
സാന്‍ ലൂയിസ്, സാന്‍ ഹുവാന്‍ എന്നീ നഗരങ്ങള്‍ക്ക് മദ്ധ്യേ വിശാലമായ മരുഭൂമിയാണ്. അവിടെ ജലം എന്നത് തീരെ ലഭ്യമല്ലാത്തതിനാല്‍ ആ പ്രദേശത്തെ ട്രാവെസ്റ്റ* എന്നു വിളിക്കുന്നു. (* ട്രാവെസ്റ്റ എന്നാല്‍ രണ്ടു സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം എന്നാണര്‍ത്ഥം. പത്തൊമ്പതാം നൂറ്റാണ്ടിലെ അര്‍ജന്റീനയില്‍, വല്ലാതെ ജലദൗര്‍ലഭ്യമുള്ളയിടങ്ങള്‍ക്കും സസ്യലതാതികളൊട്ടുമില്ലാത്ത ഇടങ്ങള്‍ക്കും ഈ പേരു നല്‍കാനാരംഭിച്ചിരുന്നു.) പൊതുവില്‍ ഏകാന്തത മാത്രമുള്ള ഈ പ്രദേശങ്ങള്‍ വിഷണ്ണവും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട പ്രതീതി നല്‍കുന്നതുമാണ്. കിഴക്കു നിന്നു വരുന്ന ഒരു യാത്രിയും നാട്ടിന്‍ പുറത്തെ അവസാനത്തെ ജലസംഭരണി അഥവാ നീര്‍ത്തടത്തില്‍ നിന്നവരുടെ ചീഫ്‌ലെസുകളില്‍* (*കാലിക്കൊമ്പുകൊണ്ടുണ്ടാക്കുന്ന, വെള്ളം കൊണ്ടു നടക്കാനുള്ള കുപ്പി എന്നേകദേശം പറയാം. കാലിക്കൊമ്പിനു മരം കൊണ്ടൊരു അടിഭാഗമിട്ടിരിക്കും. കൊമ്പിന്റെ വീതിയേറിയ ഭാഗം ഈ മരപ്പലകയില്‍ ഘടിപ്പിക്കും. മറുഭാഗത്തൊരു ദ്വാരവും അതിനൊരു അടപ്പുമുണ്ടാകും) മതിയായ അളവില്‍ വെള്ളം നിറക്കാതെ യാത്ര തുടരാറില്ല. ഈ ട്രാവെസ്റ്റയില്‍ ഒരിക്കല്‍ വിചിത്രമായ ഒരു സംഭവമുണ്ടായി. അതാണിവിടെ വിവരിക്കുന്നത്. നമ്മുടെ ഗൗചോകള്‍ക്കിടയില്‍* (*കാലിവളര്‍ത്തലുകാര്‍) സാധാരമായി സംഭവിക്കുന്ന കത്തിയുപയോഗിച്ചുള്ള അങ്കത്തിനു ശേഷം അവരില്‍ ഒരാള്‍ക്ക് സാന്‍ ലൂയിസ് നഗരം ഉപേക്ഷിക്കേണ്ടി വന്നു. അയാള്‍ കാല്‍നടയായി ട്രാവെസ്റ്റയിലേക്കു നീങ്ങി. ചുമലില്‍ തന്റെ ജീനിയും പര്യാണവുമുണ്ടായിരുന്നു. നിയമത്തിന്റെ കണ്ണില്‍ നിന്നു രക്ഷപ്പെടാനുള്ള പാലായനമായിരുന്നു അത്. രണ്ടു കൂട്ടുകാര്‍, അവര്‍ക്കെത്ര പെട്ടന്ന് മൂന്നു പേര്‍ക്കാവശ്യമുള്ള കുതിരകളെ മോഷ്ടിക്കാനാകുമോ, അത്രയും വേഗത്തില്‍ അയാള്‍ക്കരികിലെത്താം എന്നു വാഗ്ദാനം ചെയ്തിരുന്നു.

അക്കാലത്ത് മരുഭൂമിയില്‍ അയാളെ കാത്തിരുന്ന അപകടങ്ങള്‍ വിശപ്പും ദാഹവും മാത്രമല്ലായിരുന്നു. അതുവഴി പോകുന്ന യാത്രികളുടെ കാല്പാദങ്ങള്‍ പിന്തുടരുന്ന, നല്ല രീതിയില്‍ തടിച്ചു കൊഴുത്ത, കോപാകുലനായ ഒരു അമേരിക്കന്‍ കടുവയുമുണ്ടായിരുന്നു. അതിന്റെ മനുഷ്യമാംസത്തിനോടുള്ള ആര്‍ത്തി എട്ടോളമാളുകളുടെ ജീവനെടുത്തിട്ടുണ്ടായിരുന്നു. പ്രകൃതിയില്‍ മനുഷ്യനും മൃഗവും തമ്മില്‍ പോരാട്ടത്തിലാകുന്ന പ്രദേശങ്ങളില്‍ പലപ്പോഴും മനുഷ്യന്‍ മൃഗത്തിന്റെ നഖങ്ങള്‍ക്കിരയാകുന്നത് സാധാരണമായി സംഭവിക്കുന്ന ഒന്നാണ്. അങ്ങനെ ഒരിക്കല്‍ സംഭവിച്ചാല്‍ പിന്നെ ആ കടുവയ്ക്ക് മനുഷ്യ മാംസത്തിനോട് ഒരു താത്പര്യക്കൂടുതലുണ്ടാകും. ഇത്തരത്തിനുള്ള നായാട്ടുകളുമായി പരിചയത്തിലായാല്‍ പിന്നെ അവനെ `തടിച്ച` അല്ലെങ്കില്‍ `തീപിടിച്ച വികാരങ്ങളുള്ള` കടുവ എന്നൊക്കെ വിളിക്കാന്‍ തുടങ്ങും. ഈ വിനാശങ്ങള്‍ നടക്കുന്നതിനരികിലുള്ള പ്രദേശങ്ങളിലെ ന്യായാധിപന്‍ അതിനെ പിടികൂടാനായി ഒരു സംഘത്തെ തയ്യാറാക്കി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അവര്‍ ഈ കടുവയെ തിരഞ്ഞിറങ്ങുകയും ചെയ്തു. നിയമലംഘകനെന്നു പ്രഖ്യാപിക്കപ്പെട്ട ഒരു മൃഗം അതിനു വിധിക്കപ്പെട്ട ശിക്ഷയില്‍ നിന്നു സാധാരണ നിലയില്‍ രക്ഷപ്പെടാറില്ല.
നമ്മള്‍ നേരത്തെ പരാമര്‍ശിച്ച ഒളിച്ചോട്ടക്കാരന്‍ ആറു ലീഗ് ദൂരമെത്തിയപ്പോള്‍ ദൂരെ നിന്നൊരു കടുവയുടെ ഗര്‍ജ്ജനം കേട്ടുവോ എന്നയാള്‍ക്ക് സംശയം തോന്നി. ആ സംശയം അയാളുടെ മാംസപേശികളെ കമ്പനം കൊള്ളിച്ചു. കടുവയുടെ ഗര്‍ജ്ജനം എന്നത് ഒരു പന്നിയുടെ മുരള്‍ച്ചയ്ക്ക് സമാനമാണെങ്കിലും അതിലും കൂര്‍ത്തതും ദൈര്‍ഘ്യമേറിയതും കര്‍ണ്ണകഠോരവുമാണ്. ഭയക്കേണ്ട കാരണമൊന്നുമില്ലാത്ത അവസ്ഥയിലാണെങ്കില്‍ പോലും ആ സ്വരം നമ്മുടെ ഞരമ്പുകളെ ഒന്നിളക്കും. മരണത്തിന്റെ പ്രഖ്യാപനം കേട്ടതുപോലെ മാംസമെല്ലാം കമ്പനം ചെയ്തു തുടങ്ങും.
ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ആ ഗര്‍ജ്ജനം കൂടുതല്‍ അരികില്‍ നിന്നായി. കൂടുതല്‍ വ്യക്തമായി. കടുവ തന്നെ പിന്തുടരുന്നു എന്നയാള്‍ക്ക് ഉറപ്പായി. അയാള്‍ക്ക് മുന്നില്‍ അങ്ങു ദൂരെയൊരിടത്തൊരു ചെറുവൃക്ഷമല്ലാതെ മറ്റൊന്നും കാണുന്നില്ല. അവിടേക്കെത്രയും പെട്ടെന്നെത്തണം. ഓടണം. തനിക്കു പുറകില്‍ ഗര്‍ജ്ജനങ്ങളുടെ എണ്ണം കൂടിവരുന്നു. ഓരോ ഗര്‍ജ്ജനവും കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നു. അതിന്റെ കമ്പനം ഒരു തുടര്‍ച്ചയായി അന്തരീക്ഷത്തില്‍ നിന്നു വിട്ടുപോകാതിരിക്കുന്നു.
അവസാനം തന്റെ കൈവശമുണ്ടായിരുന്ന പര്യാണവും ജീനിയുമെല്ലാം വലിച്ചെറിഞ്ഞ് അയാള്‍ മുന്നില്‍ കണ്ട വൃക്ഷത്തെ ലക്ഷ്യമിട്ടോടി. ആ മരത്തിന്റെ തായ്ത്തടിക്കു തീരെ ഘനമില്ലായിരുന്നു എങ്കിലും നല്ല ഉയരമുള്ളതായിരുന്നു. അതിന്റെ മുകളിലേക്കയാള്‍ക്ക് കയറാനായി. അയാള്‍ മുകളിലെത്തിയപ്പോള്‍ വൃക്ഷം ചാഞ്ചാടി. വൃക്ഷശിഖരങ്ങളാല്‍ പാതി മറഞ്ഞ് അയാളിരുന്നു. അവിടെയിരുന്നാല്‍ താനോടിവന്ന വഴികാണാം. അതുവഴി കടുവ തിരക്കിട്ടു വരുന്നതയാള്‍ കണ്ടു. മണ്ണെല്ലാം മണപ്പിച്ചും ഗര്‍ജ്ജിച്ചുമാണതു വരുന്നത്. തന്റെ ഇര അരികിലുണ്ടെന്ന് ആ കടുവ ആറിഞ്ഞിരിക്കുന്നു. നമ്മുടെ ആട്ടിടയന്‍ പര്യാണമൊക്കെ വലിച്ചെറിഞ്ഞിടത്ത് കടുവയെത്തി. അതിനപ്പുറം എന്തു സംഭവിച്ചു എന്നറിയാത്തതുപോലെ അതവിടെ നിന്നു. പര്യാണവും ജീനിയും അവിടെ കിടക്കുന്നതു കണ്ട് കോപിച്ചു. കടുവ അതില്‍ തന്റെ മുന്‍ കാലുകള്‍ കൊണ്ടതില്‍ ആഞ്ഞടിച്ചു. അതെല്ലാം പലതുണ്ടുകളാക്കി. അന്തരീക്ഷത്തിലേക്ക് വലിച്ചെറിഞ്ഞു. അതെല്ലാം കീറിപ്പോയതതിനെ കൂടുതല്‍ നിരാശനാക്കി എന്നു തോന്നി. ആ നിരാശ പിന്നെയും കോപമായി. ആ വന്യജീവി വീണ്ടും തിരച്ചിലാരംഭിച്ചു. അവസാനം ഇര ഓടിരക്ഷപ്പെട്ട മാര്‍ഗ്ഗത്തിലേക്കു തന്നെ തിരിച്ചു. തന്റെ ഇര നല്ല ഉയരമുള്ള ഒരു വൃക്ഷത്തില്‍ കയറിയിരിക്കുന്നതു കണ്ടു. ഒരു പുല്‍നാമ്പിനു മുകളില്‍ വന്നിരുന്ന കുരുവിയെപ്പോലെയാണപ്പോള്‍ അയാള്‍ അവിടെയിരുന്നത്. ആടിക്കളിച്ച്, സമതുലിതാവസ്ഥ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടി.
അതു കണ്ടതും കടുവയുടെ ഗര്‍ജ്ജനസ്വരം വര്‍ദ്ധിച്ചു. അതൊന്ന് കുനിഞ്ഞു. കണ്ണൊന്നടച്ചു തുറക്കുന്നതിനു മുമ്പേ അതിന്റെ വലിയ മുന്‍ കാലുകള്‍ ആ മരത്തിലമര്‍ന്നു. മെലിഞ്ഞ ആ വൃക്ഷത്തില്‍ മണ്ണില്‍ നിന്ന് രണ്ടു വാര ഉയരത്തില്‍ അതു കാലുവച്ചു നിന്നു. മരം ഇളകിയാടാന്‍ തുടങ്ങി. നമ്മുടെ ആട്ടിടയന്റെ എല്ലാ ഞരമ്പുകളേയും അതു സാരമായി ബാധിച്ചു. വന്യമൃഗം ഒന്നുയര്‍ന്ന് ചാടാനൊരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അത് വൃക്ഷത്തിനു ചുറ്റിലും നടന്നു. കണ്ണുകൊണ്ട് അതിന്റെ ഉയരമളന്നു. രക്തത്തിനോടുള്ള ദാഹം ആ കണ്ണുകളെ ചുവപ്പിച്ചിട്ടുണ്ടായിരുന്നു. അതിനു കോപമടക്കാനാകുന്നുണ്ടായിരുന്നില്ല. ഗര്‍ജ്ജിച്ച് അത് നിലത്തു കിടന്നു. വാലിളക്കിയും, കണ്ണ് ഇരയില്‍ ഉറപ്പിച്ചും, വായ് തുറന്ന് പിടിച്ചും കിടന്നു. ഈ രംഗം അങ്ങനെ ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടു. ആട്ടിടയന്‍ വലിയ പിരിമുറുക്കത്തിലായി. രക്തദാഹിയായ, അവിടെ നിന്നു ചലിക്കാന്‍ വിസ്സമ്മതിച്ച കടുവയുടെ ഭയപ്പെടുത്തുന്ന ആകര്‍ഷണം അയാളുടെ ഭയം ഓരോ നിമിഷത്തിലും വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. ഇരയോടുള്ള ആകര്‍ഷണം മൂലം കടുവയ്ക്ക് അതില്‍നിന്നു കണ്ണെടുക്കാനാകുന്നില്ലായിരുന്നു. ആ കണ്ണുകള്‍ ആട്ടിടയന്റെ കരുത്തു ചോര്‍ത്തിക്കൊണ്ടിരുന്നു. തന്റെ ശരീരം പാടെ ക്ഷീണിതമാകുന്ന ഒരു നിമിഷം അടുത്തുണ്ടെന്ന് അയാള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ആ നിമിഷത്തില്‍ താന്‍ കടുവയുടെ തുറന്ന വായിലേക്ക് വീഴും എന്നയാള്‍ കരുതിത്തുടങ്ങി. പെട്ടെന്ന് ദൂരെ നിന്ന് കുതിരക്കുളമ്പടി കേട്ടു. അത് തനിക്ക് മോക്ഷമാര്‍ഗ്ഗമാകും എന്നൊരു പ്രതീക്ഷ അയാളിലുണ്ടായി.
അയാളുടെ സുഹൃത്തുക്കള്‍ കടുവയുടെ കാലടി കണ്ടിരുന്നു. നമ്മുടെ ആട്ടിടയനെ രക്ഷിക്കാനാകും എന്ന പ്രതീക്ഷയൊന്നും അതിനാല്‍ ആ കൂട്ടുകാരിലുണ്ടായിരുന്നില്ല. കീറിപ്പറിഞ്ഞു കിടന്ന ജീനിയും പര്യാണവും അവര്‍ക്ക് അയാളെവിടെയാണെന്നതിന്റെ ഏകദേശ ധാരണ നല്‍കി. അവര്‍ അവിടേക്ക് പറന്നെത്തി. അവരുടെ കൈവശം ഊരാക്കുടുക്കിട്ട കയറുണ്ടായിരുന്നു. അവര്‍ ലാസൊ എന്നുവിളിക്കുന്ന ഊരാക്കുടുക്കിട്ട കയര്‍. അവരത് കടുവയിലേക്കെറിഞ്ഞു. കടുവ അപ്പോഴും കോപിഷ്ടനായിരുന്നു. എന്നിരുന്നാലും ആ ലാസൊ പ്രവര്‍ത്തിച്ചു. വന്യമൃഗം രണ്ടു കയറുകള്‍ക്കിടയില്‍ വലിഞ്ഞു നീണ്ടു. തുടര്‍ന്ന് തുടര്‍ച്ചയായി വന്ന കത്തിമുനകളില്‍ നിന്നതിനു രകഷപ്പെടാനായില്ല. താനനുഭവിച്ച തീവ്രവേദനയോടുള്ള പ്രതികാരമെന്ന നിലയില്‍ അതിന്റെ ഇരയാകേണ്ടിയിരുന്നവനാണാ കത്തി കടുവയില്‍ കുത്തിക്കയറ്റിയത്.
”ഭയം എന്നാല്‍ എന്താണെന്ന് അപ്പോഴാണു ഞാന്‍ കണ്ടെത്തിയത്” തന്റെ സംഘത്തിനോട് ഈ കഥ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ജനറല്‍ ഹുവാന്‍ ഫ്രാങ്ക്‌സുന്‍ഡൊ ക്വിറോഗ പറയാറുണ്ട്.
********

ഡൊമിന്‍ഗൊ ഫൗസ്റ്റിനൊ സര്‍മീന്റൊ
അര്‍ജന്റീന (1811-188)
(1868 മുതല്‍ 1874 വരെ അര്‍ജന്റീനയുടെ രാഷ്ട്രപതിയായിരുന്ന ഡൊമിന്‍ഗൊ ഫൗസ്റ്റീനൊ സര്‍മീന്റൊ അര്‍ജന്റീനയുടെ രാഷ്ട്രീയത്തിലെന്നപോലെ ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. പത്രപ്രവര്‍ത്തനം, ആത്മകഥ, രാഷ്ട്രീയ തത്വശാത്രം, ചരിത്രം എന്നീ മേഖലകളിലൊക്കെ അദ്ദേഹത്തിന്റെ എഴുത്തു സാന്നിദ്ധ്യമുണ്ട്. രാഷ്ട്രപതിയാകുന്നതിനു മുമ്പ് മന്ത്രിയെന്ന നിലയില്‍ പല വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. വിദ്യഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ചിന്തയോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പ്രശംസനാര്‍ഹമായി തുടരുന്നു. അദ്ദേഹത്തിന്റെ ചരമദിനമായ സപ്തംബര്‍ 11, ദക്ഷിണ മദ്ധ്യ അമേരിക്കയിലെ ചില രാജ്യങ്ങള്‍, അദ്ദേഹത്തിനോടുള്ള ആദരസൂചകമായി, അദ്ധ്യാപക ദിനമെന്ന നിലയില്‍ ആചരിക്കുന്നു)

വിവ : സുരേഷ് എം.ജി







വായന പുരോഗമിക്കുന്നതിനോപ്പം ഭയവും കൂടി വരുന്ന വായാനാനുഭവം…. ഹൃദ്യം