Skip to main content

ഉപ്പില്‍ ദ്രവിച്ച് പോകാത്തതെന്തുണ്ട്!

പുറത്തുപോരുന്നത് പുതിയ ലോകം കാണാന്‍ വേണ്ടിയാണ്,
പറത്താക്കുന്നത് ലോകം ആരോ കയ്യില്‍ ഒതുങ്ങിയെന്ന് കരുതുമ്പോളാണ്.

പുറത്ത് വസന്തവും
അകത്ത് ഇരുട്ടുമെങ്കില്‍
പുറത്ത് വരുന്നതാണ് ശരി.

പക്ഷേ, പുറത്താക്കപ്പെടുന്നതിലെ
നിഗൂഢത വെളിപ്പെടണം.

പുറംതോട് പൊട്ടിച്ച്
ഒരു പക്ഷി പുറത്ത് വരുന്നു.

വര്‍ണ്ണശലഭങ്ങള്‍ വിരിയുന്നു
വസന്തം വിടരുന്നു.

യോനി പിളര്‍ന്ന്
മറുജീവന്‍ തുടിക്കുന്നു.

പുറത്ത് പോരുക എന്നത്
ഒരു പുതിയ ലോകം കാണലാണ്.
പുറത്താക്കുന്നത്
അകത്ത് ഇരുട്ട് പടരുമ്പോഴാണ്.

പുറത്താക്കപെട്ടവരുടെ
കാലമേല്പിച്ച മുറിവില്‍ നിന്ന് രക്തം നിലക്കാതെ ഒഴുകുന്നുണ്ട്.

തെരുവിനെ അത് ചുട്ടുപൊള്ളിക്കാ-
തിരിക്കില്ല.

കണ്ണീര്‍ തിരമാല കണക്കെ ഭുമിയോട് സങ്കടം പറയുന്നുണ്ട്.
ഉപ്പില്‍ ദ്രവിച്ച് പോകാത്തതെന്തുണ്ട്.

അദ്ധ്വാനിക്കുന്നവനില്‍ ഉപ്പുപാടം കുടികൊള്ളുന്നത് പഴയതിനെ
പുതുക്കി പണിയാനാണ്.

പുറത്താക്കപെടുന്നത്
സര്‍പ്പത്തിന്റെ പടം പൊഴിക്കലാണ്
ഉഗ്ര വിഷം ഉള്ളില്‍ ഒരുക്കി വെക്കലാണ്.

അകം ജൈവികമല്ലെങ്കില്‍ പിന്നെ എന്തിന് ഇരുള്‍ മൂടാന്‍ നില്‍ക്കണം .

പുറം പൊള്ളുമെന്ന് ഉറപ്പ്,
അമ്പത്തൊന്നിലും തീരാത്ത മുറിവ് .
പക്ഷേ, മാനവര്‍ക്ക് അഭിമാനതോടെ ശിരസ് കുനിക്കാന്‍ ഒരിടം.

കാണൂ, തെരുവിലെ വിലാപം.
എന്നേ പുറത്തായവര്‍,
എല്ലാം കവര്‍ന്നെടുക്കപ്പെട്ടവര്‍,
ദൈവങ്ങള്‍ക്ക് കൂടാരം പണിതുയര്‍ത്തിയോര്‍,
ഭക്ഷണം വെച്ച് വിളമ്പിയോര്‍,
പണിശാലകളിലെ – യന്ത്രങ്ങളായവര്‍.
അപരന് ചൂട് പകര്‍നോര്‍,
സമരമുഖങ്ങില്‍ കത്തിജ്വലിച്ചവര്‍,
അനാഥരായോര്‍…

ഒന്ന് ചെവിയോര്‍ത്താല്‍ അറിയാം
ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ,

ജനാധിപത്യം – ഭരണഘടന മണ്ണാക്കട്ട,
എല്ലാ ചെന്നായ്ക്കള്‍ക്കും പറയാന്‍ കെട്ട ന്യായങ്ങള്‍ ഉണ്ടാവും.

പുറത്ത് പോരുന്നത് ഇരുള്‍ മൂടാതിരിക്കാനാണ്
പുറത്താക്കപെടുന്നത് പക്ഷേ,
കുടിപ്പക തീര്‍ക്കാനാണ്.

പ്രകൃതിയുടെ നിയമം ലംഘിച്ച സമര തീഷ്ണത,
എന്തിന് ഭയക്കണം ദൈവത്തിന്റെ തിട്ടൂരം

ഉപ്പില്‍ സ്ഫുടമാകാത്തതില്ല.
ഉപ്പ് വിളയും കരങ്ങളില്‍ ഉയര്‍ന്നു –
പൊങ്ങും പുതുലോകം.

പുറത്ത് ആവുന്നത്
ഇരുട്ട് മൂടുന്നത് കൊണ്ടാണ്.
പുറത്തേക്ക് വരുന്നത് പുതിയ ലോകം കാണാനാണ്.

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.