അവൾ പെണ്ണ്
അവള്ടെ അമ്മേം !
അങ്ങാനാരുന്നു അവള്ടെ വിശ്വാസം.
പക്ഷേ
ആണും പെണ്ണും
ഒരേ കുലമേ അല്ലെന്ന്
അമ്മ അമ്മിഞ്ഞക്കൊപ്പം പകർന്നിട്ടുണ്ട്.
ചാരംചേർത്ത്, ചകിരി കൊണ്ടു
കരിപാത്രം അലമ്പുമ്പോൾ.
ചേറും ചെളിയും
വർണ്ണം ചേർത്ത മുണ്ടലക്കുമ്പോൾ
ഭവാനിപശുന്റെ വീർത്ത അകിട്
വലിച്ചു നീട്ടുമ്പോൾ..
ആണൊരുത്തന് വറ്റ് വിളമ്പി
കഞ്ഞിവെള്ളം മോന്തുമ്പോൾ
അങ്ങനെയങ്ങനെ
പല നേരങ്ങളിൽ
ആണ് മനുഷ്യകുലമെങ്കിൽ
പെണ്ണ് ഏത് കുലമെന്ന്,
അമ്മ നിരന്തരമോർക്കാറുണ്ടായിരുന്നത്രെ.
ചീവിടിന്റെ കരച്ചിലും
കുറുക്കന്റെ ഓരിയും
മത്സരിക്കുന്ന
പാതിരകളിൽ
പനമ്പായ നിരക്കിനിരക്കി
ഞെരക്കമാകുമ്പോൾ
അമ്മേടേം അച്ഛന്റേം
മുറിന്ന്,
“നായിന്റെ മോളെ “അടങ്ങി കിടക്കെന്ന് “
പുളിച്ച കള്ളിന്റെ
വാടപരക്കും.
അപ്പൊ തൊട്ടാണ്
പെണ്ണ് നായെടെ കുലമാണോന്ന് അവൾക്ക് തോന്നി തുടങ്ങീത്..
“നന്നായി പഠിച്ചു തൻകാലിൽ നിക്ക് പെണ്ണേന്ന് “
രാപകൽ അമ്മ മന്ത്രമുരുവിട്ടാവണം
അവൾ ഉദ്യോഗകാരിയായത്.
“എഞ്ചിനീറു പെണ്ണിന് എഞ്ചിനീറു ചെക്കൻന്ന് “
ബ്രോക്കർ പറഞ്ഞപ്പോ അച്ഛൻ ഉറപ്പിച്ചു.
ആണിലും
നല്ലോരുമുണ്ടെന്ന വാക്കിൽ അമ്മയും..
ഒപ്പം
അവളും!
കരിപാത്രമില്ല,
ചേറുമുണ്ടൊരേയ്‌ക്കേണ്ട.
അടുക്കളയൊരുക്കേണ്ട..
പനമ്പായ വിരിക്കേണ്ട
പുളിച്ച കള്ളിന്റെ വാടയുമില്ല..
ചീവിടും കുറുക്കനും
വംശനാശം വന്നിരിക്കുന്നു.
എ സി ടെ തണുപ്പിൽ
കൊറിയൻ ബാന്റിന്റെ
മൂളലിൽ
വോഡ്ക്കേടെ തേട്ടലിൽ
തൊടുത്തും തടുത്തും
ഒടുങ്ങുന്ന വാക്കുകൾക്കൊടുവിൽ
കാലൊണ്ട് തൊഴിച്ചു
അവൻ പുലമ്പി
“യൂ ബ്ലഡി ബിച്ച് “
“നായിന്റെ മോളെ “ന്ന്
പനമ്പായ ഞെരങ്ങുന്നോ?
വാലാട്ടി നിന്നു നിന്ന്
പെണ്ണ് സ്വയം ഒഴിഞ്ഞതാണ്
മനുഷ്യകുലത്തിൽ നിന്നെന്ന തിരിച്ചറിവിൽ
അവൾ ജ്വലിച്ചു..
ആ വെളിച്ചത്തിൽ
“യൂ ബ്ലഡി ബിച്ച് “
എന്ന വാക്കും
ഉച്ചരിച്ച നാക്കും
പൊള്ളിയടർന്നു.
“അടക്കോം ഒതുക്കോമില്ലാത്ത പെണ്ണെന്ന് “
വാലാട്ടും ജന്മങ്ങൾ കുരച്ചു..
ആ കുര മതിൽക്കെട്ട് വിട്ട്
ഉയർന്നതേയില്ല.
പരിണാമസിദ്ധാന്തമറിഞ്ഞ
കുറേ പെണ്ണുങ്ങൾ പിന്നെയും
മനുഷ്യ കുലത്തിലേക്ക്
പരിവർത്തനപ്പെട്ടു.
—–
No Comments yet!