1.
മഞ്ഞു വീഴാൻ
തുടങ്ങുമ്പോൾ
വല്ലാത്തൊരു പേടിയാണ്.
മുടി നിറം മാറാൻ തുടങ്ങും.
രോമങ്ങൾ കൊഴിയും.
തൊലിയടരും.
നാലഞ്ച് മാസങ്ങൾ അസ്ഥി മാത്രമായി
തണുത്ത് വിറച്ച് അതേ നിൽപ്പ് നിൽക്കണം.
ഞാനൊരു പൈൻ മരം.
ഋതുഭേദങ്ങൾക്കനുസരിച്ച് ഓടിപ്പോകാനാവില്ല..
വേരുറച്ച ജീവിതമാണ്.
2.
ഇന്നലെ മുഴുവൻ കനത്ത മഴയായിരുന്നു.
തണുത്ത് വിറച്ച് ഒരേ നിൽപ്പ്.
മഞ്ഞുകഷണങ്ങളുടെ പെയ്ത്ത്.
മരവിച്ചുനിന്നു.
ഉറങ്ങിപ്പോയത് എപ്പോഴാണെന്ന് ഓർമ്മയില്ല.
3.
എന്നും ഉണരുമ്പോൾ
ഒരേ കാഴ്ചയാണ്.
ചില്ലകൾ മൂരിനിവർത്തി
ഇടത്തും വലത്തും
ഒരാവർത്തി
ചാഞ്ഞും ചെരിഞ്ഞും നോക്കും.
നിവർന്നങ്ങനെ നിൽക്കും.
4. ഇന്നുണർന്നപ്പോൾ കിടക്കുകയാണ്.
മൂരിനിവർന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു.
എന്നെ വരിഞ്ഞുമുറുക്കി മറ്റൊരു മരം.
ഞങ്ങൾ നേർത്ത ചൂടുള്ള ഒരു മുറിയിലെ പതുപതുത്ത മെത്തയിലാണ്.
5. ഇതെന്താണിങ്ങനെ?
എന്നെ വരിഞ്ഞുമുറുക്കി കിടക്കുന്നത് ഒരു മനുഷ്യ സ്ത്രീയാണ്.
അവളുടെ കൈകൾ അടർത്തി മാറ്റി ഞാൻ എഴുന്നേറ്റു.
അതിശയമായിരിക്കുന്നു.
എനിക്ക് നടക്കാൻ കഴിയുന്നുണ്ട്.
ഞാൻ ആ മുറി മുഴുവൻ ഒരുവട്ടം ചുറ്റി നടന്നു.
ചുമരിലെ കണ്ണാടിയിൽ നോക്കി.
ഞാൻ ഒരു മരമല്ല.
മനുഷ്യന്റെ രൂപം.
6.
ഹേ സ്ത്രീയെ,
നീ മന്ത്രവാദിനിയാണോ?
നീ എന്നെ എങ്ങിനെയാണ് മനുഷ്യനാക്കിയത്?
ഞാനൊരു സാധാരണ പൈൻ മരം.
എന്നെ ഒന്ന് സ്വാതന്ത്രമാക്കാമോ?
7.
പുഴ പാറക്കെട്ടിലേക്ക് പതിക്കുന്നപോലെ അവൾ ചിരിച്ചു.
ഹേ മരമേ, നീ ആ ജനാല തുറന്നൊന്നു നോക്ക്.
8. ഞാൻ ജനാല തുറന്നു പുറത്തേക്ക് നോക്കി.
നേരെ എതിർവശത്ത്,
പാതി പിളർന്ന് അടർന്നു പോയ ഒരു മല.
ഒരു പൈൻ മരക്കാട് തലയിൽ ചൂടിനില്ക്കുന്ന
കൂറ്റൻ മല.
9. ഞാൻ നിന്നിരുന്ന സ്ഥലം ശൂന്യമാണ്.
ആ മണ്ണ് കുടിയൊഴിക്കപ്പെട്ടിരിക്കുന്നു.
10.
ഞാൻ, പക്ഷേ മരിച്ചിട്ടില്ല.
ഇലകളും ചില്ലകളുമല്ല,
മനുഷ്യന്റെ രൂപമാണ്
ശരീരം പൊതിഞ്ഞ വസ്ത്രങ്ങൾ.
10.1 ഞാൻ ജനാലയടച്ചു.
10.2 ആ സ്ത്രീ ഇപ്പോൾ മയങ്ങുകയാണ്.
10.3 ഞാൻ ദീർഘാമായൊരു ശ്വാസം ഉള്ളിലേക്കെടുത്തു.
10.4 ആ സ്ത്രീയിലേക്ക് നോക്കി.
10.5 അത് സ്ത്രീയല്ല.
10.6 വീണ്ടും നോക്കി.
10.7 പുരുഷനല്ല.
10.8 വീണ്ടും നോക്കി.
10.9 പുരുഷനും സ്ത്രീയുമാണ്.
10.10 വീണ്ടും നോക്കി.
10.11 പുരുഷനും സ്ത്രീയും മാത്രമല്ല.
10.12 റെഡ്, ഗ്രീൻ, ബ്രൗൺ, ഗോൾഡൻ – നിറങ്ങളിൽ വിളവെടുപ്പിന്
പ്രായമായ വശ്യമായ ഒരു
ആപ്പിൾ തോട്ടം..
11. ഞാൻ ഒരു മഞ്ഞുമല തിരിച്ചിറങ്ങുകയാണ്.
കഴുത്തിൽ ചുറ്റികിടക്കുന്നുണ്ട്
ജലം ഘനീഭവിച്ച പുഴ.
കാലിൽ ചുറ്റി നിലവിളിക്കുന്ന
കാലം.
കൈകളിൽ,
ഊഞ്ഞാലാടുന്ന പ്രളയം.
ഭൂമി മരിക്കാൻ തുടങ്ങുന്നത് എന്റെ ശ്വാസം ഞെക്കിപ്പിടിച്ചാണ് എന്ന് ഞാനറിയുന്നു.
എം എൻ ശശിധരൻ.
No Comments yet!