കവിതകളും ഗാനങ്ങളും വഴി ബംഗാളിനെ പിടിച്ചുകുലുക്കി ദേശീയപ്രസ്ഥാനത്തിനു മഹത്തായ സംഭാവന നല്കിയ വിപ്ലവകവിയാണ് കാസി നസ്റുള്‍ ഇസ്ലാം.
ദേശീയ കവിതകളെന്നും ജനകീയ കവിതകളെന്നും വിശേഷിപ്പിക്കാവുന്ന ധാരാളം കവിതകള്‍ രചിച്ച അദ്ദേഹത്തിന്റെത് ആത്മനിഷ്ഠമായ മുദുലതയും പ്രകാശവും മാധുര്യവും നിറഞ്ഞതായിരുന്നു. വര്‍ഗീയതെക്കെതിരെയും സാഹോദര്യം ഉയര്‍ത്തിക്കാട്ടിയും ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട്.

സി.ആര്.ദാസ് തടവിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ‘ബംഗ്ലാര്‍ കൊഥാ’ വാരികയില്‍ നസറുള്‍ എഴുതിയ ‘ഭംഗാര്‍ ഗാന്’ (വിനാശത്തിന്റെ ഗാനം) ദേശീയപ്രസ്ഥാനത്തിന്റെ മഹത്തായ ഗാനങ്ങളിലൊന്നാണ്. ഈ കവിത നിരോധിക്കാനുള്ള ശ്രമം നടന്നെങ്കിലും ജനങ്ങള്‍ അതേറ്റു പാടി.
1899 മെയ് 24-ന് ബംഗാളില്‍ അസന്‍സോളിലെ ചുരുളിയില്‍ ജനനം.
ദുഃഖു (ദുഃഖിതന്) എന്നായിരുന്നു ഓമനപ്പേര്. ചുരുളിയിലെ മക്തബില്‍ (എഴുത്തുപള്ളി) മൗലവി കാസി ഫാസില്‍ അഹമ്മദില്‍നിന്ന് പേര്‍ഷ്യന്‍-അറബി ഭാഷകളില്‍ പ്രാവീണ്യം നേടി. പത്താം വയസ്സില്‍ പ്രാഥമിക പരീക്ഷ വിജയിച്ച് ഒരു വര്‍ഷം അവിടെത്തന്നെ അദ്ധ്യാപകനായി.
1919-ല്‍ കൊല്‍ക്കത്തയിലെ ‘സ്വാഗത്’ മാസികയില്‍ എഴുതിയ ‘ബൗണ്ടുലേര് ആത്മകഥാ’ (തെണ്ടിയുടെ ആത്മകഥ)യാണ് ആദ്യ ചെറുകഥ. ബംഗീയ മുസല്മാന് ത്രൈമാസികയില്‍ എഴുതിയ ‘മുക്തി’യാണ് അച്ചടിച്ച ആദ്യ കവിത. 1920-ല്‍ മുസ്ലിം ഭാരതിന്റെ ആദ്യ ലക്കത്തില്‍ വന്ന ‘ബന്ധനവിമുക്തന്’ ആണ് ആദ്യ നോവല്‍.
1922-ല്‍ സ്വന്തം പത്രാധിപത്യത്തില്‍ ‘ധൂമകേതു’ ആരംഭിച്ചു. ഇതിന്റെ ദീപാവലി വിശേഷാല്‍പതിപ്പില്‍ എഴുതിയ ‘എനിക്കു വിശക്കുന്നു’ എന്ന മുഖപ്രസംഗം ഒരു വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടു. പ്രതിക്കൂട്ടില്‍ വച്ച് നസറുള്‍ നടത്തിയ ‘വിചാരണയിലിരിക്കുന്ന ഒരു രാഷ്ട്രീയ തടവുക്കാരന്റെ പ്രസ്താവന’ (രാജ്ബന്ദിര് ജബാന്‍ ബന്ദീ) ഏറെ പ്രസിദ്ധമാണ്. ഇതിനുമുമ്പ് ഇതേ പത്രത്തില്‍ എഴുതിയ ‘ആനന്ദദേവതയുടെ ആഗമനം’ എന്ന കവിത എഴുതിയതിന് ആ ലക്കം പിടിച്ചെടുക്കുകയും അറസ്റ്റ് വാറണ്ട് ഉണ്ടാവുകയും ചെയ്തു. 1929-ല്‍ ‘പ്രളയശിഖ’ എന്ന സമാഹാരം പ്രസിദ്ധപ്പെടുത്തിയതിനും അറസ്റ്റിലായി.
1925-ല്‍ സ്ഥാപിതമായ ‘തൊഴിലാളി സ്വരാജ് പാര്‍ട്ടി’യുടെ മുഖപത്രമായ ‘ലാംഗലി’ന്റെ പത്രാധിപരായി. ഈ പാര്‍ടിയാണ് ക്രമേണ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണത്തിന് വഴിതെളിച്ചത്. ‘ലാംഗലി’ന്റെ പേര് ‘ഗണവാണി’ എന്നാക്കി മാറ്റിയതാണ് മാര്‍ക്സിസത്തിന്റെ ആദ്യ പ്രഖ്യാപിത മുഖപത്രം.
1929-നു ശേഷം കവിതകളക്കാള് കൂടുതല്‍ ഗാനങ്ങളുടെയും സംഗീതത്തിന്റെയും കൂടെയായിരുന്നു. 1942-ല്‍ കൊല്‍ക്കത്ത റേഡിയോ സ്റ്റേഷനില്‍ പ്രക്ഷേപണപരിപാടി ചെയ്യുന്നതിനിടെ സംസാരശേഷി നഷ്ടപ്പെട്ടു. തുടര്‍ന്ന് മാനസികശേഷി നഷ്ടപ്പെട്ടു തുടങ്ങിയ അദ്ദേഹത്തിന് ചികിത്സകളൊന്നും ഫലിച്ചിരുന്നില്ല.
1927-ല്‍ ഹിന്ദു വിഭാഗത്തിലെ പ്രമീള സെന്നിനെ വിവാഹം കഴിച്ചത് അക്കാലത്ത് ഹിന്ദു-മുസ്ലീം സമുദായങ്ങളില്‍ വലിയ കോളിളക്കമായിരുന്നു.
വൃഥാദാനം (ചെറുകഥാ സമാഹാരം), ദൊളൊന് ചമ്പാ, ഛായാനാട്, കിഴക്കിന്റെ കാറ്റ് (കവിതാ സമാഹാരം), ബുള്‍ബുള്‍, ചക്രവാകം, സമ്പാദ്യങ്ങള്‍, കാമുകന്റെ നോട്ടം കാത്തിരിക്കുന്ന വിരഹപ്പക്ഷി, നസ്റുള്‍ ഗീതികാ, സുള് ഫികാര്, ബനഗീതി, ഗുല്‍ ബഗീചാ ഗീതി ശതദള്, ഗാനേര് മാലാ, സുര്മഹല് (ഗാന സമാഹാരം) എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.
കവിതകളിലൂടെയും മാസികയിലൂടെയും ഗാനങ്ങളിലൂടെയും ഹിന്ദു, മുസ്ലീം സമൂഹങ്ങളിലെ യാഥാസ്ഥിതികതയെ നേരിട്ട കാസി നസ്റുള്‍ ഇസ്ലാം 1976 ഓഗസ്റ്റ് 29-ന് അന്തരിച്ചു.
ദ്രുപദ്, ഖയാല്‍, ധുമ്രി, ഭജന്‍, ഗസല്‍, കീര്ത്തന് തുടങ്ങിയ പല ഗാനശൈലികളിലായി അദ്ദേഹം രചിച്ച 3500-ല്‍പ്പരം ഗാനങ്ങളില്‍ രണ്ടായിരത്തോളവും ഇന്ന് കണ്ടുപിടിക്കുക പ്രയാസമാണ്.
പദ്മഭൂഷണ്‍, കൊല്‍ക്കത്ത സര്‍വകലാശാലയുടെ ‘ജഗത്താരിണി’ സുവര്‍ണമുദ്ര എന്നിവ ലഭിച്ചു. പശ്ചിമ ബംഗാള്‍ സര്‍ക്കാരും, പാക്കിസ്ഥാന് സര്‍ക്കാരും പെന്ഷന് നല്‍കിയിരുന്നു.
സ്കൂളില്‍ സഹപാഠിയായിരുന്ന പ്രസിദ്ധ നോവലിസ്റ്റ് ശൈലജാനന്ദ മുഖോപാധ്യായയുടെ ‘നസ്റുള്‍ സ്മരണകള്‍’ പ്രസിദ്ധമാണ്.
1923-ല്‍ ജയില്‍മോചിതനായപ്പോള്‍ രബീന്ദ്രനാഥ ടാഗോര്‍ ‘വസന്തം’ എന്ന നൃത്ത സംഗീതനാടകം നസ്റുളിന് സമര്‍പ്പിച്ചിട്ടുണ്ട്.
കമ്യൂണിസ്റ്റ് നേതാവായ മുസഫര്‍ അഹമ്മദ്, ബരിന്ദ്രകുമാര്‍, അബിനാഷ് ഭട്ടാചാര്യ, സംഗീതജ്ഞനായ നളിനി കണ്ഠസര്ക്കാര് തുടങ്ങിയ വിപ്ലവകാരികളുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.
1922-ല്‍ ‘ബിജലി’യുടെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘ബിദ്രോഹി’ (വിപ്ലവകാരി) വായനക്കാരില്‍ കൊടുങ്കാറ്റിളക്കി. ഈ കവിതയോടെയാണ് അദ്ദേഹം വിപ്ലവകവിയായി അറിയപ്പെട്ടു തുടങ്ങിയത്.
1965-ല്‍ ജി.ശങ്കരക്കുറുപ്പിന്റെ ‘ഓടക്കുഴല്‍’-ന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചപ്പോള്‍ അവസാന പരിഗണനയ്ക്കുവന്ന നാലു പുസ്തകങ്ങളില്‍ ഒന്ന് നസ്റുളിന്റെ ‘അഗ്നിവീണ’ എന്ന കവിതാസമാഹാരമായായിരുന്നു.







No Comments yet!