ഉപ്പളുക്കിലെയുപ്പേ,
നിന്നെ ഞാൻ കണ്ടിട്ടുണ്ട്
ഉപ്പളങ്ങളിൽ മുന്നേ.
അത്രമേലവിശ്വാസ്യം,
എങ്കിലും കേട്ടിട്ടുണ്ട്
ഉപ്പിൻ്റെ ഗാനം ഞാനാ
ഉപ്പുപാടങ്ങൾ തോറും.
മണ്ണിനാൽ നിരുദ്ധമാം
കണ്ഠത്തോടല്ലോ പാടു-
ന്നുപ്പു തൻ ഗാനം;
മരു – ക്കാട്ടിലാ ഗാനം കേൾക്കെ
ഞെട്ടി ഞാൻ തരിച്ചു പോ,-
യത്രമേൽ ശ്ലഥം, ദീനം.
ഗഹ്വരങ്ങളിൽക്കേണു
വാണതാമുപ്പേ, മറ –
ചെയ്തതാം വെളിച്ചത്തിൻ
പർവ്വതം, സുതാര്യമാം
പളളി നീ, കടൽപ്പരൽ,
തിര തൻ മറവിയും.
എങ്ങെങ്ങും തീന്മേശയിൽ
നീ പൊഴിക്കുന്നൂ ജീവൽ –
പ്രഭ പോൽ നിന്നാനന്ദം.
അത്രമേൽപ്പഴവനാം
നീയല്ലോ കപ്പൽക്കല –
വറ തൻ കാവൽക്കാരൻ,
നീയല്ലോ കടൽത്താര –
താണ്ടുന്നോ, നജ്ഞാതത്തിൻ
നാവികൻ, പുരാതനൻ.
കടലിൻ പൊടിയാം നിൻ
ചൊടിയിൽ നിന്നാണല്ലോ
സാഗരനിശീഥിനി
ചുംബിച്ചെൻ ചൊടികളെ.
സമുദ്രസത്താം നീയേ
പകരുന്നുപ്പെൻ ഭോജ്യ –
നിരയിൽ നിത്യം, നീയാ –
മുപ്പളുക്കിലെച്ചെറു –
തിര ചേർക്കുന്നൂ വീട്ടു –
വെളുപ്പ,ല്ലനന്തത്തിൻ
രുചിയെൻ രസനയിൽ.
***







No Comments yet!