Skip to main content

ഒക്ടോബര്‍ 5 – സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം.ഫാത്തിമാ ബീവി ഓര്‍മ്മദിനം

 

സുപ്രിം കോടതിയിലെ ആദ്യ വനിതാ ജഡ്ജി എന്നത് കൂടാതെ ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളില്‍ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ മുസ്ലീം വനിതയായും ഏഷ്യയില്‍ തന്നെ രാജ്യങ്ങളില്‍ പരമോന്നതകോടതികളില്‍ ഒരു ജഡ്ജ് ആയിരിക്കുന്ന വനിത എന്ന ബഹുമതിയും ഫാത്തിമ ബീവി സ്വന്തമാക്കി.

1927 ഏപ്രില്‍ 30 ന് അന്നത്തെ തിരുവിതാംകൂര്‍ രാജ്യത്തിലെ പത്തനംതിട്ടയില്‍ അണ്ണാവീട്ടില്‍ മീര്‍ സാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി റൗത്തര്‍ കുടുംബത്തില്‍ ജനിച്ചു. പത്തനംതിട്ടയിലെ ടൗണ്‍ സ്‌കൂളിലും കാതോലിക്കേറ്റ് ഹൈസ്‌കൂളിലും ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിഎസ്സി നേടി. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് ബി എല്‍ ബിരുദം നേടി. സ്ത്രീകളെ പഠിക്കാന്‍ വിടുന്നത് ചിന്തിക്കാന്‍പോലും സമൂഹം മടികാട്ടിയിരുന്ന കാലഘട്ടത്തിലാണ്, സബ് രജിസ്ട്രാര്‍ ഓഫീസിലെ ക്ലാര്‍ക്കും പുരോഗമന ചിന്താഗതിക്കാരനുമായിരുന്ന മീരാ സാഹിബ് മൂത്തമകളായ ഫാത്തിമയെ സ്‌കൂളില്‍ അയച്ചത്.

ഫാത്തിമ തിരുവനന്തപുരം ലോ കോളേജില്‍നിന്ന് ബി.എല്‍. ഒന്നാം റാങ്കോടെതന്നെ പാസായി. ഒന്നാംറാങ്ക് നേടുന്നവര്‍ക്കുള്ള ‘ദി കള്ളന്‍സ് പ്രൈസ് ഫോര്‍ എക്സലന്‍സ്’ ലഭിച്ചു. ഇത് കിട്ടുന്ന ആദ്യ പെണ്‍കുട്ടിയായി. ലോ കോളേജ് രേഖപ്രകാരം എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും നേടുന്ന ആദ്യ വിദ്യാര്‍ഥിയും ഫാത്തിമയാണ്. തിരുവിതാംകൂര്‍ ബാര്‍കൗണ്‍സിലിന്റെ പരീക്ഷ എഴുതിയപ്പോഴും ഒന്നാമതെത്തി. അവിവാഹിത ആയിരുന്നു ജസ്റ്റിസ് ഫാത്തിമാ ബീവി. സമൂഹത്തിലെ താഴെക്കിടയിലുള്ളവരും സ്ത്രീകളും ഉള്‍പ്പെടുന്ന കേസുകളില്‍ ഫാത്തിമാബീവി പ്രത്യേകം താത്പര്യം കാട്ടി. അവരുടെ വിധികള്‍ക്കെല്ലാം മാനുഷികമുഖം ഉണ്ടായി. ഏത് കേസിലായാലും പ്രതികളുടെ ജീവിതസാഹചര്യങ്ങളും മറ്റും വിശദമായി പഠിച്ചു. കുറ്റം ചെയ്യാന്‍ ഒരാളെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് വിശകലനം ചെയ്തു. വിധികളും അതിനനുസൃതമായിരുന്നു. അഭിഭാഷകയായിരുന്നപ്പോഴും ഇങ്ങനെയായിരുന്നു. തന്റെ മുന്നില്‍ എത്തുന്ന കേസുകളില്‍ വേഗത്തില്‍ വിധിതീര്‍പ്പും നടത്തി. ഹൈക്കോടതിയില്‍ ചുതമലയേറ്റ ആദ്യദിനംതന്നെ വാദംകേട്ട കേസില്‍ വിധിയെഴുതാന്‍ സീനിയറായ സഹജഡ്ജി ഫാത്തിമാ ബിവിയെ ഏല്‍പ്പിച്ചത് അവര്‍ക്കുള്ള അംഗീകാരമാണ്.

സര്‍ സി.പി. രാമസ്വാമി അയ്യര്‍

മുംബൈ ഹൈക്കോടതിയിലും പിന്നീട് രാജ്യത്തെ മറ്റ് ഹൈക്കോടതികളിലും അഭിഭാഷക-ജഡ്ജി അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് കടിഞ്ഞാണിടാന്‍ സഹായിച്ചത് ഫാത്തിമാബീവി അന്നത്തെ ചീഫ് ജസ്റ്റിസ് സവ്യസാചി മുഖര്‍ജിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ്. കേരളത്തിലെ പിന്നാക്ക വിഭാഗ കമ്മിഷന്റെ ചട്ടക്കൂട് തയ്യാറാക്കുന്നതില്‍ അവര്‍ വഹിച്ചപങ്ക് വലുതാണ്. മറ്റൊരു ചരിത്രസംഭവത്തിന്റെ ദൃക്സാക്ഷി കൂടിയാണ് ഫാത്തിമ തിരുവതാംകൂര്‍ ദിവാന്‍ സര്‍ സിപി രാമസ്വാമി അയ്യരെ വെട്ടി നാടുകടത്തിയ വിപ്ലവകാരി കോനാട്ടുമഠം കെ. ചിദംബര സുബ്രഹ്‌മണ്യ അയ്യര്‍ എന്ന കെ.സി.എസ്. മണി ദിവാനെ വെട്ടുമ്പോള്‍ തിരുവിതാംകൂറിന്റെ ചിത്രം തന്നെ മാറ്റിയെഴുതിയ ആ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നു ഫാത്തിമാ ബീവി. ഫാത്തിമാ ബീവിയും കൂട്ടുകാരിയും ഇരുന്നിരുന്ന കസേരയ്ക്ക് അടുത്തുതന്നെയായിരുന്നു കെസിഎസ് മണിയും ഇരുന്നിരുന്നത്. 1947 ജൂലായ് 25ന് അവരുടെ തൊട്ടുമുന്നിലായിരുന്നു സംഭവം.

കെ.സി.എസ്. മണി

ഫാത്തിമാ ബീവി ബി.എല്ലിന് പഠിക്കുന്ന സമയം. സംഗീതത്തില്‍ താത്പര്യം ഉണ്ടായിരുന്ന അവര്‍ ലോ കോളേജിലെ സഹപാഠി മീനാക്ഷി അമ്മയേയുംകൂട്ടി സ്വാതി തിരുന്നാള്‍ സംഗീതകോളേജിന്റെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമയുള്ള സംഗീതക്കച്ചേരി കേള്‍ക്കാന്‍ പോയതാണ്. സമയം വൈകുന്നേരം ഏഴുമണി. 35-കാരനായ മഹാരാജാവ് ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ വേദിയില്‍ എത്തി. സര്‍ സി.പി.രാമസ്വാമി അയ്യര്‍ സമീപത്തിരിക്കുന്നു. ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മഹാരാജാവ് വേദിയില്‍നിന്നിറങ്ങി. ദിവാന്‍ സംസാരിച്ചു. തുടര്‍ന്ന് ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ സംഗീതകച്ചേരി തുടങ്ങി. കച്ചേരി കേള്‍ക്കാനായി ദിവാന്‍ വേദിയില്‍നിന്നിറങ്ങി മുന്‍ നിരയില്‍ സ്ഥാനംപിടിച്ചു. അല്പം കഴിഞ്ഞ് അദ്ദേഹം പോകാനായി എഴുന്നേറ്റു. ദിവാന്‍ പോകാനെഴുന്നേറ്റപ്പോള്‍ സദസ്യരും ബഹുമാനപൂര്‍വം എഴുന്നേറ്റു. ദിവാന്‍ നടന്നപ്പോള്‍ പരിവാരങ്ങള്‍ അനുഗമിച്ചു. ആ തക്കം നോക്കി മണി ദിവാന്‍ വരുന്ന വഴിയിലേക്ക് നീങ്ങി നിന്നു. വെട്ടുകത്തി ഊരിയെടുത്ത് മുണ്ടിനുള്ളില്‍ മറച്ചു പിടിച്ചു. ദിവാന്‍ അടുത്തെത്തിയപ്പോള്‍ മണി മുന്നോട്ടാഞ്ഞ് വെട്ടുകത്തിയെടുത്ത് ദിവാന്റെ കഴുത്തു നോക്കി ആഞ്ഞുവെട്ടി. വെട്ടല്‍പ്പം പിശകി. കഴുത്തിനെ ചുറ്റിവരിഞ്ഞിരുന്ന പട്ട് ദിവാന്റെ കഴുത്തറ്റ് പോകുന്നതില്‍നിന്നും രക്ഷിച്ചു. അറച്ചു നില്‍ക്കാതെ മണി വീണ്ടും വെട്ടി. വെട്ടുകൊണ്ടത് ദിവാന്റെ ഇടത്തേ കവിളിലായിരുന്നു. കവിള്‍ പിളര്‍ന്നു. രക്തം ധാരധാരയായി ഒഴുകി. കൈത്തലംകൊണ്ട് കവിള്‍ താങ്ങിയ ദിവാന്‍ വലത്തോട്ട് ചെരിഞ്ഞു. പെട്ടന്ന് ബള്‍ബുകള്‍ കെട്ടു! ഇരുട്ട് ! സെക്കന്റുകള്‍ക്കകം വൈദ്യുതി തിരിച്ചുവന്നു. വെളിച്ചത്തില്‍ മണി വീണ്ടും ദിവാനെ വെട്ടി. ദിവാന്റെ തലപ്പാവ് തെറിച്ചു വീണു. അപ്പോഴേക്കും മണി പൊലീസിന്റെ കൈപ്പിടിയിലായി. വീണ്ടും ബള്‍ബുകള്‍ കെട്ടു. ബഹളമായി. ആ തക്കത്തിന് വെട്ടുകത്തി നിലത്തിട്ട് മണി ബന്ധനത്തില്‍നിന്ന് കുതറി രക്ഷപ്പെട്ടു.

ആ സംഭവത്തെകുറിച്ച് ഫാത്തിമാ ബീവിയുടെ തന്നെ വാക്കുകളിങ്ങനെയാണ്:

”ഞങ്ങളിരിക്കുന്ന നിരയുടെ അടുത്തെത്തിയപ്പോള്‍ പെട്ടെന്നൊരു കോലാഹലം. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. കഴുത്തില്‍ മുറിവേറ്റ് തല താങ്ങിപ്പിടിച്ചുനില്‍ക്കുന്ന ദിവാനെയാണ് കണ്ടത്. പെട്ടെന്ന് ലൈറ്റുകളെല്ലാം അണഞ്ഞു. ഹാളിലാകെ കരച്ചിലും കോലാഹലവും. ദിവാന്റെ ആര്‍ത്തനാദം ഒന്നുകൂടി കേട്ടു. പെട്ടെന്ന് വിളക്കുകളെല്ലാം തെളിഞ്ഞു. ഒരാള്‍ കത്തി ആഞ്ഞുവീശുന്നു. ദിവാന്റെ ഇടത്തെ കവിള്‍ പിളര്‍ന്ന് ചോര ചീറ്റി. വെട്ടിയ ആളെ പോലീസ് പിടിച്ചു. പിന്നെ ഒന്നും വ്യക്തമായില്ല”.

വെട്ടേറ്റ ദിവാന്റെ ശരീരത്തില്‍നിന്ന് തെറിച്ച ചോര ഫാത്തിമാ ബീവിയുടെ വസ്ത്രത്തിലും പറ്റിയിരുന്നു.

കടപ്പാട് : ‘ജസ്റ്റിസ് ഫാത്തിമാ ബീവി: നീതിയുടെ ധീരസഞ്ചാരം’ : ജീവചരിത്രം കെ.ടി. അഷ്റഫ്.


ജസ്റ്റിസ് ഫാത്തിമാ ബീവി: നീതിയുടെ ധീരസഞ്ചാരം (ജീവചരിത്രം)
രചന :കെ.ടി. അഷ്റഫ്
പ്രസാധനം : മാതൃഭൂമി ബുക്‌സ്
വില : 300 രൂപ

No Comments yet!

Your Email address will not be published.