Skip to main content

വീരവണക്കം തോഴരേ…

 

ഓര്‍മ്മകള്‍ നഷ്ടപ്പെടുന്ന പിന്‍തലമുറയെ ഓര്‍ത്ത് വിലപിക്കുന്ന ചെമ്പകം ഖസാക്കിന്റെ താഴ്വരയില്‍ നിന്ന് പിന്നെയും പടരുന്ന വര്‍ത്തമാനത്തിലാണ് നാം ജീവിക്കുന്നത്. മറവിയുടെ മടിയില്‍ തലചായ്ച്ചു മയങ്ങുമ്പോഴല്ല, ഇരമ്പുന്ന ഓര്‍മ്മകള്‍ക്കിടയില്‍വച്ച് ഉണരുമ്പോഴാണ് മനുഷ്യജന്മം മഹത്താവുന്നതെന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികരെക്കുറിച്ചുള്ള പുസ്തകത്തില്‍ കെ.ഇ.എന്‍ എഴുതുന്നുണ്ട്.
ചരിത്രത്തിലെ നീതികേടുകളോട് സ്വജീവിതം തന്നെ തീപ്പന്തമാക്കിയാണ് സഖാവ് ആര്‍.നല്ലകണ്ണ് വിടവാങ്ങിയത്. ആ ജീവിതത്തോട് തമിഴ് ജനത കാണിച്ച ആദരവ്, ഓര്‍മ്മകളെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്കെതിരായ ആഖ്യാനങ്ങള്‍ തന്നെയാകുന്നുണ്ട്.

മറവികള്‍ക്കെതിരെ ഓര്‍മ്മകളുടെ കലാപമാണ് രാഷട്രീയമെന്നും അതാണ് ചരിത്രത്തെ നിര്‍മ്മിക്കുന്നതെന്നുമുള്ള കുന്ദേരയുടെ വാചകങ്ങളെ അന്വര്‍ഥമാക്കണമെങ്കില്‍ നല്ലകണ്ണിന്റെ അനുഭവങ്ങളെ സ്വാംശീകരിക്കേണ്ടിവരും.
ഒരുകാലത്തും അധികാരത്തിന്റെ ഭാഗമായിരുന്നിട്ടില്ലാത്ത നല്ലകണ്ണിനോട് തമിഴ്‌നാട് മുഖ്യമന്ത്രിയും രജനീകാന്ത്, കമലഹാസന്‍, സൂര്യ, പാ രഞ്ചിത്ത്, സേതുപതി, ജീവ തുടങ്ങിയ പ്രഗല്‍ഭ നടന്‍മാരടക്കമുള്ളവര്‍ ആദരവിന്റെ ചെമ്പനീര്‍പ്പൂക്കളര്‍പ്പിക്കുന്നതുകണ്ടപ്പോള്‍, ആ അന്ത്യനിമിഷത്തിലെങ്കിലും തമിഴ്‌നാട്ടില്‍ പോകണമെന്നു തോന്നിപ്പോയി. അത്രയേറെ ആഴത്തില്‍ ഒരു മനുഷ്യന്‍ ആ നാട്ടില്‍ വേരുകളാഴ്ത്തിയിരിക്കുന്നുവെന്നത് അത്ഭുതകരമായിത്തോന്നി. മാര്‍ക്‌സിസത്തിന്റെ ജൈവികതയെങ്ങനെയാണ് ജനങ്ങളിലാവേശിക്കുന്നതെന്ന് നല്ലകണ്ണിന്റെ വേര്‍പാടിനുശേഷം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ആ മൃതദേഹത്തിന് മുമ്പില്‍ നിന്ന് ഉറക്കെ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചാണ് അന്ത്യോപചാരം അര്‍പ്പിച്ചത്. ഒരുപക്ഷേ മറ്റൊരു കമ്യൂണിസ്റ്റ് നേതാവിനും ലഭിക്കാത്ത മറ്റൊരു മുഖ്യമന്ത്രിയും ചെയ്യാനിടയില്ലാത്തകാര്യം. കേരളത്തിലോ മറ്റെവിടെയെങ്കിലോ ഇത്തരത്തില്‍ നടന്‍മാര്‍വന്ന് ആദരവര്‍പ്പിക്കാന്‍ സാധ്യതയില്ല. കൗമാരത്തില്‍ ബസ് കണ്ടക്ടറായി ജോലിചെയ്യവെ കണ്ടോ അനുഭവിച്ചോ അറിഞ്ഞതുമായ എന്തെങ്കിലും രജനികാന്തിന്റെ ഓര്‍മ്മകളുടെ അകക്കണ്ണുകളില്‍ എവിടെയെങ്കിലും നല്ലകണ്ണ് കുടിപാര്‍ത്തിരിക്കാം.
”ഒരു കണ്ണില്‍ ശരിയായ കാഴ്ചശക്തിയില്ലെങ്കിലും, ഉള്ളില്‍ മറ്റൊരു കണ്ണുണ്ട്. അതാണ് നല്ലകണ്ണ്,’ മഹാനായ നേതാവും തമിഴ് പണ്ഡിതനുമായ കലൈഞ്ജര്‍ കണ്ണ് എന്ന് വാഴ്ത്തിയ സഖാവ് നല്ലകണ്ണു അയ്യയുടെ വിയോഗ വാര്‍ത്ത നമുക്കെല്ലാവര്‍ക്കും വലിയ ദുഃഖമുണ്ടാക്കി.” സ്റ്റാലിന്‍ തന്റെ അനുശോചനക്കുറിപ്പില്‍ പറയുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗം കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവ്, ഏഴുവര്‍ഷം ബ്രിട്ടീഷ് തടവറയില്‍ കഴിഞ്ഞ ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റ്. ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ സാംശീകരിച്ച ഗാന്ധിയന്‍ ജീവിതശൈലി മരണംവരെ തുടര്‍ന്ന മഹാമനീഷി. ആത്യന്തം സംശുദ്ധമായ പൊതുജീവിതം.

അധികാര രാഷ്ട്രീയത്തില്‍നിന്ന് എക്കാലവും മാറിനടന്ന നല്ലകണ്ണ് സ്വാതന്ത്ര്യ സമര പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ ഒരു സഹായവും സ്വീകരിച്ചിരുന്നില്ല. ഭൂജന്മിയുടെ മകനായിരുന്നിട്ട് പോലും മരണം വരെ വാടകവീട്ടിലായിരുന്നു താമസം. കരുണാനിധി മുഖ്യമന്ത്രിയായിരിക്കേ വാഗ്ദാനം ചെയ്യപ്പെട്ട ഫ്‌ലാറ്റ് സ്വീകരിക്കാന്‍ വാടക വാങ്ങണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചത്. എണ്‍പതാം പിറന്നാള്‍ വേളയില്‍ സിപിഐ നേതൃത്വം വാഗ്ദാനം ചെയ്ത കാറും ഒരുകോടി രൂപയും സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. അധികാരികള്‍ ഫ്‌ളാറ്റില്‍നിന്ന് ഇറക്കിവിട്ടതറഞ്ഞ സ്റ്റാലിന്‍, നല്ലകണ്ണിന്റെ വീട്ടിലെത്തി മാപ്പുപറഞ്ഞ കാര്യവും എവിടെയോ വായിച്ചിട്ടുണ്ട്. അധ്യാപികയായ ഭാര്യക്കുലഭിച്ചിരുന്ന വേതനംകൊണ്ട് മാത്രമാണ് ജീവിതം മുന്നോട്ടുപോയത്.
തമിഴ്നാട് സര്‍ക്കാര്‍ 2022ല്‍ നല്‍കിയ പത്തുലക്ഷം രൂപയുടെ തഗൈസല്‍ പുരസ്‌ക്കാരത്തിന്റെകൂടെ തന്റെ വകയായി 5000 രൂപകൂടി ചേര്‍ത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.

R Nallakannu: Embodiment of probity in public life

2007-ല്‍ അംബേദ്കര്‍ പുരസ്‌കാരം നല്‍കി ആദരിച്ചപ്പോള്‍ ലഭിച്ച ഒരു ലക്ഷം രൂപ പാര്‍ട്ടിഫണ്ടിലേക്ക് നല്‍കുകയായിരുന്നു. സാമൂഹ്യാസമത്വങ്ങള്‍ക്കും പരിസ്ഥിതിക്കും ജാതിവിവേചനങ്ങള്‍ക്കുമെതിരായ നിരന്തരപോരാട്ടമായി തന്റെ ജീവിതത്തെ മാറ്റിത്തീര്‍ക്കുകയായിരുന്നു നല്ലകണ്ണ്. തമിഴ്‌നാട്ടില്‍ നടന്ന കര്‍ഷക സമരങ്ങളുടെ നായകനായാണ് നല്ലകണ്ണ് വിശേഷിപ്പിക്കുന്നത്. പന്ത്രണ്ടാം വയസ്സില്‍ കോണ്‍ഗ്രസിലൂടെ ആരംഭിച്ച പ്രവര്‍ത്തനം പതിനഞ്ചാമത്തെ വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിക്കുകയും പത്തുവര്‍ഷത്തിനകം തമിഴ്‌നാട്ടിലെ മികച്ച കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായി ആര്‍.എന്‍.കെ എന്ന അപരനാമത്തിലും അറിയപ്പെട്ട നല്ലകണ്ണ് വളര്‍ന്നു. മാര്‍ക്‌സ് ലെനിന്‍ പെരിയാര്‍ അംബേദ്കര്‍ ഭഗത് സിംഗ് രാജഗുരു സുഖദേവ് എന്നിവരുടെ ചിത്രങ്ങളും ശില്പങ്ങളും പുസ്തകങ്ങളും മൂന്നാം തവണ തുടര്‍ച്ചയായി സംഭാഷണത്തില്‍ ഏര്‍പ്പെട്ട ഈ മനുഷ്യന്റെ ഭൗതിക വികാസവും ചരിത്രവും ഒറ്റനോട്ടത്തില്‍ വിലയിരുത്താന്‍ മതിയാകുമെന്ന്, ഏറ്റവും പ്രചോദനം നല്‍കിയ കവി ഭാരതീയാരുടെ അനേകം കൃതികള്‍ ഹൃദിസ്ഥമായിരുന്ന നല്ലകണ്ണിനെക്കുറിച്ച് ലേഖനമെഴുതിയ പി. സായിനാഥ് പറയുന്നുണ്ട്. ഹിന്ദുവിലെ എന്‍.റാമിനെ കണ്ടശേഷം പുറത്തിറങ്ങിയ ബിനോയ് വിശ്വത്തോട്, ഇനി എവിടേക്കാണെന്ന ചോദ്യത്തിന് നല്ലകണ്ണിനെ കാണണമെന്നറിയിച്ചപ്പോള്‍ ഞാനും വരുന്നുവെന്ന് എസ്.എഫ്.ഐയുടെ പ്രഥമ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കൂടിയായ എന്‍.റാം കൂടി കൂടെ പുറപ്പെട്ട കാര്യം ബിനോയ് വിശ്വം തന്റെ കുറിപ്പില്‍ പറയുന്നുണ്ട്.

സംസ്ഥാനത്തെ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ സമുന്നത നേതാവാണ് നല്ലകണ്ണെന്ന് സി.പി.എം. നേതാവ് ജി.രാമകൃഷ്ണന്‍ പറയുന്നുണ്ട്. അനേകം കര്‍ഷകസമര പ്രവര്‍ത്തകരുടെ നേതാവും പോരാളിയുമായിട്ടും നല്ല കണ്ണ് ഒരിക്കലും തന്നെ വ്യക്തിപരമായി എവിടെയും സ്ഥാപിച്ചിട്ടില്ല. സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സാമൂഹ്യ പരിഷ്‌കരണത്തോടും ഫ്യൂഡല്‍ വിരുദ്ധ സമരങ്ങളോടും കണ്ണുചേര്‍ത്ത നല്ലകണ്ണ് തുല്യ വേതനത്തിനും തൊട്ടുകൂടായ്മയ്ക്കും ജാതി നിര്‍മ്മാര്‍ജ്ജനങ്ങള്‍ക്കും ക്ഷേത്രപ്രവേശന സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.
ക്വിറ്റിന്ത്യാ സമരം റോയല്‍ ഇന്ത്യന്‍ നേവി കലാപം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് എതിരെ നടന്ന വ്യാപകമായ അടിച്ചമര്‍ത്തല്‍ പാര്‍ട്ടി നിരോധനം ഇങ്ങനെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇന്ത്യയുടേയും ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഇതിഹാസങ്ങളിലത്രയും നല്ലകണ്ണിന്റെകൂടി പേര് എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും അതിന്റെ പേരില്‍ മാത്രം ഭീകര മര്‍ദ്ദനങ്ങള്‍ സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യം നേടിയശേഷവും വിധേയമായിട്ടുണ്ട്.

Communist leader R. Nallakannu dies at 101

”ചരിത്രത്തിന്റെ രസകരമായ ഒരു പഠന മുറിയിലാണ് ഞങ്ങള്‍ ഇരിക്കുന്നത് ആ ചരിത്രം സൃഷ്ടിക്കാന്‍ സഹായിച്ച ഒരു മനുഷ്യനില്‍ നിന്ന് ഒരു കാലഘട്ടത്തെ നേരിട്ടു കേള്‍ക്കുന്നു.” എന്നും സായിനാഥ് എഴുതുന്നുണ്ട്.
പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.യില്‍ ഉറച്ചുനിന്ന നല്ലകണ്ണ് എന്‍.ശങ്കരയ്യ ഉള്‍പ്പെടെയുള്ള സമുന്നതരായ സി.പി.എം. നേതാക്കളോട് മുന്‍പ് പുലര്‍ത്തിയിരുന്ന അതേ സൗഹൃദം നിലനിര്‍ത്തുകയും ഇന്നും ഞങ്ങള്‍ ഒരു പാര്‍ട്ടിയാണ് എന്ന് പറയുന്ന ആ മാര്‍ക്‌സിസ്റ്റ് ബോധം ആ ജീവിതത്തിന്റെ ഉള്‍ക്കാഴ്ചയില്‍ തെളിയുന്ന ബോധ്യങ്ങളാണ്.
മരണമടുത്തെത്തിയ നേരത്തും ഓര്‍മ്മകളുണ്ടായിരിക്കണമെന്നു പറഞ്ഞത് കവി കക്കാടാണ്.
ഇന്നലെ നല്ലകണ്ണിന്റെ വീടില്ലായ്മയെക്കുറിച്ചും അസൗകര്യങ്ങളെക്കുറിച്ചുമുള്ള മാതൃഭൂമി വാര്‍ത്തയ്ക്ക് താഴെ കണ്ടൊരു വാര്‍ത്ത ഏറെ കൗതുകം ജനിപ്പിച്ചു. അനില്‍ അംബാനിയുടെ 3816 കോടി രൂപ വിലയുള്ള ആഡംബര ഭവനം എന്തോ കള്ളക്കേസിനെത്തുടര്‍ന്നു കണ്ടുകെട്ടി എന്നായിരുന്നു. ലേഔട്ടിലെ ആ ബ്രില്യന്‍സ് ബോധപൂര്‍വമായിരിക്കാം.

No Comments yet!

Your Email address will not be published.