Skip to main content

ഘട്ടക്കും സി.വി.ശ്രീരാമനും

ഘട്ടക്കിന്റെ ആരാധകനായിരുന്നു സി.വി.ശ്രീരാമന്‍. മകന് ഋത്വിക് എന്നു തന്നെ പേരിട്ട കഥാകാരന്‍. ഇങ്ങനെ പറഞ്ഞാല്‍ തീരുന്നതല്ല, ആ പാരസ്പര്യത്തിന്റെ പൊരുള്‍പ്പെരുക്കങ്ങള്‍. ഭാവുകത്വപരമായും അവര്‍ തമ്മില്‍ ചില ഗാഢസമാനതകളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ലേഖനത്തില്‍ എന്‍.എസ്. മാധവനാണ് ഈ സാദൃശ്യം ചൂണ്ടിക്കാട്ടിയത്.

എന്‍.എസ്. മാധവന്‍

ചലച്ചിത്രകാരന്മാരെ പ്രലോഭിച്ചിരുന്ന കഥാകൃത്തായിരുന്നു സി.വി.ശ്രീരാമന്‍. ധാരാളം സിനിമകളും കണ്ടിരുന്നു അദ്ദേഹം. അങ്ങനെ സംഭവിച്ചതാവണം ഋത്വിക് ഘട്ടക്കിനോടുള്ള പ്രണയം. സമാനമായ അനുഭവലോകമുണ്ടായിരുന്നു സി.വി.ശ്രീരാമനും ഘട്ടക്കിനും; ഇന്ത്യാവിഭജനവും അഭയാര്‍ത്ഥിപ്രവാഹവും പോലുള്ള അനുഭവങ്ങള്‍. സംസ്‌കൃതവും സന്യാസവും കമ്മ്യൂണിസവും ചേരുന്ന സങ്കരവ്യക്തിത്വവും ഇവര്‍ പരസ്പരം പങ്കിട്ടു.

ഘട്ടക്കിനെ ശ്രദ്ധേയനാക്കിയ ആദ്യ കഥ – ‘സ്ഫടികപത്ര’- കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ മുന്‍നിര്‍ത്തിയായിരുന്നു; ശ്രീരാമന്റെ ശ്രദ്ധേയമായ ആദ്യ കഥകളിലൊന്ന് ‘വാസ്തുഹാര’യും. രണ്ടുപേരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്തും അകന്നും നിന്ന് പ്രവര്‍ത്തിച്ചു.

‘ഇപ്റ്റ’യുമായായിരുന്നു ഘട്ടക്കിനു ബന്ധമെങ്കില്‍ സി.വി.ശ്രീരാമന്‍ പ്രായോഗികരാഷ്ട്രീയത്തില്‍ വരെ സി.പി.എമ്മിനോടു ചേര്‍ന്നുനില്‍ക്കുകയും 12 വര്‍ഷക്കാലം കുന്നംകുളത്തെ പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റായിരിക്കുകയും ചെയ്തു. ഇങ്ങനെയായിരിക്കുമ്പോഴും കുട്ടിക്കാലത്ത് സംസ്‌കൃതം പഠിച്ച, കഥകള്‍ക്ക് സംസ്‌കൃതഗന്ധമുള്ള ( ‘ക്ഷുരസ്യധാര’ എന്ന പോലെ) പേരുകള്‍ നല്‍കുകയും കഥകളില്‍ സംസ്‌കൃതശ്ലോകങ്ങള്‍ ഉദ്ധരിക്കുകയും ചെയ്ത ഒരു ശ്രീരാമനുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഥകളില്‍ തീര്‍ത്ഥാടകരും തീര്‍ത്ഥാടനകേന്ദ്രങ്ങളും ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്യാസികഥാപാത്രങ്ങളും നിറഞ്ഞുനില്‍ക്കുകയും ചെയ്തിരുന്നു. ‘നാഗരിക്’ എന്ന കമ്മ്യൂണിസ്റ്റാശയനിബിഡമായ ചിത്രത്തില്‍പ്പോലും ഭക്തകവിയായ വിദ്യാപതിയുടെ കവിതകള്‍ ഉള്‍പ്പെടുത്തുകയും തന്റെ സംസ്‌കൃതാഭിമുഖ്യത്തിന്റെ മുദ്രകള്‍ പതിക്കുകയും ചെയ്ത ചലച്ചിത്രകാരനായിരുന്നു ഘട്ടക്ക് എന്നും ഓര്‍ക്കാം. ഇത്തരം സമാന്തരങ്ങളാലും സാമ്യതകളാലുമാണ് ഘട്ടക്ക് സി.വി.ശ്രീരാമന് പ്രിയനായി മാറിയത്. ഈ പ്രിയം ശ്രീരാമന്റെ കഥകളുടെ ദൃശ്യപരതയെപ്പോലും നിര്‍ണ്ണയിച്ചിരിക്കാനും ഇടയുണ്ട്. കലാകാരനായ ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ആന്തരികസങ്കീര്‍ണ്ണതകളുടെ പ്രതിരൂപങ്ങളായിരുന്നു അവരിരുവരും; ഘട്ടക്കും ശ്രീരാമനും.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “ഘട്ടക്കും സി.വി.ശ്രീരാമനും”

Your Email address will not be published.