കലയുടെ, അതേതു തരവുമാകട്ടെ; ആത്യന്തിക ലക്ഷ്യം സര്‍വ്വപാരതന്ത്ര്യങ്ങളേയും ഉല്ലംഘനം ചെയ്ത് നിസ്സീമമായ സ്വാതന്ത്ര്യത്തിന്റെ ലോകം സൃഷ്ടിക്കുക എന്നതാകുന്നു. സാഹിത്യകലയുടെ പ്രാക്തനാണുരൂപി ആയ കവിതയുടേയും പ്രാണന്‍ മേല്‍ചൊന്ന പരിധികളില്ലാത്ത സ്വാതന്ത്ര്യവാഞ്ഛ തന്നെ! ”തോന്നച്ഛന ചരിക്കലെന്യേ മറ്റൊന്നില്ല കലാദൗത്യം” എന്നത് അത്യന്തസാരം.
എന്നാല്‍ കാവ്യകലയുള്‍പ്പെടെ എല്ലാ കലകളുടേയും സ്രഷ്ടാക്കള്‍ പ്രാരംഭകാലം മുതല്‍ രാജസേവകവൃത്തിയില്‍ മുഴുകിയിരുന്നവരായിരുന്നു എന്നതിനാല്‍ അന്നദാതാക്ക ളായ ആസ്വാദകഷ്ഠന്റെ (രാജാവിന്റെ) പ്രശംസാ തൃപ്തി ആയിരുന്നു ഓരോ കലാകൃതിക്കും മാര്‍ക്കിട്ടിരുന്നത്. കവി പ്രജാപതി എന്നയിടത്തുനിന്നും നിഷ്‌ക്രിയ യാചകാധമന്‍ എന്നയിടത്തേക്ക് അധഃപതിക്കപ്പെട്ടു. കൂട്ടിലിട്ട ഖഗമോ; തുടല്‍ വീണ മൃഗമോ ആയി ദുര്‍ പരിണമിക്കപ്പെടുകയും ചെയ്തു. നമ്മുടെ ചൊല്‍ക്കൊണ്ട കാലാതിവര്‍ത്തി കാവ്യങ്ങളെല്ലാം തന്നെ വ്യാകരണനിബദ്ധമായിത്തീര്‍ന്നത് ഈ സ്വതന്ത്രശൂന്യപതിതാവസ്ഥയില്‍ കാവ്യകര്‍ത്താക്കള്‍ ജീവിച്ചുപോന്നു എന്നതിനാലാണ്. ഇതിഹാസ കര്‍ത്താക്കള്‍ മുതല്‍ നമ്മുടെ നവീനോത്തരകവി കള്‍ വരെ അറിഞ്ഞും, അറിയാതെയും ഈ നിവേദകയാചകപരിഷാ പടയിലെ കേവല സൈനികരായി കലാകാവ്യ ജീവിതമുന്തുന്നു എന്നതാണ് അങ്ങേയറ്റം പരിതാപകരമായ അവസ്ഥ! പ്രതിഭ യാചനാപാത്രമായി മാറുന്നു. വരേണ്യപ്രഭുക്കള്‍ ആ യാചനാപാത്രത്തിലേയ്ക്ക് പുച്ഛത്തോടെ എറിഞ്ഞുകൊടുക്കുന്ന പരിഗണനാനാണയങ്ങള്‍ കാവ്യകലാകൃത്തുക്കളുടെ മേല്‍ സ്വാധീനത ചെലുത്തുന്ന ദുരവസ്ഥയും വന്നുചേരുന്നു. ഭാഷയുടെ ചെരിപ്പിനനുസരിച്ച് പ്രമേയവസ്തു ആയ ജീവിതത്തിന്റെ പാദം മുറിച്ച് കലാനിര്‍വൃതിയടയുന്ന ഗതിവിപര്യയത്തിലേയ്ക്ക് കാവ്യ നിര്‍മ്മാതാക്കള്‍ കൂപ്പു കുത്തുന്നു. പഥ്യഭാഷ സവര്‍ണ്ണരുടേത് അഥവാ വിയര്‍പ്പ് ഒഴുക്കാതെ ജീവിതം പുഷ്പിപ്പെടുത്തുന്നവരുടേതാകയാല്‍ കാവ്യ ഭാഷയും അതായി മാറുന്നു. ഭാഷയിന്‍മേല്‍ ചിന്തേര് തള്ളുന്ന കേവല പണിക്കാരായി കവികള്‍ മാറുന്നു. ആദികാലത്ത് കവിതയില്‍ വൃത്താലങ്കാര വ്യാകരണങ്ങള്‍ക്ക് അപ്രമാ ദിത്വം കൈവന്നത് ഈയൊരു ദുര്‍ദാരുണാവസ്ഥ നിമിത്തമാണ്.
വരേണ്യമൗലികവാദം അബോധത്തില്‍പോലും കാവ്യകലാത്വരയെ വിഴുങ്ങുകയും, ഉപരിപ്ലവാസ്വാദ്യതയ്ക്കുതകുന്ന കേവല ഡിസൈനിങ്ങ് മാത്രമായി കാവ്യസൃഷ്ടികള്‍ ദുര്‍പരിണമിക്കുകയും ചെയ്തു. വരട്ട് തത്വവാദങ്ങളുടെ കടും നിയമക്കൂട്ടിനുള്ളില്‍ ശ്വാസംമുട്ടി പിടയ്ക്കുന്ന സുന്ദരപഞ്ജരമായ കാവ്യകലയും പരിക്ഷീണമായി. നവകാ ലത്ത് സങ്കുചിത കലാവാദങ്ങളുടെ കൂട്ടില്‍ നിന്ന് കുറെ കൂടി അഴി വിസ്താരമുള്ള ഉദാര ക്ഷുദ്രവാദക്കൂട്ടിലേയ്ക്ക് ഈ സര്‍ഗ്ഗപ്പക്ഷി മാറ്റി ബന്ധിക്കപ്പെടുന്നു എന്നേയുള്ളൂ. ഈ അടിമത്തക്കൂട്ടില്‍ കിടന്ന് തല്‍ക്കാലജീവനസൗഖ്യമേകുന്ന പാലും, പഴവുമാകുന്ന പ്രോത്സാഹനം യാതൊരു അനിഷ്ടവും കൂടാതെ ഭുജിക്കുന്നതിനാല്‍ നമ്മുടെ സര്‍ഗ്ഗസഷ്ടാക്കള്‍ക്കു ലോകസാഹിത്യ നഭോവിശാലതയിലേയ്ക്ക് കണ്ണെത്തിക്കാന്‍ പോലും സാധിക്കുന്നില്ല.

ഷേക്‌സ്പിയറും, കാളിദാസനും ഒരേ കാവ്യപ്രതിഭാ മാനസങ്ങളാണെന്നിരിക്കിലും ഷേക്‌സ്പിയറിനു ബഹുകാതം പിറകില്‍ നില്‍ക്കാനേ കാളിദാസന് യോഗ്യതയും, യോഗവും ഉണ്ടാകുന്നുള്ളൂ. കാരണം കാളിദാസന്റേത് രാജസേവിതകലയും, ഷേക്‌സ്പിയറിന്റേത് ഏറെക്കുറെ സ്വതന്ത്ര സ്വച്ഛന്ദാധിഷ്ഠിത കലയും ആണെന്നത് തന്നെ! കാളിദാസനും (രാജ) കാലത്തിന്റെ ദാസനാണെന്നും, മൗലികത ഒട്ടും തീണ്ടാത്ത കാവ്യകൃതികളുടെ കര്‍ത്താ വാണെന്നുമുള്ള വാദം സുവിദിതവുമാണല്ലോ!
ഇനി മലയാള കാവ്യലോകത്തേയ്ക്ക് വരാം. സ്വകാര്യ ഭക്തികാവ്യകര്‍ത്താവായ എഴുത്തച്ഛനാകട്ടെ; അന്നദാതാവായ രാജാവിനെപ്പോലും ആക്ഷേപിക്കാന്‍ മടിയും, പേടിയുമറ്റ; എഴുത്തോ, കഴുത്തോ എന്ന ചോദ്യസന്ദേഹത്തിന് നിസ്സംശയം എഴുത്തുതന്നെ എന്നു ജീവിതാന്ത്യത്തോളം തുറന്ന പ്രഖ്യാപനം നടത്തിയ കുഞ്ചന്‍ നമ്പ്യാരാകട്ടെ ഇരു വരേയും സമരാക്കുന്ന പ്രധാന വസ്തുത മൗലിക ശൂന്യങ്ങളായ കാവ്യങ്ങളുടെ കര്‍ത്താക്കളാണ് ഇരുവരും എന്നുള്ളതാണ്. ഈ ആധമര്‍ണ്യത്തിനു നിദാനമാകട്ടെ; ഇരുവരുടേയും അന്നദാതാക്കളായ രാജസ പ്രമാണിമാര്‍ക്കു സ്വതന്ത്രവിഷയകങ്ങളായ കാവ്യങ്ങള്‍ പഥ്യമല്ല എന്നുള്ളതുമാകുന്നു. ഇവിടെ തര്‍ജ്ജമാവസ്ഥയിലേക്ക് (പദാനുപദ തര്‍ജ്ജമ അല്ല ഇവിടെ വ്യംഗ്യം!). എഴുത്തച്ഛനെപോല്‍ താഴുന്നില്ലായെങ്കിലും – വാത്മീകിയുടെ മര്‍ത്യരാമനെ ദൈവമാക്കി എന്നൊരു ക്ഷന്തവ്യമല്ലാത്ത അപരാധവും എഴുത്തച്ഛനിലുണ്ട്. രാജതൃപ്തിയെ കൂടി ലക്ഷ്യമാക്കുന്ന ഹാസ്യം പടച്ചുവിടേണ്ട വിപര്യയാവസ്ഥയ്ക്ക് നമ്പ്യാര്‍ക്കും വഴിപ്പെടേണ്ടി വന്നു. രാജ തൃപ്തിക്ക് വേണ്ടി സ്വകാവ്യഭാവനയെ ‘ഹാസ്യപേ’ പിടിച്ച ശ്വാനനാക്കി വിഹരിപ്പിക്കേണ്ടിവന്നു എന്നതാണ് കുഞ്ചന്‍ നമ്പ്യാരെ പോലൊരു കാവ്യമനീഷിക്ക് വന്നു കൂടിയ ദുര്യോഗം. എഴുത്തച്ഛന്‍ തന്റെ ഭക്തികാവ്യങ്ങളില്‍ (എഴുത്തച്ഛന്റെ എല്ലാ കൃതികളും ഭക്ത്യാന്ധ്യം പിടിപ്പെട്ടവയാണ് എന്നുള്ളതാണ് മറ്റൊരു വസ്തുത). വരേണ്യവാക്കുകള്‍ സമൃദ്ധമായി വിഴുങ്ങി ശ്വാസം മുട്ടി പിടയ്ക്കുമ്പോള്‍; രസദോഷം (ഹാസ്യാധിക്യം) അസാരമുണ്ടെന്നിരിക്കിലും കുറെയൊക്കെ സ്വകാവ്യഭാവനയെ സാമാന്യ വാങ്മയത്തിന്റെ സ്വച്ഛന്ദ വായുവിലേയ്ക്ക് സംക്രമിപ്പിക്കുവാന്‍ കുഞ്ചന്‍ നമ്പ്യാര്‍ക്കാകുന്നു എന്നതാണ് ആശ്വാസജനകമായ കാര്യം. (മഹാഭാരതത്തിലെ തന്റേടിയായ ശകുന്തളയെ വെറും ‘പൊട്ടി മുനികന്യക’യായി മാറ്റി പ്രതിഷ്ഠിച്ച; അധികാര ദര്‍പ്പസ്വരൂപമായ ദുഷ്യന്തന് മുന്‍പില്‍ അഗ്‌നി സാക്ഷിണിയായി കിടന്നുകൊടുക്കുന്നതില്‍ മാത്രം വീറുറ്റ – സ്ത്രീകള്‍ക്ക് സഹജമായ സാമര്‍ത്ഥ്യവുമാണല്ലോ, ഈ അടിമക്കിടക്കയിലെ ”ചവിട്ടേറ്റു” കിടക്കാനുള്ള വ്യഗ്രത – ശകുന്തളാ പുനര്‍സൃഷ്ടിയിലെ കാളിദാസാധമര്‍ണ്യം എഴുത്തച്ഛനും തുടരുന്നു എന്നേയുള്ളൂ. മഹാ കവിപ്പട്ടം നേടാന്‍ ഇതൊക്കെ തുടരണമല്ലോ!) ഈ രാജസാടിമത്തം ഒന്നുകൊണ്ടു മാത്രമാണ്; തദ്‌സ്വഭാവ കാവ്യകലയുന്തി എന്ന തിനാലാണ് ഷേക്‌സ്പിയര്‍ മുതല്‍ക്കുള്ള വിശ്വമഹാകവികള്‍ വിഹരിച്ച ആ കാവ്യ സദസ്സി ലേക്ക് നമ്മുടെ മഹാകവികള്‍ക്ക് കടന്നുചെല്ലാനൊക്കാത്തത്. ഇതിന് നവീനകാലത്തും പിന്തുടര്‍ച്ചയേറുന്നു.

കുഞ്ചന്‍ നമ്പ്യാരുടെ പേ പിടിച്ച ഹാസ്യം വി.കെ.എന്‍. കൃതികളില്‍ ആവര്‍ത്തിക്കുന്നത് നാം കാണുന്നു. കുഞ്ചന്‍ നമ്പ്യാരുടെ സത്ഗുണമായ സമൂഹ പരിഷ്‌ക്കരണ വാഞ്ഛ ആരോഗ്യകരമായ അര്‍ത്ഥത്തിലും, ഭാഷയിലും ഈ.വി. കൃഷ്ണപ്പിള്ളയിലും; ഒട്ടൊക്കെ കലാശൂന്യമായി സഞ്ജയനിലും തുടരപ്പെടുന്നു. അധികാരികളുടെ മുമ്പില്‍ കേവല നിവേദനപത്രമായി തദ്കാവ്യഭാവന ചെമ്മനം കൃതികളില്‍ പ്രസരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഹാസകാവ്യങ്ങളിലെല്ലാം കുഞ്ചന്‍ നമ്പ്യാരുടെ പ്രേതം സൈ്വരവിഹാരം നടത്തുന്നു. നവകാവ്യ ഭാവനയിലും ഹാസം മൗലിക ശൂന്യമായി കുഞ്ചന്‍ നമ്പ്യാരില്‍ വിലയനം ചെയ്യുന്നു.

ഇങ്ങനെയുള്ള മലയാള ഹാസ്യകാവ്യവേദിയില്‍ പുറം തിരിഞ്ഞെന്നാലും ഒറ്റ തിരിഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാകുന്നു. ശ്രീ. കെ.ആര്‍.ടോണിയുടേത്. ഹാസകവിയല്ലാത്ത അയ്യപ്പപ്പണിക്കര്‍ കണ്ടറിഞ്ഞെഴുതിയ കവികളുള്‍പ്പെടെയുള്ള കപടമാന്യജന പ്രഭതികളുടെ വിഡംബനങ്ങള്‍ അയത്‌നലളിതേന കെ.ആര്‍ടോണിയുടെ കാവ്യപ്രതിഭ കണ്ടടുത്താവിഷ്‌ക്കരിക്കുന്നു.
കവിതയില്‍ നിന്ന് വരേണ്യപ്രാമാണിത്തം കാംക്ഷിക്കുന്ന ഒരുതരം ഭംഗി വരുത്ത ലിനും വഴിപ്പെടുന്നുമില്ല. ഇതാണ് മലയാള കവിതയില്‍ കെ.ആര്‍.ടോണിയെ വേറിട്ട വ്യക്തിത്വം ആക്കി നിലനിര്‍ത്തുന്നത്. തല്‍ക്കാല രാജസേവിതകലയുടെ ഒരുതരം വ്യാകരണവും തന്റെ കവിതകളില്‍ ദീക്ഷിക്കുന്നില്ല എന്നതാണ്. കെ.ആര്‍. ടോണി കവിതകളുടെ വ്യതിരിക്ത ശ്രേഷ്ഠതയ്ക്ക് നിദാനവും മലയാളികളുടേതെന്നല്ല, സമസ്ത ലോകരുടേയും ‘അവിഞ്ഞ സംസ്‌കാരം നിലനില്‍ക്കുന്നിടത്തോളം സാംഗത്യമുറ്റതുമത്രെ കെ.ആര്‍.ടോണി യുടെ കാവ്യസൃഷ്ടികള്‍ എല്ലാം തന്നെ! കെ.ആര്‍.ടോണി ഇവിടെ ചെമ്മനം ചാക്കോയെ പോലെ കേവല നിവേദകനാകുന്നില്ല എന്നതും ശ്രദ്ധേയം! മാറ്റത്തിനു തയ്യാറാകാത്ത സമൂഹത്തെ മാറ്റുവാനും കെ.ആര്‍.ടോണി വ്യഗ്രതപ്പെടുന്നില്ല.

എന്നാല്‍ നിസ്വരുടെ; നിലനില്‍ക്കാനുള്ള തത്രപ്പാടില്‍ അവര്‍ക്ക് പിണയുന്ന നിസ്സാ രാപരാധങ്ങളെ കൊടുംകുറ്റമായി ഗണിക്കുന്ന നമ്മുടെ സമൂഹത്തില്‍ ടോണിയുടെ അഹങ്കാരപര്‍വ്വതം നിരന്തരം തലയില്‍ പേറി ജീവിക്കുന്ന പ്രമാണീ സമൂഹഖണ്ഡന ഭാവനകള്‍ മുഖ്യധാരാ ശ്രദ്ധ അവ അര്‍ഹിക്കുംവിധം നേടുന്നില്ലായെന്നത് നമ്മുടെ സമൂഹത്തിന്റെ അടിമത്തവാഞ്ഛയെ അവ തൃപ്തിപ്പെടുത്തുന്നില്ലായെന്നതുകൊണ്ടു മാത്രമാണ്. (നിസ്വരെ പരിഹസിക്കാനുള്ള സമൂഹവാഞ്ഛയെ തൃപ്തിപ്പെടുത്താന്‍ മഹാകാവ്യപ്രതിഭയായ കുഞ്ചന്‍ നമ്പ്യാര്‍ക്കുപോലും തൂലികയുക്കേണ്ടി വന്നിട്ടുണ്ട്. മാരാരുടെ നമ്പ്യാര്‍ ഖണ്ഡനത്തിന്റെ കാതലും ഇതായിരുന്നല്ലോ!)
ജീവിതത്തിന്റെ വെയിലും, മഴയും പരിധിയില്ലാതെ പൊഴിയുന്ന സ്വാതന്ത്ര്യത്തിന്റെ വീഥിയിലേക്ക് കവിതയെ പിടിച്ചുവലിച്ച് നടത്തിച്ച എ. അയ്യപ്പന് പോലും വമ്പിച്ച ആസ്വാദക പ്രീതി ലഭ്യമായത് ദൈന്യപ്രഘോഷം ഒന്നുകൊണ്ട് മാത്രമാണ്. ഏറെ പ്രശസ്തമായ ”അത്താഴം” എന്ന കവിതയ്ക്ക് കിട്ടിയ ജനപ്രീതി തന്നെ ദൃഷ്ടാന്തം. കാറപകടത്തില്‍പ്പെട്ട് മരിച്ചവന്റെ 5 രൂപ നോട്ട് വയറിന്റെ കത്തലടക്കുവാന്‍ കൈവശപ്പെടുത്തുന്ന ഒരുവന്റെ ദൈന്യക്കുറ്റം വായിച്ച് നിര്‍വൃതിയടയാത്ത മലയാള കാവ്യാസ്വാദകരിലല്ലോ. ഇക്കൂട്ടര്‍ പക്ഷേ അയ്യപ്പന്റെ തന്നെ ‘ബുദ്ധനും, ആട്ടിന്‍കുട്ടിയും’ എന്ന കവിതയിലെ പ്രവചന സ്വഭാവം കണ്ടറിയുന്നുമില്ല.

എന്നാല്‍ അത്രതന്നെ കാവ്യസ്‌ഫോടനശേഷിയുള്ള കെ.ആര്‍.ടോണിയുടെ ശിഷ്ടം എന്ന കവിത (അവലംബം സമനില, കെ.ആര്‍. ടോണിയുടെ ആദ്യ കവിതാസമാഹാരം) അതര്‍ഹിക്കുന്ന ശ്രദ്ധ നേടാതെ പോകുന്നത് നമ്മുടെ സാംസ്‌കാരിക പ്രമാണിത്തത്തിന്റെ രൂക്ഷാക്ഷേപത്വരയിന്മേലുള്ള അസഹിഷ്ണുത ഒന്നാല്‍ മാത്രം! വരേണ്യതയെ ശാസിക്കുന്നത് ബ്രാഹ്‌മണ്യത്തെ സര്‍വ്വോത്കൃഷ്ടമായി കാണുന്ന നമ്മുടെ നല്ല സമൂഹത്തിന് സഹിക്കാവുന്നതിലുമപ്പുറമാണല്ലോ. എന്തും വിറ്റ് കാശാക്കി സ്വാര്‍ത്ഥലാഭ നിര്‍വൃതിയിലഭിരമിക്കുന്ന നമ്മുടെ കാവ്യാദര്‍ശ സാമര്‍ത്ഥ്യത്തെ അയ്യപ്പപ്പണിക്കര്‍ മൃതഗീതത്തില്‍ അപഹസിക്കുന്നതിനേക്കാള്‍ തീക്ഷ്ണ മായി കെ.ആര്‍.ടോണി ശിഷ്ടം ഉള്‍പ്പെടെ പല കവിതകളിലും, നിശിതാപഹാസത്തിനു പാത്രമാക്കുന്നു. ”ജ്ഞാനപീഢനം” പോലുള്ള കവിതകള്‍ ഇതിന് ഉത്തമദൃഷ്ടാന്തങ്ങള് വൃത്തനിബന്ധമായ കവിതകളില്‍ വരെ സവര്‍ണഭാഷ തിരസ്‌ക്കരിച്ച് ദലിതഭാഷ യിലേയ്ക്ക് കാവ്യരചന സംക്രമിപ്പിക്കുന്നതില്‍ ദത്തശ്രദ്ധമാണ് ടോണിയുടെ കവിത്വം എന്നതും ശ്രദ്ധേയം. പുതിയ കവികള്‍ക്ക് വൃത്താനുസാരം ചിട്ടപ്പടി കവിത എഴുതുവാന്‍ അറിയില്ലായെന്ന നവ്യകാലത്തും യാഥാസ്ഥിതികഭാഷാ വിഴുപ്പ് ചുമക്കുന്ന നിരൂപക പ്രമാണി (അധമരുടെ) കളുടെ വായടച്ചുള്ള മറുപടി ആയേ ടോണിയെപ്പോലുള്ളവരുടെ വൃത്തനിബന്ധ കവിതകളെ കണക്കിലെടുക്കേണ്ടതുമുള്ളൂ. മലയാള കഥയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ കൊണ്ടുവന്ന അതേ പരിണാമം തന്നെയാണ് കവിതയില്‍ ഇദംപ്രഥമമായി ടോണിയും ചെയ്തുവെയ്ക്കുന്നത്.
എന്നാല്‍ കഥയുള്‍പ്പെടുന്ന ഗദ്യഭാവനയില്‍ കെട്ടുപാടില്ലാതെ എന്തും ആസ്വദിക്കാന്‍ തയ്യാറുള്ള മലയാള വായനാസമൂഹം കവിതയില്‍ ആ ആസ്വാദന തലത്തിലേയ്ക്ക് വളരാത്തതാണ് ടോണിയെപ്പോലുള്ളവരുടെ കാവ്യധീരതകള്‍ ആസ്വാദക സമൂഹത്തില്‍ (ഏറെക്കുറെ സവര്‍ണ്ണ പ്രമത്ത സമൂഹം തന്നെ ഇത്!) തഴയപ്പെടുന്നതിന്റെ മുഖ്യഹേതു. എന്നാല്‍ അര്‍ക്കകാന്തിയെ ഒരു മേഘപ്പടയ്ക്കും തടയാന്‍ സാധിക്കില്ലായെന്നതു കണക്കെ നിസ്സാര മായ ഏത് വിഷയത്തിലും മൗലികത ദീക്ഷിക്കുന്ന കെ.ആര്‍.ടോണിയെ പൂര്‍ണ്ണമായും തഴയാനും ഇക്കൂട്ടര്‍ക്ക് കഴിയുന്നില്ല. എന്നാല്‍ സാവര്‍ണ്ണ്യഭാഷയെ, ആവിഷ്‌ക്കാരത്തെ നെഞ്ചോടുചേര്‍ത്ത് പിടിക്കുന്ന നമ്മുടെ കാവ്യാസ്വാദകവൃന്ദം വെറുപ്പോടെ മാത്രമേ ടോണി ക്കവിതകളെ കടാക്ഷിക്കുന്നുമുള്ളൂ. ഗതികേടിന്റെ മറ്റൊരു പ്രതികരണ ഭാഷ്യമത്രെ ഇത്.
തനിക്ക് സമകാലികരായ കവികളുടെപോലും തല്‍ക്കാല ലാഭപ്രവൃത്തികളെ ഖണ്ഡിച്ച് കവിതയെഴുതുവാന്‍ മടിക്കാത്ത കെ.ആര്‍.ടോണിക്ക് സ്വാഭാവികമായി വന്നു കൂടുന്ന പ്രതിബന്ധ ദുരന്തം തന്നെ മേല്‍ ചൊന്ന മലയാള സാവര്‍ണ്ണ്യ പരിഷകളുടെ അവ ഗണനാപ്രതിരോധങ്ങള്‍. (നമ്മുടെ സാഹിത്യ സ്രഷ്ടാക്കളായ മാധ്യമങ്ങള്‍ ഏറെക്കുറെ ഒളിഞ്ഞും, തെളിഞ്ഞും സവര്‍ണ്ണ വരേണ്യതയുടെ പിടിപാടില്‍ തന്നെയാണെന്നുള്ളതും ഇതിനു നിദാനമാണ്.
കെ.ആര്‍.ടോണിയുടെ ആദ്യ സമാഹാരമായ സമനിലയില്‍ തന്നെ ഈ അവിഞ്ഞ മഹിതസാംസ്‌ക്കാരികബോധം നിശിതമായി വിചാരണ ചെയ്യപ്പെടുന്നു. ഇതിനെ ഒരു പ്രശംസാ വാക്യമായല്ല ടോണി കവിതകളുടെ സവിശേഷസ്വഭാവം ആയിട്ടാണ് പരിഗണിക്കേണ്ടതും. തൂത്താല്‍ പോവാത്ത ജാത്യാല്‍ സ്വഭാവമായി ഇത് ടോണി കവിതകളില്‍ രൂഢമൂലം പ്രവര്‍ത്തിക്കുന്നു. കേവല സൗന്ദര്യത്തിലോ, സൗന്ദര്യം സൃഷ്ടിക്കാനുതകും വിധം മാലിന്യനാശനത്തിനായി മലിനതയിലേയ്ക്ക് ദൃഷ്ടി വെയ്ക്കലിലോ ഏതിനാണ് സര്‍ഗ്ഗപ്രതിഭകള്‍ തുനിയേണ്ടതെന്ന പ്രസക്തമായ ചോദ്യസന്ദേഹം ഏറെ അയത്‌നലളിതമായി ”സമനിലയിലെ കെട്ടിക്കിടപ്പ്’ എന്ന ആദ്യ കവിതയില്‍ ടോണി ഉന്നയിക്കുന്നു. കവിതയുടെ ആത്മസാക്ഷാത്ക്കാരമായ സൗന്ദര്യതുഷ്ടി അറിയാതെയല്ലല്ലോ, സര്‍ഗ്ഗശൂന്യമായ മാന്യമലിനതകളിലേയ്ക്ക് കവി തന്റെ സര്‍ഗ്ഗഗൃഷ്ടി എത്തിക്കുന്നതെന്ന വസ്തുത ഇത്തരം കവിതാവായനയില്‍ ആസ്വാദകര്‍ക്ക് മഴവില്‍ തൃപ്തിയേകുവാന്‍ പര്യാപ്തമാകുന്നു. സാമൂഹ്യപരതയില്‍ നിന്ന് പുരുഷനെ വ്യക്തിപരതയുടെ ഇത്തിരിവെട്ടത്തില്‍ ബന്ധി ച്ചിടാനുള്ള പെണ്‍മിടുക്കിനെ ഏതൊരു ഫെമിനിസ്റ്റിനേയും ഈറ പിടിപ്പിക്കുംവിധം വാസന്തി പോലുള്ള കവിതകളിലൂടെ കെ.ആര്‍.ടോണി ‘കോറി’ വരയ്ക്കുന്നു. ഇതാകട്ടെ കവിതയുടെ ‘ലൈന്‍’ വിട്ട് പോവുന്നുമില്ല. സൂക്ഷ്മവായനയിലൂടെ മാത്രമേ ഈ നഗ്‌നസത്യം മനസ്സിലാക്കാനാകൂ എന്നതിനാല്‍ ഫെമിനിസ്റ്റുകളെന്നല്ല, ഒരു ഇസക്കാരും തങ്ങള്‍ എത്ര രൂക്ഷമായി ആക്ഷേപിക്കപ്പെട്ടാലും ടോണിക്കവിതകള്‍ക്കെതിരില്‍ രംഗത്തു വരുന്നില്ല. കവിത രണ്ടാവര്‍ത്തി വായിക്കുന്ന സ്വഭാവം നമ്മുടെ ബുദ്ധിരാക്ഷസസമൂഹ ത്തിനില്ല എന്നതുതന്നെ ഇതിന് മുഖ്യഹേതു. അല്ലെങ്കിലും വായനയില്‍ അദ്ധ്വാനം ദീക്ഷി ക്കാത്ത മലയാളവായനാസമൂഹത്തില്‍ നിന്ന് എങ്ങനെ ഉണ്ടാകുവാനാണ് മൗലികാര്‍ത്ഥ ത്തില്‍ സര്‍ഗ്ഗപ്രതിഷേധ വ്യഗ്രത കക്ഷി രാഷ്ട്രീയത്തോട്, സങ്കുചിത ജാതി മത പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് നില്‍ക്കു മ്പോള്‍ ഗത്യന്തരേണ ഉണ്ടാകുന്ന പ്രതിഭാസങ്ങളുമാണല്ലോ; നമ്മുടെ പ്രതിഷേധക്കോലാഹലങ്ങളെല്ലാം തന്നെ!
രസതൃഷ്ണയോടെ ബാല്യദേഹങ്ങളെ ആശ്ലേഷിക്കാനുള്ള ത്വര നിലനില്‍ക്കെ തന്നെ ചിന്താബാല്യങ്ങളെ അകറ്റുവാനുള്ള യാഥാസ്ഥികത്വ മാനസങ്ങളെ (ഈ ആശ്ലേഷാ വേശം വ്യക്തി ബന്ധുതയുടേതോ, പൗരോഹിത്യത്തിന്റേതോ ആകാം!) കുട്ടികള്‍’ എന്ന കവിതയില്‍ കെ.ആര്‍.ടോണി നിശിതമായി വിചാരണ ചെയ്യുന്നു. എന്നാല്‍ കവിതയ്ക്ക ള്ളില്‍ കലൗചിത്യം കൃത്യമായി പാലിക്കുന്നതിനാല്‍ ഇത് പ്രബന്ധസ്വഭാവമാര്‍ജ്ജിക്കു ന്നുമില്ല. കുഞ്ചന്‍ നമ്പ്യാരുള്‍പ്പെടെ ഒരു ഹാസ്യ കവിയിലും (കവിതയിലും) കാണാത്ത ആത്മാക്ഷേപ സന്നദ്ധത സമനില എന്ന കവിതയില്‍ പക്വപരിപ്രേക്ഷ്യമാര്‍ജ്ജിക്കുന്നു. പദ്യമായും, ഗദ്യമായും, കടുത്ത വൃത്താലങ്കാര നിഷ്ഠയിലും, പച്ചമലയാളത്തിലും സാമാ ന്യഭാഷാപദങ്ങള്‍ക്കൊണ്ട് മലയാളക്കവിതയുടെ വരേണ്യമുറ്റത്ത് തികച്ചും പരുഷമായ ഇളകിയാട്ടങ്ങള്‍ നടത്തുന്നു, സധീരം കെ.ആര്‍.ടോണിയുടെ കവിതകള്‍. കെ.ആര്‍.ടോണിയുടെ കവിതകള്‍ക്കുള്ള ഏകദോഷം അതും ഇക്കവിതകളുടെ സ്വാഭാവിക സ്വഭാവമത്രെ. മെയില്‍ ഷോവനിസത്തിന്റെ (അമിതമായ പുരുഷദര്‍പ്പത്തിന്റെ ചീറലുകളായി ഈ കവിതകള്‍ വര്‍ത്തിക്കുന്നു എന്നതാണ്. താനിങ്ങനേയേ എഴുതൂ എന്ന് സാവര്‍ണ്ണ്യവ്യാകരണപ്രഭുത്വത്തിന്റെ മുഖത്തടിച്ചു പറയുന്ന (ടോണിയുടെ ഏറിയകൂറും കവിതകളുടെ പൊതുസ്വഭാവവും ഇതുതന്നെ. കവിതകള്‍ പക്ഷേ പുറത്തുവരുന്നത് അത്യന്തം പുരുഷദര്‍പ്പത്തിന്റെ ഭാഷയിലാണ്. എന്നാല്‍ ഇതിനെ ഒരു പരിമിതി ആയി ഗണിക്കുവാന്‍ കഴിയാത്തവിധം ഒരു മസില്‍ പിടുത്തവുമില്ലാത്ത കാപട്യശൂന്യമായ ആവിഷ്‌ക്കാരങ്ങളാണ് ടോണിയുടെ ഏതാണ്ടെല്ലാ കവിതകളും കലങ്ങുംതോറും തെളിയുന്ന കൊച്ചരുവിയുടെ ഹൃദയശുദ്ധി ഈ കവിതകളില്‍ അന്തര്‍ഗതവുമാണ്. ആസ്വദിച്ചു നിര്‍വൃതി പൂകും മുമ്പെ ഉടഞ്ഞുപോകുന്ന ശില്‍പ്പഘടനയാണ് ടോണിക്കവിതകളുടെ മറ്റൊരു സവിശേഷത. തള്ളാനും, കൊള്ളാനും വയ്യാത്ത ഒരു പണ്ടാരക്കെട്ടായി ഈ കവിതകള്‍ വായനക്കാരില്‍ സവിശേഷാനുഭൂതി സൃഷ്ടിക്കുന്നു. സാകല്യ നിര്‍വൃതിയിലെത്തിക്കാന്‍ കൂട്ടാക്കാതെ സര്‍ഗ്ഗകുടം പാതിവഴിയില്‍ വെച്ച് പൊട്ടിപ്പോകുന്ന അവസ്ഥ. സന്തതസഹചാരികളായ കവികളുടെ കുത്സിതവൃത്തികളേയും, നിശിത വിചാരണ ചെയ്യുന്ന, അതേസമയം ആത്മവിചാരണയ്ക്കും മടികാണിക്കാത്ത; സമസ്ത മാന്യതയ്ക്കു ള്ളിലും ഗുപ്തമായ മലിനതയെ അനാവരണം ചെയ്യുന്നതില്‍ അത്യന്ത സമര്‍ത്ഥമായ ഒരി യ്ക്കലും ഉറങ്ങാത്ത സര്‍ഗ്ഗധികാരതൃഷ്ണ അക്രമശൂന്യനായ ഒരു മദയാനയായി കെ.ആര്‍. ടോണി കവിതയെ മലയാളകാവ്യമരുവില്‍ വല്ലാത്തൊരു ഒറ്റ തിരിഞ്ഞു നില്പിന്റെ അടയാളം ചാര്‍ത്തുന്നു.

അന്ധകാണ്ഡത്തില്‍ സര്‍വ്വതോന്മുഖമായ വിഷയവ്യാപ്തിയാര്‍ന്ന പരിഹാസ ശരങ്ങ ളുടെ ആവനാഴികൂടമായി ടോണിയുടെ കാവ്യഭാവന മാറുന്നു. സമനിലയിലെ കെട്ടിക്കിടപ്പു മുതല്‍ ഉറക്കം വരെ നീണ്ടുകിടക്കുന്ന കാവ്യത്തോറ്റ ങ്ങളില്‍ സൗന്ദര്യബോധത്തിനും, ഹാസാഭിനിവേശത്തിനും മധ്യേ കുഴങ്ങിനില്‍ക്കുന്ന കാവ്യ ചേതസ്സാണ് ദൃശ്യപ്പെടുന്നതെങ്കില്‍ തന്റെ ദൗത്യം അത് സഹൃദയരും, അല്ലാത്തവരുമായ ആസ്വാദക സമൂഹത്തിന്റെ ദര്‍പ്പക്കവിളില്‍ ചെയ്യുന്ന ഹസ്തതാഡനഹാസ്യമാണെന്ന് ബോധ്യ പ്പെട്ടുണര്‍ന്നു. പ്രവര്‍ത്തിക്കുന്ന ഉണ്മയാണെന്ന് അന്ധകാണ്ഡം മുതലുള്ള കാവ്യ സമാഹാരങ്ങള്‍ പ്രഖ്യാപിക്കുന്നു. നമ്മെ അതനുഭവിപ്പിക്കുകയും ചെയ്യുന്നു. ”താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ അന്യരനുഭവിച്ചീടുകെന്നേ വരൂ” എന്ന് ഭാഷാപിതാവിനെപോലും തിരുത്താന്‍ ഹാസബോധ്യം കവിയെ സധീരനാക്കുന്നു. ദര്‍ശനഭാരം ഒട്ടുമില്ല എന്നുതന്നെ യല്ല ഒരു ദര്‍ശനത്തിന്റേയും വക്താവാകാതെ കാവ്യം ചമയ്ക്കുന്നതില്‍ ശ്രദ്ധ വെ ന്നതിനാല്‍ ഗദ്യമോ, പദ്യമോ, ഗദ്യപദ്യ സമ്മിശ്രമോ ആകട്ടെ ഒരു ശീര്‍ഷകക്കള്ളിയിലും ഒതുക്കാനാകാത്ത സ്വാച്ഛന്ദ്യമാണ് ടോണിക്കവിതകള്‍ അനുവാചകര്‍ക്ക് പകര്‍ന്നേകുന്നത്. അതാകട്ടെ; കേവല സുഖിപ്പിക്കല്‍ കലയ്ക്ക് മാല ചാര്‍ത്തുന്നുമില്ല. ഹാസവിമര്‍ശനത്തിന്റെ ഈ സമവികാരതീക്ഷ്ണത എല്ലാ പരിധിയും ലംഘിക്കുന്നത് ‘പ്ലമേനമ്മായിയില്‍’ എത്തുമ്പോഴാണ്. പൊയ്‌പ്പോയ തലമുറയിലെ ഇനിയും കാല ഹരണപ്പെടാതെ നമ്മുടെ അബോധത്തെ ഭരിക്കുന്ന പ്ലമേനമ്മായി മുതല്‍ പിച്ചക്കാര്‍വരെ ഒരു ചായക്കൂട്ടും കൂടാതെ അവരുടെ തനി സ്വഭാവത്തിലും, ഗുണപാഠവിചാരങ്ങളിലും പ്ലമേനമ്മായിയില്‍ എഴുന്നുനില്‍ക്കുന്നു. സുഭാഷ് ചന്ദ്രന്റെ ഭാഷയില്‍ പ്ലമേനമ്മായി കവിതയല്ല വ്യതിരിക്ത സ്വഭാവി ആയ കവിതാനോവല്! വായനാനന്തരം അനുഭൂതി അല്ലാതെ മറ്റൊന്നും ശിഷ്ടപ്പെടുത്താത്ത ഈ കാവ്യസമാഹാരത്തില്‍ ഒന്നു ചുഴിഞ്ഞു നോക്കിയാല്‍ ദൃശ്യപ്പെടാത്ത ജീവിതസന്ദര്‍ഭ ങ്ങള്‍ ഒന്നുമില്ല. തന്നെയല്ല; കെ.ആര്‍.ടോണിയുടെ ഇതരകവിതാ സമാഹാരങ്ങളില്‍ ഒട്ടുമേ ദൃശ്യമല്ലാത്ത വേദനാജന്യമായ അനുഭവസാക്ഷ്യങ്ങള്‍ വരെ പ്ലമേനമ്മായിയില്‍ അണി ചേരുന്നു. സവര്‍ണ്ണതയുടെ ഭാഷയ്ക്കു മീതെ അവര്‍ണ്ണരുടെ കറുത്ത ഭാവനാഭാഷ്യം ഈ നോവല്‍ കവിതയില്‍ നിശിതസ്വാച്ഛന്ദ്യം നേടുന്നത് സാശ്ചര്യം നാം കാണുന്നു. ജീവിത ത്തിന്മേല്‍ കാവ്യഭാഷ ചമയ്ക്കാനുള്ള കെ.ആര്‍.ടോണിയുടെ ഔത്സുക്യം പ്ലമേനമ്മായി യില്‍ പൂര്‍ണ്ണ സാഫല്യം നേടുന്നു.
മറിച്ചുപറഞ്ഞാല്‍ വരേണ്യാസ്വാദക പ്രമാണിമാര്‍ക്കു മുമ്പില്‍ ‘സര്‍ഗ്ഗ പിച്ചപ്പാത്രം നീട്ടി നില്‍ക്കാന്‍ മനസ്സില്ലെന്ന് തുറന്ന് പ്രഖ്യാപിച്ച മലയാളത്തിലെ അപൂര്‍വ്വാല്‍ അപൂര്‍വ്വം കവിയാണ് കെ.ആര്‍.ടോണി. മലയാളികളുടെ പാരിസ്ഥിതികാവബോധം അതിന്റെ സൗന്ദര്യ തൃഷ്ണയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം പി. കുഞ്ഞിരാമന്‍ നായര്‍ക്കവിത ജീവസ്സുറ്റതായി നില്‍ക്കും എന്നു ചൊല്ലാവുന്നതുപോലെ; മലയാളി യൗവനം പൂത്തുലയുന്നിട ത്തെല്ലാം ചങ്ങമ്പുഴക്കവിത പ്രസക്തി ചോരാതെ നിലനില്‍ക്കും എന്ന് കരുതാവുംപോലെ മലയാളികളുടെ എന്നല്ല; അവിഞ്ഞതും, പ്രച്ഛന്നവുമായ സാംസ്‌കാരിക വികലതകളില്‍ അഭിരമിക്കുന്ന ഏത് സാമൂഹ്യപശ്ചാത്തലത്തിലും ശോഭ കെടാതെ ജീവിക്കുവാന്‍ പോന്ന കവിതകളാണ് കെ.ആര്‍. ടോണിയുടേത്.
അതെ; വരേണ്യതയുടെ കപടമാന്യമാനവാനുശീലന സംസ്‌കൃതിക്കുമേല്‍ ശക്ത മായ പ്രഹരമേല്‍പ്പിക്കുവാന്‍ പോന്ന ബലവത്തായ കാവ്യം. ചിരിയിലും കോമാളിത്തമേ ശാത്ത; സാഷ്ടാംഗം വട്ടമിട്ടു നില്‍ക്കുന്ന നിഴലിനെപോലും വെച്ചുപൊറുപ്പിക്കാത്ത ‘മൂര്‍ഛ യിലഭിരമിക്കാന്‍ തയ്യാറല്ലാത്ത, ജനപ്രിയതയെ മാനിക്കാത്ത അത്ഭുതോര്‍വ്വരവെട്ടമായി തന്റെ ഇടത്ത് തന്റേടത്തോടെ വിഹരിക്കുന്നു കെ.ആര്‍.ടോണിയുടെ കവിതകള്‍ ഒന്നൊഴി യാതെ എല്ലാം.
ദയനീയത ക്ലാവോ, ചിതലോ, തുരുമ്പോ ഏശാത്ത; പ്രതീതി സൗന്ദര്യത്തെ വെല്ലു വിളിച്ച് സത്യയാഥാര്‍ത്ഥ്യത്തെ സദാ പുല്‍കുന്ന; അനുവാചകരെ ഹാസത്തിലേയ്ക്കാന യിക്കുമ്പോഴും, ഇതര കവികള്‍ക്കു സാധ്യമാവാത്ത അഭൂതപൂര്‍വ്വമായ നിവര്‍ന്നുനില്‍പ്പാണ് കെ.ആര്‍. ടോണിക്കവിതകളുടെ സവിശേഷസ്വരൂപം.
ശുഭം..!
കെ.ആര്‍. ടോണിയുടെ കവിതകള്‍
പ്രസാധനം : ഡി.സി ബുക്‌സ്, കോട്ടയം
വില : 675 രൂപ

No Comments yet!