Skip to main content

GUSTAV COURBET നിലപാടുകളുടെ റിയലിസം

ലോകത്തിലെ ഏറ്റവും തീക്ഷണമായതും പതിനായിരത്തോളം ആളുകളുടെ മരണത്തിനിടയാക്കിയതുമായ തൊഴിലാളി പ്രക്ഷോഭമായിരുന്നു 1871 ൽ തുടങ്ങിയ പാരിസ് കമ്മ്യൂൺ. ഫ്രഞ്ച് വിപ്ലവത്തിന് അടിത്തറ പാകിയ ഈ സമരത്തിന്റെ സാംസ്‌കാരികവ്യക്തിത്വം ചിത്രകലയിലെ റിയലിസത്തിന്റെ ഉപജ്ഞാതാവെന്നറിയപ്പെടുന്ന ഗുസ്താവ് കോർബേ ആയിരുന്നു. പിന്നീട് ആറു മാസത്തെ ജയിൽ വാസത്തിന് ശേഷമുണ്ടായ നാലുവർഷങ്ങൾ കരൾ രോഗത്തിനടിമപ്പെട്ട് കലാ പ്രാധാന്യങ്ങളധികമില്ലാത്ത അദ്ദേഹത്തിന്റെ ദുരന്തകാലങ്ങളായാണറിയപ്പെടുന്നത്.
എന്നാൽ പ്രത്യക്ഷമായ രാഷ്ട്രീയ നിലപാടുകളടങ്ങിയ മഹത്തായ കോർബേയുടെ കലാജീവിതം പാരിസ് കമ്മ്യൂണിന് മുൻമ്പുള്ള കാൻവാസിലൂടെ വായിച്ചെടുക്കുകയാണ് നമുക്ക് അഭികാമ്യമായിട്ടുള്ളത്.

Paris Commune - Wikipedia
Paris Commune

1870വരെ അദ്ദേഹം വരച്ച പ്രഭലസൃഷ്ടികളായ സ്ലീപ്പിംഗ് സ്പിന്നേഴ്സ്, സ്റ്റോൺ ബ്രേകേഴ്സ്, ആഫ്റ്റർ ഡിന്നർ അറ്റ് ഓർണാൻസ്, ദി പെയിന്റേഴ്‌സ് സ്റ്റുഡിയോ, ബറിയാൽ അറ്റ് ഓർണാൻസ് തുടങ്ങി ഒരുപാട് ചിത്രങ്ങളെക്കുറിച്ചു പറയാനുണ്ടെങ്കിലും കോർബയുടെ ആത്മകഥയായി ചരിത്രത്തിൽ അറിയപ്പെടുന്ന ഇരുപത്തിരണ്ട് അടി നീളവും പന്ത്രണ്ടടി വീതിയുമുള്ള പെയിന്റേഴ്‌സ് സ്റ്റുഡിയോ എന്ന ഒരു ചിത്രത്തെ പറ്റിയാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്. വായിച്ചുതീരാത്ത അത്രയും സമൃദ്ധമായൊരു ചിത്രം.

Courbet, The Artist's Studio, a real allegory summing up seven years of my  artistic and moral life (article) | Khan Academy
GUSTAVE COURBET painter’s studio

രണ്ടുഭാഗങ്ങളായി പകുത്തു വെച്ച വിഷയസന്നിവേശങ്ങളും മധ്യത്തിൽ ചിത്രരചനയിലേർപ്പെട്ട കോർബേയും വീനസ്സിനെ അനുസ്മരിപ്പിക്കുന്ന ഒരു നഗ്നയായ സ്ത്രീയും ചിത്രകാരനെ നോക്കിനിൽക്കുന്ന ഒരു ബാലനുമടങ്ങിയതാണ് ഈ ചിത്രം.

Gustave Courbet's “The Desperate Man” Is the Ultimate Self-Portrait of the Artist as Mad Genius | Artsy
Gustave Courbet’s “The Desperate Man”

ഈ ചിത്രത്തിന്റെ വലതു ഭാഗത്ത് അദ്ദേഹത്തിന്റെ സുഹൃത്ത് കവിയും കലാനിരൂപകനുമായ ചാൾസ്, അനാർക്കി തത്വചിന്തകനായ പ്രുഡോൺ, കോർബയുടെ ചിത്രങ്ങൾ വിലയ്ക്ക് വാങ്ങാറുള്ള ആൽഫ്രഡ്‌ ബ്രുയാസ്, കാമുകനുമായി പ്രേമസല്ലാപത്തിൽ മുഴുകിയ കോർബയുടെ സഹോദരി, അങ്ങനെ അനേകം രൂപങ്ങൾ കാണാം. എന്നാൽ ഇടതു ഭാഗത്തുള്ളവർ പട്ടിണിയിൽ പൊറുതി മുട്ടിയവരും പൈസക്കാരായ വരേണ്യവർഗവും പാതിരിമാരുമാണ്.

പല തരത്തിലുള്ള വ്യാഖ്യാനങ്ങൾ ചരിത്രത്തിൽ ഈ ചിത്രത്തിനെക്കുറിച്ചുണ്ടെങ്കിലും പ്രകടമായ ഇടപെടലുകൾ പരോക്ഷമായ സൗന്ദര്യസങ്കൽപ്പങ്ങൾക്ക് വഴിയൊരുക്കുന്നതെങ്ങിനെയെന്ന മായാജാലമാണ് കോർബേ ഈ ചിത്രത്തിലുടനീളം അനുവർത്തിക്കുന്നത്. റിയലിസത്തിലൂടെ മാത്രമേ തിക്ത സാഹചര്യങ്ങൾ കാണാനാവൂ എന്നുള്ള പ്രായോഗിക ചിന്ത ചിത്രകലയിലെ ആധുനികവത്കരണകാലത്ത് പ്രാവർത്തികമാക്കുന്നത് കൊമ്പൊസിഷനിലും കഥപറച്ചിലുകളിലും അദ്ദേഹം അദൃശ്യമായി സ്വീകരിക്കുന്ന അമൂർത്തഭാവങ്ങളുടെ അതീവ വിസ്മയങ്ങളിലൂടെയാണ്.

ഫ്രാൻസിൽ ഇമ്പ്രെഷനിസം ശക്തിയാർജ്ജിച്ചുകൊണ്ടിരുന്ന ആ കാലങ്ങളിലും വിഷയങ്ങളെ പച്ചയായി ആവിഷ്കരിച്ചുള്ള ആലേഖനങ്ങൾ കോർബെയുടെ ബ്രഷുകളിൽ സുരക്ഷിതമായി. അതുവരെ നിലനിന്നിരുന്ന യാഥാസ്ഥിതീക കലാവിചാരങ്ങളോടുള്ള ആശയപരമായ വിയോജിപ്പുകളിൽ ( ഇമ്പ്രെഷനിസം)അണിചേരാൻ ശ്രമിച്ചുകൊണ്ടിരുന്ന കലാകാരന്മാർക്കിടയിൽ ഒറ്റയാനായി മാനവികതയുടെ രാഷ്ട്രീയം പറഞ്ഞവൻ എന്ന് ചരിത്രത്തിൽ വായിക്കാനാവുന്ന ഒരാളാണ് കോർബെ. പാരിസ് സലോൺ ലെ പ്രദർശനത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിരാകരിക്കപ്പെടാനുണ്ടായ യാഥാസ്ഥിതിക കാരണങ്ങൾ പവലിയൻ ഓഫ് റിയലിസം എന്ന് പേര് നൽകി ഒരു സമാന്തരപ്രദർശനം നടത്തിയാണ് കോർബെ വിശദീകരിച്ചത്.

പാരിസ് കമ്മ്യൂണിന് മുൻമ്പ് അദ്ദേഹത്തിന് ഫ്രഞ്ച് ഭരണകൂടം പ്രഖ്യാപിക്കപ്പെട്ട The Legion of honor എന്ന പദവി നിരാകരിച്ചതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചത്, രാജ്യത്തിന്റെ ഔപചാരികമായ അംഗീകാരങ്ങളൊന്നും ഒരു കലാകാരന് ആവശ്യമില്ലെന്നും ജനങ്ങളാണ് അംഗീകരിക്കേണ്ടവർ എന്നുമുള്ള ഉദാതമായ മാനവികരാഷ്ട്രീയ മൂല്യം ഉയർത്തിപിടിച്ചുകൊണ്ടായിരുന്നു. കാലഘട്ടങ്ങളെ ചരിത്രങ്ങളിലേക്ക് നയിക്കുന്ന വഴികളിലുണ്ടാവുന്ന പൊട്ടിത്തെറികളാണ് ചില ചിത്രങ്ങൾ., അത് സൃഷ്ടിക്കുന്നവരാകട്ടെ കോർബേയെ പോലെ ഒരുപാടുയരത്തിലിരുന്ന് നിലപാടുകൾ പറഞ്ഞവരും.

2 Replies to “GUSTAV COURBET നിലപാടുകളുടെ റിയലിസം”

Leave a Reply to Unni Chankath Cancel reply

Your Email address will not be published.