
സംസ്കാരം, ചരിത്രം, വിദ്യാഭ്യാസം തുടങ്ങി ധൈഷണികമേഖലയിൽ സർവവ്യാപിയായ വ്യക്തിയും മൗലിക ബുദ്ധിജീവിയുമായിരുന്ന വിഖ്യാത ചരിത്രകാരനാണ് ഇന്നു നമ്മെവിട്ടുപിരിഞ്ഞ പ്രൊഫ.കെ.എൻ. പണിക്കർ. കെ.എൻ. പണിക്കരുടെ വിടവാങ്ങലിലൂടെ മാർക്സിസ്റ്റ് വീക്ഷണത്തിലൂടെ ചരിത്രത്തെ വ്യാഖ്യാനിച്ച പണ്ഡിതനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
ചരിത്രത്തിന്റെ മാർക്സിസ്റ്റ് വീക്ഷണത്തേയും ഗ്രാംഷിയൻ ചിന്തകളേയും തന്റെ എഴുത്തുകളിൽ നിരന്തരം ഉപയോഗിച്ച ധിഷണാശാലിയായ ഈ പണിക്കർ, ഇന്ത്യൻ ചരിത്ര ഗവേഷണകൗൺസിലിന്റെ അധ്യക്ഷനും ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുമായിരുന്നു. ചരിത്രത്തെ കാവിവൽക്കരിക്കാനുള്ള സംഘപരിവാരിന്റെ പദ്ധതികളെ, തന്റെധൈഷണികതകൊണ്ട്, കഴിഞ്ഞ അനേകം പതിറ്റാണ്ടുകളിൽ നേരിട്ട പണിക്കരുടെ ഇടപെടലുകൾ ഇനിയും ഗൗരവപൂർവം പഠിക്കപ്പെട്ടിട്ടില്ല. ഹിന്ദുത്വവാഴ്ചക്കാലത്തിനു മുമ്പുതന്നെ, അതിനെ ഏതൊക്കെ തരത്തിൽ നേരിടണമെന്നും സാംസ്കാരിക തലത്തിൽ അതിനോടെടുക്കേണ്ട സമീപനം സംബന്ധിച്ചും പണിക്കരുടെ നിരീക്ഷണങ്ങൾ, പക്ഷേ ഈ രംഗത്ത് വേണ്ടത്ര ചർച്ചചെയ്യപ്പെടാതെ പോവുകയായിരുന്നു.
മലബാർ കലാപത്തിന്നെതിരായ ഹിന്ദുത്വ നരേഷനുകളെ തന്റെ ഉറച്ചവാദമുഖങ്ങളിൽ എതിർക്കുകയും അതൊരു കാർഷിക വിപ്ലവത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റേയും ഭാഗമാണെന്നും അസന്നിഗ്ധമായി വാദിച്ചുറപ്പിച്ച ചരിത്രകാരൻകൂടിയായിരുന്നു പണിക്കർ. മലബാർ കലാപം സംബന്ധിച്ച് എഴുതപ്പെട്ട അദ്ദേഹത്തിന്റെ ‘പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ’ എന്ന കൃതി വിഖ്യാത കൃതി, അതുസംബന്ധിച്ചെഴുതപ്പെട്ട ഏറ്റവും മികച്ച കൃതിയായി ഇന്നും നിലനിൽക്കുന്നുണ്ട്. സാമ്രാജ്യത്വവിരുദ്ധവും ജന്മിത്വവിരുദ്ധവുമായിരുന്നു കലാപമെന്ന് ആദ്യം ചൂണ്ടിക്കാട്ടിയ സഖാവ് ഇ എം എസിന്റെ കണ്ടെത്തലുകളെ ഉറപ്പിക്കുന്ന നിരീക്ഷണങ്ങളാണ് പണിക്കരുടെ പഠനത്തിലൂടെ പുറത്തുവന്നത്.

വിഖ്യാത മാർക്സിസ്സ് ചിന്തകനും കേരളമാർക്സെന്നറിയപ്പെടുന്ന സഖാവ് കെ. ദാമോദരനുമൊത്ത് എഴുതാനിരുന്ന കേരളചരിത്രരചന പൂർത്തീകരിക്കപ്പെടാതെ പോവുകയായിരുന്നു. അവസാനകാലത്ത് സഖാവ് കെ. ദാമോദരൻ പണിക്കരുടെ ക്വാർട്ടേഴ്സിലായിരുന്നു താമസിച്ചിരുന്നത്. അവിടെവെച്ചാണ് അബോധാവസ്ഥയിലാകുന്നതും പിന്നീട് മരണത്തിന് കീഴടങ്ങുന്നതും. പരമ്പരാഗത ബുദ്ധിജീവികളെക്കുറിച്ചുള്ള ഗ്രാംഷിയൻ വിശകലനരീതി, മലബാർ കലാപത്തോട് പ്രതികരിച്ച പല ബുദ്ധിജീവികളേയും വിലയിരുത്താൻ പണിക്കർ ഉപയോഗിക്കുന്നുണ്ട്.
ആദരാഞ്ലി…
നഷ്ടമെന്നു തോന്നുന്ന വേർപാടുകളിൽ ഒന്നുകൂടി…!







No Comments yet!