Skip to main content

വെളിപാട്

മുറിഞ്ഞുവീഴും മുൻപേ വേദനയോടെ
മരം വെട്ടുകാരനോട് മരം ചോദിച്ചു,
‘താങ്കൾക്ക് ഇഷ്ടപ്പെട്ട ജോലിയിതാണോ?’

വലയിൽ കിടന്നു പിടഞ്ഞ് വഞ്ചിയിലേക്ക് വീഴും മുൻപ്
മുക്കുവനോട് മീൻ ചോദിച്ചു,
‘താങ്കൾക്ക് ഇഷ്ടമുള്ള ജോലിയാണോ ഇത്?’

അവസാനത്തെ വെള്ളവും മൊത്തിക്കുടിച്ചീട്ട്
അറവുകാരനോട് ആട്ടിൻകുട്ടി ചോദിച്ചു,
‘ഇതാണോ താങ്കളുടെ ഏറ്റവും ഇഷ്‌ടപ്പെട്ട ജോലി?’

ഒടുവിലത്തെ ആഗ്രഹം എന്താണെന്ന് നീതിമാൻ ചോദിച്ചപ്പോൾ
കഴുമരത്തിൽ പോകേണ്ടവൻ തിരിച്ചു ചോദിച്ചു,
‘ഏറ്റവും പ്രിയമുള്ള താങ്കളുടെ ജോലി ഇതാണോ?’

ദീർഘ മൗനമായിരുന്നു അവരുടെ ഉത്തരം
അനന്തരം,
മരം മരംവെട്ടുകാരനോടും
മീൻ മുക്കുവനോടും
ആട്ടിൻകുട്ടി അറവുകാരനോടും
കുറ്റവാളി നീതിമാനോടും പറഞ്ഞു,
‘ആത്മാവിനെ മമ്മിയാക്കി ഉണക്കി സൂക്ഷിക്കാനുള്ള
കഠിന ചവർപ്പുള്ള ഉപ്പാണ് ഉദ്യോഗം?’

——

No Comments yet!

Your Email address will not be published.