
രാഷ്ട്രീയം ഭരണകൂടവുമായി ബന്ധപ്പെട്ട വിഷയമാണ്. അത് അധികാരം, സ്വാതന്ത്ര്യം എന്നിവയെപ്പറ്റി സംസാരിക്കും. ജനാധിപത്യവും അവകാശങ്ങളും ദേശീയതക്കുള്ളില്‍ ചുരുങ്ങിനില്‍ക്കുന്നു. സ്വന്തം നാട്ടുകാര്‍ക്ക് ബാധകമായ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും മറ്റുള്ളവര്‍ക്ക് നിഷേധിക്കാന്‍ ദേശീയ രാഷ്ട്രീയം അവസരം ഒരുക്കുമ്പോള്‍ കായികരംഗത്തെ നിയമങ്ങള്‍ അന്തര്‍ദേശീയമാണ്. അവിടെ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് തന്റെ/ടീമിന്റെ കഴിവ് പരമാവധി പ്രദര്‍ശിപ്പിക്കല്‍ മാത്രമായിരിക്കും ലക്ഷ്യം. അതുവഴി രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താം.
കളിക്കാര്‍ തമ്മില്‍ കളിക്കളങ്ങളില്‍ സാര്‍വ്വദേശീയമായ പരസ്പര ബഹുമാനം പ്രകടിപ്പിക്കുക കായികമത്സരങ്ങളുടെ ജന്മഗുണമാണ്. അതില്‍ സങ്കുചിത ദേശീയത കലര്‍ത്താന്‍ മടികാണിക്കാത്ത രാഷ്ട്രീയനേതാക്കളായി കുപ്രസിദ്ധി നേടിയവരാണ് ഹിറ്റ്‌ലറും മുസോളിനിയും. അതെ പാതയിലേക്ക് മോദി ഭക്തര്‍ ഏവരും എത്തിച്ചേര്‍ന്നിട്ട് കുറച്ചു നാളുകളായി.

Karachi Kickers എന്ന ഫുട്‌ബോള്‍ ടീം 1955-56ല്‍ കോഴിക്കോട് നടന്ന സെയ്ദ് നാഗ്ജി മത്സരത്തില്‍ പങ്കെടുത്ത് കപ്പുകള്‍ സ്വന്തമാക്കി. അന്നും ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തിത്തര്‍ക്കത്തിലായിരുന്നു. അന്നത്തെ ഇന്ത്യക്കാര്‍ (കേരളത്തിലെ RSS നേതാക്കള്‍ പരമേശ്വരന്‍/രാജഗോപാല്‍ തുടങ്ങി വാജ്‌പേയും അദ്വാനിയും രാഷ്ട്രീയ പ്രവര്‍ത്തകരായി രാജ്യത്തുണ്ടായിരുന്നു) പ്രതിഷേധിക്കാന്‍ തയ്യാറാകാഞ്ഞത്, അവര്‍ക്ക് ദേശീയബോധം കുറവായതിനാലല്ല; കളിയെയും രാഷ്ട്രീയത്തെയും വ്യത്യസ്തമായി കാണണം എന്ന വിവേകം ഉണ്ടായിരുന്നതിനാലാണ്!

കായികമത്സരങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ താല്‍ക്കാലികമായി മറക്കുവാന്‍ സഹായിക്കും എന്ന പൊതുധാരണയെ തിരുത്തുംവിധമാണ് ഹിറ്റ്‌ലര്‍- മുസ്സോളിനി സര്‍ക്കാരുകള്‍ ശ്രമിച്ചത്. 1936-ബെര്‍ലിന്‍ ഒളിമ്പിക്‌സ് രാഷ്ട്രീയ പ്രചരണ വേദിയാക്കി മാറ്റിയപ്പോള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും നിരവധി രാജ്യങ്ങളും ഹിറ്റ്‌ലറെ പിന്തുണച്ചു. ഹിറ്റ്‌ലര്‍, 1933 മാര്‍ച്ചില്‍ അധികാരത്തില്‍ വന്നയുടനെ ജര്‍മ്മന്‍ സമൂഹത്തില്‍ പൂര്‍ണ്ണ നിയന്ത്രണം നല്‍കുന്ന Enabling Act പാസാക്കി. അതില്‍ കായികരംഗവും ഉള്‍പ്പെട്ടു. ക്രിക്കറ്റ് ഉള്‍പ്പെടെ 20ലധികം കായിക ഇനങ്ങളെ നേരിട്ട് നിയന്ത്രിച്ചു. Reach Sports Fuhrer പദവി വഹിച്ച മുതിര്‍ന്ന നാസി നേതാവ് ഹാന്‍സ് വോണ്‍ ഷാമര്‍ ഉന്‍ഡ് ഓസ്റ്റനായിരുന്നു നേതൃത്വം. (ICC യുടെ ചെയര്‍മാനായി അമിത് ഷായുടെ മകന്‍, BJP MP യായ ഉഷ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്. ഗുസ്തി ഫെഡറേഷനും മറ്റും വ്യത്യസ്ഥമല്ല)
നാസികള്‍ ഫുട്‌ബോളിന് മുന്‍ഗണന നല്‍കി 1933-ജര്‍മ്മനിയിലുടനീളമുള്ള ക്ലബ്ബു കളെ ഏറ്റെടുത്തു. രാജ്യത്തിന്റെ പുതിയ ഭരണപ്രദേശങ്ങളുമായി പൊരുത്തപ്പെടുന്ന പതിനാറ് പ്രാദേശിക ലീഗുകളായി ഗൗലിജെന്‍ (Gauliga) സംഘടിപ്പിക്കുകയും ചെയ്തു. നാസി അധിനിവേശത്തിന് അനുസൃതമായി Gauliga വികസിച്ചു. 1938നു ശേഷം ഓസ്ട്രിയയുടെ ദേശീയ ലീഗായി മാറി Gauliga Ostmark 1941പോളണ്ട്, ചെക്കോസ്ലോവാക്യന്‍ ക്ലബ്ബുകള്‍ നാസി നിയന്ത്രണത്തിലായി. അമ്പത് വര്‍ഷമായി ജര്‍മ്മന്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ബയേണ്‍ മ്യൂണിക്ക് നാസികളുടെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ചില്ല. പരമ്പരാഗതമായി ബയേണില്‍ ജൂതന്മാര്‍ അംഗങ്ങളായിരുന്നു. ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീം സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിച്ചു. 1941 ഏപ്രില്‍ 21നായിരുന്നു മത്സരം. ജര്‍മ്മനി 1-2 ന് പരാജയപെട്ടു. ഹിറ്റ്‌ലറുടെ ജന്മദിനത്തിലെ മത്സരപരാജയം താക്കീതായി മാറി. വിജയം ഉറപ്പുണ്ടെങ്കില്‍ മാത്രം രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്താല്‍ മതി എന്നായിരുന്നു കായികമത്സരങ്ങളെ വികൃതമായി മാത്രം വിലയിരുത്താന്‍ മുന്നില്‍ നിന്ന നേതാവിന്റെ സമീപനം.
മാന്യതയുടെ മുഖമായിരുന്ന ജര്‍മ്മന്‍ ഫുട്ബാള്‍ ടീമിന്റെ ക്യാപ്റ്റന്‍ Fritz Szepan മുതല്‍ കളിക്കുന്നവരെല്ലാം നാസി പാര്‍ട്ടി അംഗങ്ങള്‍. ഭ്രാന്തമായ ദേശീയ വികാരം പ്രകടിപ്പിക്കുന്ന അവസരമാക്കാന്‍ അവര്‍ നിര്‍ബന്ധിതമായി. അതിന്റെ ഫലം കളിക്കാര്‍ പിന്നീട് അനുഭവിച്ചു.
1936ലെ ബര്‍ലിന്‍ ഒളിമ്പിക്‌സ് ആര്യന്മാരുടെ കരുത്തുതെളിയിക്കാനുള്ള അവസരമാണ് എന്ന് ഹിറ്റ്‌ലര്‍ തുറന്നറിയിച്ചു. ഫുട്‌ബോള്‍ മത്സരത്തില്‍ നോര്‍വ്വയോട് തോറ്റു. കളി കാണാന്‍ എത്തിയ ഹിറ്റ്‌ലര്‍ ക്ഷോഭത്തോടെ വേദി വിട്ടിരുന്നു.

1942 ആഗസ്റ്റ് 9ന് ജര്‍മ്മനിയുടെ Flakelf (പട്ടാളക്കാരുടെ ടീം) Kyiv (Ukraine) യോട് വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടു. ഉക്രെയിന്‍ ഹിറ്റ്‌ലര്‍ കീഴ്‌പ്പെടുത്തിയ സമയമായിരുന്നു അത്. ഉക്രെയിന്‍ കളിക്കാരില്‍ പലരെയും നാസി പട്ടാളം വൈകാതെ കൊലപ്പെടുത്തി. ഈ മത്സരത്തെ ‘Death Match’ എന്ന് ചരിത്രം രേഖപ്പെടുത്തി.

മുസ്സോളിനിയും കളിയെ രാഷ്ട്രീയ വിഷയമാക്കി. കളിക്കാരുടെ മാതൃകയാകാന്‍ മുസ്സോളിനി ശ്രമിച്ചു. ലോകകപ്പ് കോച്ച് Vittorio Pozzo യെ ഫാസിറ്റ് പാര്‍ട്ടി അംഗമാക്കി. ലോകകപ്പിന് മുമ്പ് നടത്തിയ വിരുന്ന് സല്‍ക്കാരത്തില്‍ മുസ്സോളിനി Pozzo യോട് പറഞ്ഞത് ‘Win or Shhhh’ എന്നാണ്. എന്തായാലും ചെക്കോസ്‌ളോവാക്യയെ പരാജയപ്പെടുത്തി. 1934ലെ ലോകകപ്പ് സ്വന്തമാക്കിയതുകൊണ്ട് Vittorio Pozzo ജീവനോടെ തുടര്‍ന്നു. 1938ലും ഇറ്റലി ലോകകപ്പ് വീണ്ടും നേടിയതിനാല്‍ ജര്‍മ്മനിയില്‍ എന്ന പോലെ മറ്റൊരു Death Match സംഭവിച്ചില്ല. പില്‍ക്കാലത്ത് ശീതയുദ്ധകാലത്തെ ഒളിമ്പിക്‌സില്‍ അമേരിക്കന്‍-USSR രാഷ്ട്രീയം പ്രകടമായിരുന്നു. എങ്കിലും കളിക്കാര്‍ തമ്മില്‍ വിദ്വേഷം പ്രകടിപ്പിച്ച അവസരങ്ങള്‍ ഉണ്ടായിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മാത്രമല്ല എത്രയോ രാജ്യങ്ങള്‍ തമ്മില്‍ വിവിധ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. അത്തരം രാജ്യക്കാര്‍ കായികമത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പ്രകടിപ്പിക്കേണ്ട മര്യാദകള്‍ മറന്നുപോയ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും, അതിന് പൂര്‍ണ്ണ പിന്തുണ നല്‍കിയ കോച്ചും (മുന്‍ BJP MP) RSS ഭക്തിയില്‍ മറക്കാന്‍ ശ്രമിച്ചത് കായികലോകത്തിന്റെ യഥാര്‍ത്ഥ ആശയങ്ങളെയാണ്. ഈ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ കൈകൊണ്ട നിലപാടുകള്‍ Godi Media യെ ഓര്‍മ്മിപ്പിച്ചു.







No Comments yet!