ഞാൻ ധരിച്ചിരുന്നത്
ഇതായിരുന്നു
മേൽ കുപ്പായമായി
ഒരു വെളുത്ത ടീ ഷർട്ട്
പരുത്തി കൊണ്ടുള്ളത്
ചെറിയ കൈകൾ ഉള്ളത്
കഴുത്തിൽ ചുറ്റി കിടക്കുന്നത്.
ഇത് ഒരു ജീൻസ് കൊണ്ടുള്ള പാവാടയിലേക്ക് (അതും പരുത്തി തന്നെ )
തിരുകി കയറ്റിയിരുന്നു.
മുകളിൽ ബെൽറ്റിട്ട് മുറുകി
മുട്ടിനു തൊട്ട് മുകളിൽ
എത്തുന്നത് പോലെ.
ഇതിനെല്ലാം അടിയിൽ
ഒരു വെളുത്ത പരുത്തി കൊണ്ടുള്ള ബ്രായും
വെളുത്ത അടിവസ്ത്രവും
(അവ ഒരു ജോഡി ഒന്നും ആയിരുന്നിരിക്കില്ല )
എന്റെ പാദങ്ങളിൽ
വെളുത്ത ടെന്നീസ് ഷൂസ്.
ടെന്നീസ് കളിക്കാറുള്ളപോഴത്തെ പോലെ.
അവസാനമായി വെള്ളി കമ്മലും, ചുണ്ടിൽ ചായവും.
ഇതാണ് ഞാൻ ധരിച്ചിരുന്നത്
ആ ദിവസം
ആ രാത്രി
ജൂലൈ നാലാം തിയതി
1987 ൽ.
നിങ്ങൾ ചിലപ്പോൾ
വിചാരിക്കുന്നുണ്ടാവും
ഇതിൽ എന്താണ് ഇത്ര കാര്യമെന്ന്
അല്ലെങ്കിൽ ഇതെല്ലാം ഞാൻ എന്തു കൊണ്ട് ഇത്ര വിശദമായി ഓർക്കുന്നുവെന്ന്
നിങ്ങൾ അറിയണം
എന്നോട് ഈ ചോദ്യങ്ങൾ
അനേകം പ്രാവശ്യം ചോദിച്ചിട്ടുണ്ട്
എന്റെ മനസ്സിലേക്ക് ഇവ
അനേകം പ്രാവശ്യം
കടന്നു വന്നിട്ടുണ്ട്.
ഈ ചോദ്യം
ഈ ഉത്തരം
ഈ വിശദാംശങ്ങൾ.
പക്ഷെ എന്റെ ഉത്തരം
ഏറെ കാത്തിരിപ്പിനു ശേഷം
ഏറെ പ്രതീക്ഷക്ക് ശേഷം
എന്തുകൊണ്ടോ നിസ്സാരമായി തോന്നി.
കാരണം മറ്റു
വിവരണങ്ങൾ പറയും പോലെ
അന്ന് രാത്രി
ഒരു ഘട്ടത്തിൽ
ഞാൻ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു.
ഞാൻ ആശ്ചര്യപ്പെടാറുണ്ട്
എന്ത് ഉത്തരം
എന്ത് വിവരണങ്ങൾ
ആണ് നിങ്ങളെ
ആശ്വസിപ്പിക്കുക
എന്റെ ചോദ്യകർത്താക്കളെ
എന്താണ് നിങ്ങൾക്ക്
ആശ്വാസം പകരുക .
നിങ്ങൾ ആശ്വാസം തിരയുന്ന
ഇടങ്ങളിൽ
കഷ്ടം എന്ന് പറയട്ടെ
ആശ്വാസം കണ്ടെത്താനാവില്ല.
ഇത് അത്ര വളരെ
ലളിതമായിരുന്നെങ്കിൽ
നമുക്ക് വസ്ത്രങ്ങൾ
മാറ്റുന്നതിലൂടെ
ബലാത്സംഗത്തിനു
അറുതി വരുത്താമായിരുന്നു.
അയാൾ എന്താണ് ധരിച്ചിരുന്നത്
അന്നത്തെ രാത്രി എന്ന്
എനിക്ക് നല്ല ഓർമ്മയുണ്ട്
പക്ഷെ ഒരു കാര്യം സത്യമാണ്
എന്നോട് ഇന്നേ വരെ ആരും
അത് ചോദിച്ചിട്ടില്ല.
******
മേരി സിമ്മര്‍ലിങ്
1987ൽ, എനിക്ക് 18വയസ്സായിരുന്നു.ഷിക്കാഗോയിൽ നിന്ന് ലോസ് എഞ്ചലൊസ്സിലേക്ക് വളരെ ആവേശത്തോടും പ്രതീക്ഷയോടുമാണ് ലോയോളാ മേരി മൗണ്ട് യൂണിവേഴ്സിറ്റി കോളേജിൽ ചേരാനായി എത്തിയത്. പക്ഷെ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ എന്റെ പദ്ധതികൾ എല്ലാം തകിടം മറിഞ്ഞു. ആ വർഷം ജൂലൈയിൽ ഞാൻ ക്യാമ്പസ്സിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, ആദ്യത്തെ ക്ലാസ്സിൽ ഇരിക്കുന്നതിനു മുൻപ് . ഞാൻ ഈ വിവരം അറിയിച്ച ആദ്യത്തെ ആൾ പറഞ്ഞത് എനിക്ക് തെറ്റ് പറ്റിയതാവും , ഞാൻ അയാളെ എന്തെങ്കിലും തരത്തിൽ പ്രലോഭിപ്പിച്ചിട്ടുണ്ടാവും എന്നാണ്. എനിക്ക് എന്താണ് സംഭവിച്ചത് എന്നതിൽ എനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല. ഞാൻ ഉറങ്ങുകയായിരുന്നു ഉണർന്നത് അയാൾ എന്നെ കീഴ്പ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കയും ചെയ്തപ്പോഴാണ്. എനിക്ക് ആ സമയത്ത് ഏറ്റവും ആവശ്യം -എന്റെ സുഹൃത്തിന്റെ കാറിലെ മുൻസീറ്റിൽ ഇരിക്കുമ്പോൾ -ഞാൻ പറയുന്നത് വിശ്വസിക്കുക ആയിരുന്നു. എന്നെ കുറ്റപ്പെടുത്താതെ ഇരിക്കുകയായിരുന്നു. എനിക്ക് അപ്പോൾ ആവശ്യം, മനഃശാസ്ത്രജ്ഞ dr ജൂഡിത് സൈമൺ പ്രഗേർ പറയുന്നത് പോലെ ‘വാക്കാലുള്ള പ്രഥമ ശുശ്രൂഷ’ ആയിരുന്നു.അത് അവർ വികസിപ്പിച്ചെടുത്ത ഒരു പെരുമാറ്റച്ചട്ടം ആയിരുന്നു. അതിന്റെ അടിസ്ഥാനം നമ്മുടെ വാക്കുകൾക്കും, വിചാരങ്ങൾക്കും നമ്മുടെ ശരീരത്തിൽ വ്യതിയാന ങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്ന തിരിച്ചറിവ് ആയിരുന്നു. ഇത് വളരെ പ്രധാനപ്പെട്ടതാണ് പ്രത്യേകിച്ചും എന്തെങ്കിലും തരത്തിലുള്ള ആഘാതമോ, അപകടമോ പറ്റിയവർക്ക്,ലൈംഗിക പീഡനം അതിജീവിച്ചവർക്ക്. നമ്മളെ അവിശ്വസിക്കുക, അത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ല എന്ന് പറയുന്നത് വഴി നമ്മളെ ദുർബലരാക്കുകയും, ഒറ്റപ്പെടുത്തുകയും ആണ് ചെയ്യുക. നിങ്ങളുടെ വാക്കുകൾ ഞങ്ങൾക്ക് ആവശ്യമാണ് അത് നമ്മളിൽ വലിയ ഒരു സ്വാധീനം ചെലുത്തുകയും ചെയ്യും.സുഖം പ്രാപിക്കാനും ആ ആഘാതത്തിൽ നിന്ന് കരകയറാനും അവ നമ്മെ സഹായിക്കും.
എനിക്ക് നേരെ ഉണ്ടായ ആക്രമണത്തിന് ശേഷമുള്ള വർഷങ്ങൾക്ക് ഒടുവിൽ എനിക്ക് കോളേജിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞു പക്ഷെ ഒരു പുതിയ കോഴ്സ് ലേക്കായിരുന്നു എന്ന് മാത്രം. ഞാൻ സാമൂഹ്യ നീതി,ധാർമികത, മനഃശാസ്ത്രം, ട്രോമ കെയർ എന്നീ വിഷയങ്ങൾ പഠിക്കുകയും രണ്ടു വ്യത്യസ്ത മേഖലകളിൽ മാസ്റ്റേഴ്സ് ഡിഗ്രിയും, തത്വ ശാസ്ത്രത്തിൽ ഡോക്ടറെറ്റും നേടുകയും ചെയ്തു.അതേ സമയം എനിക്ക് എന്റെ ക്രിയാത്മകമായ സ്വത്വം വീണ്ടെടുത്ത് കലയും കവിതയും കൊണ്ട് എന്റെ ശബ്ദം പുറത്തേക്ക് കേൾപ്പിക്കാനും കഴിഞ്ഞു. 2005ൽ എന്റെ ഡോക്ടറൽ തീസിസ് എഴുതുന്നതിനു പകരം ഞാൻ എഴുതിയത് ഒരു കവിതാ സമാഹരമാണ്. ഞാൻ ബലാത്സംഗം ചെയ്യപ്പെട്ട രാത്രിയെ കുറിച്ചും അത് കഴിഞ്ഞു ജീവിച്ച ലോകത്ത് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും ആയിരുന്നു ആ കവിതകൾ. അതിലെ ഒരു കവിത ‘ഞാൻ എന്താണ് ധരിച്ചിരുന്നത് ‘ ഞാൻ പീഡിപ്പിക്കപ്പെട്ട രാത്രി ധരിച്ചിരുന്ന വസ്ത്രങ്ങളെ കുറിച്ചുള്ള വിവരണം നൽകുന്നുണ്ട്.
‘ഞാൻ എന്താണ് ധരിച്ചിരുന്നത്’ എന്ന കവിത എഴുതിയിട്ട് രണ്ടു പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. ഇതിന്റെ അനുരണനങ്ങൾ അതിജീവിതരിലേക്ക് മാത്രമല്ല അവരെ സഹായിച്ചവരിലേക്കും അത്തരം പീഡനങ്ങളുടെ ആഘാതം ഏറ്റവരിലേക്കും എത്തി ചേർന്നിട്ടുണ്ട് . ഏറ്റവും പ്രധാനം മറ്റു അതിജീവിതർക്കും എന്റെ കഥയിൽ അവരുടെ കഥകൾ കണ്ടെത്താനായി എന്നതാണ്.2014ൽ, ഈ കവിത ഒരു കലാ പ്രദർശനത്തിന് പ്രചോദനമായി. ‘നിങ്ങൾ എന്താണ് ധരിച്ചിരുന്നത് ‘(wwyw-what were you wearing) ആക്രമണത്തിൽ നിന്ന് അതിജീവിച്ചവരുടെ, അവർ അന്ന് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ഒരു കൂട്ടായ്മയായി മാറി.wwyw പ്രദർശനങ്ങളിൽ പങ്കെടുക്കുക വഴി മറ്റു അതിജീവിതർക്ക് അവരുടെ കഥകൾ വീണ്ടെടുക്കാനും എന്നോടൊപ്പം നിന്ന് ധരിച്ചിരുന്ന വസ്ത്രമാണ് ആക്രമണത്തിന് കാരണമായത് എന്ന അസത്യ പ്രചാരണത്തിന് എതിരെയും ഇരയെ കുറ്റക്കാരൻ ആക്കുന്ന പഴം പുരാണങ്ങൾക്ക് എതിരെയും ശബ്ദം ഉയർത്താനും കഴിഞ്ഞു.ഒരു കവിത എന്നതിൽ ഉപരി ‘ഞാൻ എന്താണ് ധരിച്ചിരുന്നത് ‘ലോക സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള ഒരു പോരാട്ടമായി മാറി. ഇത്തരം ഒരു പ്രദർശനം തുടങ്ങി പത്തു കൊല്ലം കഴിയുമ്പോൾ ആറു ഭൂഗണ്ടങ്ങളിലായി ആയിരകണക്കിന് ഇടങ്ങളിൽ കോളേജ് ക്യാമ്പസുകളിൽ , പട്ടാള ക്യാമ്പുകളിൽ,ലാഭേതര സംഘടനകളിൽ എന്നിങ്ങനെ പ്രദർശനം സംഘടിപ്പിച്ചു.
എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു അതിജീവിത ആവുന്നത് കൊണ്ട് തന്നെ ഇത്തരം പീഡനങ്ങൾ അതിജീവിച്ചു വരുന്നവരെ സഹായിക്കാനും അവർക്ക് ഒപ്പം നിൽക്കുന്നവരുടെ കൂടെ പ്രവർത്തിക്കാനും കഴിയുന്നുണ്ട് . ഇതിനായി ഞാൻ ഒരു വഴി കണ്ടെത്തിയത് എഴുത്ത് പണിപ്പുരകൾ സംഘടിപ്പിക്കുകയിലൂടെ നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദം സ്വന്തന്ത്രമാക്കാൻ ഒരു ഇടം കണ്ടെത്തുക എന്നതാണ് .ഇത്തരം വർക്ക് ഷോപ്പിൽ വെച്ച് എഴുതപ്പെട്ട അതിജീവിതരുടെ കഥകൾ അടുത്തിടെ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കാൻ സാധിച്ചു.’തീയിലൂടെ കടന്നു വന്ന് ദിവ്യരായവർ – അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും കഥകൾ’. ഇതിൽ കഥകളും, കവിതകളും, ലേഖനങ്ങളും ഉണ്ട്.അവ ചെറുത്തു നിൽപ്പിന്റെ, വീണ്ടെടുക്കലിന്റെ, കലാപത്തിന്റെ ശബ്ദങ്ങളാണ്. എനിക്കും ഈ കഥകൾ എഴുതിയ മറ്റു സ്ത്രീകൾക്കും വേണ്ടത് ഞങ്ങളുടെ വാക്കുകൾ വായിക്കുന്ന അതിജീവിതർ അറിയണം അവർ ഒറ്റക്കല്ലെന്ന്. ഞങ്ങളുടെ കഥകളിൽ അവരെ തന്നെ കാണുന്നവരോട് ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ് -ഞങ്ങൾ നിങ്ങളെ കാണുന്നുണ്ട്, നിങ്ങളെ കേൾക്കുന്നുണ്ട്, നിങ്ങളെ വിശ്വസിക്കുന്നുണ്ട്.
******
No Comments yet!