Skip to main content

CAMILLE CLAUDEL – ഭ്രാന്തമായ പ്രണയത്തില്‍ എരിഞ്ഞുതീര്‍ന്ന ശില്പജീവിതം

പ്രണയ പരാജയത്തിന്റെ തീച്ചൂളകളില്‍ വെന്തവസാനിച്ച ഒരു ഉജ്ജ്വല പെണ്‍ അപാരതയാണ് ക്യാമില്ലേ ക്ലാടേല്‍. അടുത്തറിയും തോറും വല്ലാത്ത നൊമ്പരങ്ങളുണ്ടാക്കുന്ന ശക്തമായൊരു സ്ത്രീബിംബം. ക്യാമില്ലേ എന്ന ഫ്രഞ്ച് ശില്പിയെ ഈറനാവാത്ത കണ്ണുകളോടെ വായിച്ചു തീര്‍ക്കുക പ്രയാസം. ശില്‍പകലയില്‍ അതീവ തല്പരയായ ക്യാമില്ലേ ക്ക് പത്തൊമ്പത് വയസ്സുള്ളപ്പോഴാണ് ഫ്രഞ്ച് ശില്പി അഗസ്റ്റ് റോഡിനെ മകളുടെ Mentor ആയി പിതാവ് തിരഞ്ഞെടുക്കുന്നത്. അന്ന് നാല്പത്തിമൂന്നു വയസ്സ് പ്രായമുണ്ടായിരുന്ന റോഡിന്‍ ഗാലറികളിലും നിരൂപകന്മാര്‍ക്കിടയിലും വിശിഷ്ട വ്യക്തിത്വമുള്ള പ്രശസ്തനായ ഒരു ശില്പിയായിരുന്നു.
പത്തൊമ്പത് വയസ്സിന്റെ സൃഷ്ടിപരമായ സര്‍ഗ്ഗാത്മകതീവ്രതയേക്കാള്‍ റോഡിന്റെ ജീവിതത്തിലും ശില്പങ്ങളിലും ക്യാമില്ലേ പെയ്തിറങ്ങിയത് ആര്‍ത്തിരമ്പുന്ന രതിമഴയായായിട്ടായിരുന്നു. റോഡിന്റെ ഒട്ടുമിക്ക ശില്പങ്ങളുടെയും മോഡല്‍ ആയിതീര്‍ന്ന ക്യാമില്ലേ യുമായുള്ള പ്രണയകുത്തൊഴുക്കുകളുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന
‘ദ കിസ്സ്’ എന്ന ശില്പത്തിന് ശേഷമുള്ള റോഡിന്റെ സൃഷ്ടികളെല്ലാം ഉര്‍വരമായ ശില്പസങ്കല്‍പ്പങ്ങളിലേക്കുള്ള പ്രയാണങ്ങളായി തീര്‍ന്നു. റോഡിന്റെ സ്വകാര്യ സ്വത്വത്തിലേക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യത്തോടെയുള്ള കടന്നുകയറ്റങ്ങളായി അത് ക്യാമില്ലേയെ ഉന്മത്തയാക്കി.

The Kiss – CAMILLE CLAUDEL

ഭ്രമാത്മകതയില്‍ നിന്നുള്ള രക്ഷപ്പെടലുകള്‍ സാധ്യമാകുന്നത് അടിസ്ഥാന യാഥാര്‍ഥ്യങ്ങളിലേക്ക് പിന്‍ തിരിഞ്ഞുനടക്കുമ്പോഴാണ് എന്ന റോഡിന്റെ പ്രശസ്തമായ പ്രസ്ഥാവനയുടെ പിന്‍ബലത്തില്‍ പിന്നീട് ക്യാമില്ലേയുടേതായി ഉരുതിരിഞ്ഞത് അതിശക്തമായ നിരവധി റിയലിസ്റ്റിക് ശില്പങ്ങളാണ്.
‘ക്‌ളോതോ’, ‘മച്ച്യുരിറ്റി’ സലോണ്‍ പ്രൈസ് ലഭിച്ച ശകുന്തള , യങ് ഗേള്‍ വിത്ത് ഷീഫ് (Galatea എന്ന പേരില്‍ റോഡിന്‍ ബ്രോണ്‍സിലേക്ക് രൂപമാറ്റം ചെയ്ത ശില്പം) തുടങ്ങി ഒരുപാട് അത്ഭുതപെടുത്തുന്ന ശില്പങ്ങള്‍ ക്യാമില്ലേയുടേതായി സൃഷ്ടിക്കപ്പെട്ടു. ശകുന്തള എന്ന ശില്പം പ്രണയത്തിന്റെ ദുഷ്യന്തശകുന്തള മാരുടെ ഇന്ത്യന്‍ ഉള്‍ക്കൊള്ളലുകളുടെ പൂരകങ്ങളായിരുന്നു. റോഡിന്നോടൊപ്പമുള്ള മകളുടെ ബോഹീമിയന്‍ ജീവിതരീതികളില്‍ പിതാവൊഴിച്ചുള്ള കുടുംബാംഗങ്ങളുടെ ശക്തമായ അനിഷ്ടങ്ങളും പ്രതിഷേധങ്ങളും പൂര്‍ണരൂപത്തിലെത്തുന്നതും
പ്രണയകലുഷിതമായ ആക്കാലങ്ങളിലെ തീക്ഷണകലാസപര്യകള്‍ ക്കിടയില്‍ റോസ് ബെറൂട് എന്ന മറ്റൊരു സ്ത്രീയുമായുള്ള റോഡിന്റെ ബന്ധത്തിന്റെ കാര്‍മേഘങ്ങള്‍ ക്യാമില്ലേ യെ പൊതിയാന്‍ തുടങ്ങുന്നതും ഏകദേശം ഒരേ ഘട്ടത്തിലാണ്.

Auguste Rodin

അരക്ഷിതമായ ആ അന്തരീക്ഷത്തില്‍ റോഡിനെ മടക്കിക്കൊണ്ട് വരാനുള്ള നിരന്തര ശ്രമങ്ങളില്‍ പരാജിതയായാണ് ക്യാമില്ലേ 1892 ല്‍ പത്തുവര്‍ഷത്തെ നൈതിക പ്രണയത്തിന് തിരശീല വീഴ്ത്തിയത്. അതിനു ശേഷം സ്വാഭാവികമായി ഉടലെടുത്ത സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നും മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും ഒരു പരിധി വരെ സുരക്ഷിതയാവാന്‍ അന്ന് പിതാവിന്റെയും സുഹൃത്തുക്കളുടെ ഇടപെടലുകളിലൂടെ സാധ്യമായി .
പിന്നീടുണ്ടായത് ശില്പങ്ങളില്‍ ക്യാമില്ലേ യുടെ പരീക്ഷണ കാലമായിരുന്നു. ജാപ്പാനീസ് പ്രിന്റ്‌റുകളും ശില്പങ്ങളും ചേര്‍ത്തുള്ള പുതിയ പ്രയോഗരീതികള്‍ റോഡിന്റെ ശില്പങ്ങളെ പോലും പിന്തള്ളി മുന്നേറാന്‍ ശേഷിയും പുതുമയുള്ളതുമായിരുന്നു. ശക്തമായ ജീവിത വ്യാഖ്യാനങ്ങളുടെ പെണ്‍ സങ്കല്‍പ്പങ്ങള്‍ ശില്പങ്ങളില്‍ കാണുക അക്കാലത്ത് സാധാരണമായിരുന്നില്ല. പ്രസ്തുത ആലേഖനങ്ങളുടെ രേഖപെടുത്തലുകളുമായി കലാനിരൂപകന്മാര്‍ വാഴ്ത്തിപാടിയിരുന്ന കാലം പക്ഷെ ക്യാമില്ലേക്കുണ്ടായത് റോഡിനുമായുണ്ടായിരുന്ന പ്രണയതാളഭംഗങ്ങളുടെ സഹനശേഷിക്കതീതമായ ഉന്മാദമാണ്.

The Waltz (Allioli) by Camille Claudel

തന്നെ സാമ്പത്തികമായി സഹായിച്ചിരുന്നവരെയും കലാ നിരൂപകന്മാരെയും സുഹൃത്തുക്കളെയും കടന്നാക്രമിക്കുന്നതില്‍ വരെ എത്തിനിന്ന മാനസിക വിഭ്രാന്തിയില്‍ ക്യാമില്ലേ തകര്‍ത്തെറിഞ്ഞത് അനേകം സ്വന്തം ശില്പങ്ങളും സൗഹൃദങ്ങളുമാണ്. 1905 ല്‍ അവരുടെ വിഭ്രാന്തി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്തോടെ കുടുംബം ക്യാമില്ലേയെ ഇരുട്ട് മുറിയിലടച്ചു. ആ കാരാഗൃഹ വാസം നീണ്ടുപോയത് മുപ്പത് വര്‍ഷത്തോളമാണ്.
1943 ല്‍ മരണശേഷം ക്യാമില്ലേയുടെ ശരീരം ഏറ്റുവാങ്ങാന്‍ പോലും വരാതിരുന്ന കുടുംബത്തെ കുറിച്ച് താരതമ്യം ചെയ്യേണ്ടത് അവരുടെ ചെറുപ്പകാലങ്ങളില്‍ കുടുംബാംഗങ്ങളുമായുള്ള ഊഷ്മള ബന്ധങ്ങളെ ആര്‍ദ്രമായി വരച്ചുകാണിച്ചിട്ടുള്ള പല ചരിത്രലേഖനങ്ങളുമായിട്ടാണ്. ഏത് സന്നിഗ്ദ ഘട്ടങ്ങളിലും കൂടെയുണ്ടായിരുന്ന പിതാവിന്റെ മരണം പോലും കുടുംബം ക്യാമില്ലേയെ അറിയിക്കാതെയിരുന്നതിനാല്‍ ഇരുട്ട് മുറിയില്‍ നിന്ന് തന്റെ ഡോക്ടര്‍ക്ക് എഴുതിയിരുന്ന വിഭ്രാന്തി നിറഞ്ഞ കത്തുകളില്‍ പിതാവ് പോലും ഉപേക്ഷിച്ചതിലെ ദൈന്യം ക്യാമില്ലേ പ്രകടിപ്പിക്കുന്നത് അത്യന്തം വേദനാജനകമായി നമുക്കനുഭവപ്പെടും.

Work by Camille Claudel

ഇരുട്ടുമുറിയിലെ മുപ്പത് വര്‍ഷത്തെ ഒറ്റപ്പെടലില്‍ ആകെയുണ്ടായ ഒരഥിതി ജെസ്സില്‍ ലിപ്‌സ്‌ക്യാമ്പ് എന്ന ക്യാമില്ലേയുടെ പഴയ സുഹൃത്ത് മാത്രമായിരുന്നു. റോഡിന്‍ കൂടിക്കാഴ്ച്ചക്ക് ശ്രമിച്ചുവെങ്കിലും കുടുംബം നീരസിക്കുകയാണുണ്ടായത്. അഗസ്റ്റ് റോഡിനേക്കാള്‍ ഉയരത്തിലെത്തിയ ഒരു പെണ്‍ ശില്പിയുടെ ദാരുണ പതനകാരണം പ്രണയനഷ്ടമുണ്ടാക്കിയ മാനസികാഘാതം മാത്രമാണ് എന്നത് നിസ്സംഗതയും നിസ്സഹായതയും പരിധിയിലേറെ സ്ഫുടം ചെയ്ത് എഴുപത്തൊമ്പത് വര്‍ഷം ജീവിച്ച ഒരു സങ്കട ശില്പത്തില്‍ എരിഞ്ഞില്ലാതെയാകുന്നത് ക്യാമില്ലേയുടെ ജീവിത രേഖകളിലൂടെ ഒരു നൊമ്പരമായാണ് നമ്മളറിയുക.

No Comments yet!

Your Email address will not be published.