Skip to main content

പറക്കുന്ന മീനുകൾ

ഞാൻ വായുവിൽ മരിച്ച് വീഴുന്നു
നീ വെള്ളത്തിലും
അതിനാൽ നിനക്ക് ചിറകുകളും,
എനിക്ക് ചെതുമ്പലുകളും തന്ന് ദൈവം

കൈ കഴുകുന്നു
നിൻ്റെ ആകാശത്തോളം തന്നെ വിശാലമാണ്
എൻ്റെ കടൽ
നീ പറന്നുയരുമ്പോൾ ഞാൻ
അഗാധതകളിലേക്ക് നീന്തി മറയുന്നു
ആകാശവും കടലും നീലയാകുന്ന
യാമങ്ങളിൽ
നീ പക്ഷിയെന്നതും ഞാൻ മീനെന്നതും
നമ്മൾ
മറന്നു പോകുന്നു
വെള്ളത്തിനടിൽ പ്രതിബിംബിക്കുന്ന
നിൻ്റെ ചിറകിന് മുകളിലിരുന്ന്
ഞാനാകാശ യാത്രകൾ സ്വപ്നം കാണുന്നു
കടൽ നിനക്ക് കണ്ണാടിയും
ആകാശം എനിക്കൊരു വിദൂര സ്വപ്നവുമാകയാൽ
പ്രതിബിംബങ്ങളുടെ തടവറയിൽ
ഞാനിന്നും
മീനായി പിടയുന്നു.

***

2 Replies to “പറക്കുന്ന മീനുകൾ”

Your Email address will not be published.