Skip to main content

ചെകുത്താനും കടലും

 

ചെകുത്താന്‍;
മല കടന്ന്, മണല്‍ കടന്ന്,
ചെകുത്താനിങ്ങനെ ചെറായി ബീച്ചില്‍ വന്നു നില്‍ക്കുകയാണ്
കടലുമായി ഒന്നും രണ്ടും പറഞ്ഞിരിക്കാന്‍.
കടലൊന്നു കലമ്പും,
ചെകുത്താന്‍ അമറും.
കടല്‍ കണ്ടതൊക്കെ കടല്‍ പറയും,
കുപ്പിയും പാട്ടയും കൂടെ ചിരിക്കും.
വലിയ കപ്പലും, ചെറിയ വള്ളവും.
തകര്‍ന്ന കപ്പലും, തകര്‍ത്ത മഞ്ഞുകൂനയും.
വെളുത്ത മനുഷ്യനും, കറുത്ത മനുഷ്യനും.
”വാറും” പരിചയും ”കാറും” കരയും.
കടലുകണ്ടതൊക്കെ കടല്‍ പറഞ്ഞു.

ഈ നേരമത്രയും,
ചെകുത്താന്‍ മുഖം നോക്കുകയായിരുന്നു.
പതഞ്ഞ വെള്ളത്തില്‍;
ചെകുത്താനിങ്ങനെ പത്തായി,
നൂറായി, പതിനായിരമായി.
ചെകുത്താന്‍ കണ്ടതൊക്കെ അവനും പറഞ്ഞു.
കടല്‍ പറഞ്ഞ കഥകളൊക്കെ,
ചെകുത്താന്‍ പൂരിപ്പിച്ചു.
ആ കഥ, ഈ കഥ
സിനിമാകഥ, കഥാകഥ

സൊറപറഞ്ഞവസാനിപ്പിച്ച്,
കടലിന് പച്ചലെയ്‌സും ചൊകന്ന വെള്ളവും നീട്ടി
മണലുതട്ടി എഴുന്നേറ്റുപോയി,
വാലും കൊമ്പുമില്ലാത്ത ചെകുത്താന്‍.

 

*****

2 Replies to “ചെകുത്താനും കടലും”

Your Email address will not be published.