1.
ഭരിക്കുന്നത് എത്ര ബുദ്ധിമുട്ടെന്ന്
മന്ത്രിമാർ ജനങ്ങളോട്
എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു
മന്ത്രിമാർ ഇല്ലായിരുന്നുവെങ്കിൽ
മോളിലേക്ക് വളരേണ്ട ചോളം
മണ്ണിന്നടിയിലേക്ക് വളരുകയില്ലേ ?
അധികാരി അത്ര മിടുക്കനല്ലായിരുന്നെങ്കിൽ
ഒരു തുണ്ട് കൽക്കരി പോലും
ഖനിയിൽ നിന്ന് പുറത്തു വരുമോ ?
പ്രചാരണ വിഭാഗം മന്ത്രിയില്ലെങ്കിൽ
ഏതെങ്കിലും പെൺകുട്ടി
ഗർഭം ധരിക്കാൻ സമ്മതിക്കുമോ ?
യുദ്ധത്തിന്റെ മന്ത്രിയില്ലായിരുന്നെങ്കിൽ
എന്നെങ്കിലും യുദ്ധമുണ്ടാകുമോ ?
സർവ്വാധിപതിയുടെ സമ്മതമില്ലെങ്കിൽ
രാവിലെ സൂര്യൻ തന്നെ ഉദിക്കുമോ?
അഥവാ ഉദിച്ചാലും അത്
ശരിയായ ദിക്കിലായിരിക്കുമോ?
2.
ഒരു ഫാക്ടറി നടത്തിക്കൊണ്ടു പോകലും
അതു പോലെ ബുദ്ധിമുട്ടെന്ന്
അവർ പറയുന്നു
മുതലാളി ഇല്ലെങ്കിൽ
മതിലുകൾ ഇടിഞ്ഞു വീഴില്ലേ?
യന്ത്രങ്ങൾ തുരുമ്പിക്കില്ലേ?
എന്നൊക്കെ അവർ പറയുന്നു
എവിടെയെങ്കിലും ഒരു കലപ്പ
നിർമ്മിച്ചാൽ തന്നെ
ഫാക്ടറി മുതലാളി കർഷകനെഴുതുന്ന
കൗശല വചനങ്ങളില്ലെങ്കിൽ
അത് വയലിലെത്തുമോ?
കലപ്പകൾ ഉണ്ടെന്നു തന്നെ
അല്ലെങ്കിൽ അവരെങ്ങനെ അറിയും ?
ഭൂവുടമയില്ലെങ്കിൽ തോട്ടങ്ങളൊക്കെയും
എന്താകും ?
ഉരുളക്കിഴങ്ങിനു പകരം അവർ
തിന വിതച്ചു കളയില്ലേ?
3.
ഭരിക്കുന്നത് എളുപ്പമായിരുന്നെങ്കിൽ
സർവ്വാധിപതിയുടേതു പോലെ
ഉജ്ജ്വല മനസ്സുകളുടെ
ആവശ്യമേ ഉണ്ടാകില്ല
തൊഴിലാളിക്ക് യന്ത്രമോടിക്കാനറിഞ്ഞാൽ,
കർഷകൻ അവന്റെ വയലും
കേക്കിന്റെ പലകയും തമ്മിൽ തിരിച്ചറിഞ്ഞാൽ
ഫാക്ടറി മുതലാളിയും ഭൂവുടമയും
ആവശ്യമായി വരില്ല
അവരൊക്കെ അത്രമാത്രം
വിഡ്ഢികളായതു കൊണ്ടല്ലേ
ഇത്രയും മിടുക്കന്മാരായ കുറച്ചുപേർ
ആവശ്യമായി വരുന്നത് ?
4.
അതുമല്ലെങ്കിൽ
തട്ടിപ്പിലും പിടിച്ചുപറിയിലും
വൈദഗ്ദ്ധ്യം വേണ്ടതു കൊണ്ടാകുമോ
ഭരിക്കുന്നത് ഇത്ര മാത്രം
ബുദ്ധിമുട്ടായിരിക്കുന്നത് ???
വിവ : പ്രതാപൻ
No Comments yet!