Skip to main content

കാവുങ്കര ഭാർഗവി ആദരാഞ്ജലികള്‍

കാവുങ്കര ഭാർഗവിക്ക് അന്ത്യാഭിവാദ്യം…

തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന നാടകത്തിൽ ദേവസേനയായി വേഷമിട്ട കാവുങ്കര ഭാർഗ്ഗവി(94) വിടചൊല്ലി. അന്തർജ്ജനസമാജത്തിന്റെ നേതൃത്വത്തിൽ 1947 ൽ ലക്കിടിയിലെ മംഗലത്തു മനയിൽ അന്തർജ്ജനങ്ങൾക്ക് ഒരു തൊഴിൽപരിശീലന കേന്ദ്രം ആരംഭിച്ചു. സ. പി.കൃഷ്ണപിള്ള ഇഎംഎസ്സിനൊപ്പം തൊഴിൽ കേന്ദ്രം സന്ദർശിച്ചിരുന്നു. ജനങ്ങളുടെ സഹായമർഹിക്കുന്ന മാതൃകാ സ്ഥാപനം എന്നും ഡയറിയിൽ രേഖപ്പെടുത്തി. ഇഎംഎസ് അന്തേവാസികൾക്ക് ക്ലാസ്സുകളെടുത്ത രേഖകളുമുണ്ട്. സ്വതന്ത്രയായ അന്തർജ്ജനം അലസ ജീവിതത്തിനും അനാചാരങ്ങൾക്കും നേർക്കുള്ള ബോംബാണ് എന്നായിരുന്നു ഇഎംഎസ് നൽകിയ ഉത്ബോധനം. യോഗക്ഷേമ സഭയുടെ നേതൃത്വത്തിൽ പരാശ്രയം കൂടാതെ പണിയെടുത്ത് ജീവിക്കാനുള്ള പരിശീലനം നമ്പൂതിരി സ്ത്രീകൾക്ക് നൽകാൻ തീരുമാനിച്ചു. നമ്പൂതിരി ഭവനങ്ങളിൽ നിന്ന് സംഭാവനകൾ സമാഹരിക്കാനായി ഐസിപി നമ്പൂതിരി ഓർഗനൈസറായി യാചനായാത്രയും സംഘടിപ്പിച്ചിരുന്നു.
1948 ൽ അന്തർജ്ജനങ്ങൾ തന്നെ സ്ക്രിപ്റ്റ് തയ്യാറാക്കി, സംവിധാനം നിർവഹിച്ച് ആൺ വേഷവും അവർ തന്നെ കെട്ടി അഭിനയിച്ച നാടകമാണ് തൊഴിൽ കേന്ദ്രത്തിലേക്ക് പന്ത്രണ്ട് വേദികളിൽ നാടകം അവതരിപ്പിച്ചു. ബ്രിട്ടീഷ് ഗവ. ഇന്ത്യയിൽ നടപ്പിലാക്കിയ ഡ്രമാറ്റിക് പെർഫോമൻസ് ആക്ടിലെ വകുപ്പുകൾ 1948 ൽ മലബാറിനും ബാധകമാക്കി. മജിസ്ട്രേറ്റിന്റെ മുൻകൂട്ടിയുള്ള അനുവാദം നാടകാവതരണത്തിന് വ്യവസ്ഥ ചെയ്തു പിന്നീട് സാമൂഹ്യപ്രസക്തമായ നാടകങ്ങൾ നിരോധിച്ചു. പ്രതികൾകണ്ടു കെട്ടി. പരിയാനംപറ്റയുടെ വീട്ടിൽ നിന്ന് മംഗളോദയം പ്രസ്സിൽ അച്ചടിച്ച പുസ്തകത്തിന്റെ കോപ്പികൾ കണ്ടു കെട്ടി.


എറണാകുളം ജില്ലയിലെ ഇരിങ്ങോളിലെ പട്ടശ്ശേരി മനയുൾപ്പെടെ സന്ദർശിച്ച് രേഖകൾ സമാഹരിച്ച് ഞാൻ തയ്യാറാക്കിയ പഠനഗ്രന്ഥമാണ് ‘തൊഴിൽ കേന്ദ്രത്തിലേക്ക്: ചരിത്രരേഖ നാടകം പഠനം’. ഡോ. കെ എൻ പണിക്കരുടേതാണ് അവതാരിക. സഞ്ചരിക്കുന്ന സംഗീതം സമരകാഹളത്തിൽ എന്നാണ് അക്കിത്തം നാടകത്തെ വിശേഷിപ്പിക്കുന്നത്.
2014 ൽ ഓങ്ങല്ലൂരിൽ വെച്ച് പ്രിയ സഖാവ് പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. നാടകത്തിൽ വേഷമിട്ട ഇ എം എസ്സിന്റെ സഹോദരീപുത്രി കണ്ണമ്പിള്ളി ശ്രീദേവി, കാവുങ്കര ഭാർഗ്ഗവി, അന്തർജ്ജനസമാജം ഭാരവാഹിയായിരുന്ന ദേവകി നിലയങ്ങോട്, സഹയാത്രിക ഓങ്ങല്ലൂർ ഗംഗാദേവി, പ്രേംജി, വി.ടി, എം.ആർ.ബി കുടുംബാംഗങ്ങൾ എന്നിവരെല്ലാം പങ്കെടുത്ത ചരിത്ര സംഗമം.
അവിടെ വെച്ച് സമത കാവുങ്കര ഭാർഗ്ഗവിക്ക് 1000 രൂപ പ്രതിമാസ പെൻഷനായി സമ്മാനിച്ചു. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് 2023 ൽ പ്രകാശനം ചെയ്തത് കാവുങ്കര ഭാർഗ്ഗവിയാണ്.

വാർദ്ധക്യ സഹജമായ അസുഖത്താൽ കിടപ്പിലായിരുന്നു. കഴിഞ്ഞ ആഴ്ച ഞാനും ചെയർപേഴ്സൺ അജിത ടീച്ചറും കാവുങ്കര വീട്ടിലെത്തി മാർച്ചുമാസം വരെയുള്ള പെൻഷൻ കൈകളിൽ വെച്ചുകൊടുത്തു. ഇന്നും ഞങ്ങൾ കാവുങ്കരയിലെത്തി നിത്യനിദ്രയിലാണ്ട ആ പോരാളിയുടെ അരികിൽ ഒരു റീത്തും സമർപ്പിച്ചു…..ജ്വലിക്കുന്ന ഓർമ്മകൾ സമ്മാനിച്ച് വിട്ടു പിരിഞ്ഞ അമ്മയ്ക്ക് സമതയുടെ അന്ത്യാഭിവാദ്യങ്ങൾ…

*******

 

 

No Comments yet!

Your Email address will not be published.