
‘സഖാവ്’ എന്ന പദം കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം തെളിയുന്ന നക്ഷത്രമാണ് പി.കൃഷ്ണപിള്ള. ‘കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ്’ എന്നു വിശേഷിപ്പിക്കപ്പെടുന്നത് പി.കൃഷ്ണപിള്ളയാണ്. ജീവിതത്തെ ഒരു അവകാശപ്പോരാട്ടമാക്കി കേരളത്തിലെ തൊഴിലാളിപ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ക്കും വഴിയൊരുക്കിയ അദ്ദേഹം സ്വാതന്ത്ര്യ സമരപ്രവര്‍ത്തകനും കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചവരില്‍ ഒരാളുമാണ്.
അന്നുവരെ കേരളരാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന വരേണ്യ നേതൃത്വത്തിനു പകരമായി അടിസ്ഥാന തൊഴിലാളിവര്‍ഗ്ഗത്തിന്റെയും കര്‍ഷകരുടെയും കൂട്ടായ ഒരു നേതൃത്വം വരുന്നതിനു വിത്തു പാകി എന്നതും തൊഴിലാളി മുഖമുള്ള രാഷ്ട്രീയബോധം സമൂഹ പൊതുമണ്ഡലത്തില്‍ കേന്ദ്രബിന്ദുവായി ഉയര്‍ത്തി കൊണ്ട് വന്നു എന്നുള്ളതുമാണ് കേരള രാഷ്ട്രീയത്തിന് പി.കൃഷ്ണപിള്ള എന്ന ജനകീയ നേതാവിന്റെ ഏറ്റവും വലിയ സംഭാവന.
1906 ഓഗസ്റ്റ് 19-ന് വൈക്കത്ത് ജനനം. അഞ്ചാം തരംവരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞത്. കുറച്ചുകാലം ചില തമിഴ് നാടകസംഘങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു.
ദാരിദ്ര്യവും അനാഥത്വവും അരക്ഷിതാവസ്ഥയും നിറഞ്ഞ ആദ്യകാലങ്ങളില്‍ കയര്‍ ഫാക്ടറിയിലും ചായക്കടയിലും സൈക്കിള്‍ ഷോപ്പിലും ജോലി ചെയ്തു. 1927-ല്‍ നാടുവിട്ടു. വടക്കേന്ത്യയില്‍ രണ്ടു വര്‍ഷം താമസിച്ച് ഹിന്ദി പഠിക്കുകയും സാഹിത്യവിശാരദ് പരീക്ഷ വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് ഹിന്ദി പ്രചാരസഭയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി.
1930-ല്‍ ജോലി രാജിവച്ച് പയ്യന്നൂരില്‍ കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് രാഷ്ട്രീയത്തിലറങ്ങി അറസ്റ്റിലായി. പിന്നീട് തിരുവതാംകൂറിലും കൊച്ചിയിലും നടന്ന ദേശീയ മാതൃകാ പ്രക്ഷോഭങ്ങള്‍ക്കും കേരളത്തിലെ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐതിഹാസിക പ്രക്ഷോഭമായ പുന്നപ്ര വയലാര്‍ സമരത്തിലും കരുത്തുറ്റ നേതൃത്വം നല്‍കി. നിരവധി തവണ അറസ്റ്റിലാവുകയും പൊലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയാവുകയും ചെയ്തു. 1931-ല്‍ ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ബാഹ്‌മണര്‍ക്ക് മാത്രം കയറാന്‍ അവകാശമുള്ള സോപാനത്തില്‍ കയറി മണിയിടച്ച് സമരത്തിന്റെ ഗതി തിരിച്ചുവിട്ടു. ഇതിനു പ്രതിഫലമായി ലഭിച്ചത് യാഥാസ്ഥിതികരുടെയും പൊലീസിന്റെയും ക്രൂരമര്‍ദ്ദനങ്ങളുമായിരുന്നു.
ഓരോ നേതാക്കളെയും അവരുടെ തട്ടകങ്ങളില്‍ ചെന്നു കണ്ട് പുതിയ പദ്ധതികളും പ്രവര്‍ത്തനരീതികളും ആവിഷ്‌കരിക്കുകയും ഗ്രാമപ്രദേശങ്ങളിലും ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിലും പാര്‍ടി യൂണിറ്റുകള്‍ സ്ഥാപിച്ച് കൃത്യമായ സംഘടനായോഗങ്ങളും സമ്മേളനങ്ങളും നടത്തി തൊഴിലാളികള്‍ക്കിടയില്‍ യൂണിയന്‍ ഉണ്ടാക്കാനും കര്‍ഷകര്‍ക്കിടയില്‍ സംഘടന ഉണ്ടാക്കാനും പ്രയത്‌നിച്ചത് കൃഷ്ണപിള്ളയാണ്.
1934-ല്‍ മുംബൈയില്‍ കൃഷ്ണപിള്ള പങ്കെടുത്ത അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയോഗത്തില്‍വച്ച് നടന്ന കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റു ചിന്താഗതിക്കാരുടെ ഒരു സമ്മേളനമാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടിക്കു രൂപംകൊടുത്തത്. 1935-ല്‍ പി.കൃഷ്ണപിള്ള സെക്രട്ടറിയായി അഖില കേരള ട്രേഡ് യൂണിയന്‍ നിലവില്‍ വന്നു. 1934-ല്‍ കോഴിക്കോട് രൂപീകരിക്കപ്പെട്ട കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറിയായി. 1937-ല്‍ കോഴിക്കോട് ചേര്‍ന്ന രഹസ്യയോഗത്തില്‍ ഇ.എം.എസ്., കെ.ദാമോദരന്‍, എന്‍.സി.ശേഖര്‍ എന്നിവരോടൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളഘടകം രൂപീകരിച്ചു. 1939-ല്‍ കണ്ണൂരിലെ പിണറായിയില്‍ നടന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് സമ്മേളനം കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണ സമ്മേളനത്തില്‍ ആദ്യ സെക്രട്ടറിയായി.
1940-ല്‍ ജയിലിലായിരിയ്‌ക്കെ അദ്ദേഹത്തിന് പുസ്തകങ്ങള്‍ എത്തിച്ചു കൊടുത്ത തങ്കമ്മ എന്ന പെണ്‍കുട്ടിയെ 1942-ല്‍ ജയില്‍ മോചിതനായ ശേഷം വിവാഹം ചെയ്തു. പിന്നീട് അവര്‍ ഒരുമിച്ചായിരുന്നു സംഘടനാ പ്രവര്‍ത്തനം. 1946-ല്‍ എ.കെ.ജി.നയിച്ച ആറോണ്‍ മില്‍ സമരത്തില്‍ ആവേശം വിതറി സജീവമായി പങ്കെടുത്തു. 1948-ല്‍ പാര്‍ടി കേന്ദ്രസമിതിയിലംഗമായി.
1948-ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്നകാലത്ത് കമ്യൂണിസ്റ്റ് നേതാക്കള്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന സമയത്ത് ആലപ്പുഴ മുഹമ്മയ്ക്കു സമീപം കണ്ണര്‍കാട് ചെല്ലിക്കണ്ടത്തുങ്കല്‍ നാണപ്പന്റെ വീട്ടില്‍ ഒളിവിലായിരിക്കെ പാമ്പുകടിയേറ്റ് സഹപ്രവര്‍ത്തകന്‍ മാധവന്റെ മടിയിലേക്ക് കുഴഞ്ഞുവീണാണ് ജനിച്ച അതേ തീയതിയായ ഓഗസ്റ്റ് 19-ന് ഉജ്ജ്വലമായ പോരാട്ടത്തിന്റെ പ്രതീകമായ പി.കൃഷ്ണപിള്ള അന്തരിച്ചത്.
പി.കൃഷ്ണപിള്ള മരിക്കുന്നതിന് തൊട്ടുമുമ്പ് എഴുതിയ വരികള്‍ ഇതായിരുന്നു;
‘എന്റെ കണ്ണില്‍ ഇരുള്‍ വ്യാപിച്ചുവരുന്നു. എന്റെ ശരീരമാകെ തളരുകയാണ്.
എന്തു സംഭവിക്കുമെന്ന് എനിക്കറിയാം.
സഖാക്കളെ, മുന്നോട്ട്. ലാല്‍സലാം’.
1934 ഏപ്രില്‍ 1-ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയ ‘മതമല്ല, ചോറാണ് വേണ്ടത്’ എന്ന് ലേഖനത്തില്‍ പി.കൃഷ്ണപിള്ള എഴുതി;
‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാകുന്നു’
എന്നു പറഞ്ഞാല്‍ മതംകൊണ്ട് കച്ചവടം നടത്തി ഉപജീവനം കഴിക്കുന്ന മതപുരോഹിതന്മാര്‍ കോപിച്ചുവശാകും. അവര്‍ കോപിക്കുന്നതില്‍ എനിക്കു ഭയമില്ല.
ഇന്നു കാണുന്ന ഈ മതങ്ങള്‍ പുരോഹിതന്മാരുടെയും മുല്ലമാരുടെയും പാതിരിമാരുടെയും പൂജാരിപ്പരിഷകളുടെയും സ്വാര്‍ത്ഥപൂരണത്തിനുവേണ്ടി സാമാന്യജനങ്ങളെ കൊള്ളചെയ്യുവാന്‍ ഉള്ളവയാണെന്നതിന് യാതൊരു സംശയവുമില്ല. സാമാന്യജനങ്ങള്‍ക്ക് തൊഴിലില്ല.
അതിനൊരു പരിഹാരമുണ്ടാക്കിക്കൊടുക്കാന്‍ മതത്തിനോ ഈശ്വരനോ അതിന്റെ ഏജന്റുമാര്‍ക്കോ സാധിക്കുന്നില്ല. അവര്‍ക്ക് പ്രവൃത്തി എടുത്താല്‍തന്നെ ശരിയായ കൂലി കിട്ടുന്നില്ല. അതിനൊരു നിവാരണമുണ്ടാക്കുവാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്ന് മാത്രമല്ല വല്ലതും ചുരുങ്ങിയത് സാധുക്കള്‍ക്ക് കിട്ടുന്നതില്‍ നിന്ന് തന്നെ ഇവര്‍ കയ്യിട്ട് വാരുകയാണ് ചെയ്യുന്നത്.
പട്ടിണിക്കാരന് ചോറാണ് വേണ്ടത്, മതമല്ല. മതത്തെ ഉപേക്ഷിച്ച് ചോറിനുവേണ്ടി പരിശ്രമിക്കുവിന്‍!
മനുഷ്യസ്‌നേഹികളും നിസ്വാര്‍ത്ഥമായി മനുഷ്യസമുദായത്തിന്റെ ഉന്നതിക്കായി പരിശ്രമിക്കുന്നവരുമായ യുവാക്കന്മാരുടെ ദൃഷ്ടിയെ ഞാന്‍ ഈ വിഷയത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു. താമസം അപകടമാണ്. തൊഴിലാളികളെ അവരുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി സംഘടിപ്പിക്കുക മാത്രമേ ഇതിനൊരു പരിഹാരമാര്‍ഗ്ഗമുള്ളൂ.







No Comments yet!