വാരിസ് ഷാ,
കബറില്‍ നിന്ന് പുറത്തുവന്ന്
പ്രണയപുസ്തകത്തിന്റെ അടുത്ത താള് മറിച്ചാലും.
പണ്ട് ഒരു പഞ്ചാബിപ്പെണ്ണിന്റെ കണ്ണുകള്‍ ഈറനായതില്
നിങ്ങള്‍ നിര്ത്താതെയെഴുതിക്കൊണ്ടിരുന്നു.
ഇന്ന് തേങ്ങുന്നത് ഒന്നല്ല, ലക്ഷങ്ങള്‍,
അവര്‍ നിങ്ങളുടെ കല്ലറയില്‍ നെഞ്ചത്തിടിച്ച് അലമുറയിടുന്നു.
നോവുന്നോരുടെ നൊമ്പരം ഏറ്റുവാങ്ങുന്നോനേ,
എണീറ്റ് സ്വന്തം പഞ്ചാബിനെ താങ്ങൂ.
ഗോതമ്പ് പാടങ്ങളില്‍ ശവങ്ങള് കതിര്പൂകുന്നു
ചിനാബ് നദിക്ക് രക്തവര്‍ണ്ണം.
ആരാണീ പഞ്ചനദങ്ങളില്‍ വിഷം കലക്കിയത്?
പൊന്നുവിളയുന്ന ഈ ഭൂവിലെ വിഷനാമ്പുകള്‍ ആരുടേതാണ്?
സൂചികുത്താനിടമില്ലാത്തിടത്ത് ചെഞ്ചോരപ്പാടുകള്.
വാരിസ് ഷാ, കബറില്‍ നിന്ന് പുറത്തുവന്ന്
പ്രണയപുസ്തകത്തിന്റെ അടുത്ത താള് മറിച്ചാലും.
വിഷലിപ്തമായ വായു സര്‍പ്പത്തിന്റെ രൂപം ധരിക്കുന്നു,
മരച്ചില്ലകള്‍ തീ തുപ്പുന്ന പാമ്പുകളായി മാറുന്നു,
ആദ്യ ദംശനത്തില്‍ മരവിപ്പ്, പിന്നെ മന്ത്രോച്ചാരണം മങ്ങുന്നു.
വിഷം വ്യാപിക്കുന്നു, ശരീരം വിവസ്ത്രമാകുന്നു.
പരസഹസ്രം സൂചികള്‍ കുത്തുമ്പോള്‍ ജനത നിസ്സഹായര്‍,
പഞ്ചാബിന്റെ കബന്ധങ്ങള്‍ ക്ഷണങ്ങളില്‍ കീഴടക്കപ്പെടുന്നു.
വാരിസ് ഷാ, കബറില്‍ നിന്ന് പുറത്തുവന്ന്
പ്രണയപുസ്തകത്തിന്റെ അടുത്ത താള് മറിച്ചാലും.
നിരയായ വീടുകളില്‍ ഇപ്പോള്‍ പാട്ടുകള്‍ കേള്‍ക്കാനില്ല
ചര്‍ക്ക കറക്കിയിരുന്ന മൃദുല കരങ്ങള്‍ നിശ്ചലമായത് പോലെ,
ഒത്തു കൂടിയിരുന്ന സഖികള്‍, കൈമാറിയിരുന്ന കഥകള്‍ എല്ലാം പോയി.
കട്ടിലുകള്‍ ശിലയായി മാറി, കമിതാക്കള്‍ കൊടുങ്കാറ്റില്‍ ചിതറിപ്പോയി,
ചില്ലകളില്‍ കെട്ടിയ ഊഞ്ഞാലുകള്‍ കാറ്റത്ത് പൊട്ടിവീണു.
വാരിസ് ഷാ, കബറിടത്തില്‍ നിന്ന് പുറത്തുവന്ന്
പ്രണയപുസ്തകത്തിന്റെ അടുത്ത താള് മറിച്ചാലും.
പ്രണയത്തിന്റെ ശീല് പാടിയിരുന്ന പുല്ലാങ്കുഴലുകള് നിശ്ശബ്ദമായി,
രാഞ്ജയുടെ കൂടപ്പിറപ്പുകള്‍ക്ക് പ്രണയം അന്യമായി,
രക്തരൂക്ഷിതമായ മണ്ണില്‍ ശവക്കൂനകള്‍ മാത്രം,
എല്ലായിടത്തും സൗന്ദര്യം കവര്‍ന്നെടുക്കുന്നവരും
സ്നേഹത്തിന് വിലപേശുന്നവരും.
വാരിസ് ഷാ, കബറില്‍ നിന്ന് പുറത്തുവന്ന്
പ്രണയപുസ്തകത്തിന്റെ അടുത്ത താള് മറിച്ചാലും.
***

അജ്ജ് അഖാന്‍ വാരിസ് ഷാനൂ – പഞ്ചാബി കവിത
(1947ലെ വിഭജന കാലത്തെ സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ ദുഃഖിതയായ പഞ്ചാബി കവയിത്രി അമൃതാ പ്രീതം സുപ്രസിദ്ധ പ്രണയകാവ്യമായ ഹീര്‍ രാഞ്ജ യുടെ രചയിതാവും സൂഫിയുമായ വാരിസ് ഷായുടെ (1722-1798) ശവകുടീരത്തില്‍ ചെന്ന് വിലപിക്കുന്ന ദൃശ്യം.)







No Comments yet!