Skip to main content

ജൂലായ് 7 ഒരു യുക്തിവാദി മുഖ്യമന്ത്രിയുടെ ഓര്‍മ്മദിനം

1935 ജൂണ്‍ ഏഴിന് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനത്തു വച്ച് ദിവാന്‍ സര്‍. സി.പി.യുടെ പൊലീസ് ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കാള്‍ മാര്‍ക്‌സിന്റെയും ആശയങ്ങളില്‍ ആകൃഷ്ടനായ ഒരു നിരീശ്വരവാദിയെ അറസ്റ്റ് ചെയ്തു. പേര് സി.കേശവന്‍. കുറ്റം രാജ്യദ്രോഹം!

അതേവര്‍ഷം മെയ് 11ന് നടത്തിയ, ഐക്യകേരളത്തിന്റെ കാഹളമെന്നു ചരിത്രം വിശേഷിപ്പിക്കുന്ന കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. എല്ലാവര്‍ക്കും ആരാധനാ സ്വാതന്ത്ര്യം, പ്രായപൂര്‍ത്തി വോട്ടവകാശം, എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തുടങ്ങിയ പൗരാവകാശങ്ങള്‍ ഈഴവര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും നിഷേധിച്ചു സവര്‍ണഭരണം നടത്തിയ ദിവാനെതിരെ ‘സര്‍. സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല’ എന്നു പറഞ്ഞു നടത്തിയ പ്രസംഗമായിരുന്നു പ്രകോപനം.

 

സി.പി.യുടെ ചോറ്റുപട്ടാളത്തെ വെല്ലുവിളിച്ച ‘അന്ധകാരമയമായ ഈ സമയത്ത്’ എന്നുതുടങ്ങുന്ന ആ പ്രസംഗം, പിറക്കാന്‍ പോകുന്ന ഐക്യകേരളം ഏതുതരത്തിലുള്ളതാകണമെന്ന വ്യക്തമായ കാഴ്ച്ചപ്പാടായിരുന്നു. സവര്‍ണ മേല്‍ക്കോയ്മയും ഉച്ചനീചത്വങ്ങളും ഇല്ലാത്തതും അന്ധവിശ്വാസമുക്തവും പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായ കേരളത്തെയാണ് കോഴഞ്ചേരി പ്രസംഗത്തില്‍ സി.കേശവന്‍ വിഭാവനം ചെയ്തത്. ആ പ്രസംഗം നിവേദനങ്ങളും പ്രമേയങ്ങളുമായി ഒതുങ്ങിനിന്നിരുന്ന നിവര്‍ത്തന പ്രക്ഷോഭത്തെ രാജവാഴചയ്ക്കും ദിവാന്‍ ഭരണത്തിനുമെതിരായ പ്രത്യക്ഷസമരത്തിന്റെ കുത്തൊഴുക്കിനു വഴിതുറന്നു കൊടുത്തു.

കൊല്ലം സെഷന്‍സ് കോടതി കോഴഞ്ചേരി പ്രസംഗത്തിന്റെ പേരില്‍ സി.കേശവനെ ഒന്നരവര്‍ഷം കഠിനതടവിനു ശിക്ഷിച്ചു. ഇതിനെതിരെ അപ്പീല്‍ നല്‍കിയപ്പോള്‍ ശിക്ഷ രണ്ടു വര്‍ഷമായി വര്‍ധിപ്പിക്കുകയായിരുന്നു. ആപ്രസംഗത്തിന്റെ പേരില്‍ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരനായി രണ്ട് വര്‍ഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു.

പില്‍ക്കാലത്ത്, പലപ്പോഴും രാജഭരണം അദ്ദേഹത്തെ തുറുങ്കിലടച്ചു. അവക്കൊന്നും തന്റേടത്തെയും ചങ്കൂറ്റത്തെയും തളര്‍ത്താനായില്ല. ബ്രിട്ടീഷ് ആധിപത്യവും രാജഭരണവും അവസാനിപ്പിച്ച് തിരുവിതാംകൂര്‍ സ്വതന്ത്രമായപ്പോള്‍ ജനകീയ മന്ത്രിസഭയില്‍ തൊഴില്‍, വനം, ആരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി. 1951ല്‍ തിരു-കൊച്ചി മുഖ്യമന്ത്രിയായി.

കളങ്കമില്ലാത്ത, സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തിന്റെ അപൂര്‍വ മാതൃകകളിലൊന്നാണ് സി. കേശവന്‍. അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയമണ്ഡലത്തില്‍ അരങ്ങുതകര്‍ത്തുവാഴുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത്തരം രാഷ്ട്രീയ പ്രവര്‍ത്തകരില്‍നിന്ന് വിഭിന്നനാണ് സി.കേശവന്‍. കൈവെച്ച രംഗങ്ങളിലെല്ലാം സ്വകീയ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഒരാളാണ്.

നവോത്ഥാനമുന്നേറ്റം കേരളത്തിന് നല്‍കിയ വിശിഷ്ട സംഭാവനയാണ് സി.കേശവന്‍. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനജീവിതം ഒരു തുറന്ന പുസ്തകമാണ്. നിവര്‍ത്തനപ്രക്ഷോഭ നായകനും സ്വാതന്ത്ര്യസമരസേനാനിയും തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവന്‍ അചഞ്ചലനായ യുക്തിവാദിയുമായിരുന്നു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാഴുന്ന കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. എന്നാല്‍, അക്കാലത്ത് അതിനെതിരെ പടപൊരുതിയ മഹാനാണ് യുക്തിവാദിയായ അദ്ദേഹം.

”കത്തട്ടെ, ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും”- ശബരിമലയില്‍ തീപിടിത്തമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന സി.കേശവന്‍ പ്രതികരിച്ചതിങ്ങനെയാണ്. മലയാളികള്‍ക്ക് ഇന്നും മറക്കാനും പലര്‍ക്കും സഹിക്കാനും കഴിയാത്ത ഒരു പ്രഖ്യാപനമായിരുന്നു അത്.

ഒരു അച്ഛനെ മകന്റെ വിമാന അപകട മരണത്തില്‍ പോലും എതിരാളികള്‍ 75 വര്‍ഷം വേട്ടയാടുകയും ആഘോഷമാക്കുകയും ചെയ്തത് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നുകൊണ്ട് നടത്തിയ ”കത്തട്ടെ, ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും” എന്ന ആ പ്രസ്താവനയുടെ പേരിലാണ്. അങ്ങിനെ പറയാന്‍ നട്ടെല്ലുള്ള ഒരു മുഖ്യമന്ത്രി ഇനി കേരളത്തില്‍ ഉണ്ടാകാനും പോകുന്നില്ല.

മലയാള ഭാഷ എക്കാലവും സ്മരിക്കാനിടയുള്ള മനോഹരമായ ഒരു സാഹിത്യസമ്മാനവും അദ്ദേഹം കേരളത്തിന് നല്‍കി: ‘ജീവിതസമരം’. ആത്മകഥകള്‍ മലയാളത്തില്‍ പലതുണ്ടെങ്കിലും സി.കേശവന്റെ ജീവിതകഥ അതില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. സത്യസന്ധതയും വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജവവും ഒന്നും ഒളിച്ചുവെക്കാത്ത ആവിഷ്‌കാര ശൈലിയും ‘ജീവിതസമര’ത്തെ വ്യത്യസ്തമാക്കുന്നു.

ഹിന്ദുത്വവാദികള്‍ സി.കേശവനെ ഒരിക്കലും മറക്കില്ല. സഹോദരന്‍ അയ്യപ്പനെപോലെ തന്നെ തികഞ്ഞ ഹിന്ദുത്വ വിരോധി ആയിരുന്ന സി.കേശവനാണ് ഹിന്ദുവിനെ ജന്തു എന്ന് ആദ്യമായി പ്രയോഗിച്ചത്.
”ആ ജന്തു നമുക്കാവശ്യമില്ല. ഞാന്‍ ജന്തു എന്നു പറഞ്ഞത് ഹിന്ദു എന്നാണ്…’‘ എന്ന് എടുത്തു പറഞ്ഞുകൊണ്ടാണ് പ്രസ്തുത പ്രസംഗം സി.കേശവന്‍ ഉപസംഹരിക്കുന്നത്.

‘ജീവിതസമര’ത്തിന് അവതാരിക എഴുതിയത് യുക്തിവാദിയായ അച്ഛന്റെ യുക്തിവാദിയായ മകന്‍ കെ. ബാലകൃഷ്ണനാണ്. ഒരു പക്ഷേ ഇതും ഒരു ചരിത്രമാകാം. അവതരികയില്‍ കെ ബാലകൃഷ്ണന്‍ ഇങ്ങനെ പറയുന്നു- ”ജീവിതസമരം അവതരിപ്പിക്കാന്‍ അച്ഛന്‍ എന്നോടാവശ്യപ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തില്‍ എനിക്കിതുവരെ ലഭിച്ചിട്ടുള്ളതും ഇനി ലഭിക്കാനിടയുള്ളതുമായ ഏറ്റവും വലിയ പിതൃസ്വത്ത് ഈ ബഹുമതിയാണെന്നു ഞാന്‍ കരുതുന്നു.”

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ഒരേ സമയത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞവരാണ് സി.കേശവനും മകന്‍ കെ.ബാലകൃഷ്ണനും അങ്ങിനെയും ഒരു മുഖ്യമന്ത്രിയും മകനും വേറെ ഉണ്ടാവില്ല, ഇനി ഉണ്ടായാലും വല്ല തട്ടിപ്പ് കേസിലോ അഴിമതി കേസിലോ ആയിരിക്കും.

എങ്കിലും അച്ഛന്റെ കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് യോജിപ്പുള്ള ആളായിരുന്നില്ല ആര്‍.എസ്.പി നേതാവ് കൂടി ആയിരുന്ന മകന്‍. അച്ഛന്‍ മത്സരിച്ചപ്പോഴും എതിരാളിയുടെ പ്രചാരണയോഗങ്ങളിലെ മുഖ്യപ്രസംഗികള്‍ മകനായിരുന്നു.

മകനെ കുറിച്ച് സി.കേശവന്‍ പ്രസംഗിച്ചതിങ്ങനെ – ‘എന്റെ മകനായ ബാലനാണ് എന്റെ മുഖ്യ എതിരാളി. ഞാന്‍ വാടക കൊടുക്കുന്ന വീട്ടില്‍ താമസിച്ചുകൊണ്ട് എന്റെ ചോറും ഭക്ഷണവും കഴിച്ച് എന്റെ പശുക്കളുടെ പാലും കുടിച്ചിട്ടാണ് അവന്‍ ഈ വന്‍ പ്രചരണം എനിക്കെതിരെ നീക്കുന്നത്. ഒരു ദരിദ്രനായ ഞാന്‍ പല പണച്ചാക്കുകളെയും എതിര്‍ത്തുകൊണ്ടാണ് ഈ നിയോജക മണ്ഡലത്തില്‍ ഒരു ജീവന്മരണസമരം തന്നെ നടത്തുന്നതെന്ന സത്യം അവന്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു.”

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ എതിരാളിയായിരുന്നെങ്കിലും കെ.ബാലകൃഷ്ണന്‍ ആരാധിക്കുന്ന രാഷ്ട്രീയ വ്യക്തിത്വം സി.കേശവന്‍ തന്നെ ആയിരുന്നു. അച്ഛനെതിരെ ജന്മനാടായ മയ്യനാടുവച്ച് തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ ബാലകൃഷ്ണന്‍ പറഞ്ഞതിങ്ങനെയാണ്- ”ദൈവത്തില്‍ എനിക്കു വിശ്വാസമില്ല, അന്ധമായ വിശ്വാസത്തിന്റെ പ്രതീകമാണ് ദൈവമെങ്കില്‍ എന്റെ ദൈവം സി.കേശവനാണ്. എന്റെ അച്ഛനെ, എന്റെ അച്ഛന്‍ വിശ്വസിക്കുന്നതിനെതിരായ എല്ലാ വിഴുപ്പുകെട്ടുകളും ചുമക്കാന്‍ ചിലരൊക്കെ പ്രേരിപ്പിക്കുന്നുണ്ട്. എന്റെ അച്ഛനെ തുലയ്ക്കരുതേ, എന്റെ അച്ഛനെ ഈ കോണ്‍ഗ്രസില്‍ നിന്നു രക്ഷിക്കുക. അതു മാത്രമേ എനിക്ക് അഭ്യര്‍ഥിക്കാനുള്ളൂ…..”

എന്തായാലും കോണ്‍ഗ്രസുകാര്‍ പോലും അവരുടെയൊക്കെ റെയ്ഞ്ചിനും അപ്പുറമായതിനാലാവും ഈ യുക്തിവാദി മുഖ്യമന്ത്രിയെ ഇന്ന് ഓര്‍ക്കാറില്ല.

No Comments yet!

Your Email address will not be published.