Skip to main content

മീൻവെട്ടൽ

ഏറ്റവും ഇഷ്ടപ്പെട്ട മീൻ വെട്ടുന്നത് പോലെയാവും ഞാൻ നിന്നെ പ്രണയിക്കുക.
നീ എന്റെ വിരലുകളിൽ, ഉപ്പും വിനാഗിരിയും കലർത്തിയ തണുത്ത ഉമ്മകൾ വെച്ച്
ഗർവ്വിന്റെ ചിറകുകൾ ഒതുക്കിക്കിടക്കുന്നത് എനിക്ക് കാണണം..
നമ്മൾ മാത്രമുണ്ടായിരുന്ന
ഏതോ നിമിഷത്തെയോർത്ത്
നിന്റെ കണ്ണുകൾ
നിന്ന നിൽപ്പിൽ ചത്തല്ലോയെന്ന് ഞാൻ ഞെട്ടിയേക്കും.
എന്നാലും,
എത്ര രുചികളിൽ നിന്നെ ഞാൻ സ്വപ്നം കാണും!
എന്നാലും
നിന്റെ ഓരോ അണുവിലും
ഞാൻ മാത്രമേ ചുവയ്ക്കാവൂ എന്ന് വരഞ്ഞു കൊണ്ടിരിക്കും.
ഓരോ വരയിലും കാണാതെ പഠിച്ച പ്രണയലേഖനത്തിലെ വരികൾ ഒട്ടിച്ചുവെക്കും.
മുറിവിൽ പറ്റിയിരിക്കുന്ന ഉപ്പ് തരി പോലെ നിന്നെ പ്രേമിച്ചു കൊണ്ടിരിക്കും.
സ്നേഹം കൊണ്ട് വെന്തു പോകുകയും
കാമം കൊണ്ട് വയറ് കരിയുകയും ചെയ്യുമ്പോൾ
തിരിച്ചും മറിച്ചും നിന്നെ ഞാൻ
പ്രേമിച്ചു കൊണ്ടേയിരിക്കും..

നമ്മളൊരുമിച്ച് പിടഞ്ഞ വലക്കണ്ണികളിൽ നിന്ന്
ഞാൻ മാത്രം രക്ഷപ്പെട്ടതിന്റെ മാജിക്‌
പഠിപ്പിച്ചു തീരുമ്പോഴേക്ക്
എനിക്ക് മടുക്കും.

ഉള്ളിലൊളിപ്പിച്ച മുള്ളുകളും
പ്രണയം മുഴച്ച കണ്ണുകളും ബാക്കിവെച്ച് ഞാൻ ഉറങ്ങും

സ്വപ്നത്തിലും മണക്കുന്ന പ്രേമത്തിന്റെ ഉളുമ്പ് ഉരച്ചു കഴുകാൻ നീ എനിക്ക്,
ചങ്കിലെ കരിങ്കല്ലിന്റെ കഷ്ണം തരുമോ?

***

One Reply to “മീൻവെട്ടൽ”

Your Email address will not be published.