നിറങ്ങള്‍ നിറഞ്ഞ ചായപ്പെട്ടി തുറന്നു വെച്ച്
ഒരു കിളിയെ വരയ്ക്കാമോ എന്ന്
മകന്‍ എന്നോട് ചോദിക്കുന്നു.
ചാരവര്‍ണ്ണത്തില്‍ ബ്രഷ് മുക്കി ഞാന്‍ വരച്ചത്
കമ്പിയഴികളും പൂട്ടുകളുമുള്ള
ഒരു ചതുരം.
‘ഇത് തടവറയല്ലേ ബാപ്പാ..?’
അവന്റെ കണ്ണില്‍ അമ്പരപ്പ് നിറയുന്നു.
‘ഒരു പറവയെ വരയ്ക്കാന്‍ അങ്ങേയ്ക്ക് അറിയില്ലേ..?’
‘ക്ഷമിക്കൂ മകനെ..’
ഞാന്‍ പറഞ്ഞു,
‘പക്ഷിയുടെ രൂപം ബാപ്പ മറന്നേ പോയിരിക്കുന്നു..’
പിന്നെ അവന്‍ ഒരു ഡ്രോയിങ് ബുക്ക് തുറന്നു വച്ച് ചോദിച്ചു.
‘എനിക്കൊരു ഗോതമ്പ് തണ്ട് വരച്ചു തരുമോ ബാപ്പാ…?’
ഞാന്‍ പേനയെടുത്തു വരച്ചപ്പോള്‍ അതൊരു തോക്ക്.
‘ബാപ്പാ, അങ്ങേയ്ക്കറിയില്ലേ ഗോതമ്പു തണ്ടും തോക്കും തമ്മിലുള്ള വ്യത്യാസം?’
അവന്‍ എന്റെ അജ്ഞതയെ കൊഞ്ഞനം കുത്തി.
ഞാന്‍ അവനോട് പറഞ്ഞു :
‘സുപരിചിതമായിരുന്നു മകനേ ഗോതമ്പിന്‍ തണ്ടിന്റെ ആകൃതിയും റൊട്ടിയുടെ രൂപവും, റോസാപ്പൂവിന്റെ
സ്വരൂപ ലാവണ്യവും.
പക്ഷേ,
കാട്ടുമരങ്ങള്‍ അതിര്‍ത്തി സേനയില്‍ അണിചേരാന്‍ കാത്തു നില്‍ക്കുന്ന,
റോസാപ്പൂക്കള്‍ നിരുന്മേഷമായി നില്‍ക്കുന്ന,
ഗോതമ്പ് തണ്ടുകളും കിളികളും സംസ്‌കൃതികളും മതവും ആയുധമേന്തുന്ന,
ഈ കഠിനകാലത്ത്
നിനക്ക് വാങ്ങാന്‍ കിട്ടുകയില്ല മകനെ
ഒരു റൊട്ടി പോലും,
അകത്ത് ഒരു തോക്ക് ഒളിപ്പിച്ചുവെച്ച നിലയില്‍ അല്ലാതെ.
പൊന്തിയ മുള്ളുകള്‍ മുഖത്ത് തറച്ചു കയറാതെ,
നിനക്ക് വയലില്‍ ഒരു റോസാപ്പൂ പറിക്കാന്‍ കഴിയില്ല.
നിന്റെ വിരലുകള്‍ക്കിടയില്‍ പൊട്ടിത്തെറിക്കാത്ത
ഒരു പുസ്തകം നിനക്ക് വാങ്ങാന്‍ കഴിയില്ല .’
എന്റെ കിടക്കയുടെ ഒരറ്റത്തേക്ക് നീങ്ങിയിരുന്ന് അവന്‍ ചോദിക്കുന്നു.
‘ബാപ്പാ ഒരു കവിത പാടിത്തരാമോ’
പൊടുന്നനെ ഒരു കണ്ണുനീര്‍ത്തുള്ളി എന്റെ കണ്ണില്‍നിന്ന് തലയിണയില്‍ വീണു.
അത് നക്കി നോക്കി ആശ്ചര്യ ഭരിതനായി
അവന്‍ പറഞ്ഞു :
‘ബാപ്പാ ഇത് കണ്ണുനീരല്ലേ’
പിന്നെ ഞാന്‍ അവനോട് പറഞ്ഞു :
‘മകനേ നീ വലുതാകുമ്പോള്‍
ഉമ്മ മൊഴിയിലെ അറബിക്കഥകള്‍ വായിക്കുമ്പോള്‍
നിശ്ചയമായും നീ അറിയും
വാക്കും കണ്ണീരും ഇരട്ട പെറ്റവയെന്ന്,
കവിവിരലിലെ നിലവിളിയുടെ കണ്ണീരല്ലാതെ മറ്റൊന്നുമല്ല അറബിക്കവിതകള്‍ എന്ന്.
പിന്നെ അവന്‍ തന്റെ പേനകളും ക്രയോണ്‍ പെട്ടിയും എന്റെ മുന്നില്‍ തുറന്നു വെച്ച് പറഞ്ഞു.
‘എന്നാല്‍ എനിക്കെന്റെ ജന്മനാടിനെ വരച്ചു താ ബാപ്പാ…’
അപ്പോള്‍ എന്റെ വിരലുകള്‍ക്കിടയില്‍ കിടന്ന് ബ്രഷ് വിറകൊള്ളുന്നു
ണ്ടായിരുന്നു.
ഒരു വിതുമ്പലിനൊപ്പം
നിലവിളിയില്‍ ആഴ്ന്നു പോവുകയാണ് ഞാന്‍.
*****
വിവര്‍ത്തനം : പി.എ. പ്രേംബാബു
No Comments yet!