ഒന്നു വിളിച്ചാൽ എപ്പോൾ വേണമെങ്കിലും
എവിടെ നിന്നാണെങ്കിലും
ഇറങ്ങി വരാൻ
കാത്തിരുന്നപ്പോൾ
ഒരു ഉപഗ്രഹമാണെന്ന് തോന്നി.
സ്വയം കറങ്ങി
നിനക്കു ചുറ്റും
ഭ്രമണപഥം തീർത്തപ്പോൾ
സൗരയൂഥത്തിലാണെന്ന് തോന്നി
ദിവസങ്ങൾ
അല്ല വർഷങ്ങൾ…..
കോടാനുകോടി യുഗങ്ങൾ…..
അങ്ങനെ തന്നെയാകാൻ കൊതിച്ചപ്പോൾ
പ്രപഞ്ചമെന്നു തോന്നി.
ഇപ്പോൾ
ഉലകം
നിശ്ചലം
ഗ്രഹണം പൂർണ്ണം
മണ്ണിനും
വിണ്ണിനുമിടയിൽ
എങ്ങുമെത്താത്ത നില്പ് !.
ജീവന്റെ കണികകളിൽ പടർന്ന തണുപ്പ്
പാദധൂളികൾ
തിരഞ്ഞ നടപ്പ്
മരണം കാത്ത്
കിടന്ന കിടപ്പ്
ഓരോ നിമിഷത്തിലും
വരുമെന്ന കിതപ്പ്
എന്നെത്തന്നെ മറന്ന് നിന്നിലേക്കൊഴുകുന്ന
വികാരങ്ങളുടെ
കുതിപ്പ്
സിരകളിലെങ്ങും
പ്രണയ പ്രയാണത്തിന്റെ മിടിപ്പ് !.
കണ്ണുകളിൽ
കിനാവിന്റെ പട്ടുവിരിപ്പ്
അകലാതിരിക്കട്ടെ
അണയാതിരിക്കട്ടെ
ഈ ആളിപ്പടർപ്പ് !.
No Comments yet!