ബാംഗളൂരിലേക്ക് എത്തുന്നത്. അവിടെ അയാൾക്കൊരു ട്രാൻസ്ലേറ്ററുടെ ആവശ്യമുണ്ട്. പക്ഷേ ആൽഫ ജനറേഷനിൽപ്പെട്ട ആ സിനിമയിലെ അപരപക്ഷത്തിൽ നിൽക്കുന്ന ആ യുവത്വങ്ങൾ പലപ്പോഴും ജ്യോഗ്രഫിക്കൽ അതിർത്തികളെ പൊളിച്ചു ഒത്തുകൂടിയവരാണ്. ഒരു പക്ഷേ ബാംഗളൂർ എന്ന ഒരു മിക്സഡ് കൾച്ചറിലാണ് ആ ഗാങ്ങിന്റെ ഒരു സാമൂഹിക രൂപീകരണം നടക്കുന്നത്. അവർ പോകുന്ന പബ്ബുകളിലെ വ്യത്യസ്തരായ മനുഷ്യർ, അവരുടെ പശ്ചാത്തലത്തിൽ ദൃശ്യമായ ഡെൻസൽ വാഷിങ്ടന്റെ ഫ്ലക്സ് എന്നത് ഈ സിനിമയിൽ അവരെ ഒരു കൾച്ചറൽ ലിക്വിഡിറ്റിയിലേക്കും ദൃശ്യതപ്പെടുത്തുന്നു. അവരുടെ ഔട്ട്ഫിറ്റുകൾ, ഹെയർ സ്റ്റൈലിംഗ്, ജെൻഡർ ലിക്വിഡിറ്റി, മയക്കുമരുന്നുകൾ, ഇംഗ്ലീഷ്, തമിഴ്, ബാംഗളൂർ സ്ലാങുകൾ തുടങ്ങിയവ ഭൂമിയുടെ അതിർത്തികളെ ഇല്ലാതാക്കി പോകുന്ന പുതിയ ആൽഫ ജനറേഷനെ പ്രതിനിധീകരിക്കുന്നു.പണ്ട് ഇറങ്ങിയ ഭരതൻ എന്ന സംവിധായകന്റെ “ഓർമ്മയ്ക്കായി” എന്ന സിനിമയിലെ മോഡേൺ ആയ വില്ലൻ രാമുവും ഇത്തരക്കാരനായിരുന്നു. ഒരു ബാർ സിംഗർ ആയ രാമു ആ സിനിമയിൽ ഒരു ബലാത്സംഗി ആയിരുന്നു. മലയാളം സിനിമ പലപ്പോഴും ഇത്തരം അപര ശരീരങ്ങളെ പ്രശ്നങ്ങളായും ചിത്രീകരിച്ചിരുന്നു.
ഇത്തരം വിജയ് മേനോൻ ഓഫീസറിലെ ആൽഫ ജെനറെഷൻ എന്നിവയുടെ അപ്പുറത്ത് അതേ സമയം മോഹൻലാൽ എന്ന നടൻ മലയാളത്തിന്റെ പുറത്തുള്ള ഇടങ്ങളിൽ പോയി അവിടെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിൽ സിനിമയ്ക്ക് പുറത്തും അകത്തും ‘പ്രതിസന്ധി’യിൽ/സംഘർഷത്തിൽ പെട്ടിട്ടുണ്ട്. “കമ്പനി” എന്ന സിനിമയിൽ മോഹൻലാലിന്റെ അഭിനയം ശരിയല്ലെന്ന് തനിക്ക് തോന്നിയെന്നു രാം ഗോപാൽ വർമ്മ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് മികച്ച അഭിനയം ആയിരുന്നു എന്ന് മലയാളികൾ (അല്ലാത്തവരും) അവകാശപ്പെടുകയും ചെയ്തു. അതുപോലെ “ഇരുവർ” എന്ന സിനിമയിൽ മോഹൻലാലിന്റെ ഏറ്റവും മികച്ച പെർഫോമൻസ് എന്ന രീതിയിൽ മണിരത്നം അടക്കം പലരും വിലയിരുത്തിയപ്പോൾ, തമിഴ്‌നാട്ടിലെ പോപ്പുലർ കൾച്ചറിൽ ആ സിനിമ പരാജയപ്പെട്ടു. ഓരോ സാംസ്കാരികമായ ഡിസ്പ്ലേസ്മെന്റുകൾ സംഭവിക്കുമ്പോൾ ശരീരങ്ങളും ശരീരഭാഷകളും പെർഫോമൻസുകളും സ്വീകരിക്കപ്പെടുകയോ അല്ലെങ്കിൽ അകറ്റപ്പെടുകയോ ചെയ്യാം. അതേ സമയം കൊറിയൻ നടൻ “മാ ഡോങ്-സീക്” എന്ന നടനെ മലയാളികൾ പലപ്പോഴും “കൊറിയൻ മോഹൻലാൽ” എന്ന പേരുകൊണ്ട് വിളിച്ചു കൊണ്ട് മോഹൻലാലിനെ ഇന്റർനാഷണലൈസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അത് കൊറിയക്കാർ അറിഞ്ഞിട്ടുണ്ടോ എന്ന കാര്യം അറിയില്ല. അത്പോലെ “എംപുരാൻ” എന്ന സിനിമയുടെ കേരളത്തിന് പുറത്തുള്ള പ്രൊമോഷൻ പരിപാടികളിൽ മോഹൻലാൽ ഏകസപ്രെസ്സ് ചെയ്യുന്നതിൽ വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഇന്നലെ ഇറങ്ങിയ ഒരു തമിഴ് അഭിമുഖത്തിൽ കോമഡി അടിച്ചാണ് അദ്ദേഹം അതിനെ കവർ അപ്പ് ചെയ്യുന്നത്. അത് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷവുമാണ്.
“എംപുരാൻ” എന്ന സിനിമയെ ഞാൻ കാത്തിരിക്കുന്നത് അതിന്റെ തീം, പൊളിറ്റിക്കൽ മൊറാലിറ്റി എന്നിവയെക്കുറിച്ച് നോക്കാനല്ല. മുരുകൻ എന്ന അഭിനേതാവ് മുതൽ മോഹൻലാൽ, പൃഥ്വിരാജ് എന്നിവരടക്കം വിദേശത്തും, ആഫ്രിക്കയിലും, ഇന്ത്യയിലും ഉള്ള നിരവധി ശരീരങ്ങളും ഐഡൻടിറ്റിയിലുമുള്ള മനുഷ്യരും ഈ സിനിമയിൽ എങ്ങനെ അണിനിരക്കുന്നു എന്നതാണ്. “ലൂസിഫർ” എന്ന സിനിമയിൽ മുണ്ട് ധരിച്ച മലയാളിയായി പെർഫോം ചെയ്ത മോഹൻലാൽ “എംപുരാൻ” എന്ന സിനിമയിൽ ഭൌതീകമായ അതിർത്തികളെ ഭേദിച്ച് നിരവധി ശരീരങ്ങളുമായി സംഘർഷത്തിലൂടെയും ഇന്റർനാഷണൽ ആയ ശരീരങ്ങളോട് എങ്ങനെ ‘ഇടപെടും’ എന്നത് കൂടെ ആണ് . പുതിയ പോസ്റ്റ് മോഡേൺ ഡിജിറ്റൽ കാലത്ത് നിരവധി പ്ലാറ്റ്ഫോമുകളിലൂടെ വിവിധ ജ്യോഗ്രഫികളിലെ വ്യത്യസ്തരായ ശരീരങ്ങളിലേക്ക് മനുഷ്യർ എക്സ്പോസ്‌ഡ് ആയിരിക്കുന്നു. ഒരു പക്ഷേ അത്തരം ഒരു ലോകത്തിൽ എംപുരൻ എന്ന ഒരു മലയാളം സിനിമ ഒരു മിക്സഡ് യൂണിവേഴ്സിലേക്കാണ് പ്രവേശിക്കുന്നത്. അവിടെ മോഹൻലാലിന്റെ ശരീരം എങ്ങനെ ഉപയോഗിക്കപ്പെടുന്നു, ഈ നായകത്വം കേരളത്തിന് പുറത്ത് എങ്ങനെ സ്വീകരിക്കപ്പെടും എന്നിവയാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഈ സിനിമ കേരളത്തിന് പുറത്ത് പോപ്പുലർ കൾച്ചറിൽ സ്വീകരിക്കപ്പെടുന്നതിനെ അനുസരിച്ച് മോഹൻലാലിനെ പോലുള്ള താരശരീരങ്ങളെക്കുറിച്ച് പുതിയ പഠനങ്ങൾ ഉണ്ടായേക്കാം.
******
No Comments yet!