
അന്നഭാവു സാത്തെയെ വേണ്ടവിധത്തില്‍ ഇന്ത്യന്‍ സാഹിത്യമോ, സാംസ്‌കാരിക സാമൂഹിക രംഗമോ അറിഞ്ഞിട്ടുണ്ടോ, വിലമതിച്ചിട്ടുണ്ടോ എന്നതില്‍ സംശയമുണ്ട്. അന്നഭാവു സാത്തെ എന്നാല്‍ തുക്കാരാം ഭൗറാവു സാത്തെ. 1920ല്‍ ജനിച്ച് 1969ല്‍ അന്തരിച്ച കവിയും എഴുത്തുകാരനും സാമൂഹിക പവര്‍ത്തകനും. ദളിത് വിമോചനത്തിനും ഉന്നമനത്തിനുമായി വാളെടുത്തവന്‍. ഇന്ന് മഹാരാഷ്ട്രയിലെ സാംഗ്‌ളി ജില്ലയുടെ ഭാഗമായ വാടേഗാവ് എന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. മാങ്ങ് അഥവാ മാതങ്ങ് എന്നു വിളിക്കപ്പെടുന്ന ദളിത് വംശജനായി. മൃഗചര്‍മ്മങ്ങള്‍ ഉപയോഗിച്ചുള്ള കൈത്തൊഴിലുകള്‍, കയര്‍ നിര്‍മ്മാണം, കുട്ട നെയ്ത്ത് എന്നിവയാണ് മാങ്ങ് ജാതിയില്‍ പെട്ടവരുടെ കുലത്തൊഴിലായി കരുതപ്പെട്ടിരുന്നത്. അതിനൊപ്പം അവര്‍ ചില പ്രാദേശിക വാദ്യോപകരണങ്ങളിലും നിപുണതയുള്ളവരാണ്. അതുകൊണ്ടു തന്നെ വിദ്യഭ്യാസം അധികം ലഭിക്കാന്‍ അന്നഭാവു സാത്തെയ്ക്ക് സാധ്യതകളില്ലാതായി. നാലാം ക്‌ളാസില്‍ അദ്ദേഹത്തിനു പഠനം അവസാനിപ്പിക്കേണ്ടി വന്നു. 1931ലെ വരള്‍ച്ചയില്‍നിന്നു രക്ഷപ്പെടാന്‍ ബോംബെയിലേക്ക്, അതായത് ഇന്നത്തെ മുംബൈയിലേക്ക് നടന്നു. ആറുമാസത്തെ നടത്തം. മുംബയിലേക്കു കുടിയേറിയ സാത്തേ പല ജോലികളും ചെയ്തു. ഷൂസ് പോളീഷ് ചെയ്യുന്നവനായി, നിത്യക്കൂലിക്ക് ജോലി ചെയ്യുന്നവനായി, മില്ലുകളിലെ തൊഴിലാളിയായി. അക്കാലത്താണ് അദ്ദേഹം ജാതിവിവേചനം, ധനിക-ദരിദ്ര അന്തരം എന്നിവയൊക്കെ അടുത്തറിയുന്നത്. അത് പില്‍ക്കാലത്തദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് അനുഭാവിയാക്കി… പ്രവര്‍ത്തകനാക്കി…
അതിനൊപ്പം തന്നെ അദ്ദേഹം കഥകളുമെഴുതി. ദളിത്, തൊഴിലാളി ജീവിതങ്ങള്‍ പ്രമേയമാക്കുന്ന കഥകള്‍. മറാത്തി ഭാഷയില്‍ 35 നോവലുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് ഫക്കീരയാണ്. അതു കൂടാതെ മുന്നൂറില്‍ പരം കഥകളും അനേകം ഗാനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ദളിത് സാഹിത്യത്തിന്റെ പിതാവ് എന്നും അദ്ദേഹം അതിനാല്‍ വിളിക്കപ്പെടുന്നു. റഷ്യയിലേക്കു നടത്തിയ ഒരു യാത്രയുടെ വിവരണവും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അംബേദ്കറിസവുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തുകയുണ്ടായി. ഡോക്ടര്‍ ബാബാസാഹെബ് അംബേദ്കറിന്റെ കര്‍മ്മ പദ്ധതികളില്‍ ആകൃഷ്ടനാകുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായിരുന്ന കാലങ്ങളില്‍ അദ്ദേഹം പാര്‍ട്ടിയുമായി ബന്ധപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി ലാല്‍ ബാവ്ത കലാപഥക് എന്ന നാടക സംഘം രൂപീകരിച്ചു. അതുവഴി അദ്ദേഹം നാടകങ്ങള്‍ (തമാശ എന്ന പാരമ്പര്യ മറാത്തി നാടകരൂപങ്ങള്‍) അവതരിപ്പിച്ചു. സര്‍ക്കാര്‍ നയങ്ങളെ വെല്ലുവിളിക്കുന്ന നാടകങ്ങളായിരുന്നു അവ.
2022ല്‍ സാത്തെയുടെ ഒരു പ്രതിമ മോസ്‌കോയില്‍ അനാച്ഛാദനം ചെയ്യപ്പെടുകയുണ്ടായി. 2022 ല്‍ അദ്ദേഹത്തിനു മഹാത്മ ഗാന്ധി മെമ്മോറിയല്‍ യൂണിവേഴ്‌സിറ്റി മരണാനന്തരം ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. അദ്ദേഹം അന്തരിച്ചിട്ട് അര നൂറ്റാണ്ടിലധികം പിന്നിട്ടു എങ്കിലും പുതു തലമുറയ്ക്ക് അദ്ദേഹത്തെക്കുറിച്ച് അധികമൊന്നും അറിയില്ല. അതില്‍ ഒരു മാറ്റം വരുത്താന്‍ കലാകാരനും സംഗീത സംവിധായകനുമായ ധമ്മ എന്ന പേരില്‍ നാടകങ്ങളിലഭിനയിക്കുന്ന ധമ്മരക്ഷിതും അദ്ദേഹത്തിന്റെ സംഗീത സംഘമായ യല്‍ഗാര്‍ സാംസ്‌കൃതിക് മഞ്ചും ചേര്‍ന്ന് അദ്ദേഹത്തിന്റെ സാഹിത്യ കൃതികളും ഗാനങ്ങളും ശേഖരിച്ചു ഡോക്യുമെന്റ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. 2020 ല്‍ യല്‍ഗാറിന്റെ സംഘാംഗങ്ങള്‍ രണ്ടാഴ്ച തുടര്‍ച്ചയായി ഇദ്ദേഹത്തിന്റെ കഥകളുടെ ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് സംഗീതം പകരാനുള്ള ശ്രമത്തിലാണാവരിപ്പോള്‍.
സാത്തെയുടെ അമ്പത്തിയാറാം ചരമ വാര്‍ഷിക ദിനമായ ജൂലായ് 18ന് (2025) കാന്ദിവല്ലി ഈസ്റ്റിലെ നിര്‍മിക് കള്‍ച്ചറല്‍ സെന്ററില്‍ വച്ച് ഇതവതരിപ്പിക്കാനാണ് ധമ്മയും കൂട്ടുകാരും പദ്ധതിയിട്ടിരിക്കുന്നത്.
”മുംബൈ നഗരത്തിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ ജനങ്ങളില്‍ അതിനെ മഹത്വവത്കരിക്കാനും വല്ലാതെ പൊലിപ്പിക്കാനുമുള്ള ഒരു പ്രവണതയുണ്ട്. അവസരങ്ങളുടെ മഹാനഗരി എന്നു വിശേഷിപ്പിക്കാന്‍. പക്ഷേ സാത്തെ ഈ നഗരത്തെ തന്റെ ഗാനങ്ങളിലൂടെ വിമര്‍ശിച്ചിട്ടുണ്ട്. ഇവിടെ പ്രകടമായിരിക്കുന്ന വിവേചനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്” എന്ന് ഒരു അഭിമുഖത്തില്‍ ധമ്മ പരയുന്നു. അന്നഭാവുവിനോടുള്ള ആദരമെന്ന നിലയിലാണ് ധമ്മയും കൂട്ടരും അദ്ദേഹത്തിന്റെ നാടകങ്ങളും കഥകളും ഓഡിയൊ-വിഷ്വല്‍ രൂപത്തിലാക്കുന്നത്. സാത്തെയെ കണ്ടെത്താനുള്ള അവരുടെ യാത്രയുടെ ഭാഗമാണതുകൊണ്ടു തന്നെ നിര്‍മിക്കിലെ ആഘോഷങ്ങളെന്നും ധമ്മ പറയുന്നു. അതിലേക്കദ്ദേഹം എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
No Comments yet!