സഖാവ് സി.ജെ.രാജീവിനെ ഞാന്‍ പരിചയപ്പെടുന്നത് 1982 വൈപ്പിന്‍ വിഷമദ്യ കൂട്ടക്കൊലക്കെതിരെ ദ്വീപ് ജനതയായ ഞങ്ങള്‍ നടത്തിയ സമരമുഖത്ത് വെച്ചാണ്. എന്നാല്‍ പക്ഷെ അന്ന് ഞാന്‍ രാജീവിനെ പരിചയപ്പെട്ടത് സി ആര്‍ സി, സി പി ഐ (എം എല്‍) എന്ന സംഘടനയുടെ എറണാകുളം ജില്ലാ സെക്രട്ടറി അനില്‍ എന്ന പേരിലായിരുന്നു. വിഷമദ്യ കൂട്ടക്കൊല നടന്ന പിറ്റേന്ന് വൈപ്പിന്‍ ദ്വീപിലെ കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് അബ്കാരി കൊലയാളികളായിരുന്ന കെ.കെ.വിജയന്‍, കൊച്ചഗസ്തി തുടങ്ങിയവരുടെ ചാരായ ഷാേപ്പുകളും, ഇതര സ്വകാര്യ സംരംഭങ്ങളും, വീടുകളുമെല്ലാം അടിച്ചു തകര്‍ക്കുകയും അഗ്‌നിക്കിരയാക്കുകയുമാെക്കെ ചെയ്തു. അതോടെ ഞങ്ങളുടെ പ്രതികരണങ്ങള്‍ നിലക്കുകയും രാഷ്ട്രീയ, സാമുഹ്യ ധാരണകളുടെ അഭാവത്താല്‍ ഇനിയെന്തെന്നറിയാതെ നിശബ്ദരാകുകയും ചെയ്തു.
മൂന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് അനില്‍ എന്നറിയപ്പെട്ടിരുന്ന ഈ സി.ജെ.രാജീവ്, എം.എം.സോമശേഖരന്‍, ചാള്‍സ് ജോര്‍ജ്ജ്, ടി.എ.കൃഷ്ണന്‍കുട്ടി, പി.ഡി.മേരി, വിജയലക്ഷ്മി, ഡാളി, പി.കെ.വേണുഗോപാലന്‍, ബെയ്‌സല്‍, മാത്യൂസ് (ആന്റി) രാജു തോമസ്, കെ.കെ.ബേബി, സി.പി. സന്തോഷ് തുടങ്ങിയവരടക്കമുള്ള എംഎല്‍ സംഘടനാ പ്രവര്‍ത്തകര്‍ നായരമ്പലത്ത് വി.സി.രാജപ്പന്‍ എന്ന സഖാവിന്റെ വീട്ടിലെത്തുന്നത്. ഇവരോടൊപ്പം ചേര്‍ന്നുകൊണ്ട് ഞങ്ങള്‍ നായരലത്തെ കുറെ യുവജനങ്ങള്‍ വിഷമദ്യ കൂട്ടക്കൊലക്കെതിരെ പ്രചാരണ പ്രവര്‍ത്തനങ്ങളും, ജനകീയാഭിപ്രായ സ്വരൂപണവുമൊക്കെ നടത്തി. ഈ ദിശ പ്രവര്‍ത്തനങ്ങളിലൂടെ വൈപ്പിന്‍കരയുടെ സാമാന്യമെല്ലാ പ്രദേശങ്ങളിലും നിരവധി ചെറുപ്പക്കാരെയും, മധ്യ വയസ്‌ക്കരെയുമെല്ലാംസംഘടിപ്പിക്കാനായി. അങ്ങിനെ സംഘടിപ്പിക്കപ്പെട്ടവരായ എഴുന്നൂറിലേറെയാളുകള്‍ പങ്കെടുത്തു കൊണ്ട് നായരമ്പലം ഭഗവതി വിലാസം സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന ഒരു യോഗത്തില്‍ നിന്നാണ് ‘വൈപ്പിന്‍ വിഷമദ്യ വിരുദ്ധ ബഹുജന സമിതി’ രൂപം കൊണ്ടത്. ‘വൈപ്പിന്‍ ഒരു ദുരന്തമല്ലെന്നും, അതൊരു കൂട്ടക്കൊലയാണെന്നുമുള്ള’ നിലപാട് മുന്നോട്ടു വെച്ച സമിതി അബ്കാരി കൊലയാളികളുടെ സ്വത്ത് വഹകള്‍ കണ്ടുകെട്ടി വിഷമദ്യത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുക എന്ന മദ്രാവാക്യമുയര്‍ത്തി പ്രക്ഷോഭമാരംഭിച്ചു.
സി.ജെ.രാജീവ്
അബ്കാരി കൊലയാളി കൊച്ചഗസ്തിയുടെ നെടുങ്ങട് സ്ഥിതി ചെയ്തിരുന്ന പാടത്തിനരികില്‍ സമിതി പ്രസിഡന്റ് മണ്ഡലം മുഹമ്മദ് അനിശ്ചിത കാല നിരാഹാരം തുടങ്ങി. അതോടെ സമരം കൂടുതല്‍ ജനകീയമായി. വൈപ്പിന്‍ കരയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നൂറ് കണക്കിനാളുകള്‍ ചേര്‍ന്ന പ്രകടനങ്ങള്‍ സമരപ്പന്തലിലേക്ക് നിരന്തരമെത്തിച്ചേരാന്‍ തുടങ്ങി. അതുവരെ നിശബ്ദരായിരുന്ന അക്കാലത്തെ പ്രതിപക്ഷ പാര്‍ട്ടിയായ സിപിഐ (എം) ഈ ജനകീയ സമരത്തിനെതിരായ പ്രചാരണവുമായി രംഗത്തിറങ്ങി. നെല്ല് നശിപ്പിക്കാനായി നടത്തുന്ന ഈ സമരത്തിന് നേതൃത്വം നല്‍കുന്ന നക്‌സലുകള്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎ യില്‍ നിന്ന് പണം കൈപ്പറ്റുന്ന ദേശവിരുദ്ധരാണെന്നാണ് അന്ന് സിപിഐ (എം) നേതാക്കള്‍ പ്രചാരണം നടത്തിയത്. ഇന്നിപ്പോള്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരുടേയും, ആര്‍ എസ് എസിന്റേയുമെല്ലാം രഹസ്യ പിന്തുണയുമായാണ് സെക്രട്ടേറിയറ്റ് നടയില്‍ വെയിലും മഴയുമേറ്റ് കിടക്കുന്നതെന്നാണ് സിപിഐ (എം) പ്രചരിപ്പിക്കുന്നതെന്ന കാര്യം ഭഗ്യന്തരേണ ഇവിടെ ഓര്‍ത്ത് പോകുന്നു. ഒന്‍പതാം ദിവസം മണ്ഡലം മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചിച്ചു. ആശുപത്രിയിലും മണ്ഡലം നിരാഹാരം തുടര്‍ന്നു.
നെടുങ്ങാട് പാടവരമ്പില്‍ അന്ന് ഐടിഐ വിദ്യാര്‍ത്ഥിയായിരുന്ന സമരസമിതി പ്രവര്‍ത്തകന്‍ നായരമ്പലം നിവാസി പി.എസ്.രാജീവ് നിരാഹാരം ഏറ്റെടുത്തു. രാജീവിന്റെ നിരാഹാരം തുടങ്ങി നാലാം ദിവസം നിയമം ലംഘിച്ചുകൊണ്ട് സമിതിയുടെ നേതൃത്വത്തില്‍ പാടം കൊയ്യാന്‍ ശ്രമിച്ച ആയിരക്കണക്കിന് പേരെ കെ. കരുണകരന്റെ പോലീസ് വേട്ടയാടി. നിരവധി പ്രവര്‍ത്തകര്‍ക്ക് മാരകമായി പരിക്കേറ്റു. ഇരുപത്തിയെട്ട് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തുടര്‍ ദിനങ്ങളിലായി പാടം ജനങ്ങള്‍ കയ്യേറി കൊയ്‌തെടുത്തു. അബ്കാരി കൊലയാളികളായ കെ.കെ.വിജയന്‍, കൊച്ചസ്തി, ചന്ദ്രസേനന്‍, തിരുമുല്‍പ്പാട് തുടങ്ങിയവരടക്കമുള്ളവരെല്ലാം നിയമപരമായി ശിക്ഷിക്കപ്പെട്ട് ഇരുമ്പഴികള്‍ക്കകത്തായി. അബ്കാരി കൊലയാളികള്‍ക്ക് ഇത്തരത്തില്‍ ശിക്ഷ കിട്ടുന്നത് കേരളചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. വൈപ്പിന്‍ വിഷമദ്യ കൂട്ടക്കൊലക്കെതിരായ ആ സമരത്തിന്റെ രാഷ്ട്രീയ നായകരില്‍ ഒരാളായി എത്തിയപ്പോഴാണ് സഖാവ് സി.ജെ.രാജീവിനെ (അനില്‍) ഞാന്‍ ആദ്യം പരിചയപ്പെട്ടത്. പിന്നീട് ഒരുമിച്ചുള്ള നിരവധിയായ രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തന രംഗങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു.
ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന പി.എം ആന്റണിയുടെ നാടകം നിരോധിച്ച 1986 ലെ കെ.കരുണാകര കാലം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭങ്ങള്‍ എംഎല്‍ സംഘടനയുടെ മുന്‍കയ്യില്‍ കേരളത്തിലങ്ങോളമിങ്ങോളമുയര്‍ത്തപ്പെട്ടു. സി ജെ രാജീവിന്റെ നാടായിരുന്ന കുറുമശ്ശേരിയില്‍ നാടകം കളിക്കാന്‍ തിയ്യതി പ്രഖ്യാപിച്ചു. അതിന്റെ സംഘാടന പ്രവര്‍ത്തനത്തിനും മറ്റുമായി ഈ കുറിപ്പെഴുതുന്നയാളും മൂന്ന് നാല് ദിവസങ്ങള്‍ കുറുമശ്ശേരിയില്‍ തങ്ങിയിരുന്നു. ഒരാഴ്ചകൊണ്ട് എല്ലാ സന്നാഹങ്ങളുമായി നാടകാവതരണത്തിന് അരങ്ങാരുക്കി. അവതരണ ദിനത്തില്‍ ഉച്ച കഴിഞ്ഞ് നാടകാവതരണം നിരോധിച്ചു കൊണ്ട് ഔദ്യോഗികമായി സര്‍ക്കാരിന്റെ സ്റ്റേ പുറത്തിറക്കപ്പെട്ടു. ഇതിന് സമാനമായി കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിന്റെ അവതരണം നിരോധിക്കപ്പെട്ടു. ഫാദര്‍ കുണ്ടുകുളം എന്ന തൃശൂര്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ സഭ വിശ്വാസികളെ തെരുവിലിറക്കിക്കൊണ്ട് ക്രിസ്തീയ വിശ്വാസത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഈ നാടകമെന്ന് പ്രചരിപ്പിച്ചുകൊണ്ട് നടത്തിയ പൊറാട്ട്‌നാടകങ്ങളെ തുടര്‍ന്നാണീ നാടക നിരോധനത്തിലേക്ക് കരുണാകര സര്‍ക്കാര്‍ നീങ്ങിയത്.
ഇതിനെതിരെ തൃശൂരില്‍ വെച്ച് ഒരു ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കപ്പെട്ടു. സുകുമാര്‍ അഴിക്കോട് ഉദ്ഘാടനം ചെയ്ത ആ കണ്‍വെന്‍ഷന്റെ വിജയത്തിനായി സി.ജെ.രാജീവിനൊപ്പം എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ അക്ഷീണം പ്രവര്‍ത്തിച്ചിരുന്നത് എന്റെ ഓര്‍മ്മയില്‍ ഇപ്പോഴും തെളിഞ്ഞ് നില്‍ക്കുന്നുണ്ട്. ആ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു കൊണ്ടാണ് 1959 ലെ വിമോചന സമര നേതാക്കളില്‍ പ്രധാനിയായിരുന്ന ഫാദര്‍ വടക്കന്‍ എന്ന മനുഷ്യന്‍ കേരളത്തോട് ക്ഷമ പറഞ്ഞത്. 1959 ലെ വിമോചന സമരത്തില്‍ പങ്കാളിയായത് എന്റെ ജീവിതത്തില്‍ പറ്റിയ വലിയൊരു തെറ്റായിപ്പോയെന്ന് ഈ തേക്കിന്‍കാട് മൈതാനത്ത് കൂടിയിരിക്കുന്ന പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഞാന്‍ ഏറ്റു പറയുന്നു. ആ തെറ്റിന് ഞാന്‍ ജനാധിപത്യ കേരളത്തോട് ക്ഷമ ചോദിക്കുന്നു എന്നാണന്ന് ഫാദര്‍ വടക്കന്‍ അന്ന് പ്രസംഗിച്ചത്. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന ഈ നാടകത്തിനെതിരെ വിശ്വാസികളെ തെരുവിലിറക്കുന്ന സഭയും, നാടകത്തെ നിരോധിക്കുന്ന സര്‍ക്കാരും ജനാധിപത്യ മതനിരപേക്ഷതക്ക് കളങ്കം ചാര്‍ത്തുക തന്നെയാണ് ചെയ്യുന്നതെന്നും അന്ന് ഫാദര്‍ വടക്കന്‍ പറഞ്ഞു.
ജനാധിപത്യ മതനിരപേക്ഷ സംഹിതയുയുടെ സംരക്ഷണത്തിനായുള്ള ആ പോരാട്ടങ്ങളിലെ മുന്‍നിര പോരാളിയായിരുന്നു സഖാവ് സി.ജെ.രാജീവ്.
ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന ആവശ്യത്തെയന്ന് സിപിഐ (എം) ഉം, ഇടതുമുന്നണിയും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അവരുടേതായ തലങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിനായി കേരളം നടത്തിയ പ്രതിഷേധത്തിന്റെ കൂടി ഉല്പന്നമായിരുന്നു 1987 ല്‍ അധികാരത്തില്‍ വന്ന സഖാവ് ഇ.കെ.നായനാരുടെ ഇടത് സര്‍ക്കാര്‍. എന്നാല്‍ പക്ഷെ അധികാരമേറ്റശേഷം സഖാവ് നായനാര്‍ ആദ്യം തന്നെ പറഞ്ഞത് ‘ആരുടെയും വികാരത്തെ വ്രണപ്പെടുത്തിക്കൊണ്ട് ഒരാവിഷ്‌ക്കാര സ്വാതന്ത്ര്യവും അനുവദിക്കുന്ന പ്രശ്‌നമില്ലെന്നായിരുന്നു’ എന്നതിവിടെ ഓര്‍ത്തു പോകുന്നു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ എ.വാസു, മൊയിന്‍ ബാപ്പു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ‘ഗ്രോ യൂണിയന്‍’ നടത്തിയിരുന്ന തൊഴിലാളി സമരത്തെ സംസ്ഥാന തലത്തിലേക്ക് വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യുവജനവേദിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഒട്ടെല്ലാ ജില്ലകളിലും നിരാഹാരസമര കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. അത്തരം പ്രവര്‍ത്തനങ്ങളിലും സഖാവ് സി.ജെ.രാജീവ് തന്റെ നേതൃത്വപരമായ കഴിവ് പ്രകടിപിച്ചു കൊണ്ട് രംഗത്ത് സജീവമായിരുന്നു. തികഞ്ഞ സാംസ്‌കാരിക ബോധ്യങ്ങളുണ്ടായിരുന്ന സഖാവ് രാജീവ് 1980 കളില്‍ രണ്ട് പ്രൊഫഷണല്‍ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. പ്രശസ്തനായ എം.സുകുമാരന്റെ ശേഷക്രിയ എന്ന കൃതിയെ ആസ്പദിച്ചു കൊണ്ടെഴുതപ്പെട്ട ‘ശേഷക്രിയ’ എന്ന് തന്നെ പേരുള്ള ഒരു നാടകമാണ് അതിലൊന്ന്.
ഒരു വര്‍ഗ്ഗ സംഘടനയുടെ നേതൃത്വത്തെ ഗ്രസിക്കുന്ന സങ്കുചിത താല്പര്യങ്ങള്‍ക്കായി അണികളായ തൊഴിലാളികളെയും മറ്റും കീഴടക്കി ‘കുഞ്ഞയ്യപ്പന്മാരാക്കി’ മാറ്റുന്നതരം പ്രതിലോമ രാഷ്ട്രീയ പ്രകിയകളെ പ്രമേയമാക്കിയ ഒന്നായിരുന്നു എം.സുകുമാരന്റെ സൃഷ്ട്ടിയും, രാജീവ് സംവിധാനം ചെയ്ത നാടകവും. അതിന് ശേഷമാണ് കേരളത്തിലെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ കടല്‍ അടക്കമുള്ള അവരുടെ തൊഴില്‍ മേഖലകളില്‍ നേരിട്ടു കൊണ്ടിരുന്ന ഭീഷണികള്‍ക്കെതിതിരെ പി.ബി.ദയാനന്ദന്‍ എന്ന മത്സ്യതൊഴിലാളി തന്നെയായിരുന്ന സഖാവ് എഴുതിയ ‘ഇടയാളം’ എന്ന നാടകം സംവിധാനം ചെയ്തത്. യുവജനവേദിയുടെ ഔപചാരിക പ്രഖ്യാപനം നടന്നപ്പോള്‍ സംഘടനയുടെ എറണാകുളം ജില്ലാപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് നേതൃത്വപരവും, രഷ്ട്രീയവുമൊക്കെയായ കഴിവുകള്‍ തെളിയിച്ചിട്ടുള്ള സഖാവ് സി.ജെ.രാജീവ് തന്നെയായിരുന്നു. രാജീവ് ജില്ലാ അധ്യക്ഷനായ സംഘടനയുയുടെ ജില്ലാ സെക്രട്ടറിയായിക്കൊണ്ടാണ് ഈയുള്ളവന്‍ ഒരു ബഹുജന സംഘടനാ നേതൃസ്ഥാനത്തേക്ക് ആദ്യമായി കടന്നു വരുന്നതെന്ന് പറയാം. സഖാവ് സി.ജെ.രാജീവ് പ്രസിഡന്റായ യുവജനവേദിയുടെ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 1989 ജനുവരി 21ന് കൊച്ചി ജി സി ഡി എ യുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചര്‍ച്ചക്കെത്തിയ ലോകബാങ്ക് പ്രതിനിധി സംഘത്തെ ഈയുള്ളവനടക്കമുള്ളവര്‍ ഉപരോധിച്ചത്.
കേരളത്തിലെ ശുദ്ധജല വിതരണത്തെ കച്ചവടവല്‍ക്കരിക്കാനുള്ള പദ്ധതിയുടെ രേഖകളുമായിട്ടെത്തിയ അര്‍ട്ടിലകാര്‍ലോസ്മനോഗ്ലൂ എന്ന ലോകബാങ്ക് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണെന്ന് ഞങ്ങള്‍ ഉപരോധിച്ചത്. കുടിവെള്ളത്തെ കച്ചവടച്ചരക്കാക്കാനെത്തിയ ലോകബാങ്ക് സംഘത്തെ ഉപരോധിച്ച യുവജനവേദി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് അമര്‍ച്ച ചെയ്യാനായി അന്നത്തെ മുഖ്യമന്ത്രി സഖാവ് ഇ.കെ.നായനാര്‍ പ്രത്യേക അന്വേഷണ മേധാവിയായി കൊച്ചിയിലേക്ക് പറഞ്ഞു വിട്ടത് സഖാവ് എ.വര്‍ഗ്ഗീസിനെ വെടിവെച്ചു കൊന്നതിന് ശിക്ഷിക്കപ്പെട്ടയാളും അടിയന്തരാവസ്ഥയിലെ നരാധമനുമായിരുന്ന ഡിഐ ജി ലക്ഷ്മണയെ തന്നെയായിരുന്നു. ലക്ഷ്മണയുടെ നേതൃത്വത്തില്‍ പോലീസ് വേട്ടയാടി 19 യുവജനവേദി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ആദ്യം പിടിക്കപ്പെട്ട പ്രവര്‍ത്തകരെ പോലീസ് ലോക്കപ്പിലിട്ട് നല്ല നിലവാരത്തില്‍ തന്നെ കൈകാര്യം ചെയ്യാനും ലക്ഷ്മണ മറന്നില്ല.
ഞങ്ങളൊക്കെ ജയിലറക്കകത്തായ ഈ ഘടത്തിലാണ് ‘യുവജനവേദി എന്തു കൊണ്ട് ലോകബാങ്ക് സംഘത്തെ ഉപരോധിച്ചു’ എന്ന തലവാചകത്തില്‍ യുവജനവേദി ജില്ലാപ്രസിഡന്റായിരുന്ന സി.ജെ.രാജീവ് എഴുതിയ നോട്ടീസ് പുറത്തിറങ്ങിയത്….
ലോകബാങ്കിനേയൊ, ഐ എം എഫ് നേയൊ കുറിച്ചൊന്നും കേരളത്തിലെ ഒരു സംഘടനയും അക്കാലത്ത് ചര്‍ച്ച പോലും ചെയ്തിട്ടില്ലാതിരുന്ന സമയത്താണ് എന്താണ് ലോകബാങ്കെന്ന ഈ ആഗോള ഊഹമൂലധന ഏജന്‍സി ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ സേവന മേഖലകളിലേക്കും മറ്റുമായി മുന്നോട്ടു വെക്കുന്ന ദേശവിരുദ്ധ വികസന നയങ്ങളെന്ന വിഷയത്തെ ഉയര്‍ന്ന രാഷ്ട്രീയ ഉള്‍ക്കാഴ്ച്ചയാേടെ വളരെ ലളിതമായി വിവരിക്കുന്നൊരു നോട്ടീസായിരുന്നു ‘യുവജനവേദി എന്തുകൊണ്ട് ലോകബാങ്ക് സംഘത്തെ ഉപരോധിച്ചു’ എന്നത്. ഇന്നിപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൊച്ചി കോര്‍പ്പറേഷനിലെ ശുദ്ധജലവിതരണ മേഖലയിലടക്കം എ ഡി ബി വായ്പ ഉപയോഗിച്ചു കൊണ്ട് നടപ്പക്കാന്‍ പോകുന്ന പുതിയ പദ്ധതി 1989 ല്‍ ലോകബാങ്കിനെതിരായ യുവജനവേദിയുടെ പ്രക്ഷോഭത്താല്‍ തടയപ്പെട്ട ദേശവിരുദ്ധ നയത്തിന്റെ പുതിയ പതിപ്പാണെന്നതൊരു സത്യംതന്നെയാണെന്ന് സാന്ദര്‍ഭികമായി ഇവിടെ പറഞ്ഞു പോകാതെ തരമില്ല തന്നെ.
മുകളില്‍ പറഞ്ഞതുപോലുള്ള രാഷ്ട്രീയ പ്രവര്‍ത്തന-പ്രക്ഷോഭ രംഗങ്ങളിലും, സാംസ്‌കാരിക മേഖലയിലുമെല്ലാം ഒരുപോലെ തന്നെ ധിഷണാപരവും നേതൃത്വപരവുമായ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുള്ളൊരു സഖാവാണ് സി.ജെ.രാജീവ്. ‘ഗ്ലാസ്‌നോസ്റ്റ് പെരിസ്‌ട്രോയിക്ക’ എന്ന പുത്തന്‍ പദ്ധതി നടപ്പാക്കിക്കൊണ്ട് ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയനെ തകര്‍ത്തെറിഞ്ഞിരുന്ന 1989-91 കാലത്ത് ‘ഗ്ലാസ്‌നോസ്റ്റ് പെരിസ്‌ട്രോയിക്ക സാമ്രാജ്യത്വ പദ്ധതിയാണ്’ എന്ന രാഷ്ട്രീയ സന്ദേശമുയര്‍ത്തിക്കൊണ്ട് സിപിഐ (എം എല്‍) റെഡ് ഫ്‌ലാഗ് പാര്‍ട്ടി സംസ്ഥാനത്ത് നടത്തിയ ശക്തവും വിപുലവുമായ രാഷ്ട്രീയ പ്രചാരണത്തിന്റെ മുന്‍നിരയിലെ ഒരു പ്രധാനിയായിരുന്നു സഖാവ് സി.ജെ.രാജീവ്. 1990 കളുടെ പകുതിയോടെ നേരിട്ടുള്ള സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങിയ രാജീവ് ഒരദ്ധ്യാപകന് കീഴിലല്ലാതെ തന്നെ നല്ലൊരു കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായി മാറി. ‘ഇ വനിത’ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ മാസിക ഇറക്കിക്കൊണ്ട് ഈ നൂറ്റാണ്ടിന്റെ ആദ്യത്തോടെ രാജീവ് ആ മേഖലയിലുള്ള തന്റെ കഴിവ് തെളിയിച്ചു.
അപ്പോഴും പക്ഷെ ജോര്‍ജ്ജ് ചടയമ്മുറി എന്ന പഴയ മാര്‍ക്‌സിസ്റ്റ് തൊഴിലാളി നേതാവിന്റെ സഹോദര പുത്രനായ സി.ജെ.രാജീവിന് തന്റെ കഴിവുകളെ പണസമ്പാദന ലക്ഷ്യത്തോടെ വിപണിയിലെത്തിക്കാനും അത്തരത്തില്‍ വിജയിപ്പിക്കാനും കഴിഞ്ഞില്ല.
ഇടക്കാലത്ത് കുറച്ചുകാലം വിദേശത്ത് തൊഴില്‍ ചെയ്തപ്പോഴും നിസ്വരുടെ ശബ്ദം കേള്‍ക്കാന്‍ രാജീവ് തന്റെ കാതുകള്‍ എപ്പോഴും തുറന്ന് തന്നെ വെച്ചിരുന്നു. അങ്ങിനെ രാഷ്ട്രീയ സാംസ്‌കാരിക ജീവിതത്തിലൊക്കെ തന്റെ കഴിവുകള്‍ സാക്ഷ്യപ്പെടുത്താന്‍ കഴിഞ്ഞ രജീവിന് പക്ഷെ ഭൗതിക നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ ഒട്ടുംതന്നെ വിജയിക്കാനായില്ല. എന്തും ഏതും വിപണിയിലെ കച്ചവട ഉല്പന്നമായി മാറിക്കഴിഞ്ഞ ഈ ഊഹമൂലധ മേധാവിത്വ ആഗോളവത്കരണത്തിന്റ കാലത്ത് ഒരു കഴുത്തറപ്പന്‍ കച്ചവടക്കാരനല്ലാതെ ജീവിക്കാനാഗ്രഹിച്ചതിനാല്‍ സഖാവ് രാജീവിന് ഒട്ടുംതന്നെ വിജയിക്കാനായില്ല. ധിഷണാപരമായി വിജയിക്കാനായപ്പോള്‍ തന്നെയും ഭൗതിക തലത്തില്‍ മുടന്തിക്കൊണ്ട് തന്നെയാണ് സഖാവ് രാജീവ് ഏപ്രില്‍ 13ന് രാവിലെ നമ്മളോട് വിട പറഞ്ഞത്. ചാലക്കുടിക്കാരിയായ ജീന രാജീവിന്റെ ജീവിത പങ്കാളിയും, അല്‍ക്ക അവരുടെ ഏക മകളുമാണ്. രാജീവ് ജീവിച്ചിരിക്കെ ഇല്ലാതാക്കാന്‍ കഴിയാതെ പോയ ആ ഭൗതിക മുടന്തലുകളെ നേരിട്ടു കൊണ്ടുള്ളൊരു ജീവിതമാണിനി ജീനയുടേയും അല്‍ക്കയുടേയും മുന്നിലുള്ളത്. രാജീവിന്റെ ഈ വിയോഗം ജീനക്കും അല്‍ക്കക്കും, രാജീവിനെ ഇഷ്ടപ്പെടുന്ന മറ്റെല്ലാ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കുമെല്ലാമുണ്ടാക്കിയിരിക്കുന്ന ദുഃഖത്തോടൊപ്പം ഈയുള്ളവനും പങ്ക്‌ചേരുന്നു. എത്രയും പ്രിയപ്പെട്ട സഖാവിന്റെ ദീപ്തമായ ഓര്‍മ്മകളില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍ വിതറിക്കൊണ്ട് രാജീവിന് ആദരവോടെ വിട.
******
No Comments yet!