Skip to main content

മനുഷ്യനായി തീർന്നവൻ

ലൂയിസ്,
നിന്റെ കവിതയോട് കലഹിച്ച് അവള്‍
ഒരു തീമരമായ് തീര്‍ന്നു

ഇന്നലെത്തെ ലഹരിയുടെ വാടയറിഞ്ഞ്
വാതിലടച്ചവര്‍
ചില്ലറ തന്ന് കതകടച്ചവര്‍,
തേരട്ട പോലെ ചുരുണ്ടുകൂടി
ഫണമുയര്‍ത്തുന്നു.

ലൂയിസ്,
നീ എപ്പോഴും കവിതയോട് കലഹം
ചെയ്യുന്നതായി തോന്നി
നീ വ്യവസ്ഥയും –
നിന്റെ വരികള്‍ കലാപത്തേയും
പ്രതിനിധാനം ചെയ്തിരുന്നോ?

കവിതക്ക് തീ പിടിക്കുമ്പോള്‍,
നീ അരാജകവാദിയായും
ലഹരിയില്‍ നിന്നെ സുഹൃത്തായും കണ്ടവര്‍
പലരും നീ ഇങ്ങനെയെന്ന് പറയുമ്പോള്‍
വ്യവസ്ഥയുടെ നേര്‍ചിത്രം
ശരീരംകൊണ്ട്
പങ്കുവെക്കുകയായിരുന്നില്ലെ?
കവിതകൊണ്ട് വസന്തത്തെ
സൃഷ്ടിക്കുകയായിരുന്നില്ലെ?

ലൂയിസ്,
നിനക്ക് മദ്യം പോലെ,
അവള്‍ക്ക് കവിതയായിരുന്നു പ്രാണന്‍
കവിതയില്‍ ലോകം തിരിയുമ്പോള്‍
മദ്യത്തില്‍ നീ മാത്രമാണ് തിരിയുന്നതെന്ന്,
പലവട്ടം അവള്‍ പറഞ്ഞത്
എത്ര നേരായിരുന്നു…

നീ അവരോട്
പ്രണയം പങ്കുവെയ്ക്കുമ്പോള്‍,
പാതിവഴിയില്‍
ചുരുണ്ടുകൂടി കഴിയുമ്പോള്‍

ലൂയിസ്,
നിന്റെ കവിതകള്‍
ഹൃദയത്തില്‍ സൂക്ഷിച്ചാണ്
അവള്‍ തണുപ്പകറ്റിയത്

മരണത്തിനും ജീവിതത്തിനുമിടയില്‍
നീ അവളോട് കുമ്പസാരിച്ചുവൊ
ലൂയിസ്

എങ്കില്‍,
നീ ഒരു മനുഷ്യനെന്ന് അവള്‍
തിരിച്ചറിഞ്ഞു കാണും.

ഇരുട്ടില്‍ നിന്നെ പരതി കാത്തിരുന്ന്
ഭയം നഷ്ടപ്പെട്ടതു കൊണ്ടാണ്
ലൂയിസ് ഭവനത്തിന്റെ വാതില്‍ തുറന്നിടാന്‍
അവള്‍ക്ക് കഴിയുന്നതും
വസന്തത്തെ – പ്രണയിക്കാന്‍
അവള്‍ പഠിച്ചതും.

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.