പാബ്‌ളോ നെരൂദയുടെ ഒരു പ്രണയകവിതാസമാഹാരമാണ് 1952ല്‍ പ്രസിദ്ധീകരിച്ച Los versos del Capitan (കപ്പിത്താന്റെ കവിതകള്‍). 1955ല്‍ താന്‍ വിവാഹം ചെയ്ത മറ്റില്‍ഡെ ഉറുഷ്യ (Matilde Urrutia)യോടുള്ള പ്രേമത്തിന്റെയും കലഹത്തിന്റെയും മറയില്ലാത്തതും സരളവുമായ പ്രതിപാദനങ്ങളാണ് ഈ 42 കവിതകള്‍. ആത്മകഥാപരമായതു കൊണ്ടാവാം, കവിയുടെ പേരു വെളിപ്പെടുത്താതെയാണ് 52ല്‍ പുസ്തകം പ്രസിദ്ധീകരിച്ചത്. പിന്നീട്, 1963ല്‍ ഇറങ്ങിയ ഒരു പതിപ്പിന്റെ ആമുഖമായി നല്കിയ ”വിശദീകരണ”ത്തിലാണ് അദ്ദേഹം കവിതകള്‍ തന്റേതാണെന്നു സമ്മതിക്കുന്നത്. ”ഈ പുസ്തകത്തിന്റെ അജ്ഞാതകര്‍ത്തൃത്വത്തെക്കുറിച്ച വളരെയധികം ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞിരിക്കുന്നു. ഈ സമയത്ത് ഞാന്‍ എന്നോടു തന്നെ ചര്‍ച്ച ചെയ്തത് ഈ പുസ്തകത്തെ അതിന്റെ സ്വകാര്യമായ ഉത്ഭവത്തില്‍ നിന്ന് വേര്‍പെടുത്തണമോ എന്നായിരുന്നു: അതിന്റെ ഉറവിടം വെളിപ്പെടുത്തുക എന്നാല്‍ അതിന്റെ സ്വകാര്യതയെ എല്ലാവര്‍ക്കുമായി തുറന്നിടുക എന്നായിരുന്നു. സ്‌നേഹത്തിന്റെയും രോഷത്തിന്റെയും ഉന്മാദങ്ങളോട്, അതിനു പിറവി നല്കിയ തീവ്രവും ശോകാകുലവുമായ അവസ്ഥയോടു ചെയ്യുന്ന നീതികേടാവും അങ്ങനെയൊരു പ്രവൃത്തി എന്നെനിക്കു തോന്നി…എന്തുകൊണ്ട് ഞാന്‍ ഇത്രയും കാലം ഇത് രഹസ്യമാക്കി വച്ചു? പ്രത്യേകിച്ചൊരു കാരണവുമില്ല, എന്നാല്‍ കാരണങ്ങളല്ലാതെ ഒന്നുമില്ല താനും. എന്റെ സ്‌നേഹിതന്‍ പാവ്ലോ റിച്ചി 1952ല്‍ നേപ്പിള്‍സില്‍ നിന്ന് വളരെ കുറച്ചു കോപ്പികള്‍ മാത്രം അത്രയും ശ്രദ്ധയെടുത്ത് പുറത്തിറക്കുമ്പോള്‍ ഞങ്ങള്‍ കരുതിയത് തെക്കന്‍ മണല്പരപ്പില്‍ ഒരു പാടും ശേഷിപ്പിക്കാതെ അത്ര വേഗം അത് മറഞ്ഞുകൊള്ളുമെന്നായിരുന്നു. പക്ഷേ അങ്ങനെയല്ല ഉണ്ടായത്…അതിനാല്‍ കൂടുതല്‍ വിശദീകരണത്തിനു നില്ക്കാതെ ഈ പുസ്തകം ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ വയ്ക്കുന്നു. ഇതെന്റേതാണ്, എന്റേതല്ല താനും. ഈ ലോകത്തു സ്വന്തം വഴി കണ്ട് അതു ജീവിക്കട്ടെ. ഇപ്പോള്‍ ഞാനതിനെ സ്വന്തം സന്തതിയായി അംഗീകരിക്കുന്ന സ്ഥിതിക്ക് അതിന്റെ രുഷ്ടരക്തം എന്നെ അതിന്റെ ജനയിതാവായി അംഗീകരിക്കുമെന്ന് എനിക്കു പ്രത്യാശിക്കുകയുമാവാം.”
ആ സമാഹാരത്തില്‍ നിന്നുള്ള ചില കവിതകളുടെ വിവര്‍ത്തനങ്ങളാണിവ.
കാറ്റെന്ന കുതിര
കാറ്റെന്ന കുതിര കുതിയ്ക്കുന്നതു
കേട്ടുവോ:
കടലില്‍, ആകാശത്തും
അവനോടിനടക്കുന്നു.
അവനു വേണ്ടതെന്നെ:
എന്നെ അകലെയ്ക്കു കൊണ്ടുപോവാന്‍
അവന്‍ ലോകമലയുന്നതു കേട്ടുവോ?
എണ്ണമറ്റ ചുണ്ടുകളായി
മണ്ണിലും കടലിലും
മഴ പൊട്ടിവീഴുമ്പോള്‍
ഈയൊരു രാത്രിയിലേക്കു
നിന്റെ കൈകളിലെന്നെയൊളിപ്പിക്കൂ.
എന്നെയകലെയ്ക്കു കൊണ്ടുപോവാന്‍
കുളമ്പടിച്ചെത്തുമ്പോള്‍
അവനെന്റെ പേരു വിളിയ്ക്കുന്നതു കേട്ടുവോ?
നിന്റെ നെറ്റിയില്‍ എന്റെ നെറ്റിയുമായി,
നിന്റെ ചുണ്ടിലെന്റെ ചുണ്ടുമായി
നമ്മെ ദഹിപ്പിക്കുന്ന പ്രണയത്തില്‍
നമ്മുടെ ഉടലുകള്‍ പിണയുമ്പോള്‍
കാറ്റു കടന്നുപോകട്ടെ,
എന്നെയവന്‍ കാണാതെപോകട്ടെ.
കടല്‍നുരയുടെ കിരീടവും വച്ചു
കാറ്റു കുതിച്ചെത്തട്ടെ,
എന്നെയവന്‍ വിളിച്ചുചോദിക്കട്ടെ,
ഇരുട്ടില്‍ പാഞ്ഞെത്തിയവനെന്നെത്തേടട്ടെ,
നിന്റെ വിടര്‍ന്ന കണ്ണുകള്‍ക്കടിയില്‍
ഞാനിതാ, മുങ്ങിത്താഴുന്നു,
ഈയൊരു രാത്രിയിലേക്കെന്റെ പ്രിയേ,
ഞാനൊന്നിളവെടുക്കട്ടെ.
അളവറ്റവള്‍
ഈ കൈകള്‍ കാണുന്നുവോ നീ?
ഭൂമിയളന്നവയാണവ,
ധാതുവും ധാന്യവും ചേറിയവയാണവ,
യുദ്ധവും സമാധാനവും നടത്തിയവയാണവ,
കടലുകളും പുഴകളും താണ്ടിയവയാണവ,
എന്നിട്ടുമെന്റെ ചെറിയോളേ,
ഗോതമ്പുമണിയേ, പൊടിക്കുരുവീ,
നിന്റെ മേല്‍ നീങ്ങുമ്പോള്‍
അവയിലൊതുങ്ങുന്നില്ലല്ലോ നീ.
പറക്ക നിര്‍ത്തി നിന്റെ മാറത്തുറങ്ങുന്ന
മാടപ്രാവുകളെത്തേടിയുഴലുകയാണവ,
നിന്റെ കാലുകള്‍ താണ്ടുകയാണവ,
നിന്റെയരക്കെട്ടിന്റെ വെട്ടത്തില്‍
ചുറയിട്ടുകിടക്കുകയാണവ.
കടലിനെക്കാ,ളതിന്റെ കൈവഴികളെക്കാള്‍
അക്ഷയമായ നിധിയാണെനിക്കു നീ.
വിളവുകാലത്തെ മണ്ണു പോലെ
വെളുത്തവള്‍, നീലിച്ചവള്‍ ,
പരപ്പാര്‍ന്നവളാണു നീ.
എനിക്കു മോഹം,
നിന്റെ ചോടു മുതല്‍ നെറുക വരെ
ജീവനൊടുങ്ങുവോളം
ആ ദേശത്തലഞ്ഞു നടക്കാന്‍.
പ്രണയം
നിനക്കെന്തു പറ്റി,
നമുക്കെന്തു പറ്റി,
എന്തേയിതിങ്ങനെയാവാന്‍?
ഹാ, നമ്മുടെ പ്രണയമൊരു കഠിനപാശം,
നമ്മെ മുറിപ്പെടുത്തിക്കൊണ്ടതു നമ്മെ വരിഞ്ഞുമുറുക്കുന്നു,
നാം പിരിയാന്‍,
മുറിവില്‍ നിന്നു വേര്‍പെടാന്‍ മോഹിച്ചാല്‍
അതു പുതിയൊരു കെട്ടിടുന്നു,
ഒരുമിച്ചെരിയാന്‍, ചോര വാര്‍ക്കാന്‍
അതു നമ്മെ വിധിക്കുന്നു.
നിനക്കെന്തു പറ്റി?
നിന്നെ നോക്കുമ്പോള്‍ നിന്നില്‍ കാണുന്നത്
മറ്റേതു കണ്ണുകളും പോലെ രണ്ടു കണ്ണുകള്‍ മാത്രം,
ഞാന്‍ ചുംബിച്ച ഒരായിരം ചുണ്ടുകള്‍ക്കിടയില്‍
മറ്റു രണ്ടു ചുണ്ടുകള്‍ മാത്രം,
ഒരോര്‍മ്മയും ബാക്കി വയ്ക്കാതെ
എന്റെ ഉടലിനടിയിലൂടെ വഴുതിപ്പോയ ഉടലുകള്‍ക്കിടയില്‍
മറ്റൊരുടല്‍ മാത്രം.
ലോകത്തിലൂടെത്ര ശൂന്യയായി നീ കടന്നുപോയി!
ഗോതമ്പുനിറത്തിലൊരു കൂജ പോലെ,
വായുവില്ലാതെ, ശബ്ദമില്ലാതെ, ഉള്ളിലൊന്നുമില്ലാതെ!
നിരന്തരം മണ്ണില്‍ കുഴിക്കുന്ന എന്റെ കൈകള്‍ക്കു കുഴിച്ചിറങ്ങാനൊരാഴം
നിന്നില്‍ ഞാന്‍ വിഫലമായി തിരഞ്ഞു.
നിന്റെ ചര്‍മ്മത്തിനടിയില്‍,
നിന്റെ കണ്ണുകള്‍ക്കടിയില്‍ ഒന്നുമില്ല;
നിന്റെ ഇരുമുലകള്‍ക്കടിയില്‍
ഒരു സ്ഫടികധാരയൊന്നു തല പൊന്തിച്ചുവെന്നു മാത്രം.
അതിനറിയുകയുമില്ല,
എന്തിനതൊഴുകുന്നുവെന്ന്,
എന്തിനതു പാടുന്നുവെന്നും.
എന്തേ, എന്തേ, എന്തേ,
എന്റെ പ്രിയേ, എന്തേയിതിങ്ങനെ?
*****
വിവര്‍ത്തനം : വി. രവികുമാര്‍
No Comments yet!