
കല വ്യക്തിപരമാകുന്നതുപോലെ രാഷ്ട്രീയപരവുമാകാം എന്ന് സിനിമയുടെ ഭാഷയിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുകയും, സിനിമയുടെ ഭാഷ തന്നെ പുനര്‍നിര്‍വചിക്കുകയും ചെയ്ത പ്രതിഭയായിരുന്നു ഋത്വിക് ഘട്ടക് (1925-1976). സിനിമയിലെ കവിതാത്മക സ്വരം. വിഭജനത്തിന്റെ, ജനിച്ചയിടം നഷ്ടപ്പെടുന്നതിന്റെ, എരിഞ്ഞടങ്ങാന്‍ വിസ്സമ്മതിക്കുന്ന ആഗ്രഹങ്ങളുടെ, വേദനകള്‍ അദ്ദേഹം തന്റെ സിനിമകളില്‍ ഒപ്പിയെടുത്തു. ജുക്തി ടാക്കോ ഗപ്പോ, മേഖേ ദഖാ താര, കോമോള്‍ ഗന്ധാര്‍, സുവര്ണ് രേഖ, എന്നിങ്ങനെയുള്ള സിനിമകളിലൂടെ അദ്ദേഹം വ്യക്തിപരമായ ദുഖകഥകളെ കവിത തുളുമ്പുന്ന സിനിമകളാക്കി. റിയലിസം, മിത്ത്, സംഗീതം, രൂപകാലങ്കാരം എല്ലാം അദ്ദേഹത്തിന്റെ സിനിമകളില്‍ കാണാനാകും. പിന്നീടു വന്ന തലമുറകളെപ്പോലും സ്വാധീനിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമാനിര്‍മ്മാണ രീതി. 1970 ല്‍ പത്മശ്രീ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പക്ഷേ എങ്കിലും ജീവിച്ചിരുന്ന കാലങ്ങളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ തമസ്കരിക്കപ്പെടാനുള്ള ഉത്സുകത അധികമായിരുന്നു എന്ന് കരുതപ്പെടുന്നു. 1975 ല്‍ അദ്ദേഹം നല്കിയ ഒരു അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളാണിവിടെ ചേര്‍ത്തിരിക്കുന്നത്.
ഭാഗം 5
ഇന്ത്യന്‍ സിനിമകളിലെ നാനാവര്‍ണ്ണത്തിലുള്ള വിഷയങ്ങള്‍
സുബര്ണരേഖയ്ക്കും ജുക്തി ടാക്കൊ ഗപ്പോക്കും ഇടയിലുണ്ടായ ദീര്‍ഘ ഇടവേളയില്‍ ഇന്ത്യന്‍ സിനിമകളിലുണ്ടായ പ്രവണതകളെക്കുറിച്ച് പറയാമോ?
എനിക്കതിനാകില്ല. ഞാനങ്ങനെ (ഇന്ത്യന്‍) സിനിമകള്‍ ധാരളമായി കാണുന്നവനല്ല. എനിക്ക് പറയാനാകുന്നത് ഞാന്‍ ജുക്തി ടാക്കൊ ഗപ്പൊയില്‍ പറഞ്ഞിട്ടുണ്ട്. പറയാനുള്ളത് ക്രമേണ കൂടുതല്‍ കൂടുതല്‍ പരിമിതപ്പെടുന്നു, ബലാല് പുറത്ത് വരുന്നതുമാകുന്നു. ജുക്തി ടാക്കൊ ഗപ്പൊയില്‍ പറഞ്ഞതിനപ്പുറത്തൊന്നും കൂട്ടിച്ചേര്‍ക്കാന്‍ എനിക്കില്ല.

സമകാലിക ഇന്ത്യന്‍ സിനിമകളില്‍ അര്‍ത്ഥവത്തായ പ്രതിഷേധങ്ങളുണ്ടോ?
ഏതെങ്കിലും ഇന്ത്യന്‍ സിനിമയില്‍ അര്‍ത്ഥവത്തായ പ്രതിഷേധമുണ്ടോ ഇല്ലയോ എന്ന് എനിക്ക് പറയാനാകില്ല എന്നതാണ് ആദ്യത്തെ കാര്യം. പറഞ്ഞല്ലോ, ഞാന്‍ ധാരളമായി ഇന്ത്യന്‍ സിനികള്‍ കാണുന്നയാളല്ല. മറ്റുള്ളവരില്‍ നിന്നറിഞ്ഞതനുസരിച്ച് അവയില്‍ പ്രതിഷേധമേയില്ല. അവര്‍ക്ക് ജനങ്ങളെ തീര്‍ത്തും വ്യത്യസ്തമായ ഒരു ദിശയിലേക്ക് കൊണ്ടുപോകണം. മൂണ്സ്ടെര്ബര്ഗിനെ വായിക്കണം എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളദ്ദേഹത്തിന്റെ കൃതികള്‍ വായിച്ചിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. സിനിമയെക്കുറിച്ചുള്ള ചിന്തകളാണവ. ”സ്വപ്ന ഘടക”ത്തെ അദ്ദേഹത്തിന്റെ കൃതികളില്‍ പിന്തുണച്ചിരിക്കുന്നതുമായി താരതമ്യം ചെയ്യാന്‍ മറ്റൊന്നുമില്ല. അതിനെക്കുറിച്ച് അദ്ദേഹത്തിന്റെ അവസാനവാക്കുണ്ട് – ആത്യന്തികമായ വഞ്ചന. ഇവിടെ ഒരുപക്ഷേ ആരും ഈ പുസ്തകങ്ങാള്‍ വായിച്ചിട്ടുണ്ടാകില്ല. ഞാന്‍ വായിച്ചിട്ടുണ്ട്. എനിക്കത് വായിക്കണം. നമ്മുടെ രാജ്യത്ത് ആര്‍ക്കെങ്കിലും പ്രതിഷേധത്തെക്കുറിച്ച് പറയാന്‍ ധൈര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മൃണാള്‍ സെന്‍ കുറച്ച് ശ്രമിച്ചിട്ടുണ്ട്. എന്നാലും അദ്ദേഹത്തിന്റെ സിനിമകളും വലിയ ആഴങ്ങളിലേക്ക് തുളച്ചിറങ്ങിയിട്ടുണ്ട് എന്നെനിക്ക് തോന്നുന്നില്ല. സിനിമകളുടെ അടിസ്ഥാന ലക്ഷ്യം, സിനിമകളുടെ മാത്രമല്ല ഏതൊരു കലയുടേയും, നമ്മുടെ രാജ്യത്തെ മനുഷ്യരിന്നനുഭവിക്കുന്ന ക്ളേശങ്ങളും സംഘര്‍ഷങ്ങളും ചിത്രീകരിക്കുകയാണ്. മൃണാള്‍ സെന്നിനതെത്ര പ്രകടമാക്കാനായിട്ടുണ്ട് എന്നെനിക്കറിയില്ല. എനിക്ക് ഇതിനെക്കുറിച്ചൊന്നും സംസാരിക്കാന്‍ അവകാശമില്ല, അവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. പക്ഷേ സത്യമെന്തെന്നാല്‍ ഇത് ശ്രദ്ധാര്‍ഹവും അര്‍ത്ഥവത്തുമായ വിധത്തില്‍ ചെയ്യാനായിട്ടുള്ള ഒരൊറ്റ കലാകാരനേയും എനിക്ക് പേരെടുത്തു പറയാനാകുന്നില്ല എന്നതാണ്. ഞാന്‍ തന്നെ കുറേ കാലമായി ഒന്നും ചെയ്യാതിരിക്കുന്നു. അതിനാല്‍ തന്നെ ഞാന്‍ ഇതിലപ്പുറം ഒന്നും പറയാന്‍ പാടില്ല എന്നു കരുതുന്നു.
താങ്കളുടെ അഭിപ്രായത്തില്‍ എഫ് എഫ് സിയുടെ ലോണ്‍ പദ്ധതികള്‍ക്ക് പുറകിലെ നയം എന്തായിരിക്കണം? പുതിയ സംവിധായകര്‍ക്ക് അത് നല്‍കണോ അതോ ഏതാനും നല്ല സിനിമികള്‍ ചെയ്തിട്ടുള്ള അനുഭവസമ്പത്തുള്ളവര്ക്കായിരിക്കണോ മുന്‍ഗണന?
രണ്ടും കൂട്ടിയോജിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നു. പുതിയ കുട്ടികളെ നമ്മള് പിന്തുണയ്ക്കേണ്ടതുണ്ട്. അതിനായി എഫ് എഫ് സിയ്ക്ക് എന്തു ചെയ്യാനാകുമോ അതു ചെയ്യണം. അത് ഒരു ഭാഗം. അതുപോലെ തന്നെ അനുഭവസമ്പത്തുള്ള പഴയ സംവിധായകര്‍ക്കും ഗൗരവതരമായ സിനിമകളെടുക്കാന്‍ പിന്തുണ വേണം. എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്. അതുകൊണ്ട് ആരേയും ഒഴിവാക്കാനാകില്ല.

ഇന്ത്യയിലെ ഇപ്പോഴത്തെ നിര്മ്മാണാവസ്ഥകള് എങ്ങനെയാണു സിനിമകളെ ക്ഷതമേല്പിക്കുന്നത്?
പ്രദര്‍ശനമാണ് കൂടുതല്‍ ക്ഷതമേല്പിക്കുന്നത്, നിര്‍മ്മാണവും വിതരണവുമല്ല. സിനിമാ പ്രദര്‍ശന പ്രക്രിയയെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ അറിയണം. നമ്മുടെ രാജ്യത്തെ പ്രദര്‍ശന വ്യാപാരം എത്രകണ്ട് വിഴുപ്പുള്ളതാണെന്നും തകര്‍ന്നതാണെന്നും മനസിലാക്കാന്‍ ശ്രമിക്കണം. ഞാനതിനെക്കുറിച്ച് വളരെയധികം സംസാരിച്ചിട്ടുണ്ട്. വ്യാപാരികള്‍ മുതല്‍ ബ്യൂറോക്രാറ്റുകള്‍ വരെയുള്ളവരെയൊക്കെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. പ്രദര്‍ശന വ്യവസ്ഥയെ കുറച്ചുകൂടി മെച്ചപ്പെട്ട വിധത്തില്‍ നമ്മള് കൈകാര്യം ചെയ്യണം. ഇതിലുള്പ്പെട്ടിട്ടുള്ളവരെല്ലാം എത്രകണ്ട് ധാര്‍മ്മികമായി അധപതിച്ചവരും വക്രബുദ്ധിയുള്ളവരുമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. എന്റെ അനുഭവങ്ങളെക്കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമൊന്നുമില്ല. അതുകൊണ്ട് ഉപകാരമില്ല. വിതരണ വ്യാപാരത്തിലും പ്രശ്നങ്ങളുണ്ട്. എന്നാല്‍ പ്രദര്‍ശന വ്യാപാരത്തിലുള്ളയത്ര മോശമല്ല. അവര്‍ കൊലയാളികളാണ്. കല അതാണ്? ഇതാണ് എന്നൊക്കെ പറയും, അവസാനം ഒന്നുമുണ്ടാകില്ല. ഈ രാജ്യത്തെ എല്ലാം നശിപ്പിക്കുന്നത് അവരാണ്.
ബംഗാളി സിനിമകളിലെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടോ? കലാമേന്മയുടെ വശമാണുദ്ദേശിച്ചത്.
വിഷമം പിടിച്ച ഒരു ചോദ്യമായി അത്. എനിക്കതിന് നേരിട്ടൊരു ഉത്തരം തരാനാകില്ല. ബംഗാളി സിനിമകളെക്കുറിച്ച് എനിക്ക് അറിയാവുന്നതു വച്ച് ഞാന്‍ ശുഭാപ്തിവിശ്വാസത്തിലാണ്. ഗൗരവത്തോടെ ജോലി ചെയ്യുന്ന ഒരുപാട് യുവജനങ്ങളുണ്ട്. എന്നാല്‍ ആരും അവര്‍ക്ക് ജോലി നല്‍കില്ല. ജോലി ചെയ്താലും വേതനം നല്‍കില്ല. നിര്‍ഭാഗ്യവശാല്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ലക്ഷക്കണക്കിനു രൂപ ആവശ്യമുള്ള ഒരു വ്യാപാരത്തിലാണു നമ്മള്. ഞങ്ങള്‍ (പഴയ ആള്ക്കാര്) എങ്ങനെയെങ്കിലും മുന്നോട്ടു പോകും. എന്തെങ്കിലുമൊക്കെ കൗശലങ്ങള്‍ ചെയ്തും ഉപായങ്ങള്‍ കാണിച്ചും മുന്നോട്ടു പോകും. എങ്ങനെയെങ്കിലും എല്ലാം കൈകാര്യം ചെയ്യും. എന്നാല്‍ ഈ കുട്ടികള്‍ക്ക് അതിനാകില്ല. മനസിലായോ? (ചിരിക്കുന്നു.) ഇതില്‍ വിജയികളായി ആരൊക്കെ പുറത്തു വരും എന്നെനിക്ക് അറിയില്ല. ഭാവിയെക്കുറിച്ച് എന്റെയുള്ളില്‍ സ്വാഭാവികമായ ഒരു ആത്മവിശ്വാസമുള്ളതിനാല്‍ വളരെയധികം പ്രതീക്ഷകളുണ്ട്. ഇതില്‍ കുറച്ചു കുട്ടികള്‍ എന്നേക്കാള്‍ മികച്ച സിനിമകള്‍ ചെയ്യും എന്ന് ഞാന്‍ ശക്തമായി തന്നെ വിശ്വസിക്കുന്നു. പക്ഷേ ആരും അവര്‍ക്ക് അവസരം നല്‍കുന്നില്ല. മതിയായ ഭക്ഷണത്തിനുള്ളതുപോലും അവര്‍ക്ക് ലഭിക്കുന്നില്ല. എനിക്കൊപ്പം നിങ്ങള്‍ സ്റ്റുഡിയൊ പാരയിലേക്ക് (അയല്വക്കത്തുള്ളത്) ഒന്നു വരൂ. ഈ കുട്ടികള്‍ എത്ര ദുരിതമനുഭവിക്കുന്നു എന്നപ്പോള്‍ കാണാനാകും. അവരെങ്ങനെ സിനിമയുണ്ടാക്കും എന്നെനിക്കറിയില്ല. പക്ഷേ ഇതില്‍ ഒരാള്‍ അതു ചെയ്യുന്നതില്‍ വിജയിച്ചാല്‍ അവര്‍ പിന്നെ നമ്മളെയെല്ലാം മറികടക്കും. എല്ലാവരേയും, എന്നെ, സത്യജിത്, മൃണാള്‍ സെന്‍, എല്ലാവരേയും. എല്ലാവരും പരാജയപ്പെടും. എനിക്ക് പരാജയപ്പെടണം. അവരത് ചെയ്തു കാണിക്കണം.
പൊതുവില്‍ പറഞ്ഞാല്‍ വിദേശ സിനിമകളില്‍ കാണുന്ന വൈവിധ്യം നമ്മുടെ സിനിമകളിലില്ല. താങ്കള്‍ എന്തു കരുതുന്നു?
നമ്മുടെ സിനിമകളും അവരുടെ സിനിമകളും തമ്മില്‍, പൊതുവില്‍, വലിയ വ്യത്യാസമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ മിസൊഗൂചി, ഓസു, തര്‍കോവ്സ്കി, കകൊയാനിസ്, എന്നിവരുടെയൊക്കെ സിനിമകള്‍ എന്നെ ഉന്മത്തനാക്കുന്നു. ലിയൊപോള്ദൊ ടോറെ നില്‍സണ്‍, ഡ്രയര്‍ എന്നിവര്‍ എന്നെ ഭ്രാന്തുപിടിപ്പിക്കും. കുറസോവയെക്കുറിച്ച് പറയാതിരുന്നത് അദ്ദേഹം ഇന്ന് അത്ര പ്രശസ്തനായതുകൊണ്ടാണ്. ഇറ്റാലിയന്‍ സംവിധായകരില്‍ എനിക്ക് അന്റോണിയോനി, ഫെലിനി എന്നിവരെ പ്രത്യേകിച്ചും, ബഹുമാനമാണ്. അതുപോലെ വിസ്കോന്റി, രോസെലിനി എന്നിവരെയും വളരെയധികം. എന്നാല്‍ ജീവിച്ചിരിക്കുന്ന സംവിധായകരില്‍ എന്റെ ഏറ്റവും വലിയ ഗുരു ലൂയി ബുനുവേലാണ്.

റഷ്യയിലും പരാമര്‍ശമര്‍ഹിക്കുന്ന ചിലരുണ്ട്. കോസിന്റ്സേവ് അനശ്വരമായ ചില സിനിമകള്‍ ചെയ്തിട്ടുണ്ട്. ഹാംലെറ്റ് – നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ അത്? പിന്നെ ഞാന്‍ അവസാനം കണ്ടത്, തര്‍കോവ്സ്കിയുടെ ഇവാന്‍സ് ചൈല്‍ഢുഡ്… അതെന്നെ ശരിക്കും ഭ്രാന്തു പടിപ്പിച്ചു. ആദ്യത്തെ രംഗത്തിലെ അമ്മയുടെ മുഖം – അതെനിക്ക് മറക്കാനാകില്ല. അദ്ദേഹം ക്യാമറ ഉപയോഗിക്കുന്ന രീതി എന്നെ വല്ലാതെ ചിന്തിപ്പിച്ചിട്ടുണ്ട്. വളരെ കാര്യബോധത്തോടെ അദ്ദേഹം സ്ളോ മോഷന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ സുന്ദരമായി ഞാന്‍ മറ്റൊന്നും കണ്ടിട്ടില്ല.
ഇനിയും എനിക്ക് കുറേ പറയാനാകും. പക്ഷേ ഇത്രയും ചുരുങ്ങിയ സമയം കൊണ്ടല്ല. ഒരു ആയുസ്സ് മുഴുക്കെയെടുക്കും അതിന്. ബുനുവെലിന്റെ വിരിദിയാനയിലെ ഒരു രംഗം ഞാന്‍ മറക്കില്ല. അവസാനത്തെ അത്താഴത്തിന്റെ ആക്ഷേപഹാസ്യം. നായിക ഒരു പറ്റം തെമ്മാടികളെ വീട്ടിലെത്തിച്ച് അത്താഴം കൊടുക്കുന്നു. പെട്ടെന്ന് അദ്ദേഹം അതിനെ ഡാവഞ്ചിയുടെ അവസാനത്തെ അത്താഴത്തില്‍ ലയിപ്പിക്കുന്നു. ഒരൊറ്റ ഷോട്ടില്‍. അതുവഴി ഈ റോമന്‍ കാതലിക് സിദ്ധാന്തം തന്നെ കൃത്രിമവും വ്യാജവുമാണെന്ന് വളരെ വ്യക്തമാക്കുന്നു. അതാണ് ബുനുവെല്‍. ഇക്കാലത്ത് അതിലും വലിയ ഒരു കാലാകരന് ജീവിച്ചിരിപ്പുണ്ട് എന്നു ഞാന്‍ കരുതുന്നില്ല.
താങ്കളുടെ അഭിപ്രായത്തില്‍ സംഗീതത്തെ ഇന്ത്യന്‍ സിനിമയില്‍ പ്രയോഗിക്കുന്നതിനുള്ള സാധ്യത എത്രത്തോളം യാഥാര്‍ത്ഥ്യമായിട്ടുണ്ട്?
സംഗീതം എന്നില്‍ ചലനമുണ്ടാക്കിയ ആദ്യ സിനിമ ശാന്താറാമിന്റെ ശകുന്തളയാണ്. (വസന്ത് ദേശായിയുടെ സംഗീതം.)

പിന്നെ കാദംബരി (ഹരി പ്രസന്ന ദാസിന്റെ സംഗീതം.) ബംഗാളി സിനിമകളില്‍ ദേബകിബാബുവിന്റെ ഏതാനും സിനിമകള്‍ എനിക്കിഷ്ടമായി. പഥേര്‍ പാഞ്ചാലിയുടെ സംഗീതം ഞാന്‍ നന്നായി ആസ്വദിച്ചു. പക്ഷെ ആ സംഗീതം രവി ശങ്കര്‍ അമേരിക്കയിലെ കറുത്തവരുടെ നാടോടി ഗാനമായ സ്വാന്‍സ് റിവറില്‍ നിന്ന് പകര്‍ത്തിയതാണ്. അതിനെ മാറ്റിനിര്‍ത്തിയാല്‍ ആ സിനിമിയില്‍ അദ്ദേഹം ചെയ്ത സംഗീതം ഗംഭീരമായിരുന്നു.

ഞാനങ്ങനെ വളരെയധികം ബംഗാളി സിനിമകളോ ഹിന്ദി സിനിമകളോ കാണുന്ന വ്യക്തിയല്ല. അതിനാല്‍ ഇപ്പോള്‍ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ചെനിക്ക് അറിയില്ല. എന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് തീര്‍ച്ചയായും ധിക്കാരവും അധികപ്രസംഗവുമാകും. എന്നിരുന്നാലും, എന്റെ സിനിമകളില്‍ സംഗീതത്തിന്റെ കോണില്‍ നിന്നെനിക്ക് ഏറ്റവും ആഹ്ളാദം നല്‍കിയത് കോമള്‍ ഗന്ധാറാണ്. ജ്യോതിരീന്ദ്ര മോയിത്ര എന്ന എന്റെ സംഗീത സവിധായകന് ബംഗാളിന്റെ ക്ളാസിക്കല്‍, നാടോടി സംഗീതത്തിന്റെ ആത്മാവറിഞ്ഞുപയോഗിച്ചു. കിഴക്കും പടിഞ്ഞാറുമുള്ള ബംഗാളിന്റെ. സുന്ദരമായിരുന്നു അദ്ദേഹത്തിന്റെ സംഗീതം. അതിനാല്‍ തന്നെ കണ്ണടച്ചിരുന്നും എനിക്ക് ഈ സിനിമ കാണാനാകും.
ബംഗാളി സിനിമകള്‍ക്ക് പ്രമതേഷ് ബറൂവയുടെ സംഭാവനകളെക്കുറിച്ചു പറയാമോ?
1928 ല്‍ പ്രമതേഷാണ് ബറുവ-സ്റ്റുഡിയൊ തുറന്നത്. അതിനു ശേഷം ബി.എന്‍. സിര്കാറുമൊത്ത് ന്യു തിയറ്റര്‍ തുടങ്ങി. സിനിമകള്‍ നിര്‍മ്മിക്കാനാരംഭിച്ചു. ഒന്നിനുപുറകെ മറ്റൊന്നായി സിനിമകള്‍. അവയില്‍ ചിലതെല്ലാം അദ്ദേഹത്തിന്റെ കാലഘട്ടം വച്ചു നോക്കുമ്പോള്‍ അതുല്യങ്ങളായിരുന്നു. ചില സിനിമകള്‍ ഹിറ്റുകളായി. ചിലതെല്ലാം എട്ടുനിലയില്‍ പൊട്ടി. ഒരു കലാകാരന്റെ തൊഴിലില്‍ ഇതൊക്കെ സംഭവിക്കും.

ഗ്രിഹദാഹയാണദ്ദെഹത്തിന്റെ ഏറ്റവും മഹത്തരമായ സിനിമ. ചിത്ര തിയറ്ററില്‍ അതിന്റെ പ്രദര്‍ശനമാരംഭിച്ച് മൂന്നാം ദിവസം കാണികള്‍ സ്ര്ക്രീന്‍ വലിച്ചു കീറിയത് ഓര്‍മ്മയിലെത്തുന്നു. അക്കാലങ്ങളില്‍ അചാലയുടെ, പട്ടണത്തില്‍ നിന്ന് ഗ്രാമത്തിലേക്കുള്ള പരിവര്‍ത്തനം കാണിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ചിത്രം അതുല്യമായിരുന്നു. സബ്ജക്ടീവ് ക്യാമറ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഉപയോഗിച്ചത് അദ്ദേഹമാണ്. ഉത്തരായണ്‍ കണ്ടാല്‍ നിങ്ങള്‍ക്കത് ശ്രദ്ധിക്കാനാകും. ഈ സിനിമകളൊന്നും പക്ഷേ ഇന്ന് ആരും ഓര്‍ക്കുന്നില്ല. എല്ലാവരും ഓര്‍ത്തിരിക്കുന്നത് മുക്തി, ദേബദാസ് തുടങ്ങിയ അദ്ദേഹത്തിന്റെ വിലകുറഞ്ഞ വൈകാരിക സിനിമകളാണ്. ചില പണ്ഡിതര്‍ അദ്ദേഹത്തെ രാജകുമാരന് പി.സി. ബറൂവ എന്നു വിളിച്ച് കളിയാക്കുന്നതും കണ്ടിട്ടുണ്ട്. അവര്‍ അദ്ദേഹത്തെ കൂടുതല്‍ അറിയണം. അടഞ്ഞ മനസ്ഥിതി നിലനിന്നിരുന്ന അക്കാലങ്ങളില്‍ അദ്ദേഹം വ്യത്യസ്തമായി ചിലതെല്ലാം ചെയ്യാന്‍ ശ്രമിച്ചു. നമ്മുടെ മുന്‍ഗാമികളെ തിരസ്കരിച്ചും അവരെ കളിയാക്കിയും നമ്മെ മഹത്വവത്കരിക്കാന്‍ നമുക്കൊരിക്കലുമാകില്ല.
ഭാഗം 6: ഡോക്യുമെന്ററി സിനിമകള്‍
ഡോക്യുമെന്ററി സിനിമകളെക്കുറിച്ചുള്ള താങ്കളുടെ ചിന്തകള്‍ പങ്കുവയ്ക്കാമോ?
പൊതുവില്‍ പറഞ്ഞാല്‍ ഡോക്യുമെന്ററി സിനിമകള്‍ രണ്ട് പ്രവണതകളെയാണ് പിന്തുടരുന്നത്. ഇതില്‍ ആദ്യത്തേത് റോബര്‍ട്ട് ഫ്ളാഹെര്തിയുടെ സിനിമകളുടെ സ്വാധീനമാണ്. പ്രത്യേകിച്ചും നാനൂക് ഓഫ് ദ നോര്‍ത്ത് എന്നതില്‍ അദ്ദേഹം എസ്കിമൊ ജീവിതം പകര്‍ത്തിയിരിക്കുന്നത്. രണ്ടാമത്തേത് ജോണ്‍ ഗ്രീര്സണാല് നയിക്കപ്പെട്ട ലണ്ടനിലെ ഫിലിം സെന്റര്‍ പ്രസ്ഥാനത്തിന്റേതാണ്. ഈ രണ്ട് വ്യക്തികള്‍ മൂലം ലോകം മുഴുക്കെ ഡോക്യുമെന്ററി സിനിമകളുടെ കരുത്തും ത്രാണിയുമെന്തെന്ന് തിരിച്ചറിഞ്ഞു. ഒരു വശത്ത് നിങ്ങള്‍ക്ക് ഫ്ളഹെര്തിയുടെ മൊവാന്, ലൂയിസിയാന്‍ സ്റ്റോറി, എലഫന്റ് ബോയ് എന്നിവ, മറുഭാഗത്ത് ബ്രിട്ടീഷ് ഫിലിം ബോര്‍ഡിന്റെ നൈറ്റ് മെയില്‍, സോങ്ങ് ഓഫ് സിലോണ്‍ എന്നിവയും. ഇവരുടെ പാത പിന്തുടര്‍ന്ന ആധുനിക കാലത്തെ മഹാന്മാരായ ഡോക്യുമെന്ററി സംവിധായകര്‍ നമ്മുടെ ബഹുമാനം അര്‍ഹിക്കുന്നു.

ഹിറ്റ്ലറുടെ കാലങ്ങളില്‍ ലെനി റീഫെന്‍സ്റ്റാള്‍ നേടിയെടുത്തതും ശ്രദ്ധേയമാണ്. താരതമ്യങ്ങളില്ലാത്തതുമാണ്. അവരുടെ രാഷ്ട്രീയം നമുക്ക് വല്ലാതെ അരോചകമായി തോന്നിയേക്കാം. എന്നാല്‍ അവരുടെ കലാപരമായ കഴിവിനെ തിരസ്കരിക്കാനാകില്ല. 1936 ല്‍ ബര്‍ലിന്‍ ഒളിമ്പിക്സ് കാലങ്ങളില്‍ ഹിറ്റ്ലര്‍ നടത്തിയ കുസൃതികളെല്ലാമുണ്ടായിട്ടും തന്റെ 36 ക്യാമറക്കാരുമൊന്നിച്ച് അവര്‍ ചെയ്ത പ്രവര്‍ത്തനം മികച്ചതു തന്നെയായിരുന്നു. ഇത്രയും സംഘടിതമായി, ഇത്രയും വലിയ അളവില്‍, ഒരു സിനിമക്കാരനും ഒരു ഡോക്യുമെന്ററി സിനിമ നിര്‍മ്മിച്ചിട്ടുണ്ട് എന്നെനിക്ക് തോന്നുന്നില്ല.
ഡോക്യുമെന്ററി സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ താങ്കള്‍ ഏതെങ്കിലും പ്രത്യേകാല്‍ നയം പിന്തുടര്ന്നിട്ടുണ്ടോ?
എന്റെ തത്ത്വം വന്നത് ഫ്ളഹെര്തിയേയും ഗ്രീര്സണിന്റേയും സ്വാധീനങ്ങളെ സംയോജിപ്പിച്ചാണ്. ബാസില്‍ റൈന്റ് സോങ്ങ് ഓഫ് സിലോണിലും നൈറ്റ് മെയിലിലും അത്ഭുതകരമായി പ്രദര്‍ശിപ്പിച്ചിട്ടുള്ള മാതൃക. റൈറ്റിനോട് എനിക്ക് ആരാധനയാണ്. ഡോക്യുമെന്ററികള്‍ ചിത്രീകരിക്കാന്‍ നിങ്ങള്‍ക്ക് ജനങ്ങളോട് കരുത്തുള്ള സ്നേഹം വേണം എന്നതു മനസിലാക്കണം. അതല്ലെങ്കില്‍ ഒന്നും നേടാനാകില്ല. നിങ്ങളിലധികവും എന്നെ ഒരു ഫിക്ഷന്‍ ഫീച്ചര്‍ സിനിമകളുടെ സംവിധായകനായാണു കാണുന്നത്. പക്ഷേ ഒന്ന് ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്ത് നോക്കൂ. എന്നിട്ട് ഞാന്‍ എന്റെ ജനങ്ങളോടുള്ള സ്നേഹം പ്രകടമാക്കുകയല്ലാതെ മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നൊന്ന് സ്വയം ചോദിക്കൂ. എന്റെ ഏതെങ്കിലും ഒരു സിനിമ ഒരു സ്റ്റുഡിയോയ്ക്കകത്ത് ചിത്രീകരിക്കപ്പെട്ടിട്ടുണ്ടോ?
എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്റെ ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ഡോക്യുമെന്ററി സിനിമകളെ വ്യത്യസ്തമായ ഒരു കലാരൂപമായി ഞാന്‍ പരിഗണിക്കുന്നില്ല. അവയെല്ലാം മാനവ ജീവിതത്തിന്റെ രേഖകളാണ്. നിങ്ങള്‍ക്ക് ജനങ്ങളോട് അതിരറ്റ സ്നേഹമുണ്ടേങ്കില്, പിന്നെ ഡോക്യുമെന്ററികള്‍, ഫീച്ചര്‍ സിനിമകള്‍ എന്നൊക്കെ വേറിട്ടു കാണാനാകില്ല. എനിക്ക് ഡോക്യുമെന്ററി സിനിമകളെക്കുറിച്ച് വളരെയധികമൊന്നും അറിയില്ല. ഞാന്‍ ചിലതെല്ലാം നിര്‍മ്മിച്ചിട്ടുണ്ട്. അത് ജീവിക്കാന്‍ വേണ്ടിയായിരുന്നു. ഡോക്യുമെന്ററി സിനിമകള്‍ക്ക് വേണ്ട ശരിയായ മനോഭാവം എന്നിലുണ്ട് എന്നു ഞാന്‍ കരുതുന്നില്ല. നിര്‍മ്മിച്ചവയെല്ലാം പരാജയങ്ങളായിരുന്നു എന്നാണു ഞാന്‍ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് ധാര്‍ഷ്ട്യമാകും.
പുരുലിയര്‍ ചാഹു ഞങ്ങള്‍ വളരെയധികം ആസ്വദിച്ച ഒരു ഡോക്യുമെന്ററിയാണ്. ജുക്തി ടക്കോ ഗപ്പൊയില്‍ അതിനു പ്രാധാന്യമുള്ള ഒരു പങ്കുണ്ടെന്ന് ഞങ്ങള്‍ ശ്രദ്ധിക്കുകയുമുണ്ടായി. ചാഹു നൃത്തരൂപത്തിനു പുറകില്‍ താങ്കള്‍ക്ക് ഇത്രയും താത്പര്യമുണ്ടാകാനുള്ള കാരണമെന്താണ്?
പുരുലിയ ജീവിതത്തിന്റെ ആഴവും ധന്യതയും പ്രകടമാക്കുന്നതാണെന്നതിനാല് ചാഹുവിനു പ്രാധാന്യമുണ്ട്. പുരുലിയ നിങ്ങള്‍ സന്ദര്‍ശിക്കണം. പശ്ചിമ ബംഗാളിലെ ഏറ്റവും ദരിദ്രമായ ജില്ലയാണത്. അവിടെയുള്ള ഗ്രാമങ്ങളിലേക്ക് പോകണം. അപ്പോള്‍ ആ ഗ്രാമീണര്‍ കലയെ എത്ര ആഴത്തില്‍ സ്നേഹിക്കുന്നു എന്നു മനസിലാകും.

അവരുമായി ഇടപഴകിയപ്പോള്‍ എനിക്കതിനോടെല്ലാം പ്രണയമായി. ഈ നൃത്തരൂപത്തെ എത്ര തിവ്രതയോടെയാണവര് ഇഷ്ടപ്പെടുന്നത്. എത്ര ശ്രദ്ധയോടെയാണവര്‍ ഈ നൃത്തത്തിനുള്ള മുഖാവരണം നിര്‍മ്മിക്കുന്നത്. എനിക്കാകെ അത്ഭുതമായി. അവരോടുള്ള സ്നേഹം എന്നെ ഉന്മത്തനാക്കി. മൂന്നു തവണ ഞാന്‍ അവിടെ ചെന്ന് ചില ജോലികള്‍ ചെയ്തിട്ടുണ്ട്. ആദ്യത്തെ ഡോക്യുമെന്ററി പശ്ചിമ ബംഗാള്‍ സര്‍ക്കാരിനു വേണ്ടിയാണു നിര്‍മ്മിച്ചത്. അതിനു ശേഷം പാരീസില്‍ നിന്ന് ഫിലിപ് പീറോട്ട് വന്നപ്പോള്‍ അദ്ദേഹത്തിനു വേണ്ടി കളറില്‍ ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചു. പിന്നെ ഈ സിനിമ. അതിനു വേണ്ടി എനിക്ക് ശരിക്കും കഠിനാദ്ധ്വാനം ചെയ്യെണ്ടി വന്നു.
സത്യമെന്തെന്നാല്‍ എന്റെ തലയ്ക്ക് മുകളില്‍ എപ്പോഴും ഒരു അമ്മച്ചിത്രത്തിന്റെ ഭാവന പതുങ്ങിയിരിപ്പുണ്ടെന്നതാണ്. ഒരിക്കല്‍ എന്റെ ഒരു സുഹൃത്തെന്നോട് ”നിങ്ങള്‍ അമ്മയെ വിഴുങ്ങിയിരിക്കുന്നു.” എന്ന് പറയുകയുണ്ടായി. അതാണു സത്യം. അമ്മ എന്നും എന്നെ ഭൂതാവിഷ്ടയാക്കുന്നു. നിങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ചാഹു സീക്വന്‍സിലെ പരിസമാപ്തിയുടെ പ്രധാന കാരണം, ലക്ഷ്യം, അമ്മവികാരമാണെന്ന് കാണാനാകും.
(തുടരും)
![]()
വിവര്‍ത്തനം : സുരേഷ് എം.ജി.







ഇൻ്റർവ്യൂ അതി ഗംഭീരം. എത്ര സത്യസന്ധമായാണ് അദ്ദേഹം ഓരോ ചോദ്യത്തിനും മറുപടി നൽകുന്നത് എന്ന് നോക്കൂ. ഒരു തരത്തിലുമുള്ള ഹിപ്പോക്രസിയോ വാനിറ്റിയോ ഇല്ലാതെ തികച്ചും ആത്മാർഥമായി കാര്യങ്ങളെ കാണുന്നു. ഇദ്ദേഹത്തിൻ്റെ സിനിമകളെയും മറ്റും ഇന്നത്തെ സാഹചര്യത്തിൽ കൊടുത്താൽ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. “ചെണ്ട” നിർവഹിക്കുന്നത് ചരിത്ര ദൗത്യം തന്നെയാണ്. അഭിനന്ദനങ്ങൾ!!!