
അസ്ലം വിട പറഞ്ഞു. പ്രത്യയശാസ്ത്രപരമായി ജ്വലിക്കപ്പെട്ട
ക്ഷുഭിതയൗവ്വനങ്ങളുടെ അവസാന ദശകമായ എണ്‍പതുകളിലെ പ്രതിനിധിയായിരുന്നു. മാര്‍ക്‌സിസം-ലെനിനിസത്തില്‍ ആകൃഷ്ടരായി 1960കളുടെ അവസാനം മുതല്‍ 1990കളുടെ അവസാനം വരെയുള്ള കാലഘട്ടത്തില്‍ ഒട്ടേറെ ചെറുപ്പക്കാര്‍ വിപ്ലവ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുവരികയുണ്ടായി. ലോകത്താകെയും ഇന്ത്യയിലും കേരളത്തിലുമൊക്കെ അതുണ്ടായി. സുരക്ഷിതമായ സര്‍ക്കാര്‍ ജോലികളുപേക്ഷിച്ചും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചും അങ്ങനെ പ്രതിജ്ഞാബദ്ധരായ ഒട്ടേറെ ചെറുപ്പക്കാരാണ് വിപ്ലവപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. അങ്ങനെയുള്ള ഒരാളായിരുന്നു അസലുവും.
1956ല്‍ സോവിയറ്റ് യൂണിയനില്‍ മുതലാളിത്ത പാതക്കാര്‍ അധികാരം പിടിച്ചെടുക്കുകയും, 89ല്‍ സോവിയറ്റ് യൂണിയന്‍ സമ്പൂര്‍ണമായി തകരുകയും ചെയ്തതിനെ തുടര്‍ന്ന് മാര്‍ക്‌സിസം താല്‍ക്കാലികമായ ഒരു തിരിച്ചടിയെ നേരിടുകയുണ്ടായി. ഇത് ജ്ഞാനശാസ്ത്രപരമായ സംശയങ്ങളിലേക്കും നിസ്സംഗതയിലേക്കും നിഷ്‌ക്രിയതയിലേക്കുമൊക്കെ ആളുകളെ നയിക്കുകയുണ്ടായി. പലരും സ്വാര്‍ത്ഥപരതയിലേക്കും സ്വകാര്യ ജീവിതത്തിലേക്കും തിരിച്ചുപോയി. ചിലര്‍ മാര്‍ക്‌സിസം തന്നെ ഉപേക്ഷിച്ചു. ജനങ്ങളുടെ പ്രതീക്ഷയെ സജീവമാക്കി നിലനിര്‍ത്തുന്നതിന്ന് വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നല്ലോ.

സാമ്രാജ്യത്വാഗോളവത്ക്കരണത്തിലൂടെ പുരോഗതി എന്ന ഭരണവര്‍ഗ്ഗ പ്രചരണം ഇന്ത്യയിലേയും കേരളത്തിലെയും ഒരു വിഭാഗം ഇടത് യാഥാസ്ഥിതിക മദ്ധ്യവര്‍ഗ്ഗം കൂടി ഏറ്റെടുത്തോടെ ഇടതുപക്ഷ ആശയങ്ങള്‍ക്ക് കുറെക്കൂടി പ്രഹരമേല്‍പ്പിക്കുകയുണ്ടായി. ഗ്ലോബലൈസേഷന്‍ മദ്ധ്യവര്‍ഗങ്ങളിലെ തന്നെ ഒരു ചെറിയ വിഭാഗത്തിന് നേട്ടക്കളുണ്ടാക്കിയതൊഴിച്ചാല്‍ രാജ്യത്തിനും ജനങ്ങള്‍ക്കും വലിയ ദുരിതങ്ങളാണ് സമ്മാനിച്ചത്. ഇതൊക്കെക്കൊണ്ട് സാമൂഹ്യരംഗത്തുണ്ടായ ശൂന്യത പഴയതും പുതിയതുമായ ബദല്‍ സിദ്ധാന്തങ്ങളുടെ പുനരുജ്ജീവനത്തിലേക്കാണ് കേരളത്തേയും കൊണ്ടെത്തിച്ചത്. മാത്രമല്ല, അടിസ്ഥാനപരമായി എല്ലാത്തരം വലതുപക്ഷ ആശയങ്ങളും വളരുകയും പഴയ യാഥാസ്ഥിതികത പുനരുത്ഥാനം പ്രാപിക്കുകയും, അതോടൊപ്പം പുരാതന മുന്‍വിധികളും അന്ധവിശ്വാസങ്ങളും തീവ്രമാവുകയും ചെയ്തു. മാര്‍ക്സിസ്റ്റ് സിദ്ധാന്തവും പ്രയോഗവും മുന്നോട്ടുവെക്കുന്ന സമത്വത്തിന്റെയും വിമോചനത്തിന്റെയും സ്ഥാനത്ത് മേല്‍പ്പറഞ്ഞ സിദ്ധാന്തങ്ങള്‍ സ്വാധീനിക്കപ്പെട്ടുക്കൊണ്ടിരുന്നു.
ഇടതുപക്ഷ ബൗദ്ധിക വൃത്തങ്ങളില്‍ പോലും ഇതിന്റെ സ്വാധീനം ഉണ്ടായി. ഈ ശൂന്യതയിലേക്കാണ് ഹിന്ദുത്വഫാസിസവും അരിച്ചിറങ്ങിയത്. മാര്‍ക്‌സിസത്തിലൊക്കെ അഗാധമായ ജ്ഞാനമുണ്ടായിരുന്നു അസലുവിന്. മാര്‍ക്‌സിസത്തിനേറ്റ തിരിച്ചടികളൊന്നും ബാധിക്കുകയുണ്ടായില്ല. സോവിയറ്റ് യൂണിയന്‍ 56ല്‍ തന്നെ മുതലാളിത്തം പിടിച്ചെടുത്തിരുന്നല്ലോ. അതുകൊണ്ടു തന്നെ 89ലെ തകര്‍ച്ചയില്‍ അസ്ലം ഞെട്ടിയില്ല. കടുത്ത ഇച്ഛാശക്തിയുള്ള ആളായിരുന്നു അസ്ലം. അതിലേറെ ശുഭാപ്തിവിശ്വാസിയുമായിരുന്നു.
പി.എം ആന്റണിയുടെ ആറാം തിരുമുറിവ് നാടക നിരോധനത്തിനെതിരെ സര്‍ഗ്ഗാത്മകമായി പ്രതികരിച്ചുകൊണ്ട് ജോസ് ചിറമ്മല്‍ ചെയ്ത കുരിശിന്റെ വഴി തെരുവ് നാടകത്തില്‍ അസലുവുമുണ്ടായിരുന്നു. കേരളത്തിലെ സാംസ്‌കാരിക രംഗം യാഥാസ്ഥിതിക പക്ഷവും പുരോഗമനപക്ഷവുമായി ധ്രുവീകരിക്കപ്പെട്ട സന്ദര്‍ഭം കൂടിയായിരുന്നു അത്. അതുമായി ബന്ധപ്പെട്ട് അസലു ജയില്‍വാസവുമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ യുവജന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളില്‍ പങ്കെടുത്തുകൊണ്ട് പല തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
എണ്‍പത്തിനാലിലാണ് അദ്ദേഹം വിപ്ലവ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. സംഘടനാ പ്രവര്‍ത്തകരോടൊക്കെ സ്‌നേഹപൂര്‍വ്വം ഇടപെടുന്ന ആളായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തില്‍ സംഘടനാ തീരുമാനം അനുസരിച്ച് ഒരു വര്‍ഷം പത്തനംത്തിട്ട ജില്ലയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ക്‌സിസത്തില്‍ മാത്രമല്ലല്ല, ചരിത്രത്തിലും അസലുവിന്
അഗാതമായ ജ്ഞാനമുണ്ടായിരുന്നു. മതരാഷ്ട്ര വാദത്തോട് കടുത്ത എതിര്‍പ്പുള്ള ആളും കറകളഞ്ഞ മതേതരവാദിയുമായിരുന്നു അസ്ലം. ഏറ്റവും വലിയ വിപത്ത് ഹിന്ദുത്വ ഫാസിസമാണെന്നും വിശ്വസിച്ചിരുന്നു. മൗലികവും സൂക്ഷ്മവുമായ സംവേദന ശേഷിയുള്ള വായനക്കാരനുമായിരുന്നു. സുഹൃദ്ബന്ധങ്ങളില്‍ ഏറ്റവും പുതിയ കഥകളും നോവലുകളും കവിതകളും ആദ്യമെ വായിക്കുന്ന ആള്‍ അസ്ലുവായിരുന്നു. നല്ല സിനിമകളെ സുഹൃത്തുക്കള്‍ക്കിടയില്‍ പരിജയപ്പെടുത്തുന്നതും. അതേക്കുറിച്ചൊക്കെ എഴുതാന്‍ പ്രാപ്തനായിരുന്നെങ്കിലും അതൊന്നും ചെയ്യാതെ സുഹൃദ് സദസ്സുകളില്‍ മാത്രം ഉപന്യസിച്ചു. സര്‍ഗ്ഗപ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമായിരുന്നെങ്കിലും അതില്‍ നിന്നും വിട്ടുനിന്നു.
നല്ല ഫോട്ടോഗ്രാഫറായിരുന്നുവെങ്കിലും അതുമായും മുന്നോട്ടു പോയില്ല. 90 കളുടെ അവസാനം പ്രേരണ എന്ന സ്വതന്ത്ര സാംസ്‌കാരിക മാസിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച സമിതിയില്‍ പി.സുരേന്ദ്രന്‍, ഗോപീകൃഷ്‌നന്‍, ലീലകൃഷ്ണന്‍, ബി.ടി.വി നാരയണന്‍, ടി.ആര്‍. രമേഷ് തുടങ്ങിയവര്‍ കൂടാതെ അസലുമുണ്ടായിരുന്നു. അതിന്റെ ബ്രോഷര്‍ ഇറക്കിയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ മാസിക യാഥാര്‍ത്ഥ്യമായില്ല. എല്ലാ കാര്യങ്ങളും perfection നോടുകൂടി ചെയ്യണമെന്ന നിര്‍ബ്ബന്ധമുള്ള ആളായിരുന്നു അസ്ലം. പ്രസിദ്ധ ചലചിത്ര നിരുപകനായ സി.എസ് വെങ്കടേശ്വരന്റെ നിര്‍ബ്ബന്ധപ്രകാരം തന്റെ ‘ Maa’ യുടെ ഫോട്ടോഗ്രാഫി നിര്‍വ്വഹിച്ചത് അസലുവായിരുന്നു.
എന്തിനേയും തന്റേതുമാത്രയ രീതിയില്‍ നോക്കി കാണാന്‍ ശ്രമിച്ച ആളായിരുന്നു അദ്ദേഹം. സ്ഥാപവത്ക്കരിക്കപ്പെട്ട എല്ലാറ്റിനേയും അസലു നിരാകരിച്ചു. ആദ്യകാല സ്‌ക്രീന്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. 92ലെ ബാഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവെല്‍ തുടങ്ങി 2021 വരെയുള്ള മിക്കവാറും ഫസ്റ്റിവലുകളില്‍ അസലു പങ്കെടുത്തിട്ടുണ്ട്.കുറച്ച് വര്‍ഷങ്ങളായി എല്ലാറ്റില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അതോടൊപ്പം നിശബ്ദനും ഏകാകിയുമായിരുന്നു. അടുത്ത സുഹൃത്തുക്കളൊഴിച്ചുള്ള സുഹൃദ്ബന്ധങ്ങളില്‍ നിന്നൊക്കെ വിസ്മൃതനാവാന്‍ ആഗ്രഹിച്ചതുപോലുള്ള ജീവിതമായിരുന്നു.







No Comments yet!