Skip to main content

പ്രണയകഥ

നമുക്ക് കടല്‍ത്തീരത്തേക്ക് പോകാം
യുദ്ധത്തിനു മുമ്പുള്ള
ഓര്‍മ്മകള്‍ പങ്കിടാം
കലുഷിതമായ
അന്തരീക്ഷത്തില്‍ നിന്ന് രക്ഷപ്പെടാം.

മരണത്തിന്റെ ഗന്ധത്തില്‍ നിന്ന്,
മുഴങ്ങുന്ന ഡ്രോണുകളില്‍ നിന്ന്,
കാതടപ്പിക്കുന്ന സ്‌ഫോടനങ്ങളില്‍ നിന്ന്,
നാശത്തിന്റെയും രക്തത്തിന്റെയും രംഗങ്ങളില്‍ നിന്ന് …

നമ്മുടെ ഹൃദയങ്ങള്‍ വീണ്ടും സ്‌നേഹത്താല്‍ മിടിക്കട്ടെ,
മനോഹരമായ പ്രണയകവിതകള്‍ ചിട്ടപ്പെടുത്തുക
കടല്‍ കാറ്റിനോട് ചോദിക്കുക
നമ്മുടെ മരവിച്ച വികാരങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍.

ആ മേശ നമുക്ക് തിരഞ്ഞെടുക്കാം
മുന്നോട്ടു നോക്കുന്ന ജനാലയ്ക്കടുത്ത്
തിരമാലകളുടെ സിംഫണി കേള്‍ക്കാന്‍.

പുതിന ചേര്‍ത്ത മധുരമുള്ള ചായ
നമുക്ക് ഓര്‍ഡര്‍ ചെയ്യാം
ജീവിതം മധുരവും സുഗന്ധവുമാക്കാന്‍.
നമ്മുടെ പ്രണയകഥ വീണ്ടും ആരംഭിക്കാം
ഓര്‍മ്മയ്ക്കായി ഒരു പുതിയ ഫോട്ടോ എടുക്കാം.

പെട്ടെന്ന് ഒരു മിന്നല്‍ വെളിച്ചം വന്നു,
ഒരു കനത്ത റോക്കറ്റ് കഫേയിലേക്ക്
ഇരച്ചു കയറി,
നിശബ്ദത ഭഞ്ജിക്കപ്പെട്ടു.
പൊടി നിറഞ്ഞ വിശാലമായ പ്രപഞ്ചത്തില്‍ നമ്മള്‍ പൊങ്ങിക്കിടക്കുന്നതുപോലെ..
പറക്കുന്ന ചിത്രശലഭങ്ങള്‍ക്കിടയി
ഞാനെന്റെ പ്രണയിനിയെ തിരയുകയാണ്.

അവള്‍ ഇപ്പോഴും കസേരയില്‍ ഇരിക്കുന്നു.
ജനാലയുടെ അരികില്‍ തല വച്ചു
അതേസമയം ചലനമറ്റ്…
രക്തം ഒഴുകുന്നു.
അവള്‍ മന്ത്രിച്ചു,
എന്റെ പ്രിയേ, എന്നെ തടയരുതേ,
തകര്‍ന്ന ബോട്ട് പോലെ ഞാന്‍ കടലില്‍ മുങ്ങട്ടെ,
എന്റെ രക്തം ദാഹിക്കുന്ന കടലിനെ നനയ്ക്കട്ടെ
മനോഹരമായ സൂര്യാസ്തമയം വരയ്ക്കട്ടെ.

നീലക്കടലിന്റെ താളുകളില്‍
അത് നമ്മുടെ പ്രണയകഥയെഴുതട്ടെ
നമ്മുടെ ആത്മാക്കള്‍ വീണ്ടും ഒന്നിക്കട്ടെ
നമ്മുടെ പ്രണയകഥ പൂര്‍ത്തിയാക്കാന്‍…

 

*****

വിവര്‍ത്തനം : അസീസ് തരുവണ

 

No Comments yet!

Your Email address will not be published.