മരണം നടക്കുന്നു
നമ്മുടെ കൂടെ,
ഒരു നിഴലായി,
സ്ഥിരമായി,
സ്ഥിരചരിതനായി,
അത്രമേൽ
പ്രതിബദ്ധനായി,
ഉൺമയുടെ കേന്ദ്രത്തിൽ
നങ്കൂരമിട്ടവനായി…
ഒരു ഞൊടിയെങ്കിലും
ഒരു ശ്വാസനേരമെങ്കിലും
നമ്മൾ ഒന്നു നിന്ന്
നമ്മൾ മണ്ണാണെന്നും
മണ്ണിലേയ്ക്കു മടങ്ങുമെന്നും ഉള്ള
നേരിനെ സ്വീകരിക്കാറുണ്ടോ?
ഈ നഗ്നസത്യത്താൽ
അത്രമേലബാധിതർ
നമ്മൾ –
നമ്മൾ, വെറും പ്രണികൾ,
അനിഷ്ടങ്ങളിലള്ളിപ്പിടിച്ചു കൊണ്ട്,
ക്ഷുദ്രാഹന്തയെ
താരാട്ടിക്കൊണ്ട്,
ഒരോ ചുവടിലും
അസൂയയ്ക്കും
അത്യാഗ്രഹത്തിനും
സ്വയം വിട്ടുകൊടുത്തു കൊണ്ട്,
പോരാ, പോരായെന്ന്
കൊതികൊണ്ടു കൊണ്ട്
മുന്നോട്ടു പോകുന്നു.
പരാതിയും താരതമ്യവും
ഒരു കല പോലഭ്യസിച്ചവർ
നമ്മൾ എത്തിക്കൊണ്ടിരിക്കുന്നു,
കൈപ്പിടിയിലൊതുക്കുന്നു,
മുതൽക്കൂട്ടുന്നു,
കുഞ്ഞു കുഞ്ഞു വിസ്മയങ്ങൾ
കാണാതെ പോകുന്നു,
നമ്മുടെ കാൽക്കൽ
സമർപ്പിതമായ
തരളമായ കരുണകൾ
കാണാതെപോകുന്നു.
നമ്മൾ മറന്നുപോകുന്നു,
അതെ, സ്വേച്ഛയാ
മറന്നേ പോകുന്നു –
ഇവിടെയുള്ളതൊന്നും
നമ്മുടേതല്ലെന്ന്:
ഈ നിമിഷവും
ഈ ശ്വാസവും
അല്പകാലം
നമ്മൾ
അണിഞ്ഞു നടക്കുന്ന
ഈ ദേഹവും!
***
From English to Malayalam by Sajay K.V.







No Comments yet!