Skip to main content

തട്ടകക്കാരനെക്കുറിച്ചൊരു തോറ്റം

കോവിലന്റെ പുസ്തകങ്ങളെയല്ലാതെ കോവിലനെ നേരിട്ട്‌ കണ്ടിട്ടുള്ളത്‌ ആകെ മൂന്നു തവണയാണ്‌. എന്റെ ഗ്രാമമായ പുതുശ്ശേരിയിൽ നിന്ന്‌ കോവിലൻ താമസിച്ചിരുന്ന പുല്ലാനിക്കുന്നിലേക്ക്‌ മൂന്നോ നാലോ കിലോമീറ്റർ ദൂരമെയുള്ളു. അത്രയും ദൂരം വർഷങ്ങളോളം എനിക്കു നടന്നെത്താനായില്ല എന്നോർക്കുമ്പോൾ ഇന്നു ഞാൻ അത്ഭുതപ്പെടുന്നു.

കോവിലനെ നേരിൽ കണ്ട സന്ദർഭങ്ങളിലൊന്ന്‌ വി.ടി അനുസ്മരണത്തിനായി കോളേജിൽ സംഘടിപ്പിച്ച പരിപാടിക്ക്‌ ക്ഷണിച്ചു കൊണ്ടുവരാൻ പോയപ്പോഴായിരുന്നു. സുഹൃത്ത്‌ ആർ. രവികുമാറാണന്ന്‌ ജനറൽ സെക്രട്ടറി. അവനാണെന്നെ ഇങ്ങനെയൊരു ദൗത്യത്തിനു നിയോഗിച്ചത്‌. വണ്ടിയൊന്നുമില്ല, കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്‌, അദ്ദേഹം നടന്നു വരും എന്നും എന്നെ അറിയിച്ചു. ഞാനും ഒരു സുഹൃത്തും കൂടി കുന്നുകയറിച്ചെന്നു. കോവിലന്റെ വീട്ടിലപ്പോൾ എന്തോ മരാമത്തു പണികൾ നടക്കുന്നു. കോളേജിൽ നിന്നാണെന്നു പറഞ്ഞപ്പോൾ വണ്ടിയുണ്ടോ എന്നായി. ഇല്ലെന്നറിയിച്ചപ്പോൾ ‘ നടക്കാനൊന്നും വയ്യ. ഞാനില്ല ‘ എന്നു മറുപടിയും. ഞങ്ങൾ തിരിച്ചുപോന്നു. ആ പരിപാടിയിൽ മാടമ്പു കുഞ്ഞുക്കുട്ടനും പങ്കെടുത്തിരുന്നു. മാടമ്പിനെ പരിചയപ്പെടാൻ അവസരമുണ്ടാക്കിത്തന്നത്‌ ആ പരിപാടിയാണ്‌.

പിന്നെയൊരിക്കൽ കുന്നംകുളത്തുവച്ചു കണ്ടു. കുന്നംകുളത്തെ അക്കാലത്തെ പ്രസിദ്ധ ഭക്ഷണശാലയാണ്‌ റീഗൽ. പഴയ റീഗൽ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഗുരുവായൂർ റോഡിലെ റീഗലിലെ കൗണ്ടറിൽ അപ്പോൾ, ഞങ്ങളുടെയെല്ലാം സുഹൃത്തും ഹോട്ടലിന്റെ ഉടമയുടെ മകനുമായ ശിവദാസ്‌ എന്ന ശിവനായിരുന്നു. ശിവൻ കൗണ്ടറിലുള്ളപ്പോൾ ഞങ്ങളിൽ പലരുമവിടെ തമ്പടിക്കും. ഒരിക്കലങ്ങനെ നിൽക്കുമ്പോൾ കോവിലനും ഐപ്‌ പാറമേലും സി.വി. ശ്രീരാമനും റീഗലിലേക്കു കയറി. അവർ വരുന്നതു കണ്ടപ്പോൾ ശിവൻ ഭവ്യനായി എഴുന്നേറ്റ്‌ നിന്നു. കൗണ്ടറിൽ ശിവനാണെന്നു കണ്ട കോവിലൻ നിന്നു. മറ്റു രണ്ടുപേരേയും പിടിച്ചു നിർത്തി. ശിവനോട്‌ ‘ശിവദാസൻ ഈ രണ്ടുപേരേയും അറിയുമോ?’ എന്നു ചോദിച്ചു.  ‘അറിയാലോ…. ഐപ്‌ വക്കീലും സഖാവും’ എന്ന്‌ ശിവനും. കോവിലൻ ചിരിച്ചു. ‘അതെ ഇത്‌ ഐപ്‌ പാറമേൽ. ഇയ്യാളുമായി സൗഹൃദമാകാം. എന്നാൽ ഇത്‌ സി.വി ശ്രീരാമൻ. കഥകളൊക്കെ കൊള്ളാം. പക്ഷേ സൗഹൃദം വേണ്ട.’ എന്നു പറഞ്ഞു. ശിവനൊന്നന്ധാളിച്ചു. ശ്രീരാമൻ ചിരിച്ചു. ആ ചിരിയിൽ മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നു. ‘മനസ്സിലായില്ലേ ഇപ്പോ’ എന്ന്‌ കോവിലൻ വീണ്ടും. ‘മനസ്സിലായി’ എന്ന്‌ ശിവനും.

അവസാനം കാണുന്നത്‌ എന്റെ പ്രിയ സുഹൃത്ത്‌, സഹോദരൻ, മനാഫിനൊപ്പമാണ്‌. മനാഫ്‌ അവധിയിൽ നാട്ടിൽ വന്നപ്പോൾ നമുക്കൊന്ന്‌ കോവിലനെ കണ്ടിട്ടുവരാം എന്നു പറഞ്ഞു. ഞങ്ങൾ കുന്നു കയറി. മനാഫ്‌ കോവിലന്റെ വീട്ടുകാരിൽ ഒരാളാണ്‌. എന്തിനും ഏതിനും സ്വാതന്ത്ര്യമുണ്ട്‌. മനാഫ്‌ അടുക്കളയിലും കോവിലന്റെ എഴുത്തു മുറിയിലും പരതി നടന്നപ്പോൾ ഞാൻ അന്ധാളിച്ച്‌ കോവിലനു മുന്നിലിരുന്നു. ഒരക്ഷരം എന്നിൽ നിന്ന്‌ പുറത്തു വന്നില്ല. കോവിലൻ സംസാരിക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. എന്നോടു ചോദിച്ചതിനു മാത്രം ഉത്തരം നൽകാൻ എനിക്കായി. ‘താനെന്താടോ ഇങ്ങനെ പേടിച്ച പോലെ ഇരിക്കണത്‌ ‘ എന്നായി കോവിലൻ. ഞാൻ കോളേജിൽ നിന്ന്‌ അന്നൊരിക്കൽ വന്ന കഥ പറഞ്ഞു. ‘അന്നെനിക്ക്‌ സത്യമായും വയ്യായിരുന്നു. ഇവടെ അന്ന്‌ പണീം തെരക്കൂമായിരുന്നല്ലോ. ഞാനും അന്നു ക്ഷീണിച്ചു. അതോണ്ടാ’ എന്നു മറുപടി. എന്നോട്‌ പലതും ചോദിച്ചറിഞ്ഞു. വായിക്കണം നല്ലോണം എന്നുപദേശിച്ചു. അതിനിടയിൽ കോവിലന്റെ എഴുത്തു മുറിയിൽ നിന്ന്‌ ഒരു ഗ്ളാസിൽ പകർന്നുവച്ച മദ്യവുമായി മനാഫെത്തി. ‘ഇതെന്താ ഇങ്ങനെ വച്ചേക്കണേ’ എന്നു ചോദിച്ചു. ‘ഇന്നലെ എഴുതാനിരുന്നപ്പോൾ ഇതിന്റെ തരിപ്പു കിട്ടിയാലൊരു സുഖമുണ്ടാകും എന്നു കരുതി ഒഴിച്ചു. പിന്നെ വേണ്ടെന്ന്‌ തോന്നി, ‘എന്നു മറുപടിയും. ഞങ്ങളന്ന്‌ നാലഞ്ചു മണിക്കൂർ അവിടെ ചെലവിട്ടു. എന്നെ എത്രയോ കാലമായി പരിചയമുള്ളതു പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റവും എന്നോടുള്ള സംസാരവും.

മാസങ്ങൾ അധികം പിന്നിടുന്നതിനു മുമ്പ്‌ ടൈപ്പും ഷോർട്ട്‌ ഹാന്റും പഠിച്ചെന്നു വരുത്തി തൊഴിൽ തേടി ഞാൻ ജയന്തിയിൽ കയറി. കാലമേറെ കഴിഞ്ഞു. 2010 ൽ ലീവിൽ നാട്ടിലെത്തിയതിന്റെ ഏതാനും ദിവസം മുമ്പായിരുന്നു കോവിലന്റെ മരണം. ഇതിനിടയിൽ മാടമ്പുമായുള്ള സൗഹൃദം വളർന്നിരുന്നു. എന്തും ചോദിക്കാനും പറയാനും തർക്കിക്കാനുമുള്ള സ്വാതന്ത്ര്യം. സൗഹൃദം.  അന്ന്‌ നാട്ടിലെത്തിയതിന്റെ പിറ്റേന്ന്‌ എനിക്കും ഭാര്യയ്ക്കും തൃശൂരിൽ പോകണം. ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി ചൂണ്ടലിലെ ബസ്‌ സ്റ്റോപ്പിലേക്ക്‌ നടന്നു. തൃശൂർ റോഡിലേക്ക്‌ കയറുന്നതിനു തൊട്ടു മുമ്പ്‌ ഒരു വെളുത്ത അംബാസിഡർ കാർ ഗുരുവായൂർ റോഡിൽനിന്ന്‌ തൃശൂർ ഭാഗത്തേക്ക്‌ ഇരച്ചു പോകുന്നത്‌ കണ്ടു. ഞങ്ങൾ റോഡിലേക്ക്‌ കയറിയതും ആ കാർ കുറച്ചു ദൂരെ നിന്നു. അതിൽ നിന്നൊരാൾ ഇറങ്ങി ഞങ്ങൾക്കരികിലേക്കോടിയെത്തി ‘സാറ്‌ വിളിക്ക്ണ്ണ്ണ്ട് ‘ എന്നു  പറഞ്ഞു. വണ്ടിയപ്പോഴേക്കും റിവേഴ്സിൽ ഞങ്ങൾക്കരികിലെത്തിയിരുന്നു. ഞാൻ വണ്ടിക്കകത്തേക്ക്‌ നോക്കി. മാടമ്പായിരുന്നു. വാതിൽ തുറന്ന്‌ എന്നോട്‌ പുറകിൽ കയറാനും ഭാര്യയെ മുന്നിൽ കയറ്റാനും ഉത്തരവായി. ഞങ്ങൾ കയറി. കാറിനകം മദ്യം മണത്തു. കാലത്ത്‌ എട്ടരയ്ക്കും ഒമ്പതിനുമിടയിലാണിത്‌. ഞാൻ മാടമ്പിനെ നോക്കി. കാലത്തു തന്നെ ഈ കോലത്തിലെവിടെ നിന്നാ എന്നു ചോദിച്ചു. മാടമ്പ്‌ ഒരു നിമിഷം നിശ്ശബ്ദനായി.
‘കോവിലന്റവിടെ ഒരു ചടങ്ങുണ്ടായിരുന്നു.’ മാടമ്പ്‌ നിർത്തി. എന്തോ പറയാനുണ്ടെന്നെനിക്ക്‌ ഉറപ്പായി. ഞാൻ കാത്തു. ഒരു നിമിഷത്തിനു ശേഷം മാടമ്പ്‌ തുടർന്നു. ‘എന്നോട്‌ അരുത്‌ എന്ന്‌ പറയാൻ ഈ ലോകത്തിൽ ആകെ രണ്ടാളേ ഉണ്ടായിട്ടുള്ളു. അവര്‌ അരുത്‌ എന്നു പറഞ്ഞത്‌ ഞാൻ ചെയ്തിട്ടില്ല. അതിലാദ്യത്തേത്‌ എന്റെ അച്ഛൻ. രണ്ടാമത്തേത്‌ കോവിലൻ. കോവിലൻ പോയി. ഇനി എന്നോട്‌ ആരെന്തു ചോദിക്കാനാടോ?’
ഞാൻ ആ കണ്ണുകളിലേക്ക്‌ നോക്കി. അതു നനഞ്ഞിട്ടുണ്ടായിരുന്നു. മാടമ്പ്‌ പെട്ടെന്ന്‌ വിഷയം മാറ്റി. സംസാരം എന്റെ ഭാര്യയോടായി. കൈപ്പറമ്പിൽ ഞങ്ങളെ ഇറക്കി വിട്ടു. സാരഥി കൊച്ചാപ്പു പ്രതിഷേധിക്കാൻ ശ്രമിച്ചു. ‘ വേണ്ടടോ, ഇയ്യാളൊറ്റയ്ക്കാണെങ്കിൽ കൊഴപ്പല്യ. ഭാര്യേം കൂട്ടി ഞാനിപ്പൊ പോണോടത്ത്യ്ക്ക്‌ പോയാ ശരിയാവില്ല്യ.’ കൊച്ചാപ്പുവിന്റെ പ്രതിഷേധം ഫലിച്ചില്ല. വണ്ടി കുറച്ചുകൂടി മുന്നിലേക്കു നീങ്ങിയതിനു ശേഷം വലതുഭാഗത്തുള്ള ഒരു കെട്ടിടത്തിലേക്ക്‌ തിരിയുന്നത്‌ ഞങ്ങൾ കണ്ടു. പിറ്റേന്ന്‌ ഞാൻ മാടമ്പിന്റെ വീട്ടിലെത്തി. ഒമ്പതുമണിയോടെ. മാടമ്പ്‌ കുളിച്ച്‌, നെറ്റിയിൽ ചന്ദനമോ ഭസ്മമോ തേച്ച്‌, ഒരു പുസ്തകവും കയ്യിൽ വച്ച്‌ പതിവു കസേരയിലുണ്ട്‌. പതിവ്‌ ‘വരാ…വരാ’ സ്വാഗതമുണ്ടായി.


പ്രാരംഭ കുശലങ്ങളിലേക്ക്‌ ശേഷം ഞാൻ കോവിലനിലേക്ക്‌ കടന്നു. മാടമ്പ്‌ നിശ്ശബ്ദനായി. ‘പോയീടോ… എന്താ പറയാ…. ഇന്നലെ അവടെ ഒരു പരിപാടിണ്ടായിരുന്നു. ഞാനൊന്ന്‌ മുഖം കാണിച്ച്‌ വരുമ്പഴാ തന്നേം ഭാര്യേം കണ്ടേ.’
അരമണിക്കൂറോളം ഞങ്ങൾ ഇരുവരും അങ്ങനെ ഒന്നും പറയാതെയിരുന്നു. ഞാനിറങ്ങി. ഇറങ്ങുന്നു എന്നു പറഞ്ഞപ്പോൾ, ‘പോണേന്റെ മുമ്പ്‌ വരാ’, എന്നു പറഞ്ഞു. തലയാട്ടി. പതിവു യാത്രപറച്ചിലിൽ കാണാറുള്ള ‘എന്നാ റൈറ്റ്‌…ഇനിയെപ്പഴാ….’ എന്ന ചിരിയുണ്ടായില്ല.
പടി കടന്ന്‌ റോഡിലെത്തി, തിരിഞ്ഞു നോക്കിയപ്പോഴും മുഖം കുനിച്ച്‌ മാടമ്പ്‌ അതേ ഇരിപ്പിരിക്കുന്നുണ്ടായിരുന്നു. എന്റെ മനസ്സിലപ്പോൾ മാടമ്പായിരുന്നില്ല. കോവിലനായിരുന്നു…ഞാനിന്ന്‌ തോറ്റങ്ങൾ വായിച്ചു, ഒരിക്കൽ കൂടി.

One Reply to “തട്ടകക്കാരനെക്കുറിച്ചൊരു തോറ്റം”

Your Email address will not be published.