
കേരളത്തെ നയിക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന എം.എ. ജോണിനെ കുറിച്ച് മകള്‍ ജയശ്രീ ജോണ്‍ എഴുതുന്നത്.
‘എം.എ. ജോണ്‍ നമ്മെ നയിക്കും…’ എഴുപതുകളില്‍ കേരളത്തില്‍ മുഴങ്ങികേട്ട വാചകമാണിത്. ഒരിക്കല്‍ കേരളത്തിന്റെ ഭാവി എന്ന് കരുതിയ പരിവര്‍ത്തനവാദി പ്രസ്ഥാനത്തിന്റെ തകര്‍ച്ച അവിശ്വസനീയമായിരുന്നു. അതില്‍ ദുഃഖിതരായവര്‍ ഇന്നും ഏറെയുണ്ട്.

‘വായിക്കുവാനും ചിന്തിക്കുവാനും ചോദ്യം ചെയ്യാനും സ്വന്തമായ നിലപാടുകള്‍ രൂപീകരിച്ച് അതില്‍ ശക്തമായി ഉറച്ചുനില്‍ക്കുവാനും ഉള്ള ആര്‍ജ്ജവം’ പൊതുസമൂഹത്തിനും സതീര്‍ഥ്യര്‍ക്കും അന്ന്(ഇന്നും) പൂര്‍ണ്ണമായും മനസ്സിലാവാതിരുന്നതാവണം ആ തകര്‍ച്ചയ്ക്ക് കാരണം. 1975ല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായി എം.എ. ജോണ്‍ എഡിറ്റര്‍ ആയുള്ള നിര്‍ണ്ണയം എന്ന മാധ്യമം ‘ഇന്ദിരയുടെ അടിയന്തിരം’ എന്ന ലേഖനം പ്രസിദ്ധീകരിക്കുകയും അതേത്തുടര്‍ന്നുണ്ടായ സംഭവബഹുലമായ നാളുകള്‍ക്ക് ശേഷം അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ‘
തല്‍ഫലമായുണ്ടായ ജയില്‍വാസം കഴിഞ്ഞിറങ്ങിയപ്പോള്‍ ബോധ്യപ്പെട്ട, പരിവര്‍ത്തനവാദി പ്രസ്ഥാനത്തിന്റെ പ്രസ്ഥാനത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ച സജീവരാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുക എന്നൊരു തീരുമാനത്തിലാണ് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്.

പരിവര്‍ത്തനവാദി പ്രസ്ഥാനം തകര്‍ന്നതിന്റെ അനന്തരഫലങ്ങളില്‍ ഒന്നാണ് ഞങ്ങള്‍ (ഞാനും എന്റെ അനുജത്തിയും) എന്ന് തന്നെ വേണം പറയാന്‍. ഒരു കാര്യത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ കുടുംബം എന്ന ഉത്തരവാദിത്വം, ഏറ്റെടുത്ത കാര്യത്തില്‍ പരിപൂര്‍ണ്ണ ശ്രദ്ധ ചെലുത്തുന്നതിന് അല്ലെങ്കില്‍ അതില്‍ പൂര്‍ണ്ണമായി മുഴുകി പ്രവര്‍ത്തിക്കുന്നതിന് തടസ്സമാകും എന്നായിരുന്നു എം.എ. ജോണ്‍ എന്ന എന്റെ അച്ചച്ചാ വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തിലായിരുന്നു അത് വരെ മുന്നോട്ട് പോയിരുന്നത്.
സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയ സമയങ്ങളിലാണ് വിവാഹത്തെക്കുറിച്ച് അച്ചച്ചാ ചിന്തിച്ചത് തന്നെ.
അങ്ങനെ 1978ല്‍, അച്ചച്ചായുടെ നാല്പത്തിരണ്ടാമത്തെ വയസ്സിലായിരുന്നു വിവാഹം.
വീട്ടുമുറ്റത്ത് തന്നെ വെച്ച് രജിസ്റ്റര്‍ മാര്യേജ് ആയി ആണ് ആ ചടങ്ങ് നടന്നത്. വിശ്വാസിയായിരുന്ന അമ്മ, യുക്തിവാദിയായിരുന്ന അച്ചച്ചായുടെ ഈ തീരുമാനത്തോട് യോജിക്കുകയാണ് ഉണ്ടായത്.
പള്ളിയില്‍ വച്ചല്ലാതെ വീട്ടില്‍ വച്ച് നടന്ന ഒരു കല്യാണം, കെ.എം. ചാണ്ടിസാറിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ഒരു രജിസ്റ്റര്‍ മാര്യേജ്.
എല്ലാ രീതിയിലും കൗതുകമുണര്‍ത്തിയ ഒന്നായിരുന്നു അച്ചച്ചായുടെയും അമ്മയുടെയും വിവാഹം. കേരള രാഷ്ട്രീയത്തിലെ പ്രമുഖരുടെ പങ്കാളിത്തം ആയിരുന്നു ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു ഘടകം. ഇന്ന് രാഷ്ട്രീയ രംഗത്തുള്ള പല പ്രമുഖരെയും (പിന്നീട് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ദേശീയനേതാക്കളായവരും അടക്കം) കൊച്ചു പയ്യന്മാരായി ആ വിവാഹ ആല്‍ബത്തില്‍ കാണാം. പള്ളിയില്‍ വച്ച് കല്യാണം കഴിക്കാത്തത് മൂലം കുട്ടികള്‍ ഉണ്ടാവുകയില്ല എന്നൊരു ഒരു കഥ അക്കാലത്ത് നാട്ടില്‍ പരന്നിരുന്നു. അതിനുശേഷം ഞാന്‍ ജനിച്ചപ്പോള്‍ ‘ദൈവകോപം മൂലം കുട്ടിക്ക് അംഗവൈകല്യം ഉണ്ട്’ എന്നൊരു ശ്രുതിയും ഉണ്ടായിരുന്നു. നാട്ടുകാരുടെ ഒരു പ്രതിനിധി വീട്ടിലെത്തി എനിക്ക് കൈകളും കാലുകളും ഒക്കെ ഉണ്ട്, ഞാന്‍ ഒരു സാധാരണ കുട്ടിയാണ് എന്ന് ഉറപ്പുവരുത്തി എന്ന് അച്ചച്ചാ ചിരിച്ചുകൊണ്ട് പറയുമായിരുന്നു. ഇതു പറയുമ്പോള്‍ മറ്റൊരു രസകരമായ സംഭവം,
അച്ചച്ചാ പറഞ്ഞു കേട്ടത് കൂടി പറയാം…

വര്‍ഷങ്ങള്‍ക്കു മുന്‍പ്… അച്ചച്ചായും സുഹൃത്തുക്കളും ചേര്‍ന്ന് കെ.എസ്.യു. തുടങ്ങിയ കാലഘട്ടം. അന്ന് കെ.എസ്.യുവില്‍ ചേരാന്‍ ആഗ്രഹിച്ചവരും കെഎസ്യു അംഗമായിട്ടുള്ളവരുമായി നിരവധി ആളുകള്‍ വീട്ടില്‍ കയറി ഇറങ്ങി നടന്നിരുന്ന സമയം. വൈദികപട്ടത്തിലേക്ക് ക്ഷണിക്കുവാനായി ഒരു പള്ളീലച്ചന്‍ കണ്ടു വച്ചിരുന്ന ഒരു പയ്യന്‍, എം.എ. ജോണിന്റെ വീട്ടിലേക്ക് കയറിപ്പോകുന്നതായി കണ്ടു എന്ന് ആരോ അദ്ദേഹത്തെ അറിയിച്ചു.
അച്ചന്‍ ആ യുവാവിനെ ഉടനെത്തന്നെ വിളിച്ചുവരുത്തുകയും ”വൈദികന്‍ ആകാന്‍ പോകുന്ന നീ എന്തിനാണ് എം എ ജോണിന്റെ വീട്ടില്‍ പോയത്, കെ.എസ്.യു വില്‍ ചേരാന്‍ പോകുന്നോ’ എന്ന് ചോദിച്ചപ്പോള്‍
”കെ.എസ്.യു വില്‍ അല്ല, യുക്തിവാദി സംഘത്തില്‍ ചേരാന്‍ ആണ് ഞാന്‍ പോയത്” എന്ന് ഈ യുവാവ് ഉത്തരം പറഞ്ഞു എന്നും അത് കേട്ട അച്ചന്‍ പിന്നീട് ഒരു വാക്കുപോലും പറയാന്‍ സാധിക്കാതെ നിന്നുപോയി എന്നുമാണ് കഥ.
അച്ചച്ചാ എങ്ങനെയുള്ള ഒരു അച്ഛനാണ്? ‘ഈയൊരു ചോദ്യം എന്നോട് പലപ്പോഴും പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഒരു കോണ്‍ഗ്രസ് പരിവര്‍ത്തനവാദി നേതാവ് എന്ന നിലയില്‍ അച്ചച്ചായെ കണ്ടിട്ടുള്ളവരാണ് മിക്കവാറും ഈ ചോദ്യം ചോദിച്ചിട്ടുള്ളത്. ഒറ്റ വാക്കില്‍ ഇതിനൊരു ഉത്തരം പറയുക ബുദ്ധിമുട്ടാണ്. എന്തായാലും സാധാരണ അച്ഛന്‍മാരെ പോലെയായിരുന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത്. സാധാരണ അച്ഛന്‍മാര്‍ മക്കള്‍ക്ക് കൊടുക്കുന്ന ഉപദേശങ്ങളുടെ ഒരു ശതമാനം പോലും കിട്ടിയിട്ടില്ല. രാഷ്ട്രീയക്കാരനായ ഒരു അച്ഛന്‍ മക്കളോട് പറയാന്‍ സാധ്യതയുള്ള, സ്വന്തം നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കഥകളും പറഞ്ഞിട്ടില്ല. അച്ചച്ചായുടെ മുന്‍കാല, വര്‍ത്തമാന രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് കൂടുതല്‍ പങ്കും ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് രാത്രിയോ പകലോ എന്നില്ലാതെ വീട്ടില്‍ വരുന്ന സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും ഒപ്പമുള്ള മണിക്കൂറുകള്‍ നീളുന്ന സംഭാഷണങ്ങളില്‍ നിന്നാണ്.
മക്കളെ രണ്ടുപേരെയും മാമോദീസ മുക്കാതെ മതവിശ്വാസികളല്ലാതെ വളര്‍ത്തിയപ്പോഴും, ”പ്രായപൂര്‍ത്തിയായാല്‍ ഏത് വിശ്വാസവും ശരിയാണെന്ന് തോന്നുന്ന എന്ത് കാര്യവും തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്” എന്ന് പറഞ്ഞിരുന്നു.
”എപ്പോഴും പോയിരുന്നു പഠിക്കൂ എന്ന് പറഞ്ഞിട്ടില്ല”
എന്നാല്‍, ”കഠിനാധ്വാനം ചെയ്യാതിരിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന് ഉറച്ചു വിശ്വസിക്കുകയും പറയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്നു”.
അച്ചച്ചായെ അടുത്തറിയാവുന്നവര്‍ക്കറിയാം, അദ്ദേഹം താന്‍ ചെയ്യേണ്ടിയിരുന്ന, തനിക്കു ചെയ്യാന്‍ കഴിയുന്ന ഒരു ജോലിയില്‍ നിന്നും മാറിനിന്നിട്ടില്ല എന്നും കഠിനമായ ശാരീരികാധ്വാനം എല്ലായ്പ്പോഴും ശീലമാക്കിയിരുന്നു എന്നും. ജോലിക്കാര്‍ നിരവധി ഉണ്ടായിരുന്നെങ്കില്‍ പോലും ”മക്കള്‍ രണ്ടുപേരും, വീട്ടിലെ എല്ലാ ജോലികളും ചെയ്യണം” എന്ന കാര്യത്തില്‍ ശക്തമായ നിര്‍ബന്ധം പുലര്‍ത്തിയിരുന്നു.
അതുപോലെ തന്നെ, ”ഓരോ രൂപയുടെയും വിലയറിഞ്ഞു തന്നെ ജീവിക്കണം” എന്ന കാര്യത്തിലും തീവ്രമായ നിര്‍ബന്ധബുദ്ധി കാണിച്ചിരുന്നു.

എന്നാല്‍ അതേസമയം തന്നെ പ്രയോജനമുള്ളത് എന്ന് തോന്നുന്ന എന്ത് കാര്യത്തിന് വേണ്ടിയും എത്ര രൂപ മുടക്കുന്നതിനും മടിച്ചിരുന്നില്ല. സോളര്‍ വൈദുതി പാനല്‍, ഡ്രിപ് ഇറിഗേഷന്‍, ടീവീ, വിസിആര്‍ എന്നിവയൊക്കെ ജനകീയമാവുന്നതിനും എത്രയോ വര്‍ഷങ്ങള്‍ മുന്‍പ് തന്നെ ഞങ്ങളുടെ വീട്ടിലും മുറ്റത്തും ഇടം പിടിച്ചിരുന്നു.
പുസ്തകങ്ങള്‍ വായിക്കുന്നതിലും വാങ്ങിക്കുന്നതിലും അച്ചച്ചായ്ക്കുള്ള താല്പര്യം പ്രസിദ്ധമാണല്ലോ? ഏകദേശം അമ്പതിനായിരത്തോളം പുസ്തകങ്ങള്‍ ഇന്നും വീട്ടിലുണ്ട്. ബാലസാഹിത്യം മുതല്‍ ഹരിജന്‍, യങ് ഇന്ത്യ എന്നീ പഴയ ഗാന്ധിയന്‍ പ്രസിദ്ധീകരണങ്ങളടക്കം എന്‍സൈക്ലോപീഡിയ അമേരിക്കാന വരെയുള്ള ഒരു വന്‍ശേഖരം ആണിത്.
ലഘുലേഖകളുടെ ഒരു ശേഖരവും വീട്ടിലുണ്ടായിരുന്നു. പ്രത്യേകിച്ചും വിമോചന സമരകാലത്തെ വന്‍ സംവാദങ്ങളുടെ അപൂര്‍വ ശേഖരം: കെ ദാമോദരന്‍, ഫാദര്‍ വടക്കന്‍, സി ജെ തോമസ്, അച്യുത മേനോന്‍, സി ഉണ്ണിരാജ, എം ഗോവിന്ദന്‍, പി കേശവദേവ്.. ഇങ്ങനെ എത്രയോ പേരുടെ വാദ-പ്രതിവാദങ്ങള്‍…
മറ്റെന്ത് കാര്യത്തിലും പിശുക്ക് കാണിച്ചിരുന്ന അച്ചച്ചാ പുസ്തകങ്ങള്‍ വാങ്ങാന്‍ ഒരിക്കലും പിശുക്ക് കാണിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ അച്ചച്ചായ്ക്ക് യോജിച്ച ഭാര്യയായിരുന്നു അമ്മയും. ജീവിതത്തില്‍ ഉടനീളം ഒരു ഏറ്റക്കുറച്ചിലുകളുമില്ലാതെ നിലനിന്നിരുന്ന ഒരു താല്പര്യമായിരുന്നു വായന.
പുതിയ ഏതു വിഷയത്തെക്കുറിച്ചും അറിയാന്‍ അതിയായ താല്പര്യം അച്ചച്ചാ പ്രകടിപ്പിച്ചിരുന്നു.
ചെറുപ്പം മുതല്‍ ഒപ്പമുണ്ടായിരുന്ന പരന്ന വായന മൂലം, ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചും വസ്തുനിഷ്ഠമായ അറിവ് അച്ചച്ചായ്ക്ക് ഉണ്ടായിരുന്നു.
പുതിയ കാര്യങ്ങളെക്കുറിച്ച് വായിച്ച് മനസ്സിലാക്കാനും ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച്, ഏതെങ്കിലും വിഷയത്തില്‍ പ്രഭാഷണം നടത്തേണ്ട അവസരങ്ങളില്‍, ആ വിഷയത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് നോട്ടുകള്‍ തയ്യാറാക്കുന്നത് കണ്ടിട്ടുണ്ട്. ഒന്നൊന്നര മണിക്കൂര്‍ നീളുന്ന അച്ചച്ചായുടെ ഒരു പ്രസംഗം കേട്ടാല്‍ പല പുസ്തകങ്ങള്‍ വായിക്കുന്ന അറിവ് കിട്ടുമെന്ന് നിരവധി ആളുകള്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. അച്ചച്ചായുടെ പ്രസംഗത്തെക്കുറിച്ച് എടുത്ത് പറയണ്ട മറ്റൊരു കാര്യം, സാധാരണ പ്രാസംഗികരെപ്പോലെ ‘വോയ്സ് മോഡുലേഷന്’ അദ്ദേഹം പ്രാധാന്യം കൊടുത്തിരുന്നില്ല എന്നതാണ്. ആവേശം ഉണര്‍ത്തുന്ന രീതിയില്‍, തൊണ്ടപൊട്ടും വിധം ഉച്ചത്തില്‍ പ്രധാന വാചകങ്ങള്‍ ഒന്നും തന്നെ എടുത്ത് പറഞ്ഞിരുന്നില്ല. ശാന്തമായ സ്വരത്തില്‍, വ്യക്തതയോടെ കാര്യങ്ങള്‍ വിശദീകരിക്കുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. കേരളത്തിലെ തന്നെ പ്രാസംഗികരില്‍ പ്രമുഖനായിരുന്ന അച്ചച്ചാ, വിഷയത്തിലുള്ള ഗഹനമായ അറിവും, അത് കേള്‍ക്കുന്നവരിലേക്ക് അതെ അളവില്‍ എത്തിക്കാനുതകുന്ന ആശയവിനിമയ ശൈലിയും മൂലമാണ് ജനക്കൂട്ടങ്ങളെ ആകര്‍ഷിച്ചിരുന്നത്.

പുസ്തകങ്ങളുടെ ഇടയില്‍ വളര്‍ന്നതിനാലാവാം ബാല്യത്തില്‍ നന്നായി വായിച്ചിരുന്നു ഞാന്‍. ബാലസാഹിത്യത്തില്‍ ലോകത്തിലെ ഒട്ടുമിക്കവാറും എല്ലാ മികച്ചകൃതികളും അക്കാലത്ത് വായിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, റഷ്യന്‍ കഥകള്‍.
മക്കള്‍ പുസ്തകം വായിക്കണം എന്ന് അച്ചച്ചാ ഒരിക്കലും ശക്തമായി നിര്‍ബന്ധിച്ചിരുന്നില്ല. രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായ അച്ചച്ചാ മിക്കവാറും വീട്ടിലില്ലാത്തതും ഒരു കാരണമായിരുന്നിരിക്കാം.
അതിനു ശേഷം പഠനകാലത്ത്, ഹോസ്റ്റല്‍ ജീവിതത്തില്‍ മറ്റൊന്നും ചെയ്യാനില്ലാതായപ്പോഴാണ് ഞാന്‍ വായനയെ ഗൗരവമായി കണ്ടതും പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു വായിക്കാന്‍ തുടങ്ങിയതും.
അന്നും വീട്ടില്‍ വരുമ്പോള്‍, എനിക്ക് വായിക്കാന്‍ പുസ്തകള്‍ തിരഞ്ഞെടുത്ത് തരാന്‍ പറഞ്ഞാല്‍ അച്ചച്ചായ്ക്കു മടിയാണ്. നീ തന്നെ കണ്ടുപിടിച്ചോളൂ എന്ന് പറയും.
അച്ചച്ചാ മലയാളഭാഷയെ വളരെയധികം സ്‌നേഹിച്ചിരുന്നു. സ്വന്തം ഒപ്പ് മലയാളഭാഷയില്‍ ഇട്ടിരുന്ന ഒരാളായിരുന്നു അച്ചച്ചാ. മാതൃഭാഷ പഠനഭാഷ ആയി സ്വീകരിക്കേണ്ടതാണെന്ന് ശക്തമായി വാദിച്ചിരുന്നു.
മക്കളെ രണ്ടുപേരെയും മലയാളം മീഡിയം സ്‌കൂളില്‍ ആണ് ചേര്‍ത്തത്. മക്കള്‍ രണ്ടുപേരും വായനയുടെയും എഴുത്തിന്റെയും രംഗത്തേക്ക് വരണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനു വേണ്ടി പ്രത്യേക നിര്‍ദ്ദേശങ്ങള്‍, സഹായങ്ങള്‍ ഒന്നും ചെയ്തിരുന്നില്ല. പഠിക്കാന്‍ ഞങ്ങള്‍ രണ്ടുപേരും മിടുക്കര്‍ ആയിരുന്നെങ്കിലും ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ സന്തുഷ്ടനായി കണ്ടിട്ടുള്ളത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ അനിയത്തിക്ക് കഥാരചന സമ്മാനം കിട്ടിയപ്പോഴും കോളേജ് കാലത്ത് ഞാന്‍ രചനാ മത്സരത്തില്‍ വിജയിയായപ്പോഴും കോളേജ് മാഗസില്‍ എഴുതിയപ്പോഴും ഒക്കെയായിരുന്നു..
അന്നത്തെക്കാലത്തെ എടുത്തു പറയാവുന്ന രണ്ട് ഓര്‍മ്മകള്‍. ഇപ്പോഴും ഞാന്‍ കൃത്യമായി ഓര്‍മിക്കുന്നത് ഇവയാണ്. ചൊവ്വാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെത്തുന്ന അച്ചച്ചാ എന്നെയും ഹോസ്റ്റലില്‍ നിന്ന് കൂടെക്കൂട്ടും..
അടുത്ത പരിപാടി ഏതെങ്കിലും തീയേറ്ററില്‍ പോയി സിനിമ കാണുക എന്നതാണ്. അതുപോലെതന്നെ പ്രിയപ്പെട്ട ഓര്‍മ്മയാണ് പിറ്റേദിവസം രാവിലെ ആറു മണിയോടുകൂടി മ്യൂസിയത്തില്‍ നടക്കാന്‍ പോകുന്നത്.
കാര്‍ഷിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതിനാലാവാം കൃഷിയോട് വളരെ താല്പര്യമായിരുന്നു. വീട്ടിലുള്ളപ്പോഴെല്ലാം, പറമ്പില്‍ പണിക്കാരുടെ കൂടെ പണിയെടുക്കാനും മുന്നിലായിരുന്നു.
”ജോലി ചെയ്യാത്ത ഒരുവന് ഭക്ഷിക്കാന്‍ അവകാശമില്ല” എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അച്ചച്ചാ ഞങ്ങള്‍ മക്കളെ എല്ലാ പണികളും എടുപ്പിച്ചിരുന്നു.
ജോലിക്കാര്‍ ഉണ്ടെങ്കില്‍ പോലും വീട് അടിച്ചു തുടയ്ക്കുക, 20 സെന്റോളം വരുന്ന മുറ്റം അടിക്കുക, ചെടികള്‍ നനയ്ക്കുക തുടങ്ങിയ എല്ലാ ജോലികളും ഞങ്ങളെക്കൊണ്ടും ചെയ്യിച്ചിരുന്നു.
ഒരു നിമിഷം പോലും വെറുതെ ഇരിക്കുക എന്നത് അച്ചച്ചായ്ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. മറ്റുള്ളവര്‍ തന്നെ എങ്ങനെ വിലയിരുത്തും എന്ന് കരുതി ജീവിതത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലാത്ത ഒരാളായിരുന്നു അച്ചച്ചാ. അച്ചച്ചായുടെ രാഷ്ട്രീയ ജീവിതം അതിന്റെ പ്രതിഫലനമായിരുന്നു. സാധ്യതകളുടെ, സാധ്യതകള്‍ ഉപയോഗിക്കുന്നതിന്റെ കലയും ശാസ്ത്രവും കൂടെയാണല്ലോ രാഷ്ട്രീയം.
നയപരമായ രീതിയില്‍ നേരിട്ടിരുന്നെങ്കില്‍ അല്ലെങ്കില്‍ മുന്നോട്ടു പോയിരുന്നെങ്കില്‍ എം.എ. ജോണ്‍ ഉന്നത പദവികളില്‍ എത്തേണ്ട ആളായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ നിരവധിയുണ്ട്. അദ്ദേഹം കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും ചേര്‍ത്തവരില്‍ പലരും രാഷ്ടീയത്തില്‍, ഔദ്യോഗിക പദവികളില്‍ ഉന്നതരായി ഉയര്‍ന്നുവല്ലോ. പക്ഷേ, നയപരമായി പോയിരുന്നെങ്കില്‍ എം.എ. ജോണ്‍, എം.എ. ജോണ്‍ ആവില്ലല്ലോ?
ചില പ്രത്യേക സാഹചര്യങ്ങളില്‍ മൗനം പാലിക്കാം എന്ന് സമ്മതിച്ചാല്‍ ചില സ്ഥാനങ്ങളിലേക്കുള്ള വാതില്‍ തുറക്കും എന്ന സാഹചര്യങ്ങളില്‍ പോലും അതിനു തയ്യാറല്ല എന്ന് പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
അത് ശരിയല്ല, എന്ന വാദമുണ്ടാവാം. പക്ഷെ, അതായിരുന്നു അച്ചച്ചാ.
ശരിയല്ലാത്തത് കണ്ടാല്‍, അത് ശരിയല്ല എന്ന് – ആരുടെ മുഖത്ത് നോക്കിയായായാലും – പറയാതിരിക്കാന്‍ അച്ചച്ചായ്ക്ക് സാധിക്കുമായിരുന്നില്ല.
‘ആരെങ്കിലും ഒക്കെ അതും തുറന്നു പറയാനുണ്ടാവണം ഈ സമൂഹത്തില്‍, അല്ലെങ്കില്‍ കാലക്രമേണ തെറ്റ് ചെയ്യുന്നവര്‍ പോലും അത് ശരിയാണെന്നു ചിന്തിക്കാന്‍ തുടങ്ങും’ എന്ന് പറയുമായിരുന്നു അച്ചച്ചാ.
രാഷ്ട്രീയ പ്രവര്‍ത്തനത്തെ വരുമാനം ഉണ്ടാക്കാനുള്ള ഒരു മാര്‍ഗ്ഗമായി ഒരിക്കലും കണ്ടിരുന്നില്ല. മറിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ഇറങ്ങുന്നവര്‍ മറ്റേതെങ്കിലും ജോലിയില്‍ നിന്നോ കാര്‍ഷികവൃത്തിയില്‍ നിന്നോ അതിനുള്ള പണം കണ്ടെത്തണം എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ജീവിതാവസാനം വരെ ഈ ചിന്തയില്‍ ഉറച്ചുനില്‍ക്കാന്‍ സാധിച്ചത് അദ്ദേഹത്തിന് മഹത്വമായി ഞാന്‍ കരുതുന്നു. കോണ്‍ഗ്രസിന്റെ മുന്‍കാല ചരിത്രവും സംഘടനാ സ്വഭാവവും രാഷ്ട്രീയ നയങ്ങളിലും വിശ്വസിച്ചിരുന്ന അച്ചച്ചാ ‘ഭാരതത്തിന്റെ പരിവര്‍ത്തനം കോണ്‍ഗ്രസിലൂടെ മാത്രം’ എന്ന ആശയം എല്ലാകാലത്തും മുറുകെ പിടിച്ചിരുന്നു. മഹാത്മാഗാന്ധിയെക്കുറിച്ച് വളരെയധികം വായിക്കുകയും പഠിക്കുകയും ചെയ്ത അച്ചച്ചാ അദ്ദേഹത്തിന്റെ മഹത്വത്തെപ്പറ്റി എക്കാലത്തും വാചാലനായിരുന്നു. അച്ചച്ചാ ഒരു യുക്തിവാദിയായിരുന്നു. ദൈവത്തിലും മതത്തിലും വിശ്വസിച്ചിരുന്നില്ല. ഞങ്ങളെയും അങ്ങനെയാണ് വളര്‍ത്തിയത്.

എന്നാല്‍ എല്ലാ മതങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കണം എന്ന നിര്‍ബന്ധം ഉണ്ടായിരുന്നു. പ്രായപൂര്‍ത്തിയായ ശേഷം സ്വന്തം വിശ്വാസം തിരഞ്ഞെടുക്കാനാണ് ഞങ്ങളോട് പറഞ്ഞിരുന്നത്.
ഒരിക്കല്‍ ഇതേപ്പറ്റി സംസാരിക്കുമ്പോള്‍ അച്ചച്ച പറഞ്ഞ ചില ആശയങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതായി തോന്നുന്നു. യുക്തിവാദിയായ ഒരാള്‍ക്ക് അസാമാന്യമായ ആത്മധൈര്യം ആവശ്യമുണ്ട്. പ്രശ്‌നങ്ങളെ നേരിടാന്‍ അത് അത്യാവശ്യമാണ്. അതുല്യമായ ആത്മവിശ്വാസം എല്ലാവരിലും ഉണ്ടാവുക അസാധ്യമാണ് താനും.
അപ്പോള്‍ പിന്നെ ‘ആരും തുണയില്ലാത്തവര്‍ക്കു ദൈവം തുണ’ എന്ന വിശ്വാസം മിക്കവര്‍ക്കും ആശ്വാസകരം തന്നെ.
അതുപോലെ തന്നെ, അച്ചച്ചായുടെ അഭിപ്രായത്തില്‍, ശരിയായ ചിന്താശേഷിയില്ലാത്ത ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കുകയാണ് ഭേദം.
അത് പറയാനുള്ള കാരണം, ഒട്ടുമിക്ക ആളുകളും കുറ്റകൃത്യങ്ങളിലും അത് പോലെയുള്ള തെറ്റായ പ്രവൃത്തികളിലും ഏര്‍പ്പെടാന്‍ മടിക്കുന്നതിന്റെ ഒരു മുഖ്യകാരണം ദൈവകോപം ഭയന്നുതന്നെയാവണം. അപ്പോള്‍, സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഈ വിശ്വാസം അത്രക്കു വരെയെങ്കിലും നല്ലതു തന്നെ.
പരിചയപ്പെട്ട എല്ലാവരിലും സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ഒരാളായിരുന്നു അച്ചച്ചാ. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആരാഞ്ഞും വാക്കുതര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാനും പല കാര്യങ്ങള്‍ക്കും മധ്യസ്ഥം വഹിക്കാനും ആവശ്യപ്പെട്ടു ഞങ്ങളുടെ വീട്ടിലെത്തിയിരുന്നവര്‍ ഏറെയുണ്ട്.
ദൈവവിശ്വാസിയല്ലാത്ത ഒരാള്‍ വിശ്വാസികളായ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എങ്ങനെ ഇത്ര സമ്മതനായി എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.
വിശ്വാസികള്‍ ഭൂരിപക്ഷമുള്ള ഒരു നിയോജക മണ്ഡലമാണല്ലോ അവിശ്വാസിയെ കോട്ടയം ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തത്! വിശ്വാസം ഒഴികയുള്ള മറ്റെല്ലാ കാര്യങ്ങളിലും പുലര്‍ത്തിയിരുന്ന സത്യസന്ധതയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തികളും ഉയര്‍ന്ന നിലവാരത്തിലുള്ള ആശയങ്ങളും ചിന്തകളും ആവണം അതിനു കാരണം.
സൗഹൃദങ്ങളുടെ കാര്യത്തിലും അച്ചാച്ച അതിസമ്പന്നനായിരുന്നു. രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തുള്ള മിക്കവരുമായി സൗഹൃദം ഉണ്ടായിരുന്നു. ആശയങ്ങളിലും രാഷ്ട്രീയ ചിന്തകളിലും വിവിധ ധ്രുവങ്ങളിലായിരുന്ന സുഹൃത്തുക്കളോട് പോലും ഈ വൈരുധ്യങ്ങള്‍ക്കൊക്കെ അപ്പുറം ഒരാത്മബന്ധം ഉണ്ടായിരുന്നു.
ഈ സൗഹൃദങ്ങളിലൊന്നും തന്നെ, ജാതി മത രാഷ്ട്രീയ സാമ്പത്തിക വേര്‍തിരിവുകളൊന്നും ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെയാവും ഇക്കാലത്തെ ജാതി മത വര്‍ഗീയ വിവേചന ചിന്തകള്‍ ഞങ്ങള്‍ മക്കള്‍ക്ക്, കുടുംബത്തിന്, പഴയ സഹപ്രവര്‍ത്തകര്‍ക്ക് ഒക്കെ മനസ്സിലാവാത്തതും. ഒരാളുടെ കാലശേഷം അയാള്‍ ഓര്‍മ്മിക്കപ്പെടേണ്ടത് ‘അയാളുടെ ജീവിതത്തിന്റെ വിശുദ്ധിയുടെ ഓര്‍മ്മയും ചെയ്ത പ്രവര്‍ത്തികളുടെയും, എഴുതിയതും പറഞ്ഞതുമായ അക്ഷരങ്ങളുടെ സാമൂഹ്യ പ്രസക്തിയുടേയും’ അടിസ്ഥാനത്തിലായിരിക്കണം എന്നാണ് അച്ചച്ചാ വിശ്വസിച്ചിരുന്നത്. അച്ചച്ചാ പോയി കഴിഞ്ഞപ്പോള്‍, എന്തൊക്കെ ചെയ്യണം എവിടെ അടക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു എന്ന് കരുതുന്നവര്‍ ഉണ്ട്.
പക്ഷെ, സത്യമതല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യത്തെ അറ്റാക്ക് വന്നപ്പോള്‍ തന്നെ, താന്‍ മരിച്ചാല്‍ പള്ളിയില്‍ അടക്കരുതെന്നും വീട്ടുമുറ്റത്ത് എവിടെ അടക്കണമെന്നും കാണിച്ചു തന്നിരുന്നു അച്ചച്ചാ. അതും കഴിഞ്ഞ്, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അച്ചച്ചാ തന്നെ അവിടെ ഒരു ഇലഞ്ഞിമരം നട്ടുപിടിപ്പിച്ചത്.
വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ കിട്ടിയിട്ടുള്ളതിനാല്‍, അത്, അതേപടി പ്രാവര്‍ത്തികമാക്കുക മാത്രമേ ഞങ്ങള്‍ ചെയ്തിട്ടുള്ളു.
പള്ളിയില്‍ അടക്കാതിരുന്നാല്‍ ഗതികിട്ടാതെ അലയുന്ന ആത്മാവിനെ കുറിച്ച് വ്യാകുലപ്പെട്ടവരോട് എനിക്കിതേ പറയാനുള്ളൂ… മരണശേഷം എന്താണ് സംഭവിക്കുക എന്ന് എനിക്ക് അറിയില്ല. സ്വര്‍ഗ്ഗവും നരകവും ആത്മാവും ഒക്കെ യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്നും അറിയില്ല. ഇല്ല എന്ന് തോന്നുന്നു. എന്നാല്‍ അങ്ങനെ ഉറപ്പിച്ചു പറയാന്‍ മാത്രമുള്ള അറിവ് എനിക്ക് ഇല്ലതാനും.. പക്ഷേ ഇതൊന്നും ഇല്ല, എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഒരാളുടെ മകളാണ് ഞാന്‍. ഒരു വാദത്തിനു വേണ്ടി ഇനി അങ്ങനെ ഉണ്ട് എന്നു കരുതട്ടെ. അങ്ങനെയാണെങ്കില്‍ എല്ലാവരും പറഞ്ഞപോലെ അച്ചച്ചായുടെ ആത്മാവ് മറ്റെവിടെയും പോകാതെ ഇവിടെ തന്നെയാണുള്ളത് എങ്കില്‍.. അതാണ് ഏറ്റവും നല്ല കാര്യം എന്നാണ് എനിക്ക് പറയാനുള്ളത്. ഏത് സ്വര്‍ഗ്ഗത്തില്‍ കിട്ടുന്നതിനേക്കാളും കൂടുതല്‍ സന്തോഷം അച്ചച്ചാ തന്നെ നട്ടുവളര്‍ത്തിയ ചെടികളും മരങ്ങളും ഉള്ള ഈ മുറ്റത്തും പറമ്പിലും, പുസ്തകങ്ങള്‍ നിറഞ്ഞ ഈ വീടിനുള്ളിലും ചിലവഴിക്കുന്നതാവും. അക്കാര്യത്തില്‍ എനിക്ക് അശേഷം സംശയമില്ല.
ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, അച്ഛനെന്ന നിലയില്‍ ചില കാര്യങ്ങളില്‍ വളരെ യാഥാസ്ഥിതികനായ ഒരു പിതാവായിരുന്നു അച്ചച്ചാ. എന്നാല്‍ മറ്റു ചില കാര്യങ്ങളില്‍ വളരെ സ്വാതന്ത്ര്യം തന്ന, മക്കളോട് എന്തിനെപ്പറ്റിയും തുറന്നു സംസാരിക്കാണ് മടിയില്ലാത്ത ഒരു വിസ്മയമായിരുന്നു. പുസ്തകങ്ങള്‍ക്കിടയില്‍ സമയം ചിലവഴിച്ചിരുന്ന, മിക്ക സിനിമകളും കുടുംബത്തോടൊപ്പം തീയേറ്ററില്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്ന, ക്രിക്കറ്റും ഫുട്‌ബോളും ആസ്വദിച്ചിരുന്ന, അതിമധുരമുള്ള പരിപ്പ് പായസം കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന, അടുക്കളയില്‍ പച്ചക്കറി നുറുക്കാന്‍ താല്പര്യം കാണിച്ചിരുന്ന, ഒറ്റ നിമിഷത്തില്‍ ദേഷ്യപ്പെടുകയും അത് പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ അതോടെ തീരുകയും ചെയ്തിരുന്ന, എന്ത് കാര്യത്തെപ്പറ്റിയും ചോദിച്ചാല്‍ ഉത്തരം തന്നിരുന്ന, മണിക്കൂറുകള്‍ നീളുന്ന സൗഹൃദ സംഭാഷണങ്ങള്‍ (രാഷ്ട്രീയം മാത്രമല്ല, സാമൂഹ്യപ്രസക്തിയുള്ള എന്ത് വിഷയത്തെക്കുറിച്ചും) നടത്തിയിരുന്ന,
സര്‍ക്കാര്‍ ബസില്‍ കേരളത്തിന്റെ തെക്കും വടക്കും സഞ്ചരിച്ച് തനിക്ക് ശരിയാണെന്നു തോന്നുന്നതിനെല്ലാം വേണ്ടി പ്രചാരണം നടത്തിയ, സ്വന്തംവാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും ജീവിതത്തിലൂടെയും നിരവധി പേരെ ആകര്‍ഷിച്ച ഒരാള്‍. അതായിരുന്നു അച്ചച്ചാ.
അച്ചച്ചായെക്കുറിച്ച് ചുരുക്കം ചില വാക്കുകളില്‍ വിവരിക്കണം എന്നുണ്ടെങ്കില്‍ അതിന് പരിവര്‍ത്തന വാദികളുടെ പ്രസിദ്ധമായ ചില മുദ്രാവാക്യങ്ങള്‍ നോക്കിയാല്‍ മതി. ‘പാര്‍ട്ടി പൂജിക്കാനുള്ള വിഗ്രഹം അല്ല പ്രയോഗിക്കാനുള്ള ആയുധമാണ്’ , ‘അച്ചടക്കം അടിമത്വമല്ല’, ‘പരിപാടിയില്‍ ഉള്ള പിടിവാശിയാണ് പരിവര്‍ത്തന വാദിയുടെ പടവാള്‍’….
സത്യത്തില്‍ ഇതൊക്കെ തന്നെയാണ് അച്ചച്ചാ.

‘മതമാണ് രോഗം, വര്‍ഗീയത രോഗലക്ഷണമാണ്’ എന്ന് അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ പറയാനുള്ള വീക്ഷണവും ധൈര്യവും അച്ചച്ചയ്ക്ക് ഉണ്ടായിരുന്നു എന്നത് ഇന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇന്നത്തെ സാമൂഹ്യ സ്ഥിതിയില്‍ അതിനുള്ള പ്രാധാന്യം എത്രത്തോളമുണ്ടെന്നു ഞാന്‍ എടുത്ത് പറയുന്നില്ല.
സംശുദ്ധമായ ഒരു രാഷ്ട്രീയജീവിതം എന്നെന്നും നിലനിര്‍ത്താന്‍ സാധിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല.
നിലപാടുകളില്‍ നിന്നും ആദര്‍ശത്തില്‍ നിന്നും ഒരല്പം പോലും പിന്നോട്ട് പോകാതെ ഒരു ജീവിതകാലം മുഴുവന്‍ പൂര്‍ത്തിയാക്കുക എന്നതാണ് ജീവിതവിജയം. ആ അര്‍ത്ഥത്തില്‍, ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ജീവിതത്തില്‍ ഏറ്റവും വിജയം കൈവരിച്ച ആള്‍ എന്റെ അച്ഛന്‍ തന്നെയാണ്.







No Comments yet!