പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടുകൂടി യൂറോപ്യൻ ചിത്രകലയിൽ കലാചരിത്ര സംബന്ധിയായി ‘റിയലിസം’ എന്ന് അറിയപ്പെട്ടു തുടങ്ങിയ പ്രസ്ഥാനത്തിന്റെ ആദിമ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു ജീൻ ഫ്രാങ്കോയിസ് മില്ലേ (Jean Francois Millet). ദെലാക്രോയെപ്പോലെയുള്ള ചിത്രകാരന്മാരുടെ നേതൃത്വത്തിൽ റൊമാന്റിക് ധാര ഫ്രഞ്ച് ചിത്രകലയിൽ സജീവമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ജാക്വസ് ലൂയിസ് ഡേവിഡിന്റെയും മറ്റും പാരമ്പര്യത്തിലുള്ള നിയോ ക്ലാസിക്കൽ എന്ന് വിളിക്കാവുന്ന ഒരു ധാരയും സമാന്തരമായി അക്കാലത്തു നിലവിലുണ്ടായിരുന്നു.
1814 -ൽ ഫ്രാൻസിലെ ഒരു കർഷകകുടുംബത്തിൽ ജനിച്ച മില്ലേ താൻ കണ്ടുവളർന്ന ഫ്രാൻസിലെ ഗ്രാമീണജീവിതവും കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് തന്റെ ആദ്യകാലചിത്രങ്ങൾക്ക് പ്രധാനമായും വിഷയമാക്കിയത്. 1840 -കളുടെ മധ്യത്തോടെ തന്റെ സമാനവീക്ഷണങ്ങളുള്ള മറ്റുചില ചിത്രകാരന്മാരുമായി പാരീസിൽവച്ച് മില്ലേ സൗഹൃദത്തിലായി. ഈ സുഹൃത് ചിത്രകാരന്മാരുടെ സംഘത്തെയാണ് പൊതുവിൽ ‘Barbizon school’ എന്ന് വിളിക്കുന്നത്. ഇവിടെ Barbizon എന്നത് ഈ ചിത്രകാരന്മാർ പലപ്പോഴും ഒത്തുകൂടിയിരുന്ന ഒരു ഗ്രാമത്തിന്റെ പേരാണ്.
ജീൻ ഫ്രാങ്കോയിസ് മില്ലേ
1849 -ൽ മില്ലേ ബാർബിസോണിലേയ്ക്ക് താമസം മാറി. അവിടെ അദ്ദേഹം ഗ്രാമീണ – കർഷക ജനതയുടെ അദ്ധ്വാനത്തിന്റെ നിരവധി മുഹൂർത്തങ്ങൾ തന്റെ ചിത്രങ്ങൾക്ക് വിഷയമാക്കി. 1850 -ൽ ബാർബിസോണിൽവച്ച് മില്ലേ ചെയ്ത പ്രശസ്തമായ പെയിന്റിങ് ആണ് ‘The sower’. വിതക്കാരൻ അഥവാ വിത്ത് വിതയ്ക്കുന്ന ആൾ എന്ന് മലയാളത്തിൽ അർഥം പറയാം.
പ്രഭാതത്തിലെ സൂര്യരശ്മികൾ വീണുതുടങ്ങിയിരിക്കുന്ന ഒരു വയലിൽ ധാന്യം വിതയ്ക്കുന്ന ഒരു കർഷകനാണ് ക്യാൻവാസിൽ നിറഞ്ഞുനിൽക്കുന്നത്. ചിത്രത്തിന്റെ വലതുഭാഗത്ത് അകലെയായി കാളകളെ ഉപയോഗിച്ചു നിലം ഉഴുന്ന വേറൊരു കർഷകനെ അവ്യക്തമായി കാണാം. കർഷകന്റെ കഠിനാദ്ധ്വാനത്തിന്റെയും കരുത്തിന്റെയും ഉദാത്തമായ ചിത്രീകരണമാണ് ഈ പെയിന്റിങ്. കാഴ്ചക്കാരനെ താഴ്ന്ന വീക്ഷണകോണിൽ (view point) നിർത്തിക്കൊണ്ട് കർഷകനെ താരതമ്യേന ഉയർന്ന സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ മില്ലേ ശ്രദ്ധിച്ചിരിക്കുന്നു.
1847 മുതൽ വിതക്കാരന്റെ ചിത്രം പലതവണ പല സ്ഥലങ്ങളിൽ വച്ച് വരയ്ക്കാൻ മില്ലേ ശ്രമിച്ചിട്ടുണ്ട്. അതായത് ഈ പ്രശസ്ത ചിത്രത്തിന് പല പതിപ്പുകൾ അഥവാ versions ഉണ്ട്. എണ്ണച്ചായം, പേസ്റ്റെൽ, തുടങ്ങിയ വിവിധ മാധ്യമങ്ങളിൽ മില്ലേ വിതക്കാരനെവരയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ എണ്ണച്ചായത്തിലുള്ള ഒന്നുമാത്രമാണ് ഇവിടെ എടുത്തുചേർത്തിട്ടുള്ളത്.
യൂറോപ്പിലെ പിൽക്കാല ചിത്രകാരന്മാരിൽ മില്ലേ വലിയ രീതിയിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ഡച്ചു ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ കാര്യം അക്കൂട്ടത്തിൽ എടുത്തുപറയേണ്ട കാര്യമാണ്. പ്രത്യേകിച്ചും മില്ലേയുടെ വിതക്കാരന്റെ ചിത്രം വാൻഗോഗിനെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. ആ ചിത്രത്തിന്റെ മുപ്പതോളം പകർപ്പുകൾ വാൻഗോഗ് പലപ്പോഴായി ചെയ്തിട്ടുള്ളതായി പറയപ്പെടുന്നു. വാൻഗോഗിന്റെ പല പെയിന്റിംഗുകളിലും മില്ലേയുടെ വിതക്കാരൻ ഏറെക്കുറെ സമാനമായ ശാരീരിക നിലകളോടെ കടന്നുവരുന്നുണ്ട്.
ജീൻ ഫ്രാങ്കോയിസ് മില്ലേ
ജനനം: 1814
മരണം: 1875
*****
No Comments yet!