നിങ്ങൾ എന്നെ കാണാൻ വന്നപ്പോൾ
ഫൈബർഗ്ളാസ് ജനലിനപ്പുറത്ത്
എനിക്ക് നിങ്ങളുടെ മുഖം
കാണാനാവുമായിരുന്നില്ല…
അംഗവൈകല്യം വന്ന എന്റെ ശരീരം
നിങ്ങളുടെ കണ്ണിൽ പെട്ടിരുന്നെങ്കിൽ
ഞാൻ ഇപ്പോഴും ജീവനോടെയുണ്ടെന്ന്
നിങ്ങൾ ശരിക്കും വിശ്വസിച്ചേനെ..
അമ്മേ
ഞാൻ വീട്ടിലില്ലാത്തതിനെയോർത്ത് കരയരുത്.
ഞാൻ വീട്ടിലായിരുന്നപ്പോഴും
പുറത്തായിരുന്നപ്പോഴും
ഒട്ടേറെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു എനിക്ക്.
ഈ തടവറയുടെ അണ്ഡസെല്ലിൽ
ഞാൻ തടവിലാക്കപ്പെട്ടപ്പോൾ
എനിക്ക് ഒട്ടേറെ സുഹൃത്തുക്കളെ ലഭിച്ചു;
ഈ ഭൂഗോളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ളവരെ.
അമ്മേ
എന്റെ തകർന്ന ആരോഗ്യത്തെയോർത്തു
നിരാശപ്പെടരുത്.
എന്റെ കുട്ടിക്കാലത്ത്
ഒരു ഗ്ളാസ് പാലു വാങ്ങിത്തരാൻ പോലും
നിങ്ങൾക്ക് പാങ്ങില്ലാതിരുന്നപ്പോൾ
കരുത്തിന്റെയും ധൈര്യത്തിന്റെയും
വാക്കുകൾ കൊണ്ട് നിങ്ങളെന്നെ ഊട്ടി
വേദനയും ദുരിതവും നിറഞ്ഞ
ഈ സമയത്ത്
നിങ്ങളെന്നെയൂട്ടിയ വാക്കുകൾ കൊണ്ട്
ഞാൻ ഇപ്പോഴും കരുത്തനായി തുടരുന്നു.
അമ്മേ
നിങ്ങളുടെ പ്രതീക്ഷ കൈവിടരുത്.
ജയിൽ, മരണമല്ലെന്ന് ഞാൻ തിരിച്ചറിയുന്നു
അത് എന്റെ പുനർജന്മമാണ്
ഞാൻ വേഗം വീട്ടിലേക്ക് തിരിച്ചുവരും
എന്നെ പരിപോഷിപ്പിച്ച നിങ്ങളുടെ
മടിത്തട്ടിലേക്ക് ഞാൻ വരും;
പ്രതീക്ഷയും ധൈര്യവും കൈവിടാതെ തന്നെ.
അമ്മേ
എന്റെ അസ്വാതന്ത്ര്യത്തെ ഓർത്തു ഭയപ്പെടരുത്.
ലോകത്തോട് പറയൂ
എനിക്ക് സ്വാതന്ത്ര്യം നഷ്ടമായത്
ജനതതികൾക്കെല്ലാം സ്വാതന്ത്ര്യം ആർജ്ജിക്കാനാണെന്ന്
എന്നോടൊപ്പം നിൽക്കാൻ വരുന്നവരെല്ലാം
ഭൂമിയിലെ പീഡിതരുടെ വിമോചനദൗത്യമാണ്
ഏറ്റെടുക്കുന്നത്.
അവിടെയാണ് എന്റെ സ്വാതന്ത്ര്യം..
(അമ്മേ, ഈ കത്ത് ആരെങ്കിലും തെലുങ്കിൽ തന്നെ അമ്മയെ വായിച്ചു കേൾപ്പിക്കുമെന്ന് ഞാൻ ആശിക്കുന്നു. അമ്മയ്ക്ക് മനസ്സിലാവാത്ത ഒരു വിദേശഭാഷയിൽ ഇതെഴുതേണ്ടിവന്നതിൽ എന്നോട് ക്ഷമിക്കണം. എനിക്ക് എന്താണ് ചെയ്യാനാവുക?! എന്റെ ശൈശവത്തിൽ അമ്മയെന്നെ മടിയിലിരുത്തി പഠിപ്പിച്ച ആ മധുരഭാഷയിൽ എഴുതാൻ എനിക്ക് അനുമതിയില്ല..!)
*****
At once heart- rending and inspiring.