Skip to main content

ചരിത്രത്തിൽ ‘റിക്കോഡ്’ ചെയ്യപ്പെടുന്ന സണ്ണി എം കപിക്കാട്

മനുഷ്യന്റെ ജൈവിക സ്വഭാവമായ ഓർമ്മയും, ഓർമ്മകൾ നിർമ്മിക്കപ്പെടുന്ന ‘റെക്കോർഡിങ്’ എന്ന മെക്കാനിക്കൽ ടൂളും സണ്ണി എം കപിക്കാട് എന്ന രാഷ്ട്രീയ വ്യക്തിത്വത്തെ ഇവിടെ പിടിച്ചുനിർത്തുന്നത് എങ്ങനെ എന്നത് ആലോചിക്കാനാണ് ഈ കുറിപ്പ്.

ഒരുപക്ഷേ സണ്ണി എം കപിക്കാട് എന്ന രാഷ്ട്രീയ ചിന്തകന്റെ സ്ഥാനാർഥിത്വത്തിന്റെ വാർത്ത പുറത്തുവരുന്നത്, രോഹിത് വിമുല എന്ന ഇന്ത്യയെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ വ്യക്തിത്വം കടന്നുപോയ അതേ ദിവസമോ അതിന്റെ പിറ്റേ ദിവസമോ ആയിരിക്കും. രോഹിത് വിമുല എന്ന പൊളിറ്റിക്കൽ എൻറ്റിറ്റിയെ അദ്ദേഹം കടന്നുപോയതിന് ശേഷം ഇന്ത്യൻ മീഡിയ/സമൂഹം പാടെ തുടച്ചുകളഞ്ഞിട്ടുമുണ്ട്. വളരെ ചുരുക്കം രാഷ്ട്രീയ സമൂഹങ്ങൾക്ക് പുറമെ രോഹിത് വിമുല ഇന്ന് ഒരു ഓർമ്മയല്ല. രോഹിത് വിമുലയെ മെയിൻ സ്ട്രീം മീഡിയ, സമൂഹം തുടങ്ങിയ സ്‌പേസുകൾ റെക്കോർഡ് ചെയ്യാത്തതാണ് കാരണം. ഇന്നും ‘മഴയത്ത് നിൽക്കുന്ന അച്ഛൻ’ ഓർമ്മയായി നിൽക്കുന്ന കേരളത്തിന് രോഹിത് വിമുല ഒരു ഓർമ്മയല്ല.

Rohith Vemula - Wikipedia
Rohith Vemula

ഇവിടെയാണ് സണ്ണി എം. കപിക്കാട് എന്ന രാഷ്ട്രീയക്കാരൻ ‘റെക്കോർഡിങ് ‘ എന്ന ടൂൾ ഉപയോഗിച്ചത്. കഴിഞ്ഞ പത്ത് വർഷം സണ്ണി എം. കപിക്കാട് എന്ന ഐഡന്റിറ്റി മെയിൻസ്ട്രീം മീഡിയയുടെ, ഡിജിറ്റൽ മീഡിയയുടെ റെക്കോർഡിങ്ങിൽ പതിഞ്ഞു. അതാണ് സണ്ണി എം കപിക്കാടിന്റെ പുതിയ കാലത്തെ പ്രെസൻസിന്റെ രാഷ്ട്രീയം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പുതിയ മീഡിയ ടൂളുകളുടെ സ്‌പേസിലേക്ക് അദ്ദേഹം കടന്നുകയറി, തന്റേതായ ഒരു സ്‌പേസ് അദ്ദേഹം നിർമ്മിച്ചു.

സണ്ണി എം കപിക്കാട് ഒരു മീഡിയവൺ ഡിബേറ്റിൽ സി.പി.എം. സെക്രട്ടറി എം.വി. ഗോവിന്ദനെ തറപറ്റിക്കുന്നത് കണ്ടു ചിരിച്ച് ഊപ്പാടിളകിയിട്ടുണ്ട്. ആ അഭിമുഖത്തിലെ ചില ക്ലോസ്-അപ്പ് ഷോട്ടുകളിലെ ഗോവിന്ദന്റെ പതർച്ച എത്ര മറച്ചുപിടിച്ചാലും പുറത്തുവരുന്നുണ്ട്. സൂരജ് വെഞ്ഞാറമ്മൂട് ഏതോ സിനിമയിൽ “എത്ര മറച്ചുപിടിച്ചാലും ഉള്ളിലെ തൊട്ടിത്തരം പുറത്തുവരും” എന്ന് പറഞ്ഞത് പോലെ ആണത്. പിന്നീട് ലോകത്തിലെ ഏറ്റവും ബോറൻ പരിപാടികളായ ടെലിവിഷൻ ചാനൽ ചർച്ചകളിൽ കേരള പൊതുസമൂഹം കേട്ടിരിക്കുന്ന എജുക്കേറ്റീവ് ആയ ഒരു വ്യക്തിത്വമായി സണ്ണി എം കപിക്കാട് മാറി. സണ്ണി എം കപിക്കാട് നിരന്തരം റെക്കോർഡ് ചെയ്യപ്പെട്ടതോടെ അദ്ദേഹത്തെ തേച്ച് മായിച്ചുകളയാൻ പറ്റാതെ ആയി. കേരളം എന്ന പൊതു സമൂഹത്തിന് അദ്ദേഹത്തിനെ കേൾക്കാതെ ഒഴിവാക്കാൻ പറ്റാത്ത അവസ്ഥ ആയി.

ടെലിവിഷൻ ചർച്ചകൾ ഒരുപക്ഷേ സിനിമ അഭിനയത്തേക്കാളും ടെക്നിക്കൽ നോളജ്/കഴിവു വേണ്ട അപാരമായ ഒരു കല കൂടിയാണ്. സമയം, ക്യാമറ, ലൈവ് ടെക്‌നോളജി, എതിരാളി എന്നിങ്ങനെ പലതരം ‘ലൈവ്’ ഘടകങ്ങളെയും മറികടന്ന് വേണം ചരിത്രം നിർമ്മിക്കാൻ. റെക്കോർഡിങ് സെഷനും ലൈവ് സെഷനും തമ്മിൽ വലിയ വ്യത്യാസവുമുണ്ട്. അത്തരം പോസ്റ്റ്-മോഡേൺ ടെക്നോളജിയിലേക്ക് കടന്നുകയറി ചരിത്രം നിർമ്മിക്കുക മാത്രമല്ല, വൃത്തിക്ക് കാര്യം പറഞ്ഞു കേരളത്തിൻ്റെ ഓർമ്മയിൽ എന്നും നിലനിന്നത് സണ്ണി എം കപിക്കാടിന്റെ ഒരു വിജയം കൂടിയാണ്. ഈ ഓർമ്മയെ തകർക്കാൻ കൂടെ വേണ്ടിയാണ് ശ്രീജിത്ത് പണിക്കർ ഒക്കെ കച്ച കെട്ടി ഇറങ്ങിയത്.
സണ്ണി എം കപിക്കാടിന്റെ ജാതിക്കെതിരെയുള്ള വാദങ്ങൾ, അംബേദ്കർ രാഷ്ട്രീയം, സാഹോദര്യം, പൊളിറ്റിക്കൽ മൊറാലിറ്റി, ഭരണഘടന തുടങ്ങിയ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളൊന്നും എന്നെ ഒട്ടും ഇൻസ്പയർ ചെയ്തിട്ടില്ല. കേരളത്തിൽ അങ്ങനെ നിർമ്മിക്കപ്പെടുന്ന ദളിത് രാഷ്ട്രീയ പ്രത്യയശാസ്ത്ര നിർമിതിയും എന്നെ ഫാസിനേറ്റ് ചെയ്തിട്ടില്ല. അത് സി.പി.എം.-ന്റെയും മാർക്സിസത്തിന്റെയും വേറെ ഒരു തലത്തിലുള്ള പ്രത്യയ ശാസ്ത്ര വാശികളുടെ ഒരു ദളിത് വേർഷൻ ആയിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. രണ്ടായിരത്തി എട്ടിൽ ജനിച്ച പതിനെട്ട് വയസ്സാകുന്ന പുതിയ വോട്ടർമാരിലേക്കൊന്നും ഇമ്മാതിരി പൊളിറ്റിക്സ് വർക്ക് ഔട്ട് ആകുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല.

വൈക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായി സണ്ണി എം. കപിക്കാട് ? | Sunny M. Kapikad as  UDF candidate in Vaikom?

അതേ സമയം സണ്ണി എം കപിക്കാട് എന്ന രാഷ്ട്രീയ വ്യക്തിത്വം ഇവിടെ ഇടതുപക്ഷത്തിന്റെ ശുദ്ധിവാദ രാഷ്ട്രീയ നൈതികതയൊക്കെ അട്ടിമറിച്ച്, പ്രത്യയശാസ്ത്ര–പൊളിറ്റിക്കൽ മൊറാലിറ്റി ജാഡകളൊക്കെ പുല്ലുവില കൽപ്പിച്ച്, യു.ഡി.എഫ്. എന്ന ഒരു “അശുദ്ധി”യുടെ തലത്തിലേക്ക് കടന്നുകയറുന്നത് രസമാണ്. പ്രത്യേകിച്ച് പ്രത്യയശാസ്ത്ര അടിത്തറകളോ, മസിൽ പിടുത്തങ്ങളോ ഒന്നുമില്ലാത്ത, രാഷ്ട്രീയ ശുദ്ധി ഇല്ലാത്ത ഒരു യു ഡി എഫ് എന്ന രാഷ്ട്രീയ സംഘടനയുടെ പിന്തുണയോടെ സണ്ണി എം കപിക്കാട് സ്വതന്ത്രനായി മത്സരിക്കുന്നത് രസമാണ്.
അതായത്, ദളിത് സ്വത്വചിന്തയിലെ മുതിർന്ന ഒരു നേതാവ് അശുദ്ധിയുടെ തലത്തിലൂടെ യു ഡി എഫ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിന്തുണയോടെ മത്സരിക്കുന്നതും, അദ്ദേഹം മോഡേണിറ്റിയുടെ ടൂളിലൂടെ റെക്കോർഡിങ് എന്ന പരിപാടിയിലൂടെ കേരളത്തിൽ ചരിത്രവും ഓർമ്മയും ആയി തന്റെ സാന്നിധ്യം അറിയിക്കുന്നതും പൊളിയാണ്. അതിന് എന്റെ കുഡോസ്. അതേസമയം എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും താൽപ്പര്യമില്ലാത്തതാണ് സണ്ണി എം കപിക്കാടിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ. അത് അത്രക്കും പഴഞ്ചനായിട്ടാണ് എനിക്ക് അവയെ തോന്നിയിട്ടുള്ളത്.

No Comments yet!

Your Email address will not be published.