Skip to main content

ഖബറുകളുടെ നിഴലില്‍

കടലുകള്‍ താണ്ടി
നാടെത്തുന്ന മാത്രയില്‍,
ആദ്യ യാത്ര പതിവുപോലെ
രണ്ടാളുടെയും കബറിടത്തിലേക്കാണ്.

എന്റെ കാലനക്കം കേട്ടാല്‍,
ഉപ്പയും ഉമ്മയും എഴുന്നേറ്റിരിക്കും.
ഉമ്മ കൈതലത്തില്‍ മുടി ഒതുക്കിയും,
ഉപ്പ ബലിഷ്ടമായ കൈകളിലെ
മണ്ണുതരികള്‍ തുടച്ചു കളഞ്ഞും
സലാം മടക്കി പുഞ്ചിരിക്കും.

അവരുടെ വാത്സല്യവും, കരുതലും, അഭയവും
ഏഴുകടലുകള്‍ക്കപ്പുറത്തേക്കും
സ്‌നേഹം പതഞ്ഞെത്തുന്ന
ഒരു ഈറന്‍ പന്തല്‍പോലെ തണലായി മാറും…

മൗനമായി ഏറെ നേരം അവരെ നോക്കിയിരുന്നപ്പോള്‍
കണ്ണുകളില്‍ വെള്ളം പൊടിഞ്ഞു.

ഖബറിസ്ഥാനിലെ ഞാവല്‍മരച്ചോട്ടില്‍
ഒളിഞ്ഞിരുന്ന കാറ്റ്
ഞങ്ങളെ തൊട്ടുതലോടി.

ഞാന്‍ അവര്‍ക്കരികില്‍ ഇരുന്നു.
ഉമ്മയെന്റെ നിറുകില്‍ തൊട്ടു,
തലയില്‍ തലോടി ചോദിച്ചു –
‘ഇതൊക്കെയൊന്ന് കറുപ്പിച്ചൂടെ മോനേ,
വയസ്സായെന്നു തോന്നുന്നില്ലേ?”

”ഇങ്ങനെ വെയിലത്ത് എന്തിന് വന്നേ മോനേ?”
”ഒന്നും കഴിച്ചില്ലല്ലോ നീ?”

ആ ശബ്ദം കുളിര്‍വെള്ളം പോലെ ഉള്ളിലേക്ക് വീണു.
കുട്ടിക്കാലത്തെന്ന പോലെ അവരെ വട്ടം പിടിച്ച് ഞാനിരുന്നു.

ഉപ്പയുടെ കുസൃതി നിറഞ്ഞ ചിരിയില്‍
മുമ്പത്തെ നാളുകള്‍ വര്‍ണ്ണശലഭങ്ങളായി പറന്നു നടന്നു.

ഇന്ന്, നീയും ഞാനും ഇല്ല,
നീ എന്നിലും, ഞാന്‍ നിന്നിലും മാത്രം.
ഉപ്പയുടെ കണ്ണുകള്‍ അത്ര അഭിമാനത്തോടെ
എന്നോട് പറയുന്നു –
ആയുസിന്റെ നീളത്തില്‍
”നീയിപ്പോള്‍ എന്നെയും ബഹുദൂരം കടന്നു മോനെ.”

പിന്നീടവര്‍ പതിവുപോലെ മാറിമാറി ചോദിച്ചു,
”മക്കള്‍? പേരക്കുട്ടികള്‍? മറ്റു പ്രിയപ്പെട്ടവര്‍? വീട്? ആരോഗ്യം?”
എന്റെ മറുപടി കേട്ട് അവര്‍ സന്തോഷത്തോടെ പുഞ്ചിരിച്ചു.

മൈലാഞ്ചിച്ചെടികളുടെയും
മീസാന്‍ കല്ലുകളുടെയും
ചുറ്റും കാടുപിടിച്ച് കിടക്കുന്ന പുല്ല് പറിക്കുമ്പോള്‍ ഉപ്പ വിലക്കി-
”വെയില്‍ കൊണ്ട് വാടണ്ടാ മോനേ.
പുല്ലും കുറ്റിച്ചെടികളും ഒരു തണലായി വളരട്ടെ.”

പിരിയാനുള്ള നേരം എത്തിയപ്പോള്‍
ആശങ്കകളും ആകുലതകളും
അവരുടെ തണലില്‍ മാഞ്ഞു.
അവരെന്റെ മുതുകില്‍ കൈവെച്ച് എഴുന്നേറ്റു.

കണ്ണുകള്‍ നോട്ടങ്ങള്‍ കൈമാറി,
വാക്കുകള്‍ ആവശ്യമില്ലായിരുന്നു.
അവര്‍ ചോദിച്ചില്ല ”ഇനിയെന്ന് വരും?”
ഞാനും പറഞ്ഞില്ല ”വേഗം വരാം” എന്ന്.

ഉമ്മ മൃദുവായി പറഞ്ഞു –
‘എല്ലാം ശ്രദ്ധിച്ചും കണ്ടും നീങ്ങണം മോനേ,
പ്രത്യേകിച്ച് ആരോഗ്യം.”

ഞാന്‍ ഒന്ന് പിന്നോട്ട് നോക്കി.
ഉമ്മ അവിടെ തന്നെയുണ്ട്, നോക്കി നില്‍ക്കുന്നു.
ഉപ്പ പതുക്കെ തന്റെ ഖബറിലേക്ക് ചായുന്നു.

ഞാവല്‍മരച്ചില്ലകളിലൂടെ കടന്നുവരുന്ന വെളിച്ചം
അവരുടെ ഖബറുകള്‍ക്ക് മീതെ പൊന്നിന്‍ പന്തലായി വീണു.

മിണ്ടിയും പറഞ്ഞും കാലം പങ്കിട്ടവരുടെയും,
ഒട്ടേറെ അപരിചിതരുടെയും കബറുകളും
പള്ളിക്കുളവും കഴിഞ്ഞ്
പള്ളിമുറ്റത്തെത്തിയപ്പോള്‍
കൂടെ വന്ന കാറ്റ് തിരികെപോയി.

ജീവിക്കാന്‍ പ്രാണവായു മാത്രം പോരാ,
ഉപ്പയും ഉമ്മയും കൂടെ വേണം
മനസ്സ് മൃദുവായി പറഞ്ഞു.

വിജനമായൊരു മരുഭൂമിയില്‍,
അല്ലെങ്കില്‍ അതിരില്ലാത്ത കടലില്‍,
ഒറ്റക്കായ മനുഷ്യനെ പോലെ
ഞാന്‍ പതിയെ നടന്നു തുടങ്ങി.

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

2 Replies to “ഖബറുകളുടെ നിഴലില്‍”

Your Email address will not be published.