ആറുമാസത്തെ കഠിനാധ്വാനമായിരുന്നു രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയിലെ കൃത്രിമത്വം പഠിക്കാനും കണ്ടെത്താനും അവതരിപ്പിക്കാനും വേണ്ടിവന്ന സമയം. സാധാരണഗതിയില്‍, ജനാധിപത്യത്തിന്റെ കാവല്‍ നായ്ക്കള്‍ എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുക. കാവല്‍ നായകളില്‍ നിന്നും വാലാട്ടി നായകളായി മാറുന്ന ഒരു പരിണാമമാണ് മാധ്യമങ്ങള്‍ സംഭവിച്ചിരിക്കുന്നത്. പാപ്പരാസി പണി നിര്‍ത്തി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലേക്ക് മാധ്യമങ്ങള്‍ മടങ്ങണം. കിഞ്ചന വര്‍ത്തമാനങ്ങളും അപഹാസ്യം ആയിട്ടുള്ള പെരുമാറ്റങ്ങളും മാത്രമായി ദൃശ്യമാധ്യമങ്ങളില്‍ ജേണലിസം തിരോഭവിച്ചിരിക്കുന്നു.
എല്ലാ മാധ്യമങ്ങള്‍ ഇങ്ങനെയാണെന്ന് പറയുന്നില്ല. റേറ്റിംഗിന്റെ പിടിവലിയില്ലാത്ത, ഈഗോയും അമിതാവിഷ്കാരവും എന്നാല്‍ അധികാരത്തിന്റെ തത്തമ്മ മാധ്യമങ്ങളുമല്ലാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അവര്‍ക്ക് കയ്യില്‍ പണമില്ല. കൂടുതല്‍ അന്വേഷിക്കാന്‍.
ദി വയര്‍, ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്ട്രി. അച്ചടിയില്‍ ആണെങ്കില്‍ കാരവന്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം എല്ലാ പരിമിതികള്‍ക്കകത്തും അവര്‍ നടത്തുന്നുണ്ട്. ദീപാങ്കര്‍ ഭട്ടാചാര്യ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലിബ്രേഷന്‍ സെക്രട്ടറി, ഉന്നയിക്കുന്നത് ബീഹാറിലെ വ്യാപകമായ സമ്മതിദാനനിഷേധമാണ്. Mass Disenfranchisement.

ഇതൊക്കെ റിപ്പോര്‍ട്ട് ചെയ്യേണ്ടതും അന്വേഷിക്കേണ്ടതും മാധ്യമങ്ങളുടെ പണിയാണ്. അതിനാണ് നിങ്ങള്‍ നിലനില്‍ക്കുന്നത്. വളിപ്പടിക്കാനും പിച്ചാനും തോണ്ടാനും മുതലാളിക്ക് കുഴലൂതാനും തൊള്ളയില്‍ തോന്നിയത് അലറാനുമല്ല. വസ്തുതകള്‍ തേടിയുള്ള ജാഗ്രതയോടുള്ള പ്രവര്‍ത്തനമാണ്. പത്രപ്രവര്ത്തനായണം. ഇത് പറയുമ്പോള്‍ ഈഗോ കനപ്പിച്ച് എന്നോട് വെറുപ്പ് തോന്നുന്നത് കാണാം. ഇത് കേള്‍ക്കുമ്പോള്‍ സ്റ്റുഡിയോ സിംഹങ്ങളുടെ ഈഗോ ഇങ്ങനെ bloat ചെയ്തുവരുന്നത് visualise ചെയ്യാവുന്നതാണ്.
മാധ്യമങ്ങളുടെ ജാഗ്രത ഒരു പഴങ്കഥയായിരിക്കുന്നു. ജനാധിപത്യത്തിന്റെ വിശ്വാസം നഷ്ടപ്പെടുന്നതോടു കൂടി നിങ്ങളുടെ വിശ്വാസ്യതയും നഷ്ടപ്പെടുന്നു, മാധ്യമങ്ങളെ. മാധ്യമങ്ങളുടെ അരാഷ്ട്രീയവല്‍ക്കരണമാണ് വലതുപക്ഷവല്‍ക്കരണം. റേറ്റിംഗ് മത്സരം ഈ അരാഷ്ട്രീയവല്‍ക്കരണത്തിന്റെ ഒരു പരിച്ഛേദമാണ്. എന്തായാലും മാധ്യമങ്ങളുടെ ദുര്‍മരണം വളരെ വൈകാതെ റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും. നിങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ പോലും ആരും ഉണ്ടാവില്ല. കാരണം ജനാധിപത്യം തെമ്മാടിക്കുഴിയില്‍ അപ്പോഴേക്കും അടക്കം ചെയ്തു കഴിഞ്ഞിട്ടുണ്ടാവും.




No Comments yet!