അവധിദിവസത്തിന്റെ ആലസ്യത്തില്‍
ഉറക്കം നീട്ടിനീട്ടി കൊണ്ടുപോകേ
വാതിലില്‍ തുരുതുരെ മുട്ട്…
താളമില്ലാതെ, കല്ലേറു വന്നു വീഴുമ്പോലെ…
മൊബൈലില്‍ തോണ്ടിതോണ്ടി
പുലരാന്‍നേരമുറങ്ങിപ്പോയതാണ്…
രാത്രി വൈകിയും കൂട്ടുകാര്‍ക്കൊപ്പം
പാതിരാച്ചായക്കടയില്‍
കടികള്‍ മാറി മാറി രുചിച്ചും
പൊങ്ങച്ചത്തള്ള് പൊക്കിയടിച്ചും
തിരിച്ചെത്തി കിടന്നതായിരുന്നു…
മൊബൈലിലേക്കൊന്നെത്തി നോക്കി
തോണ്ടിത്തോണ്ടി സമയം പോയതറിഞ്ഞില്ല…
അടിച്ചുവാരി തുടക്കാന്‍ വരുന്നവള്‍
അവധിദിവസങ്ങളില്‍ വരാറില്ല…
വാതിലില്‍ മുട്ടാതിരിക്കാന്‍
അവള്‍ക്ക് പ്രത്യേകമായൊരു താക്കോലുണ്ട്…
പിന്നെയാരാവാം ഒരു മാന്യതയുമില്ലാതെ,
താളബോധമിറ്റുമില്ലാതെ ചറപറ മുട്ടുന്നു?
ഉറക്കചടവില്‍ നിലത്തുകുത്തിയ കാലില്‍
തണുപ്പരിച്ചുകയറുംപോലെ പുഴുക്കള്‍
നിലത്താകെയും പുഴുക്കളുടെ ഘോഷയാത്ര
ഫ്രിഡ്ജിലെ, ഡസ്റ്റ്ബിന്നിലെ
പഴകിയ ഭക്ഷണങ്ങളുടെ ദുര്‍ഗന്ധമെങ്ങും!
ചുമരും നിലവും കൈയ്യടക്കി പുഴുക്കള്‍ പെരുകുന്നു
വാതില്‍, ജനാലപ്പാളികള്‍ തിന്നുന്ന ശബ്ദം…
വാതിലിലെ മുട്ട് അവസാനിക്കുന്നില്ല…
കിടക്കയിലേക്ക് നുഴഞ്ഞുകയറുന്നൂ പുഴുക്കള്‍…
താളംതെറ്റിയ മുട്ടുകള്‍ക്ക് കനംവെച്ചു…
ജാലകവിരി അല്‍പ്പം നീക്കി കണ്ണുകള്‍ പുറത്തേക്ക്…
ദൈവമേ,
ഒട്ടിവറ്റിയ വയറില്‍ കല്ലുകള്‍ വെച്ചുകെട്ടിയ കുഞ്ഞുങ്ങള്‍!
ചോരപൊടിയും വെള്ളപ്പൊതി നെഞ്ചോടുചേര്‍ത്ത അമ്മമാരും…
തുളഞ്ഞുകയറും പൂച്ചക്കണ്‍ നോട്ടങ്ങള്‍…
ശീതളമുറിയില്‍ പുഴുക്കള്‍ക്കു കീഴേ വിയര്‍ത്ത് അവന്‍…
***







No Comments yet!