
Dr. Ambedkar at Yeola, 13th October 1935
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ മതം മാറ്റിയ ഒരൊറ്റ വ്യക്തി ആരായിരുന്നു? അത് ഏതെങ്കിലും മിഷനറി ആയിരുന്നോ? മൗലവി ആയിരുന്നോ? അവരാരും ആയിരുന്നില്ല. അദ്ദേഹം ഒരു ഇന്ത്യക്കാരന്‍ ആയിരുന്നു. വെറുമൊരു ഇന്ത്യക്കാരന്‍ ആയിരുന്നില്ല. മഹാനായ ഇന്ത്യക്കാരന്‍. മുഴുവന്‍ പേര് ബീമാറാവു റാംജി അംബേദ്കര്‍. ജയ് ഭീം!
ഒറ്റയടിക്ക് ലക്ഷക്കണക്കിന് പേരെ മതം മാറ്റിയ വ്യക്തി. ഹിന്ദുമതത്തില്‍ നിന്നാണ് അദ്ദേഹം ഒറ്റയടിക്ക് മൂന്നു ലക്ഷത്തി അറുപത്തി അയ്യായിരം പേരെ ബുദ്ധമതത്തിലേക്ക് കണ്‍വര്‍ട്ട് ചെയ്തത്. 1956 ഒക്ടോബര്‍ 14നാണ് ജാതിഹിന്ദുക്കളെ ഞെട്ടിച്ച ആ സംഭവം നടന്നത്. നാഗ്പ്പൂര്‍ എന്ന മഹാരാഷ്ട്രാ ജില്ലയിലാണ് ഈ കടുംകൈ നടന്നത്. ഈ സ്ഥലം ഇപ്പോള്‍ അറിയപ്പെടുന്നത് ദീക്ഷാഭൂമി എന്നാണ്. ‘ദീക്ഷ’ എന്നാല്‍ മതം സ്വീകരിക്കുക എന്നാണ് അര്‍ത്ഥം. ‘ഭൂമി’ എന്നാല്‍ അതിനുവേദിയായ ഇടം. എല്ലാ വര്‍ഷവും ഒക്ടോബര്‍ 14-ന് ആയിരക്കണക്കിന് ആളുകള്‍ ഇവിടെയെത്തി ആ ചടങ്ങിന്റെ ഓര്‍മ്മ പുതുക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യാറുണ്ട്.
എന്നാല്‍ എല്ലാ ദിവസവും അവിടെ തിരക്ക് തന്നെയാണ്.
അംബേദ്കര്‍ ഒരു നാസ്തികന്‍ ആയിരുന്നെങ്കിലും പ്രാര്‍ത്ഥനയും ഭജനയും ഒക്കെ തന്നെയാണ് അവിടെയും. പക്ഷെ ബ്രാഹ്‌മണപൂജാരിമാരുടെ അഭ്യാസങ്ങള്‍ അവിടെ ഇല്ല. ഒരൊറ്റ ദിവസം ഇത്രയും പേര്‍ മതം മാറുന്നത് ചരിത്രത്തില്‍ ആദ്യമാണ്. എന്നാല്‍ അതിലും വലിയ മതം മാറ്റങ്ങള്‍ ചരിത്രത്തില്‍ ഇല്ലാത്തതല്ല. ഇറാഖിലെ കുര്‍ദിസ്ഥാനില്‍ സമീപകാലത്ത് ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ സൊരാസ്ട്രിയന്‍ മതം സ്വീകരിച്ചിട്ടുണ്ട്. അത് ഐസിസിനെ പേടിച്ചാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ലാറ്റിന്‍ അമേരിക്കയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പെന്തക്കോസ്തായിട്ടുണ്ട്. എന്നാല്‍ അതൊക്കെ കൂട്ടമായ പരിശ്രമങ്ങള്‍ കൊണ്ടാണ്, വര്‍ഷങ്ങള്‍ എടുത്താണ് അത് സാധിച്ചത്. കാശ്മീരില്‍ ചില മുസ്ലീം ഭരണാധികാരികള്‍ പണ്ഡിറ്റുകളെ ഓടിച്ചിട്ട് പിടിച്ചു മതം മാറ്റിയിട്ടുണ്ട്. അങ്ങനെയാണ് അവിടെ മുസ്ലീങ്ങളെ കൊണ്ട് നിറഞ്ഞത്. പക്ഷേ അതിനും കാലങ്ങള്‍ വേണ്ടിവന്നു.
പറഞ്ഞുവരുമ്പോള്‍ ഷേക്ക് അബ്ദുള്ളയുടെ ബാപ്പയുടെ ബാപ്പ ‘ഒരു അച്ഛനാണ്’.
എന്നാല്‍ ഒക്ടോബര്‍ 14ന് നാഗ്പൂരിലെ വീരഭൂമിയില്‍ നടന്നത് വേറൊന്നാണ്. ഒരു വ്യക്തി മൂന്നുലക്ഷത്തി അറുപത്തയ്യായിരം പേരെ മതം മാറ്റി. എന്തുകൊണ്ടാണ് അംബേദ്കര്‍ ഈ കടുംകൈ ചെയ്തത്? താനൊരു ഹിന്ദുവായി ജനിച്ചു, ഒരിക്കലും ഒരു ഹിന്ദുവായി മരിക്കില്ല. അംബേദ്കറുടെ പഞ്ച് ഡയലോഗ് ആണിത്. വളരെ മുമ്പ് തന്നെ അദ്ദേഹം അത് പറഞ്ഞിരുന്നു. അതിനുള്ള കാരണങ്ങള്‍ അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തില്‍ നിന്ന് മാത്രം നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. അദ്ദേഹം പണിപ്പെട്ടു തയ്യാറാക്കിയ ഒരു പ്രസംഗമാണത്. എന്നാല്‍ ഒരു വേദിയില്‍ പോയി പ്രസംഗിക്കാന്‍ കഴിയാത്ത ഒരു പ്രസംഗം. ആ പ്രസംഗത്തില്‍ അദ്ദേഹം ചില കഥകള്‍ പറയുന്നുണ്ട്.
വെറും കഥകളല്ല സംഭവകഥകള്‍. ഹിന്ദുവായി ജനിച്ചു ഹിന്ദുവായി മരിക്കില്ല എന്നു തീരുമാനിക്കാനുണ്ടായ ചില കാരണങ്ങള്‍.

അംബേദ്കര്‍ ജനിച്ചത് ശിവജി ഭരിച്ച നാട്ടിലാണ്. മറാത്ത എന്ന രാജ്യം. 1680ല്‍ ശിവജി മരിച്ചു. ശിവജിയുടെയും മക്കളുടെയും കാലത്തിനു ശേഷം ഭരണം ഏറ്റെടുത്തത് പേഷ്വാകള്‍ ആയിരുന്നു. ആരായിരുന്നു പേഷ്വകള്‍. അവര്‍ ചിത്പാവന്‍ ബ്രാഹ്‌മണര്‍ ആയിരുന്നു. ഇന്ത്യയിലെ ഏതെങ്കിലും ഒരു ജാതിയില്‍ നിന്ന് ഏറ്റവും കുറച്ച് സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ഉണ്ടായിട്ടുണ്ടോ അത് ആ ജാതിയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ അവിടുത്തെ ജാതി നിയമങ്ങള്‍ കഠിനമായിരുന്നു. അന്നത്തെ കേരളം പോലെ തന്നെ. അവര്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നോക്കൂ.
വിലക്ക് നമ്പര്‍ വണ്‍
ഒരു വഴിയിലൂടെ ഒരു ഹിന്ദു വരുന്നുണ്ടെങ്കില്‍ തൊട്ടുകൂടാത്തവര്‍ എതിരെ വരാന്‍ പാടില്ല. എന്തിനാണ് ഇങ്ങനെ വിലക്കുന്നത്. വീതിയുള്ള ഒരു തെരുവിലൂടെ രണ്ട് മനുഷ്യര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും ടച്ച് ചെയ്യാതെ പോകാന്‍ കഴിയുമല്ലോ. പിന്നെന്താ പ്രശ്‌നം? ശരിയാണ്, തൊട്ടുകൂടാത്തവനെ തൊടാതെ ഒരു ജാതി ഹിന്ദുവിന് കടന്നുപോകാന്‍ കഴിയും. പക്ഷേ നിഴലാണ് പ്രശ്‌നം. താഴ്ന്ന ജാതിക്കാരനും മനുഷ്യരെ പോലെ നിഴലുണ്ട്. ആ നിഴലും അശുദ്ധി ഉണ്ടാക്കും. Pollution ആണ് അശുദ്ധി. അശുദ്ധിയെ പ്രാദേശികമായി പറയുമ്പോള്‍ അയിത്തം എന്നായി മാറുന്നു. ജാതിഹിന്ദുവിന്റെ അശുദ്ധി സങ്കല്‍പ്പം എന്നത് ഇന്നത്തെ മലയാളിക്ക് മനസ്സിലാവാത്ത ഒരു സംഭവമാണ്. എതിരെ കടന്നുപോയ ആ തൊട്ടുകൂടാത്തവന്റെ നിഴല്‍ ഒരു ജാതിഹിന്ദുവിന്റെ മേല്‍ വീണാല്‍ ആ ജാതിഹിന്ദു അശുദ്ധനാകും. ഹിന്ദു അശുദ്ധമായാല്‍ ഭാരതം അശുദ്ധമാകും. ഭാരതം അശുദ്ധമായാല്‍ ലോകം അശുദ്ധമാകും. ലോകം അശുദ്ധമായാല്‍ പ്രപഞ്ചം മൊത്തം അശുദ്ധമാകും.
ഇതുമാത്രമാണോ ജാതിഹിന്ദുവിന്റെ പ്രശ്‌നം? അല്ല! ഒരു പ്രദേശത്ത് വസിക്കുന്ന മനുഷ്യരെല്ലാവരും ഏകദേശം ഒരുപോലെ ഇരിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. നാം ഇന്ത്യക്കാരെ പൊതുസ്ഥലങ്ങളില്‍ വെച്ച് നോക്കുമ്പോള്‍ ആകെ കുഴയും. വ്യക്തികളെ വേര്‍തിരിച്ചറിയാന്‍ പറ്റുന്നില്ല. ഇവന്മാരില്‍ ആരാണ് തൊട്ടുകൂടാത്തവന്‍, ആരാണ് തീണ്ടിക്കൂടാത്തവന്‍ – ഇതെങ്ങനെ തിരിച്ചറിയാന്‍ പറ്റും? ബ്രാഹ്‌മണര്‍ ചിന്തിച്ചു, തല കാഞ്ഞു. സൊലൂഷന്‍ ഉണ്ടായി.
അയിത്ത ജാതിക്കാരന്റെ കഴുത്തിലോ കൈത്തണ്ടയിലോ ഒരു ചരട് കെട്ടിവെപ്പിക്കുക. അങ്ങനെ അതൊരു നിയമമായി. അയിത്തജാതിക്കാരന്‍ പൊതു സ്ഥലത്ത് വരുമ്പോള്‍ കഴുത്തിലോ കൈയ്യിലോ ഒരു ചരട് ഞാത്തി ഇടണം. പേഷ്വാ ഭരിച്ചിരുന്നത് പൂന ആസ്ഥാനമാക്കിയായിരുന്നു. ആസ്ഥാനത്ത് ഇതിനെക്കാളും മനോഹരമായ ആചാരങ്ങള്‍ പുള്ളി നടപ്പാക്കി. അയിത്തജാതിക്കാരന്‍ അരയില്‍ ഒരു ചൂലും കെട്ടി നടക്കണം. പിന്നെ ഒരു ചെറിയ മണ്‍കലവും ഏന്തണം. അവന്‍ നടന്ന വഴി അവന്‍ തന്നെ ശുദ്ധമാക്കണം: അതിനാണ് ചൂല്‍. അല്ലെങ്കില്‍ അതേ വഴി വന്ന ഒരു ഹിന്ദു അശുദ്ധനാകും. മണ്‍കലം അവന് തുപ്പാന്‍ ഉള്ളതാണ്. അവന്റെ തുപ്പലില്‍ അബദ്ധത്തില്‍ ചവിട്ടുന്ന ഹിന്ദുവിന്റെ ജന്മം തുലഞ്ഞു. ഇത്തരം കൊടിയ വിവേചനങ്ങളുമായി ബ്രാഹ്‌മണ രാജ്യം മുന്നോട്ടു പോയിക്കൊണ്ടിരിക്കേ ബ്രിട്ടീഷുകാര്‍ ആ രാജ്യത്തെ ഉന്നം വെച്ചു. ജാതിപീഡനം കൊണ്ട് സഹികെട്ട മഹര്‍ എന്ന പട്ടികജാതിക്കാര്‍ ബ്രിട്ടീഷുകാരോട് ഒപ്പം ചേര്‍ന്നു. ബ്രിട്ടീഷുകാര്‍ അവര്‍ക്ക് വേണ്ടി ഒരു റെജിമെന്റ് ഉണ്ടാക്കി. 500 പേരുടെ മഹര്‍ സൈന്യ റെജിമെന്റ്. ഈ റെജിമെന്റ് 1818ല്‍ ബാജിറാവു എന്ന പേഷ്വയുടെ അമ്പതിനായിരം പേരുള്ള സൈന്യവുമായി ഏറ്റുമുട്ടി. അന്ന് അവസാനിച്ചു ബ്രാഹ്‌മണ രാജ്യം. ഇതാണ് കൊറിഗാവ് യുദ്ധം എന്നറിയപ്പെടുന്നത്.
ഇതില്‍നിന്ന് എന്തെങ്കിലും ജാതി ഹിന്ദുക്കള്‍ പഠിച്ചോ? നമുക്ക് നോക്കാം. 1936ലാണ് അംബേദ്കര്‍ ഈ പ്രസംഗം തയ്യാറാക്കിയത്. അതിനു മുമ്പുള്ള ഒരു സംഭവം അംബേദ്കര്‍ എടുത്ത് പറയുന്നുണ്ട്. 1928 ജനുവരി നാലിന് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കപ്പട്ട ഒരു റിപ്പോര്‍ട്ട്. ഇന്‍ഡോറിലെ ബാലിയ എന്ന തൊട്ടുകൂടാത്ത ജാതിക്കാരെ പറ്റിയായിരുന്നു ആ റിപ്പോര്‍ട്ട്. അവിടത്തെ ജാതിഹിന്ദുക്കളായ ചില രജപുത്രന്മാരും പട്ടേലുമാരുമാരും ബാലിയകള്‍ക്കെതിരെ ചില വിലക്കുകള്‍ നടപ്പാക്കി. കനാരിയ, ബിചോളി തുടങ്ങിയ 15 ഗ്രാമങ്ങളില്‍ ആ വിലക്കുകള്‍ ബാധകമാക്കി.
എന്തൊക്കെയായിരുന്നു ആ വിലക്കുകള്‍?
1) ബാലിയകള്‍ സ്വര്‍ണ്ണക്കരയുള്ള കുപ്പായങ്ങള്‍ ധരിക്കാന്‍ പാടില്ല. ചിത്രതുന്നലുള്ളതും നിറമുള്ളതുമായ ദോത്തികള്‍ ധരിക്കരുത്.
2) ഏതെങ്കിലും ജാതിഹിന്ദു മരിച്ചാല്‍ അകലങ്ങളില്‍ താമസിക്കുന്ന ബന്ധുക്കളെ വിവരം അറിയിക്കേണ്ടത് ബാലിയകളുടെ ജോലിയാണ്.
3) ജാതിഹിന്ദുക്കളുടെ വിവാഹം നടക്കുമ്പോള്‍ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടേണ്ടത് ബാലിയകളാണ്.
4) ബാലിയ ജാതിയിലെ സ്ത്രീകള്‍ സ്വര്‍ണത്തിലോ വെള്ളിയിലോ ഉള്ള ആഭരണങ്ങള്‍ ധരിക്കരുത്.നിറമുള്ളതോ ചിത്രത്തുന്നല്‍ ഉള്ളതുമായ കുപ്പായങ്ങളും ധരിക്കരുത്.
5) ഹിന്ദു സ്ത്രീകളുടെ പ്രസവസംബന്ധമായ എല്ലാ ശുശ്രൂഷകളും ഏറ്റെടുക്കേണ്ടത് ബാലിയ സ്ത്രീകളാണ്. ഇതിന് പ്രതിഫലം ഒന്നും വാങ്ങിക്കൂടാ. എന്തെങ്കിലും തന്നാല്‍ വേടിച്ചോളൂ.
ഈ നിബന്ധനകള്‍ അംഗീകരിക്കാന്‍ പറ്റാത്തവര്‍ അവരുടെ ഗ്രാമങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകണം. പക്ഷേ ഈ അഞ്ചു നിയമങ്ങളും അംഗീകരിക്കാന്‍ ബാലിയകള്‍ തയ്യാറായില്ല . അപ്പോള്‍ ജാതിഹിന്ദുക്കള്‍ ഗ്രാമത്തിലെ കിണറുകള്‍ക്ക് കാവല്‍ നിന്നു. വെള്ളം കോരാന്‍ വരുന്ന ബാലിയകളോട് അവര്‍ പറഞ്ഞു, ”ഒരു തുള്ളി വെള്ളം തരില്ല”. ബാലിയകളുടെ കന്നുകാലികള്‍ മേയുന്ന മേച്ചില്‍ സ്ഥലങ്ങളും അവര്‍ തടഞ്ഞു.
ബാലിയകള്‍ക്കും നിലം ഉണ്ടായിരുന്നു, പക്ഷേ അതിന് ചുറ്റും ജാതിഹിന്ദുക്കളുടെ നിലങ്ങളായിരുന്നു. പിന്നെങ്ങനെ അവിടേക്ക് പ്രവേശിച്ച് കൃഷി ചെയ്യും? നിവൃത്തിയില്ല. ബാലിയകള്‍ ഇന്‍ഡോറിലെ കോടതിയില്‍ പോയി.
ഒരു കാര്യവും ഉണ്ടായില്ല. ജാതി ഹിന്ദുക്കള്‍ ബാലിയകളെ മര്‍ദ്ദിച്ചു, അവരുടെ കുടിവെള്ളം മുട്ടിച്ചു. ഇനി എത്രകാലം പിടിച്ചു നില്‍ക്കും? നൂറുകണക്കിന് ബാലിയകള്‍ കുടുംബത്തോടൊപ്പം വീടുകള്‍ ഉപേക്ഷിച്ചു പോയി.
ഈ ദാരുണ സംഭവം പറഞ്ഞതിനുശേഷം ഗുജറാത്തിലെ കവിത എന്ന ഗ്രാമത്തില്‍ നടന്ന ഒരു സംഭവം അംബേദ്കര്‍ വിശദീകരിക്കുന്നുണ്ട്. 1935 ആഗസ്റ്റില്‍ ബോംബെ സര്‍ക്കാര്‍ തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെട്ടിരുന്ന വിദ്യാര്‍ത്ഥികളെ പ്രാദേശിക സ്‌കൂളുകളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അയിത്തം (untouchability) അവസാനിപ്പിക്കുന്നതിന്റെ ഭാഗമായ ഒരു നടപടി. പക്ഷെ ഉയര്‍ന്ന ജാതി ഹിന്ദുക്കള്‍ക്ക് ഇത് സഹിച്ചില്ല. ബ്രിട്ടീഷുകാര്‍ ജാതിവ്യവസ്ഥയ്‌ക്കെതിരായിരുന്നതിനാല്‍ അവരെ സ്വാധീനിക്കാന്‍ ജാതി ഹിന്ദുക്കള്‍ക്ക് കഴിഞ്ഞില്ല. വെള്ളക്കാര്‍ അയിത്തജാതിക്കാരുടെ അവകാശങ്ങള്‍ക്ക് ഒപ്പം നിന്നു. അപ്പോള്‍ ജാതി ഹിന്ദുക്കള്‍ മറ്റൊരടവെടുത്തു. നിങ്ങളുടെ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കരുത്. പറഞ്ഞയച്ചാല്‍ ഞങ്ങളുടെ കുട്ടികള്‍ അവരെ തല്ലിച്ചതക്കും. സാധാരണ ഗതിയില്‍ ജാതിഹിന്ദുക്കളെ വെല്ലുവിളിക്കാന്‍ അയിത്തജാതിക്കാര്‍ അശക്തരാണ്. എന്നാല്‍ ഏതു ദുര്‍വിധിയുടെ മരുഭൂമിയിലും ഒരു അയ്യങ്കാളി ഉണ്ടായിരിക്കുമല്ലോ. അവിടത്തെ ഏതോ ഒരു അയ്യങ്കാളി നാല് അയിത്ത ജാതി കുട്ടികളുടെ കയ്യും പിടിച്ച് സ്‌ക്കൂളിലേക്ക് ചെന്ന് അവരെ അവിടെ ചേര്‍ത്തു. ആ കുട്ടികളെ മേല്‍ ജാതിക്കാര്‍ ശാരീരികമായി ആക്രമിച്ചു. മാത്രമല്ല അയിത്ത ജാതിക്കാര്‍ക്ക് മൊത്തം സാമൂഹ്യ വിലക്കും കല്‍പ്പിച്ചു. എന്നിട്ടും പോരാതെ ആ ഗ്രാമത്തില്‍ കേറിച്ചെന്ന് അമ്മമാരെ ബലാത്സംഗം ചെയ്തു.
1935 ല്‍ തന്നെ ഗുജറാത്തില്‍ നടന്ന ഒരു സംഭവമാണ് പിന്നീട് അംബേദ്കര്‍ മുന്നോട്ടുവയ്ക്കുന്നത്. അഹമ്മദാബാദ് ജില്ലയിലെ സാനു എന്ന ഗ്രാമത്തില്‍ ഒരു അയിത്തജാതിക്കാരി സ്ത്രീ ലോഹം കൊണ്ടു നിര്‍മ്മിച്ച ഒരു കുടത്തില്‍ വെള്ളമെടുക്കാന്‍ ശ്രമിച്ചു. ഒരു അയിത്ത ജാതിക്കാരി ലോഹം കൊണ്ടുള്ള കുടം ഉപയോഗിക്കുകയോ? മേല്‍ജാതിക്കാരന്റെ ദുരഭിമാനം പൊന്തിവന്നു. ആ സ്ത്രീയെ അവര്‍ ആക്രമിച്ചു. ജയ്പൂരിലെ ചക് വാര ഗ്രാമത്തില്‍ സംഭവിച്ചത് മറ്റൊരു കാര്യമാണ്. അവിടുത്തെ ഒരു അയിത്ത ജാതിക്കാരന്‍ ഒരു തീര്‍ത്ഥാടനത്തിന് പോയി. നാട്ടില്‍ തിരിച്ചെത്തിയ സമയം എല്ലാ അയിത്തജാതിക്കാരെയും വിളിച്ചു ഒരു സദ്യ കൊടുത്താലോ എന്ന് അദ്ദേഹത്തിന് തോന്നി. സദ്യക്ക് സമ്പുഷ്ടങ്ങളായ കുറെ വിഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതെങ്ങനെയോ ഉയര്‍ന്ന ജാതിക്കാര്‍ അറിഞ്ഞു. സദ്യ നടക്കുന്ന ഇടത്തേക്ക് ദണ്ഡയും ഏന്തിക്കൊണ്ട് നൂറുകണക്കിന് ജാതി ഹിന്ദുക്കള്‍ അവിടേക്ക് പാഞ്ഞടുത്തു. അവര്‍ ഭക്ഷ്യവിഭവങ്ങള്‍ വലിച്ചെറിയുകയും തൊട്ടുകൂടാത്തവരും മര്‍ദ്ദിക്കുകയും ചെയ്തു. ഉണ്ടുകൊണ്ടിരുന്ന അയിത്തജാതിക്കാരെ ഭക്ഷണം കഴിച്ചു തീര്‍ക്കാന്‍ വരെ സമ്മതിച്ചില്ല, അവര്‍ അടികൊണ്ട് തലങ്ങും വിലങ്ങും ഓടി. എന്ത് കാര്യത്തിനാണ് ഇത്ര നിഷ്ഠൂരമായ ഒരു മര്‍ദ്ദനം ജാതി ഹിന്ദുക്കള്‍ അഴിച്ചുവിട്ടത്? ഒരു നിസ്സാര കാര്യം. അവിടെ സദ്യക്ക് വിളമ്പിയിരുന്ന ഐറ്റങ്ങളില്‍ ഒരു ഐറ്റം നെയ്യ് ആയിരുന്നു. തൊട്ടുകൂടാത്തവനായ ഒരാള്‍ നെയ്യ് സദ്യയ്ക്ക് വിളമ്പണമെങ്കില്‍ അയാള്‍ എത്രമാത്രം അഹങ്കാരി ആകണം?

അയാള്‍ അത് വിളമ്പി, അത് രുചിച്ചു നോക്കാന്‍ തോന്നിയ അതിഥികള്‍ – അവര്‍ എത്രമാത്രം വിഡ്ഢികളായിരിക്കണം? എന്താണ് ഇതിന്റെ ന്യായീകരണം? ഒരു പട്ടികജാതിക്കാരന്റെ കയ്യില്‍ പണമുണ്ടെങ്കിലും അവന്‍ നെയ്യ് ഉപയോഗിക്കാന്‍ പാടുള്ളതല്ല. 1936 ഏപ്രിലില്‍ നടന്ന സംഭവമാണിത്. ഇത്തരം സംഭവങ്ങള്‍ നിരന്തരം ഉണ്ടായിട്ടും മേല്‍ജാതി ഹിന്ദുക്കള്‍ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മതിയായ സപ്പോര്‍ട്ട് കിട്ടുന്നില്ല – എന്നതായിരുന്നു അംബേദ്കറുടെ പ്രശ്‌നം. ഉദാഹരണം കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഉണ്ടായത് 1885 ഡിസംബറിലാണ്.
അത് ഇന്ത്യയിലെ രാഷ്ട്രീയത്തെ പരിഷ്‌ക്കരിക്കാന്‍ ഉദ്ദേശിച്ചുണ്ടായതാണ്. എന്നാല്‍ സമൂഹത്തെ പരിഷ്‌ക്കരിക്കാന്‍ അതു പോരാ എന്ന് മുന്‍കൂട്ടി കണ്ട് 1887 ഡിസംബറില്‍ മദ്രാസില്‍ വെച്ച് ഇന്ത്യന്‍ നാഷണല്‍ സോഷ്യല്‍ കോണ്‍ഫറന്‍സ് രൂപീകരിച്ചു. കുറച്ചു നാള്‍ രണ്ട് പ്രസ്ഥാനങ്ങളും ഒരുമിച്ച് മുന്നോട്ട് പോയി. കോണ്‍ഗ്രസിന്റെ സമ്മേളനം നടന്ന പന്തലില്‍ തന്നെ സോഷ്യല്‍ കോണ്‍ഫറന്‍സിന്റെ സമ്മേളനവും നടന്നു വന്നു.
എന്നാല്‍ ബാലഗംഗാധര തിലകന്‍ ആ പരിപാടി അവസാനിപ്പിച്ചു. മതത്തെ പരിഷ്‌ക്കരിക്കാന്‍ ശ്രമിച്ചാല്‍ പന്തല്‍ കത്തിക്കും എന്ന് വരെ പറഞ്ഞു കളഞ്ഞു.
അതിന് ശേഷം സോഷ്യല്‍ കോണ്‍ഫറന്‍സ് എന്ന മതപരിഷക്കരണ പ്രസ്ഥാനത്തിന്റെ കൂമ്പടഞ്ഞു. ഒരു ഭൂലോക പിന്തിരിപ്പനായിരുന്ന തിലകന്‍ അത് ചെയ്തതില്‍ അംബേദ്കര്‍ക്ക് അത്ഭുതം തോന്നിയില്ല. എന്നാല്‍ ഗാന്ധിയുടെയും വല്ലഭായി പട്ടേലിന്റെയും നിലപാടുകളാണ് അദ്ദേഹത്തിന്റെ പ്രതീക്ഷകളെ തല്ലി കെടുത്തിയത്. അയിത്തം ഇല്ലാതാക്കുക എന്നത് ഒരു ലക്ഷ്യമായി പ്രഖ്യാപിച്ച ആളായിരുന്നു ഗാന്ധി. അത് 1920-ല്‍ നാഗ്പൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ്. സ്വരാജ് എന്ന ആശയം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അയിത്തം ഇല്ലാതാവണം എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നീട് അതിന് മാത്രമായി 1932-ല്‍, ‘ഹരിജന്‍ സേവക് സംഘ്’ എന്ന സ്‌പെഷ്യല്‍ സംഘടനയും ഉണ്ടാക്കി. ആ ഗാന്ധി, മുമ്പ് നമ്മള്‍ സൂചിപ്പിച്ച മഹാരാഷ്ട്രയിലെ സ്‌ക്കൂള്‍ സംഭവത്തില്‍ എടുത്ത നിലപാടുകള്‍ അംബേദ്കറുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. നാലു അയിത്ത ജാതിക്കാരായ കുട്ടികളെ സ്‌ക്കൂളില്‍ ചേര്‍ത്തപ്പോള്‍ ആ കുട്ടികളെ മര്‍ദിക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്തതുമായ സംഭവം. ഇത് നടന്നപ്പോള്‍ അയിത്തജാതിക്കാര്‍ ആദ്യം ഓടിച്ചെന്നത് ഗാന്ധി സ്ഥാപിച്ച ഹരിജന്‍ സേവക സംഘത്തിലേക്കാണ്.
എന്നാല്‍ പ്രതീക്ഷിച്ച സഹായം കിട്ടിയില്ല. അയിത്ത ജാതിക്കാര്‍ മേല്‍ജാതിക്കാര്‍ക്കെതിരെ കേസ് കൊടുത്തിരുന്നു. എന്നാല്‍ ഗാന്ധിയും പട്ടേലും കേസ് പിന്‍വലിക്കാനാണ് അവരോട് പറഞ്ഞത്. മേല്‍ ജാതിക്കാര്‍ ആക്രമിക്കുന്നുണ്ടെങ്കില്‍ ഗ്രാമം വിട്ടുപോകാനാണ് ഗാന്ധി ഉപദേശിച്ചത്. പട്ടേല്‍ ആ ഗ്രാമത്തില്‍ ചെന്ന് ജാതി ഹിന്ദുവിനോട് ഇങ്ങനെ ഉപദേശിച്ചു. നിങ്ങള്‍ ആരും ബലാത്സംഗം ചെയ്യരുത്. പക്ഷേ അവരത് കേട്ടില്ല. ബലാല്‍സംഗത്തിന് ഇരയായവര്‍ക്ക് ബ്രിട്ടീഷുകാരില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. അവര്‍ കേസ് കൊടുത്തു. അതിനെ സഹായിക്കുകയല്ല പട്ടേല്‍ ചെയ്തത്- മറിച്ച് കേസ് പിന്‍വലിക്കാന്‍ അയാള്‍ അയിത്തജാതിക്കാരെ നിര്‍ബന്ധിച്ചു. പിന്‍വലിപ്പിക്കുകയും ചെയ്തു. എന്തായിരുന്നു ഗാന്ധിയെയും പട്ടേലിനെയും സ്വാധീനിച്ചിരുന്ന ആശയം, അതിതാണ്.

‘രാഷ്ട്രീയ വ്യവസ്ഥിതി മാറിയാല്‍ ഓട്ടോമാറ്റിക്കായി ജാതി ഹിന്ദുക്കളുടെ മനസ്ഥിതിയും മാറിക്കോളും. ഇപ്പോള്‍ രാഷ്ട്രീയ അധികാരം ബ്രിട്ടീഷുകാര്‍ക്കാണ്. അതു മാറ്റാന്‍ ഒറ്റക്കെട്ടായി ഇന്ത്യക്കാര്‍ നില്‍ക്കണം. അതിനിടയില്‍ ജാതിപീഡനങ്ങള്‍ ഒക്കെ ഉണ്ടാകും, പക്ഷേ അതിന്റെ പേരില്‍ പരസ്പരം കലഹിക്കരുത്. ഇന്ത്യക്കാര്‍ ഭരിക്കുന്ന ഒരു ഇന്ത്യ ഉണ്ടായാല്‍ വിവേചനങ്ങളൊക്കെ തന്നെത്താന്‍ ഇല്ലാതായിക്കോളും’. ഈ ചിന്താഗതി തനി വങ്കത്തരമാണെന്ന് അംബേദ്കറിന് അറിയാമായിരുന്നു. ജാതിഹിന്ദു ഒരിക്കലും നേരെയാവില്ല. അവനെ നേരെയാക്കാന്‍ അവരുടെ നേതാക്കള്‍ സമ്മതിക്കില്ല. താന്‍ കഷ്ടകാലത്തിന് ഹിന്ദു സമുദായത്തില്‍ ജനിച്ചു പോയി, പക്ഷേ അത് തിരുത്താനാവില്ല. പക്ഷേ എങ്ങനെ മരിക്കണം എന്ന് കാര്യം തനിക്ക് തീരുമാനിക്കാം. ”ഹിന്ദുവായി ജനിച്ച ഞാന്‍ ഹിന്ദുവായി മരിക്കില്ല” എന്ന് അംബേദ്കര്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്. അംബേദ്കറിന്റെ ദീര്‍ഘവീക്ഷണം എത്ര കറക്റ്റ് ആയിരുന്നു എന്ന് നമ്മള്‍ നോക്കണം. 1947ല്‍ രാഷ്ട്രീയ വ്യവസ്ഥിതി മാറി. എന്നാല്‍ ജാതി ഹിന്ദുക്കളുടെ മനസ്ഥിതി മാറിയോ? ഇന്നും കൊടിയ ജാതി പീഡനങ്ങള്‍ അനുഭവിച്ച് നരകിക്കുന്ന കോടി മനുഷ്യര്‍ ഇന്ത്യയിലുണ്ട്. അവര്‍ക്ക് പ്രതീക്ഷയുടെ കാര്യങ്ങള്‍ നീട്ടുന്നത് ചിലപ്പോള്‍ ഒരു കന്യാസ്ത്രീ ആകാം. അവര്‍ക്കും അംബേദ്കര്‍ പോലെ ചിന്തിക്കാന്‍ അര്‍ഹതയില്ലേ? ഹിന്ദുവായി ഞാന്‍ ജനിച്ചു, ഹിന്ദുവായി മരിക്കില്ല എന്നവര്‍ക്കും തീരുമാനിച്ചു കൂടെ?
No Comments yet!