ഇരിങ്ങാലക്കുടയെ ചോരകൊണ്ടു ചുവപ്പിച്ച ആചാരലംഘന കുട്ടംകുളം സമരം നടന്നത് കമ്യൂണിസ്റ്റ് പാര്‍ടിയുടെയും എസ്.എന്‍.ഡി.പി യോഗത്തിന്റേയും, പുലയമഹാസഭയുടേയും നേതൃത്വത്തിലായിരുന്നു.
”കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ക്രിമിനല്‍ നടപടി 125-ാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാല്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതില്‍ക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയില്‍കൂടിയും ഹിന്ദുക്കളില്‍ തീണ്ടല്‍ ജാതിക്കാര്‍ സഞ്ചരിക്കുന്നതിനാല്‍ ക്ഷേത്രവും അതിനകത്തുള്ള തീര്‍ഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാല്‍ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാല്‍ മേല്പറഞ്ഞ വഴികളില്‍കൂടി തീണ്ടല്‍ ജാതിക്കാര്‍ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാല്‍ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു.”
(1946 വരെ കുട്ടംകുളത്തിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ”തീണ്ടല്‍പ്പലക”യില്‍ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു).
കേരളത്തിലെ നവോത്ഥാനപ്പോരാട്ടങ്ങളില്‍ അവിസ്മരണീയമായ ഒന്നാണ് ‘കുട്ടംകുളം സമരം’. ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കയ്യെടുത്ത് കൊച്ചിരാജ്യത്ത് നടത്തിയ ഐതിഹാസിക പ്രക്ഷോഭമായിരുന്നു അത്. കൊടിയ ജാതിവിവേചനത്തില്‍ അമര്‍ഷം പൂണ്ട ആയിരക്കണക്കിന് പേര്‍ 1946 ജൂണ്‍ 23ന് ചരിത്രപ്രസിദ്ധമായ കൂടല്‍മാണിക്യം ക്ഷേത്രത്തിന് മുന്നിലുള്ള ‘തീണ്ടല്‍പ്പലക’ തൂത്തെറിയാന്‍ ആവേശത്തോടെ മുന്നേറി. പി ഗംഗാധരനും, കെ.വി ഉണ്ണിയുമാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഈ പ്രകടനത്തിന്റെ മുന്‍നിരയില്‍തന്നെ കാരിരുമ്പിന്റെ കരുത്തുള്ള പെണ്‍പോരാളി പി.സി. കുറുമ്പയും ഉണ്ടായിരുന്നു.
സമരക്കാരെ നേരിടാന്‍ ഇന്‍സ്‌പെക്ടര്‍ ശങ്കുണ്ണിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പൊലീസിനെയും എം.എസ്.പിക്കാരെയും വിന്യസിച്ചിരുന്നു. സമരക്കാരും പൊലീസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നു. കെ.വി ഉണ്ണിയേയും പി.ഗംഗാധരനേയും കൈകള്‍ കൂട്ടികെട്ടി വിളക്കുകാലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പി.സി. കുറുമ്പയെയും പൊലീസ് പൊതിരെ തല്ലി. കുറുമ്പയുള്‍പ്പെടെ 33 പേര്‍ക്കെതിരെ കേസെടുത്തു. പിന്നീട് പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് കേസ് പിന്‍വലിച്ചത്.
കേരളത്തിലെ കുപ്രസിദ്ധി നേടിയ ജയിലറകളില്‍ ഒന്നായി മാറിയിരുന്ന ഇരിങ്ങാലക്കുട സബ് ജയിലില്‍ പി.സി. കുറുമ്പയ്ക്കും പി.കെ. കുമാരനും ഉണ്ടായ അനുഭവം അതിനുമുന്‍പോ ശേഷമോ മറ്റാര്‍ക്കുമുണ്ടായതായി അറിവില്ല. അതുവരെ ഒരാളോടും പ്രയോഗിച്ചിട്ടില്ലാത്ത പീഡനമുറകളാണ് അവരോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.പി.ആര്‍. മേനോന്റെ നേതൃത്വത്തിലുള്ള പൊലീസ് നരാധനന്മാര്‍ പ്രയോഗിച്ചത്. രണ്ടുപേരേയും മര്‍ദ്ദിച്ച് അവശരാക്കിയശേഷം നഗ്‌നരാക്കി പരസ്യമായി ലൈംഗീകബന്ധത്തിന് പ്രേരിപ്പിച്ച ദാരുണമായ സംഭവം ആര്‍ക്കും അവിശ്വസനീയമായേ തോന്നൂ. കേവലം ഇരുപത് വയസുപോലും തികഞ്ഞിട്ടില്ലാത്ത പട്ടികജാതി യുവതിക്കുണ്ടായ ദുരനുഭവം ശക്തമായ പ്രതിഷേധത്തിനിടയാക്കി.
തിരു-കൊച്ചി നിയമസഭയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇ.ഗോപാലകൃഷ്ണമേനോന്‍ മുഖ്യമന്ത്രി പറവൂര്‍ ടി.കെ. നാരായണപിള്ളയോട് കൈചൂണ്ടി രോഷാകുലനായി ഈ സംഭവം വിവരിച്ചപ്പോള്‍ സഭയിലെ മറ്റംഗങ്ങള്‍ സ്തബ്ധരായി ഇരിക്കുകയായിരുന്നുവെന്ന് ഗോപാലകൃഷ്ണമേനോന്‍ അനുസ്മരിക്കുന്നുണ്ട്. ജയിലില്‍നിന്നും പുറത്തുവന്ന പി.കെ. കുമാരന്‍ തങ്ങള്‍ക്കേറ്റ അപമാനത്തെക്കുറിച്ച് ഒരു പത്രപ്രസ്താവന നടത്തി.
പാര്‍ട്ടിസംസ്ഥാനകമ്മിറ്റി ശക്തമായ പ്രതിഷേധക്കുറിപ്പ് ഇറക്കി. മലയാറ്റൂര്‍ രാമകൃഷ്ണന്‍ പത്രാധിപരായ ‘ഇടതുപക്ഷം’ എന്ന വാരികയില്‍ പി.കെ. കുമാരന്‍ വിശദമായ ഒരു ലേഖനം എഴുതി. എന്നാല്‍ പൊലീസിനെ അപമാനിച്ചുവെന്നാരോപിച്ച് പി.കെ. കുമാരനെതിരെ പൊലീസ് കള്ളക്കേസ് ചുമത്തി വീണ്ടും അറസ്റ്റുചെയ്തു.
കുട്ടംകുളം സമരം നടക്കുന്നതിനു തൊട്ടുമുന്‍പാണ് സമസ്ത കൊച്ചി പുലയ മഹാസഭയുടെ വാര്‍ഷിക സമ്മേളനം ഇരിങ്ങാലക്കുടയില്‍ വെച്ച് നടക്കുന്നത്. പി.കെ. ചാത്തന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഈ സമ്മേളനം നടന്നത്. പുലയരുടെ ആത്മാഭിമാനം ഉണര്‍ത്തിയ ഒരു സമ്മേളനമായിരുന്നു അത്. സമ്മേളനത്തോടനുബന്ധിച്ച് പുലയസ്ത്രീകളുടെ ഒരു പ്രകടനം കുട്ടംകുളം പരിസരത്തുകൂടി നടന്നു. ജാതി പിശാചുക്കളായ ഏതാനും സവര്‍ണര്‍ അവരെ മുറുക്കിതുപ്പി അപമാനിച്ചു. ചാത്തന്‍ മാസ്റ്ററുടെ ഭാര്യ കെ.വി. കാളി, കെ.കെ. ചക്കി, കെ.കെ. അയ്യപ്പന്റെ ഭാര്യ കാളി, പി.സി. കുറുമ്പ എന്നിവരായിരുന്നു പ്രകടനത്തിന് നേതൃത്വം നല്‍കിയിരുന്നത്.
1946 ജൂണ്‍ മുതല്‍ ജൂലായ് 6 വരെ പല ഘട്ടങ്ങളായി നടന്ന കുട്ടംകുളം സമരത്തിന് ശേഷം ഏറെക്കഴിയും മുമ്പേ കൊച്ചിരാജ്യത്ത് ക്ഷേത്രപ്രവേശന വിളംബരവും ഉത്തരവാദ ഭരണ പ്രഖ്യാപനവുമുണ്ടായി.
എന്നാല്‍ പിന്നീട് പുനരുത്ഥാന പാതയിലൂടെ മുന്നേറി നവ കേരളത്തില്‍ എത്തുമ്പോള്‍ തീണ്ടല്‍ പലക അവിടെ ഇല്ലാതെ തന്നെ ഹിന്ദുത്വത്തിന്റെ ബേസിക്ക് ആയ ജാതി വിവേചനം നിലനിര്‍ത്തുന്ന തരത്തിലേക്ക് നവകേരളം മുന്നേറി കഴിഞ്ഞിരിക്കുന്നു എന്ന് ഈ അടുത്തകാലത്ത് കൂടല്‍ മാണിക്യം ഭരതന്റെ കഴകക്കാരന്‍ ആകാന്‍ പോയ ശൂദ്ര ഈഴവന്മാര്‍ക്ക് ഉണ്ടായത് അനുഭവത്തില്‍ നിന്നും വ്യക്തമാണല്ലോ? ഭരണകൂടവും ഇപ്പോള്‍ മാനസീക ലിംഗ പരിണാമം സംഭവിച്ച് രൂപപ്പെട്ട് വന്നിട്ടുള്ള ശൂദ്ര ഈഴവന്മാരുടെ സമുദായ സംഘടനയും എല്ലാം ഹിന്ദുമതത്തിന്റെ ശ്രേണീകൃത ഐക്യം നിലനിര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധരാണെന്ന് ആ സംഭവത്തിലെ മൗനം വ്യക്തമാക്കുന്നുണ്ടല്ലോ?
ചാതുര്‍വര്‍ണ്യത്തിലെ രണ്ടാം വര്‍ണ്ണക്കാരായ ഇക്ഷവാഹ് കുലത്തില്‍ ആണ് രാമനും ഭരതനും ഒക്കെ ജനിക്കുന്നത്. അതിനും തലമുറകള്‍ മുന്നേ ഒന്നാം വര്‍ണ്ണത്തില്‍ പെട്ട വസിഷ്ഠ ഗോത്രക്കാര്‍ കൃഷി ഇറക്കിയിരുന്നു. ഈ കൃഷിക്ക് നിയോഗമെന്നും പറയും. പേര് ഇക്ഷവാഹ് ആണെങ്കിലും രാമന്‍ ബ്രാഹ്‌മണ ചോര തന്നെയാണ്. വസിഷ്ഠ കുലം. സ്ത്രീ കൃഷിഭൂമിയാണെന്ന് ഹിന്ദു വേദവും അറബി വേദവും ഒരുപോലെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബ്രാഹ്‌മണന്‍ കൃഷി ഇറക്കിയ വകയില്‍ ഉണ്ടായ രാമനെയും ഭരതേനയുമൊക്കെ ആരാധിക്കാനും കഴുകിക്കാനും ഒക്കെ നടക്കുന്ന ശൂദ്ര ഈഴവന്മാരെ ആചാരപരാമയി ഇങ്ങനെത്തന്നെയാണ് ചെയ്യേണ്ടത് എന്നകാര്യത്തില്‍ എനിക്ക് വ്യക്തിപരമായി അഭിപ്രയ വ്യത്യാസമൊന്നുമില്ല.
2022ല്‍ മാന്‍സിയ എന്ന കലാകാരിക്ക് മതത്തിന്റെ പേരില്‍ ഭരതനാട്യം അവതരിപ്പിക്കുന്നതിന് അനുവാദം നിഷേധിക്കുകയും ചെയ്തത് മുന്‍പ് വിവാദമായിരുന്നു. എന്നാല്‍ അതിന് ബിപ്ലവ സുനാതന പ്രകാരമുള്ള ആചാരപരമായ പ്രതിവിധി അവര്‍ കണ്ടെത്തി, സുരേഷ്ഗോപി സ്ത്രീകള്‍ക്ക് വേറെ ശബരിമല ഉണ്ടാക്കിക്കൊടുക്കാമെന്നു പറഞ്ഞതുപോലെ മാന്‍സിയയ്ക്ക് ഭരതനാട്യം അവതരിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ പുറത്ത് സ്റ്റേജ് കെട്ടിക്കൊടുക്കാമെന്നതായിരുന്നു ആ ബിപ്ലവ ഓഫര്‍.
കൂടല്‍ മാണിക്യത്തെ ഭരതന്റെ ചേട്ടന്റെ അമ്പലത്തില്‍ ‘ഗുരുദേവ മാഹാത്മ്യം’ കഥകളിക്ക് തന്ത്രി വിലക്കേര്‍പ്പെടുത്തിയപ്പോഴും അവസാനം ഈ ബിപ്ലവ ഫോര്‍മുല തന്നെ ആയിരുന്നു. ‘ഗുരുദേവ മാഹാത്മ്യം’ കഥകളി അവതരിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ വേറെ സ്ഥലത്ത് സ്റ്റേജ് കെട്ടിക്കൊടുക്കും, പിന്നെ വേണമെങ്കില്‍ അവര്‍ണ്ണരുടെ അമ്പലങ്ങളിലും അവതരിപ്പിച്ചോളൂ എന്ന ഡിമാന്റില്‍ ആണ് സമരം തീര്‍ന്നത്.
പുനരുത്ഥാനകേരളത്തിന്റെ ബിപ്ലവ ഫോര്‍മുല ഇപ്പോള്‍ അങ്ങിനെയാണ്. വട്ടവടയിലെ ചക്ലിയ സമുദായക്കാരെ ബാര്‍ബര്‍ ഷോപ്പില്‍ കയറ്റാതിരുന്നപ്പോള്‍ ബാര്‍ബര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം ചക്ലിയ സമുദായത്തിന് പുതിയൊരു ബാര്‍ബര്‍ ഷോപ്പ് തുറന്നുകൊണ്ട് ആചാരം സംരക്ഷിക്കുകയായിരുന്നു.
കൂടല്‍ മാണിക്യത്തിലും അവര്‍ണ്ണര്‍ക്ക് കഴുകിക്കാന്‍ വേറൊരു ഭരതനെ മതിലിന് പുറത്ത് സ്ഥാപിച്ചുകൊണ്ടോ അതല്ലെങ്കില്‍ പാര്‍ട്ടിപരിപാടിക്ക് നേതാക്കന്മാര്‍ക്ക് ഇടാന്‍ കടലാസ് മാലക്ക് പകരം ഈ അവര്‍ണ്ണ കഴകക്കാര്‍ കെട്ടുന്ന മാല ഉപയോഗിച്ചും ആചാരം സംരക്ഷിക്കാവുന്നതാണ്!
ഗുരുവായൂരിലെ ദേവസ്വം ചെയര്‍മാനെ തന്ത്രി പരസ്യമായി അധിക്ഷേപിച്ചപ്പോഴും പിന്നീട് ദേവസ്വം മന്ത്രി തന്നെ അപമാനിക്കപ്പെട്ടപ്പോഴും എല്ലാം ഹിന്ദുത്വ ആചാരം സംരക്ഷിക്കാന്‍ ബദ്ധശ്രദ്ധമായിരുന്നു നവകേരളം എന്നു കാണാവുന്നതാണ്.
വടയമ്പാടിയിലെ ജാതിമതില്‍ വിഷയത്തില്‍ ചൂദ്രര്‍ക്കൊപ്പവും. ചൂദ്ര ആര്‍ത്തവലഹളയില്‍ ചൂദ്രര്‍ക്കൊപ്പവും നിന്ന്; ചൂദ്രര്‍ക്കുവേണ്ടി EWS സംവരണം ഇന്ത്യയില്‍ ആദ്യം നടപ്പിലാക്കിയും മാന്‍സിയയെ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ കയറ്റാതിരുന്നപ്പോഴും പുറത്ത് മന്‍സിയക്ക് വേറെ സ്റ്റേജുകള്‍ ഒരുക്കി ആചാരസംരക്ഷകര്‍ക്കൊപ്പം നിന്നും, എന്തിന് മലയാള ബ്രാഹ്‌മണന്‍ പ്രത്യേക ക്ളാസ് ആണെന്ന് വരെ ഹൈക്കോടതിയില്‍ അഫിഡവിറ്റ് കൊടുത്തും മുന്നേറിക്കൊണ്ടിരിക്കുന്നു നവകേരളത്തില്‍ ഇന്ന് കുട്ടംകുളം സമരദിനത്തെക്കുറിച്ച് ഓര്‍ക്കാതിരിക്കുന്നതാണ് കൂടുതല്‍ ഉചിതം.
നബി: ഇതെല്ലാം മാര്‍ക്‌സിനെ പിടിച്ച് ബ്രാക്കറ്റില്‍ ഇട്ടിട്ട് ബ്രാഹ്‌മണന്‍ പ്രത്യേക ക്ളാസ് ആണെന്ന് കണ്ടുപിടിച്ച പ്രത്യേകതരം പാര്‍ട്ടി രൂപം കൊള്ളൂന്നതിന് മുന്‍പ് പഴയ സിപിഐ നടത്തിയ സമരങ്ങളാണ് എന്ന് ഒരു ന്യായം ഇല്ലാതില്ല.
No Comments yet!