പിറന്നുവീഴുന്ന കുഞ്ഞിൻ്റെ കരച്ചിൽ
എങ്ങനെ ഒഴിവാക്കാമെന്ന
തീവ്രചിന്തയിലായിരുന്നു
പോസിറ്റീവ് എനർജിയുടെ ആശാനായ
മോട്ടിവേഷണൽ സ്പീക്കർ.
ഏഴുമാസം പൂർത്തിയായപ്പോൾ
ഗർഭപാത്രത്തിനരികിലിരുന്ന്
മോട്ടിവേഷണൽ സ്പീക്കർ പാടി.
ഉണ്ണീ, ചിരിച്ചുകൊണ്ടു വരൂ,
ഗർഭത്തിന്റെ ഇരുട്ടിൽ നിന്നും,
വഴുവഴുക്കലുകളിൽ നിന്നും
സൂര്യവെളിച്ചത്തിലേക്ക് വരൂ,
ഇളംകാറ്റുകളിലേക്ക് വരൂ!
ളേ എന്ന കരച്ചിലിനു പകരം
ലാലാലാ എന്ന് ചിരിക്കൂ.
മന്ദഹസിക്കൂ,
ഹസിക്കൂ,
പൊട്ടിച്ചിരിക്കൂ!
എന്തിന് കരഞ്ഞുകൊണ്ടുള്ള പിറവി?
എന്തിന് കരയിച്ചുകൊണ്ടുള്ള മൃതി?
ആദിയിൽ സങ്കടമുണ്ടായി, അന്ത്യത്തിലും.
വചനത്തിനും മുമ്പേ പിറന്ന കരച്ചിൽ,
വചനത്തിനൊടുവിലും തുടർന്ന കരച്ചിൽ.
എല്ലാവരെയും ചിരിപ്പിച്ചേ അടങ്ങൂ
എന്ന വാശിയിലായിരുന്ന
മോട്ടിവേഷണൽ സ്പീക്കർ
അപ്പോഴും ഗവേഷണത്തിലായിരുന്നു.
അയാൾ പിറന്നപ്പോൾ
കരച്ചിലേ ഉണ്ടായിരുന്നില്ലത്രേ,
ലല്ലലലമായിരുന്നു പോലും!
ഞാൻ ശരിക്കും വിശ്വസിച്ചു,
നിങ്ങളോ?
***







No Comments yet!