Skip to main content

ചെണ്ട

കേരളീയ വാദ്യകലയുടെ ഹൃദയം ചെണ്ടയാണ്; ചെണ്ടയില്‍ കോല്‍ വീണാല്‍ മുഴങ്ങുന്നത് കേരളമെന്നാണെന്ന് തോന്നും വിധം. ‘കലയും കാലവും’ എന്ന മൗലികസൗന്ദര്യശാസ്ത്രലേഖനത്തില്‍ ഡോ . കെ . ഭാസ്‌കരന്‍ നായര്‍ എഴുതുന്നു – ‘ചെണ്ട വായനയുടെ കാര്യം തന്നെ ഒന്നാലോചിച്ചു നോക്കുക . അതിന്നു ശബ്ദമാധുര്യമോ മറ്റേതെങ്കിലുംതരം ആകര്‍ഷകത്വമോ ഉണ്ടെന്നു പറയാനില്ല . ആവര്‍ത്തനം മാത്രമാണ് അതിന്റെ ഉപായം. കാലത്തെ, നശ്വരത്വത്തെ, നഗ്നമായി നാമരഹിതമായി എടുത്താണ് അതു കൈകാര്യം ചെയ്യുന്നത്. ശുദ്ധമായ, അസംകലിതമായ ആവര്‍ത്തനംകൊണ്ടു മാത്രമാണ് അതു നമ്മെ ആനന്ദിപ്പിക്കുന്നത്.

കെ. ഭാസ്‌കരന്‍ നായര്‍

കാലത്തെ കൂസലില്ലാതെ കടന്നെടുത്തു കൊച്ചു കൊച്ചായി മുറിച്ച് , ഈ ചെറിയ ഖണ്ഡങ്ങളെ പലവിധം അടുക്കി വെച്ചു ചെറുതും വലുതുമായ ചക്രരൂപങ്ങളുണ്ടാക്കി, ആവര്‍ത്തിച്ചാവര്‍ത്തിച്ച് അത് അനുസ്യൂതമായ ആ പ്രവാഹത്തെ വിസ്മൃതമാക്കുന്ന . ഇത്ര ശുദ്ധമായ, നഗ്‌നമായ, ധീരമായ ഒരു കലാവിശേഷം വേറെ ഉണ്ടെന്നു തോന്നുന്നില്ല തോന്നുന്നില്ല . അതിന്റെ മേന്മയ്ക്കും ഫലപൂര്‍ണ്ണതയ്ക്കും കാരണം കലയുടെ കരിംകാതലാണ് . എല്ലാ കലയിലും അടിസ്ഥാനഭൂതമായി നില്‍ക്കുന്ന തത്ത്വത്തെ മാത്രമേ അതു സ്വീകരിക്കുന്നുള്ളു . അതിന് മറ്റൊന്നും ആവശ്യമില്ല . ഒറ്റമൂലി വശമുള്ള വൈദ്യന്റെ ആത്മവിശ്വാസമാണ് അതു പ്രദര്‍ശിപ്പിക്കുന്നത് .’

നടരാജഗുരു, ഗുരുവരുള്‍

കലയുടെ, താളത്തിന്റെ ഈ ഒറ്റമൂലി കൈവശമിരിക്കുന്നു എന്നതാണ് നാദകലയില്‍ മലയാളിയുടെ തലപ്പൊക്കം. പ്രാപഞ്ചികമായ ഏതോ താളത്തെ ചെണ്ടക്കോലിന്റെ തുമ്പു തൊടുന്ന ഊറയ്ക്കിട്ട മൃഗചര്‍മ്മത്തില്‍ ഉയിര്‍പ്പിക്കുകയാവണം വാദ്യകലാകാരന്‍. നടരാജഗുരു തന്റെ ‘ഗുരുവരുള്‍ ‘ എന്ന പുസ്തകത്തിന്റെ എട്ടാമധ്യായത്തില്‍ വിവരിക്കുന്ന ഒരു സംഭവമുണ്ട്. ശിവരാത്രിക്കു മുന്‍പുള്ള ഏതോ സന്ധ്യാനേരമാണ്. ആലുവയിലെ അദ്വൈതാശ്രമത്തില്‍ വിശ്രമിക്കുകയാണ് ഗുരു. ഗുരുവിന്റെ അല്പഭാഷണങ്ങള്‍ക്ക് കാതോര്‍ത്തുകൊണ്ട് അരികില്‍ നടരാജനും. നേരമിരുണ്ടപ്പോള്‍ അത്രയകലത്തൊന്നുമല്ലാത്ത മണപ്പുറത്തുനിന്ന് ആരോ ചെണ്ട കൊട്ടാന്‍ തുടങ്ങി. അതിലങ്ങനെ ലയിച്ചിരിക്കെ ഗുരു പറഞ്ഞു –

‘ഇതിപ്പോഴൊന്നും തുടങ്ങിയതല്ല; അതുണ്ടായിരുന്നു, എക്കാലവും! ‘
എപ്പോഴുമുണ്ടായിരുന്ന ഒന്നിനെ, പ്രപഞ്ചതാളത്തെ, ശ്രവണവേദ്യമാക്കുന്നുനാദകല.

‘അല്ലില്‍ ദ്യോവില്‍ മഹാണ്ഡ കോടികള്‍ ചലിച്ചങ്ങിങ്ങു പൊങ്ങും രവം
തല്ലിക്കൂടിയ വാദ്യമൊത്തനുരണിച്ചാ വീണ കേണീടിനാള്‍ ‘

എന്ന് ആശാന്‍ ‘ പ്രരോദന ‘ത്തില്‍. വാഗ്‌ദേവിയുടെ വീണയില്‍ മഹാണ്ഡകോടികള്‍ അനുരണിക്കുന്നു. ആ വിശ്വഗംഭീരവീണാനാദത്താല്‍ ‘കൈരളിയുടെ പ്രശസ്തതനയ ‘ന്റെ വിയോഗത്തില്‍ വിഷാദഖിന്നയായി വിലപിക്കുകയാണ് വാഗ്‌ദേവത.

കുമാരനാശാന്‍, വള്ളത്തോള്‍ നാരായണ മേനോന്‍

ബധിരമഹാകവിയായ വള്ളത്തോള്‍ നാദരൂപിണിയായ പ്രപഞ്ചമാതാവിനെ , കാവ്യകലയുടെ രൂപത്തില്‍ , ഉപാസിക്കുന്ന ഒരു ശ്ലോകമുണ്ട് . അതിങ്ങനെ-

‘നീരത്തിന്‍ പെരുമാള്‍ പെരുമ്പറയടി പ്പൂ ,സരാഗോദയന്‍
സൂരന്‍ കാഞ്ചനവീണ മീട്ടി വിഹഗോല്‍ഗീതം മുഴക്കുന്നിതേ,
താ,രങ്ങിങ്ങളിനാദമന്ത്രപഠനം ചെയ്വൂ, തമസ്സറ്റുപോം
നേരം ത്വല്‍ഭജനൈകതാനമുലകം
ഹേ, ശബ്ദചിദ്രൂപിണീ!’

പെരുമ്പറയടിക്കുന്ന നീരപ്പെരുമാള്‍ എന്ന സമുദ്രം. തുടുത്ത, അനുരാഗാര്‍ദ്രനായ എന്നും, സൂര്യന്റെ സ്വര്‍ണ്ണവീണയില്‍ നിന്നെന്നോണമുതിരുന്ന കിളിപ്പാട്ട്. വണ്ടുകളുടെ മന്ദ്രനാദത്താല്‍ മന്ത്രപഠനം നടത്തുന്ന പുലരിയിലെ പൂക്കള്‍. മഹാശബ്ദങ്ങളില്‍ നിന്ന് സൂക്ഷ്മനാദങ്ങളിലേയ്ക്ക് നേര്‍ത്തും കൂര്‍ത്തും വരുന്ന നാദപ്രപഞ്ചം. തമസ്സ്,താമസികഭാവങ്ങളും, അറ്റുപോകുന്നു. ഇതാകുന്നു ‘ശബ്ദചിദ്രൂപിണി’യായ വാഗ്‌ദേവിയുടെ ഭജനത്തില്‍ പ്രപഞ്ചം ‘ഏകതാന'(നോക്കൂ, താനം!)മാകുന്ന ആ ചാരുമുഹൂര്‍ത്തം.ഈ ധ്യാനാത്മകതയെ സൗമ്യഗംഭീരമായ പദശയ്യയില്‍ പകരുകയാണ് നാദാനുഭവമെന്ന കര്‍ണ്ണാമൃതം കൈമോശം വന്ന ആ മഹാകവി.

ചെണ്ടയിലൂടെയും മറ്റു ചര്‍മ്മവാദ്യങ്ങളിലൂടെയുമായിരുന്നു, അന്യഥാ അസ്പൃശ്യമായ, ഗോചര്‍മ്മത്തിന്റെ ക്ഷേത്രപ്രവേശനം. പറയന്‍ പടിക്കു പുറത്തും പറച്ചെണ്ടയെന്നു പറയാവുന്ന ചെണ്ട ക്ഷേത്രസോപാനത്തിലും! ഈ വൈരുധ്യത്തിന്റെ ചരിത്രഗാഥയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘ചെണ്ട’ എന്ന കവിതയില്‍ ഇരുണ്ടിരമ്പുന്നത്.

ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

‘ചെണ്ട പറഞ്ഞു, പശുവായിരുന്നു ഞാന്‍’ എന്ന തുടക്കം ക്രമേണ ഗോപാലകസംഗീതം കേട്ട ഗോകര്‍ണ്ണങ്ങളില്‍ നിന്ന് ഗോഹത്യയാല്‍ തെഴുത്ത വൈദികസംസ്‌കാരത്തിലൂടെയും അതിനെ അധ:കരിച്ച തഥാഗതകാരുണിയുടെ തിരോധാനത്തിലൂടെയുമുള്ള ക്ഷിപ്രപ്രയാണത്തിനൊടുവില്‍ ഈ വരികളിലെത്തി വിരമിക്കുന്നു-

‘എങ്കിലും പൈത്തോലുരിക്കും പറയന്റെ
സങ്കടം കാലമൂര്‍ത്തിക്കു നേദിക്കുവാന്‍
അന്തിക്കു നാടിന്നബോധലോകങ്ങളില്‍
നൊന്തുമുഴങ്ങും പറച്ചെണ്ടയാണു ഞാന്‍’.

ഇത് ഒരു ചരിത്രവിലാപമാകുന്നു; ‘അനധീനമാം ജീവിതേച്ഛ തന്‍ പ്രതിരോധം’ എന്നും ‘ആത്മാവിന്നമ്ലഭാഷ നഷ്ടപ്പെട്ട മൂക ഗോത്രങ്ങള്‍ തന്‍ മുഖഗോഷ്ഠികള്‍’ എന്നും ഇതേ കവി തന്നെ തന്റെ ‘ഗസലി’ല്‍ എഴുതിയതോര്‍മ്മവരും ഇതു വായിച്ചാല്‍. ഗസലില്‍ ‘താളമാകുന്നൂ കാലം’ എന്നും ‘തബല ധിനിധിനിക്കുന്നു’ എന്നും എഴുതിയ കവിയുടെ കലയില്‍ തബയോടും പുല്ലാങ്കുഴലിനോടു(‘ഹരി പകരുന്നു ഗാഢമുരളിയില്‍/ ഒരു ഹൃദയം നിറയെപ്പരിഭവം’)മൊപ്പം ഈ ചെണ്ടയ്ക്കും ചിരപ്രതിഷ്ഠ ലഭിച്ചിരിക്കുന്നു.

തബലയും, ചെണ്ടയോളം തന്നെ, ഒരു മലയാളിവാദ്യമായിത്തീര്‍ന്നതിന് കോഴിക്കോടന്‍ സംഗീതരാവുകള്‍ സാക്ഷി. തബലിസ്റ്റ് അയ്യപ്പനും (യവനിക) ‘അമ്മയറിയാ’നിലെ ഹരിനാരായണന്റെ തബലിസ്റ്റും ഇതിന്റെ രണ്ട് അഭ്രമൂര്‍ത്തികള്‍. ‘ചുരക്കുന്നുവോ സംഗീതാംബ തന്‍ മുല?’ എന്ന് ബാബുരാജിനെക്കുറിച്ചെഴുതിയ കവിതയില്‍ പി. ഭാസ്‌കരന്‍ ചോദിക്കുന്നുണ്ട്. ആ മുലയ്ക്ക് തബലയുടെ ആകൃതിയായിരുന്നു. തബല വായിച്ച് തഴമ്പിച്ച ഉമ്പായിയുടെ വിരലുകളെക്കുറിച്ച് ഇയ്യിടെ എന്നോടു പറഞ്ഞത് കവി, വേണു വി. ദേശമായിരുന്നു. മരണമില്ലാത്ത ആ വിരലുകള്‍ ഞാന്‍ കാണുന്നു.

ഡോ. ടി.പി. സുകുമാരന്‍

മലയാളിയുടെ താളസംസ്‌കാരത്തെക്കുറിച്ചെഴുതിയ മറ്റൊരു നിരൂപകന്‍ ഡോ. ടി.പി.സുകുമാരനാണ്. ചര്‍മ്മവാദ്യമെന്നാല്‍ ‘പടഹവാദ്യ’മാണ് ടി.പിക്ക്.’ ലോകം കാണാനുള്ളതല്ല, കേള്‍ക്കാനുള്ളതാണ്. അതു നേത്രപ്രത്യക്ഷമല്ല, ശ്രോത്രപ്രത്യക്ഷമാണ് ‘എന്നും ഈ താള കാമുകന്‍ പറയും.’ താളങ്ങള്‍ കൊണ്ടാണ് തെയ്യങ്ങള്‍’ എന്ന് നല്ല മേളക്കാരന്‍ കൂടിയായിരുന്ന ഡോ. പ്രദീപന്‍ പാമ്പിരികുന്ന്. കഥകളിയിലും ചെണ്ടയുണ്ട്.’ ശംഖമദ്ദളമംഗളദ്ധ്വനി ദിങ്മുഖേഷു നിശമ്യതേ’ എന്ന നളചരിതപദത്തെ ‘ചെണ്ടചേങ്ങിലമദ്ദളദ്ധ്വനി ദിങ്മുഖേഷു നിശമ്യതേ’ എന്നു മാറ്റിയെഴുതി കേരളീയമാക്കിയത് പ്രൊഫ.എന്‍. കൃഷ്ണപിള്ളയാണ്,’കൈരളിയുടെ കഥ’യില്‍;ഈ താളഗോപുരങ്ങളെ പില്‍ക്കാലം ‘മലയാളിയുടെ രാത്രികളി’ല്‍ കുടിയിരുത്തിയത് കെ.സി. നാരായണനും.’ ഒറ്റരാവാല്‍ പൂമരങ്ങളായീ/ വിത്തുകളൊക്കെയും’ എന്നത് ഈ നാദബീജങ്ങളുടെ പൂ(ര)ക്കാലത്തിനും ബാധകം. രാത്രിയിലാണല്ലോ അസുരവാദ്യമിരമ്പുന്നത് . രാക്കാതുകള്‍ക്കും വലിയൊരു രാത്രിമൃഗമായ ആനച്ചെവികള്‍ക്കും നിവേദിച്ചതാണ് വാദ്യകല(ഇലഞ്ഞിത്തറമേളം പട്ടാപ്പകലാണ് കൊട്ടിക്കയറുന്നതെങ്കിലും!).’ താളം നിറയ്ക്കുവാനായിരിക്കാം/കാതുകളൊക്കെ കുഴിച്ചു വെച്ചൂ’ എന്ന് ആറ്റൂര്‍.

വൈലോപ്പിള്ളി ശ്രീധരമേനോന്‍

ആറാട്ടുപുഴപ്പൂരമാണ് വൈലോപ്പിള്ളി പേരെടുത്തു വര്‍ണ്ണിച്ചിട്ടുള്ള ഒരേയൊരു പൂരം.’ ആറാട്ടുപുഴയില്‍'(1964) എന്ന കവിതയുടെ ഒടുവില്‍ ആ കൂട്ടിയെഴുന്നള്ളിപ്പിന്റെ ഗംഭീരദൃശ്യമുണ്ട്-

‘അബ്ധിവീചികള്‍ മേളം തകര്‍ത്തീടവേ, കിഴ-
ക്കഭ്രവീഥിയില്‍ കുട,
ചാമരം നിവരവേ,
ബന്ധുരമണിഞ്ഞെഴും
നീലമാമലകള്‍തന്‍
പൊന്തിടും കുംഭങ്ങളില്‍
പൊന്‍തിടമ്പുയരവേ,
മുരിക്കും പൂവാകയും
പുളയും തീപ്പന്തങ്ങ-
ളെരിക്കും താഴ്വാരത്തി-
ന്നെതിരേ, മുറ പോലേ
നാട്ടുദേവന്മാരുടെ
പൂരങ്ങളുള്‍ച്ചേരുമാ-
റാട്ടുപാടത്തെക്കൂട്ടി-
യെഴുനള്ളിപ്പിന്‍ മുമ്പില്‍
വിശ്വമോഹനം പ്രകൃ-
ത്യുത്സവം, നരദൈവ-
തോത്സവരംഗത്തോടു
മേളിക്കും മുഹൂര്‍ത്തത്തില്‍
ആ മുഹൂര്‍ത്തത്തില്‍ ജഗദ്-
ശ്രീകോവില്‍ നടതുറ,-
ന്നാമുഖം ദര്‍ശിച്ച പോല്‍
പുളകം കൊള്‍വൂ നമ്മള്‍!’

‘സഹ്യന്റെ മക’നിലെ പൂരക്കാഴ്ച്ച പോലും ഒന്നഞ്ചുന്നു ഈ പൂരരാവിന്റെ വിവരണത്തിനു മുന്നില്‍!

‘നാഗരികതയുടെ
പൊന്നണിഞ്ഞൊരു വന-
ഭീകരത തന്‍ മുമ്പി,-
ലുത്സവം ഘോഷിക്കുന്നു!’

എന്ന് ഈ കവിതയിലും വൈലോപ്പിള്ളി എഴുതുന്നുണ്ട്.

‘… സൂരോഷ്ണത്തെത്തൂനിഴലഴികളില്‍
കേവലം തടവില്‍ച്ചേര്‍ത്തുഗ്ര വേനലിനേയും
എന്റെയീ മലനാട്ടി,ലുത്സവക്കൊടിക്കീഴില്‍
ചെണ്ടകൊട്ടിക്കും നിന്റെ ചാതുര്യമെന്തോതേണ്ടൂ?’

എന്ന് ‘വിഷുക്കണി’യില്‍;’ചെണ്ടകൊട്ടിക്കല്‍’ എന്ന മലയാളശൈലിയുടെ പൂര്‍ണ്ണസാഫല്യം പോലെ.വനശബ്ദങ്ങളും ഉത്സവാഘോഷരാവിന്റെ വാദ്യഘോഷങ്ങളും തമ്മിലിടയുന്ന ഒരു നിമിഷമുണ്ട് ‘സഹ്യന്റെ മക’ നില്‍-

‘ഈ വരും വിരാവമെ,-
ന്തിരുളിന്‍ നിശ്ശബ്ദത
ചീവീടും നൂറായിരം
ചീവീടിന്‍ വിലാപമോ?
ഉത്തരക്ഷണത്തില്‍ത്തന്‍
ചേതനയുണര്‍ന്നി,താ-
യുത്സവരംഗത്തില്‍ നി-
ന്നുയരും വാദ്യാരവം.
വകവെച്ചിലാ വമ്പ,-
നവനിഗ്‌ഘോഷം വെറും
വനപല്വലവര്‍ഷാ-
കാലമണ്ഡൂകാലാപം'(നോക്കൂ, കൊമ്പനല്ല വമ്പന്‍!).
‘ ശബ്ദസാഗരം കിട-
ന്നലതല്ലട്ടേ, തീയിന്‍ –
ഭിത്തികളെരിയട്ടേ,
തിരക്കീടട്ടേ നരര്‍ …’

എന്നും ശബ്ദായമൗനം നിറഞ്ഞ ആ വനയാത്ര വിവരിക്കപ്പെട്ടിരിക്കുന്നു.

കുഞ്ചന്‍ നമ്പ്യാര്‍, കടമ്മനിട്ട രാമകൃഷ്ണന്‍

കുഞ്ചന്‍ നമ്പ്യാരും കടമ്മനിട്ടയുമായിരുന്നു ഈ കേരളീയപൈതൃകത്തെ നാദസാല്‍ക്കരിച്ച രണ്ടു കവികള്‍. ചങ്ങമ്പുഴ പുല്ലാംകുഴലില്‍ പാടിയപ്പോള്‍ ഈ രണ്ടു കവികള്‍ പടഹവാദ്യത്തിലൂടെ ഭാഷയുടെ താള സാധ്യതകളുയിര്‍പ്പിച്ചു. താളത്താല്‍ ചുവടുറയ്ക്കാത്ത കുഞ്ചനെ ‘ലീലാവിലാസേന നില്‍ക്കു’ന്ന ആ വാഴകളില്‍പ്പോലും കാണാം; കടമ്മനിട്ടയെ അലറുന്ന കാട്ടാളന്റെ വന്യമായ നീലകണ്ഠത്തിലും.’സുന്ദരകാണ്ഡ’ മെഴുതിയ തുഞ്ചനിലുമുണ്ടായിരുന്നു ആകുഞ്ചിതാംഘ്രിയായി താളപ്പെരുംകടല്‍ ചാടിക്കടക്കുന്ന മാരുതീവൈഭവം –

തുഞ്ചത്തെഴുത്തച്ഛന്‍

‘ഇതി പവനതനയനുരചെയ്തു വാലും നിജ –
മേറ്റമുയര്‍ത്തിപ്പരത്തി കരങ്ങളും
അതിവിപുലഗളതലവുമാര്‍ജ്ജവമാക്കി നി –
ന്നാകുഞ്ചിതാംഘ്രിയായൂര്‍ദ്ധ്വനയനനായ്
ദശവദനപുരിയില്‍ നിജഹൃദയവുമുറപ്പിച്ചു
ദക്ഷിണദിക്കുമാലോക്യ ചാടീടിനാന്‍ ‘.

Robert Frost

ഫ്രോസ്റ്റിന്റെ പ്രസിദ്ധമായ വരികള്‍ കടമ്മനിട്ട പരിഭാഷപ്പെടുത്തിയപ്പോള്‍ അത് , രാവണകൃതമെന്നു പ്രസിദ്ധിയുള്ള ശിവതാണ്ഡവസ്‌തോത്രത്തിന്റെ – ജടാകടാഹസംഭ്രമഭ്രമന്നിലിമ്പനിര്‍ഝരീ … എന്നു തുടങ്ങുന്നത് – അതേ ചടുലവൃത്തത്തില്‍ താളപ്രകമ്പനം സൃഷ്ടിക്കുന്ന ഒരു കേരളീയാനുഭവമായി മാറി –

‘മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും
അനേകമുണ്ട് കാത്തിടേണ്ട മാമകപ്രതിജ്ഞകള്‍
അനക്കമറ്റു നിദ്രയില്‍ ലയിപ്പതിന്നു മുമ്പിലായ്
എനിക്കനേകകാതമുണ്ടവിശ്രമം നടക്കുവാന്‍.’

താളത്തിന്റെ തന്മാത്രകള്‍കൊണ്ടു നിര്‍മ്മിച്ചതായിരുന്നു നമ്പ്യാരുടെ പ്രപഞ്ചം.

‘ചെമ്പടതോടിവരാടികളിത്തര-
മമ്പോടനേകം പ്രയോഗങ്ങളിങ്ങനെ
പാട്ടും കളികളും പര്‍വ്വതാന്തേ മുദാ
കേട്ടും വിലോകനം ചെയ്തും ഗമിക്കുന്ന
ഭീമസേനന്‍ ഗന്ധമാദനാധിത്യകാ –
ഭൂമിതന്നില്‍ തദാ നോക്കും ദശാന്തരേ
ശ്യാമളം നല്ല കദളീമഹാവനം
കോമളശ്രീപൂര്‍ണ്ണമാശു കണ്ടീടിനാന്‍’

(കല്യാണസൗഗന്ധികം)

ശ്രീ നാരായണഗുരു

മൗനമില്ലാതെ താളമോ നാദകലകളോ ഇല്ല.’മൗനഘനാമൃതാബ്ധി’യെ വാഴ്ത്തിയ നാരായണഗുരുവാണ് ‘ഭദ്രകാള്യഷ്ടക ‘വും ‘കാളീനാടക’വും ‘ജനനീനവരത്‌നമഞ്ജരി’ യും ‘ശിവപ്രസാദപഞ്ചക’വും ‘ കുണ്ഡലിനിപ്പാ’ട്ടും ‘സദാശിവദര്‍ശന’വുമെഴുതി താളത്തിന്റെ വലിയ ലോകങ്ങള്‍ കവിതയില്‍ തുറന്നുവച്ചത്.’കീലാലവായ്വനലകോലാഹലം ഭുവന-/മാലാപമാത്രമഖിലം’ എന്നു ഗുരു; ‘കര്‍മ്മോച്ചണ്ഡമാര്‍ദ്ദംഗികലയവശഗാന്‍ വാസനാഗാനസക്താന്‍ …’ എന്നു മേല്‍പ്പത്തൂര്‍. ആശാന്‍കവിതയിലും കാണാം മൗനത്തിന്റെ ദുരന്തമുഖരമായ സാന്ദ്രമുഹൂര്‍ത്തങ്ങളനവധി. പ്രസിദ്ധമായ ആ ഉദാഹരണങ്ങളിലേയ്ക്കു പോകുന്നില്ല; പകരം ‘ വനയാത്ര’യിലെ ഒരു ശ്ലോകാര്‍ദ്ധം മാത്രം ഇവിടെ എടുത്തെഴുതാം –

‘പാരില്‍പ്പലേസുഖമയൂഖഗണത്തിനൊറ്റ
വേരായടിക്കു വിലസും രവി മൗനമത്രേ!

2 Replies to “ചെണ്ട”

Your Email address will not be published.