അവളുടെ കടിഞ്ഞൂൽ പേറിന്റെ രാത്രി
അതിശൈത്യത്തിന്റെ രാത്രി.
പിൽക്കാലത്ത് അവളത് മറന്നു പോയി
അഴുക്കടിഞ്ഞ തുലാങ്ങളിലും
പുക മൂടിയ അടുപ്പിലും
കട്ടപിടിച്ചു നിന്ന മഞ്ഞിനെ,
പേറിന്റെ പിറ്റേ പുലരിയിലെ
കോച്ചി പിടുത്തങ്ങളെ
മറവുകൾ ഒന്നുമില്ലാത്തതിൽ
ഗതിയില്ലാത്തവർക്ക് സ്വതേയുള്ള
കൊടിയ നാണക്കേടും
അവൾ പാടെ മറന്നു.
ഏവർക്കും ആഘോഷിക്കാവുന്ന
ഒഴിവു ദിനമായി പിൽക്കാലത്തത് മാറാൻ
അതും കാരണമായി
ഇടയന്മാരുടെ പരുക്കൻ കലപിലകൾ
നിശബ്ദമായി
അവരൊക്കെ പിന്നീട്
കഥയിലെ രാജാക്കന്മാരായി
തണുത്തുറഞ്ഞ ശീതക്കാറ്റ്
മാലാഖമാരുടെ സംഗീതമായി
മഞ്ഞു കിനിഞ്ഞിറങ്ങിയ
മേൽക്കൂരയിലെ ഓട്ടയിൽ
എത്തി നോക്കുന്ന നക്ഷത്രങ്ങൾ മാത്രം ബാക്കിയായി.
എല്ലാം അവളുടെ പുത്രന്റെ
വെളിപാടുകൾ മൂലം
അവനോ ഏറെ എളിമയുള്ളവൻ
പാട്ടിൽ പ്രിയമുള്ളവൻ
പാവങ്ങളെ ചേർത്തുപിടിച്ചവൻ
രാജാക്കന്മാരോട് ഇടപഴകുന്നതും
രാത്രി നേരങ്ങളിൽ തലയ്ക്ക് മുകളിൽ
ഒരു നക്ഷത്രത്തെ കാണുന്നതും ശീലമാക്കിയവൻ.
*******
No Comments yet!